ADVERTISEMENT

ലോകകപ്പ് ക്രിക്കറ്റിൽ വിരാട് കോലി പാക്കിസ്ഥാനെ കെട്ടുകെട്ടിക്കുന്നതു വരെ ശശി തരൂരായിരുന്നു വാർത്തകളിൽ മിന്നിനിന്ന താരം. കോൺഗ്രസ് അധ്യക്ഷപദത്തിലേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടിട്ടും ആ തിളക്കത്തിനു കേരളത്തിൽ ഒട്ടും മങ്ങലേറ്റില്ല. എന്നാൽ, തോറ്റ തരൂരല്ല, ജയിച്ച മല്ലികാർജുൻ ഖർഗെയാണ് ഇന്നലെ മുതൽ സംസ്ഥാനത്തെ കോ‍ൺഗ്രസിനും യുഡിഎഫിനും മുന്നിലെ വസ്തുനിഷ്ഠ യാഥാർഥ്യം. 24 വർഷത്തിനുശേഷം ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് ഒരു നേതാവ് കോൺഗ്രസ് അധ്യക്ഷനായത് എന്തുതരത്തിലുള്ള ചലനം സൃഷ്ടിക്കുമെന്ന് ഓരോ കോൺഗ്രസുകാരനും ഉറ്റുനോക്കുന്നു.

‘സോലില്ലാത സർദാര’ (തോൽക്കാത്ത നേതാവ്) എന്നു കർണാടകയിലെ പ്രവർത്തകർ സ്നേഹപൂർവം വിളിക്കുന്ന മല്ലികാർജുൻ ഖർഗെ, ആദ്യമായി ഒരു തിരഞ്ഞെടുപ്പിൽ തോറ്റത് 2019ലെ പൊതുതിരഞ്ഞെടുപ്പിലാണ്. അതേ 2019ൽ ആണ് കേരളത്തിൽ ഒന്നൊഴികെ 19 സീറ്റുകളും യുഡിഎഫ് തൂത്തുവാരിയതും. വയനാട്ടിൽ ജയിച്ച രാഹുൽ ഗാന്ധി അതോടെ കേരളത്തിന്റെ എംപിയായി. ഇപ്പോൾ അയൽസംസ്ഥാനത്തെ തലമുതിർന്ന നേതാവ് ഖർഗെ കോൺഗ്രസ് അധ്യക്ഷനും. കോൺഗ്രസ് രാഷ്ട്രീയത്തിൽ ദക്ഷിണേന്ത്യയുടെ സ്വാധീനം കൂടുന്നതു വ്യക്തം. ഖർഗെയുടെ ടീമിൽ എത്ര ദക്ഷിണേന്ത്യക്കാരും അതിൽ തന്നെ എത്ര മലയാളികളും ഉണ്ടാകുമെന്നറിയാൻ, പക്ഷേ മൂന്നു മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു ശേഷമേ പ്ലീനറി സമ്മേളനം വിളിക്കാൻ സാധ്യതയുള്ളൂ; പുതിയ പ്രവർത്തകസമിതിയും ഭാരവാഹികളും അപ്പോഴേ നിലവിൽ വരൂ.

കേരളം പരിചിതം 

ഖർഗെയുടെ പ്രത്യേകതകൾ അല്ലെങ്കിൽ ദൗർബല്യങ്ങൾ മനസ്സിലാക്കാനുള്ള തത്രപ്പാടിലാണു കേരളത്തിലെ പല കോൺഗ്രസുകാരും. കാരണം, പുതിയ പ്രവർത്തകസമിതി വരുന്നതിനു മുൻപുതന്നെ കെപിസിസി പ്രസിഡന്റിനെയും പിന്നാലെ പുതിയ സംസ്ഥാന ഭാരവാഹികളെയും ഖർഗെ പ്രഖ്യാപിച്ചേക്കാം. പിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷനു കൈമാറി ഇവിടെനിന്ന് അയച്ച ഒറ്റവരി പ്രമേയം ഇനി ഖർഗെയുടെ സവിധത്തിലാണ്. പ്രധാന നേതാക്കളുമായി കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തി തീരുമാനം അധികം വൈകാതെ വരാനാണു സാധ്യത. കെ.സുധാകരൻ തുടരുമെന്ന ധാരണയാണുള്ളതെങ്കിലും കേന്ദ്ര നേതൃത്വത്തിലെ മുഖംമാറ്റം ഇവിടെ  ഉദ്വേഗം സൃഷ്ടിക്കും.

കേരളത്തിലെ ഒട്ടുമിക്ക നേതാക്കളെയും നേരിട്ട് അറിയാവുന്ന ആളാണു മല്ലികാർജുൻ ഖർഗെ. രാഷ്ട്രീയ– സംഘടനാ സാഹചര്യങ്ങളും ബോധ്യമുണ്ട്. അതുകൊണ്ടുകൂടിയാണ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പു സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായും 2021ൽ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന ഘട്ടത്തിൽ കേന്ദ്ര നിരീക്ഷകനായും ഖർഗെയെ ഹൈക്കമാൻഡ് നിയോഗിച്ചത്.

കോൺഗ്രസ് അധ്യക്ഷനെക്കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഇനി ബുദ്ധിമുട്ടു വരില്ല എന്നതാണു കേരളത്തിലെ പല നേതാക്കളും കാണുന്ന പ്രധാനമാറ്റങ്ങളിൽ ഒന്ന്. സോണിയ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ കാണുക എളുപ്പമായിരുന്നില്ല. സുരക്ഷാ കടമ്പകളും സുഗമമായ കൂടിക്കാഴ്ചകൾക്കു തടസ്സമായി. പാർലമെന്റ് അംഗമായിരിക്കെ, അവിടെ മുഴുവൻ സമയവും ഉണ്ടാകാറുള്ള ഖർഗെയുടെ സാന്നിധ്യം ഇനി എഐസിസി ഓഫിസിലും എപ്പോഴും പ്രതീക്ഷിക്കുന്നു. കഴിയുന്നതും ഫോൺ നേരിട്ടെടുക്കുന്ന നേതാവാണ് അദ്ദേഹം. ഫോണെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചുവിളിക്കാറുമുണ്ട്. വിളിക്കുന്നവരെയും കാണാൻ എത്തുന്നവരെയും മുഷിപ്പിക്കാത്ത സഹായികളും കൂടെയുണ്ട്. 

തീരുമാനങ്ങൾ എന്താകും?

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം മുതൽ വഹിച്ചിട്ടുള്ള ഖർഗെയ്ക്കു താഴെത്തട്ടിലെ പ്രവർത്തനത്തെയും പാർട്ടിയുടെ ഘടനാശ്രേണിയെയും കുറിച്ചു കൃത്യമായ ബോധ്യം ഉണ്ട്. 80 വയസ്സ് പിന്നിട്ടെങ്കിലും, അദ്ദേഹത്തെ ഓർമക്കുറവോ പ്രവർത്തിക്കാനുള്ള മനഃസാന്നിധ്യമില്ലായ്മയോ അലട്ടുന്നില്ല. പക്ഷേ, ശരീരപ്രകൃതി മൂലം നടക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ, നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹത്തിന്റെ അടുത്തേക്കു നടന്നെത്താനും കാണാനും ഒട്ടും പ്രയാസം ഉണ്ടാകില്ലെന്ന് ഇതുവരെയുള്ള പ്രവർത്തനരീതി അടുത്തുനിന്നു കണ്ടിട്ടുള്ള കേരള നേതാക്കൾ വിലയിരുത്തുന്നു.  

സ്വതന്ത്രവും നീതിയുക്തവുമായ തീരുമാനങ്ങൾ കാലതാമസം കൂടാതെ എടുക്കുമോ ഖർഗെ എന്നതാണു വലിയ ചോദ്യം. ഗാന്ധികുടുംബത്തോടുള്ള അദ്ദേഹത്തിന്റെ വിശ്വസ്തത പേരു കേട്ടതാണ്. അതേസമയം, തീരുമാനങ്ങളെടുക്കാൻ വിമുഖതയുള്ള, വെറുതേ ചടഞ്ഞുകൂടിയിരിക്കുന്ന നേതാവായി അദ്ദേഹത്തെ ആരും കാണുന്നില്ല. ചർച്ചകളോട് അദ്ദേഹം മുഖം തിരിക്കാറുമില്ല. തന്റെ വ്യക്തിത്വം ഖർഗെ തെളിയിക്കുമെന്നു തന്നെയാണു സംസ്ഥാനത്തെ നേതാക്കൾ വിചാരിക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും കോൺഗ്രസിലുള്ള സ്തംഭനാവസ്ഥ മാറ്റാൻ പുതിയ പ്രസിഡന്റിനു കഴിഞ്ഞാൽ അതു കേരളത്തിലെ പാർട്ടിക്കും മുന്നണിക്കും കൂടുതൽ ഊർജം നൽകും. മറിച്ചായാൽ, ഉള്ള ആത്മവീര്യവുംകൂടി കെടും. അതുകൊണ്ടുതന്നെ ഖർഗെയുടെ ദിവസങ്ങളും നേതൃത്വവും കേരളത്തിനും വളരെയേറെ പ്രധാനപ്പെട്ടതാണ്.

 

Content Highlight: What do Congress workers expect from Karge?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com