ADVERTISEMENT

1,000,000,000,000 ഇത് ഒരുലക്ഷം കോടി. ഇന്ത്യൻ സമുദ്രാതിർത്തി വഴി ഒരു വർഷം നടക്കുന്നത് ഇത്രയും കോടി രൂപയുടെ ലഹരി ഇടപാടെന്ന് അന്വേഷണ ഏജൻസികൾ. ഇതിൽ പിടിക്കുന്നതോ പത്തു ശതമാനത്തിൽ താഴെ മാത്രവും. 

ഇത്ര വലിയ തുകയുടെ ഈ ഇടപാടുകൾ നിയന്ത്രിക്കുന്നത് ആരാണ്? പാക്കിസ്ഥാൻ കേന്ദ്രമായ ഹാജി സലിം സിൻഡിക്കറ്റിനെക്കുറിച്ചു മാത്രമാണു സൂചനകൾ ലഭിച്ചിരുന്നത്. എന്നാൽ, ഹാജി സലിം സിൻഡിക്കറ്റിൽ ഒതുങ്ങുന്നതല്ല ലഹരി കാർട്ടൽ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രമാക്കിയ മറ്റു രണ്ടു സിൻഡിക്കറ്റുകൾ കൂടി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഹാജി മുസ്തഫ സിൻഡിക്കറ്റ്, ഹാജി മെലങ്ക സിൻഡിക്കറ്റ്. 

ഈ മൂന്നു സിൻഡിക്കറ്റുകളുടെ പേരിലാണ് ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്ത് നടക്കുന്നതെന്നാണു നിഗമനം. എന്നാൽ, ഇവരുടെ ആരുടെയെങ്കിലും ചിത്രമോ വിവരങ്ങളോ ഏജൻസികളുടെ കയ്യിലില്ല. ഹാജി സലിം സിൻഡിക്കറ്റുമായി ബന്ധപ്പെട്ടു കേസുകൾ പിടിച്ചിട്ടുണ്ട്. എന്നാൽ, ഹാജി മുസ്തഫയും ഹാജി മെലങ്കയും ഇപ്പോഴും ഇരുട്ടിൽതന്നെ. ഇവർ വ്യക്തികളാണോ, ലഹരിക്കടത്തിന് ഉപയോഗിക്കുന്ന ശൃംഖലയുടെ കോഡാണോ എന്നീ കാര്യങ്ങളിലും വ്യക്തതയില്ല. അഫ്ഗാനിസ്ഥാനിൽനിന്നു പാക്കിസ്ഥാൻവഴി എത്തുന്ന ലഹരിക്കടത്തിന്റെ പിന്നിൽ ഇവരാണെന്ന നിഗമനം മാത്രമാണുള്ളത്. പാക്കിസ്ഥാനിൽനിന്ന് ഇറാൻ അല്ലെങ്കിൽ ശ്രീലങ്കൻ ബോട്ടിലാണ് ഇന്ത്യൻ മഹാസമുദ്രം കടത്തുക. ഇത് ഇന്ത്യൻ സേനകളുടെ നിരീക്ഷണത്തിൽപെട്ടാൽ പിടിക്കപ്പെടും. എന്നാൽ, കണ്ണുവെട്ടിച്ച് പലയിടത്തേക്കു പോകും. ചിലത് ഇന്ത്യയിലേക്ക്, ചിലതു മാലദ്വീപിലേക്ക്. ഈ രാജ്യങ്ങളിൽനിന്നു മറ്റു രാജ്യങ്ങളിലേക്ക്. കപ്പലുകൾ പുറംകടലിൽ ലഹരി ബോട്ടുകൾക്കായി കാത്തുനിൽക്കുന്നു. 

2008–10ൽ ഇന്ത്യൻ മഹാസമുദ്രം കടൽക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു. ഇന്ത്യൻ നേവിയുടെ ആന്റി പൈറസി ഓപ്പറേഷന്റെ ഭാഗമായി ആ  ശല്യമില്ലാതാക്കി. പക്ഷേ, ഇപ്പോൾ ലഹരിക്കടത്തുകാരുടെ ഇഷ്ടപാതയായി ഇവിടം മാറി.  ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിൽ കാര്യമായ വ്യവസായങ്ങളൊന്നുമില്ല. കറപ്പു കൃഷിയാണു പ്രധാന വരുമാനമാർഗം. ഇതവർ വ്യാപാരമാക്കിയിരിക്കുന്നു. വിമാനത്താവളം വഴിയുള്ള കടത്ത് ‘റിസ്ക്’ ആണ്. കർശന പരിശോധനയുണ്ടാകും. കടലാണെങ്കിൽ വിശാലം. എങ്ങോട്ടും നീങ്ങാം. വിമാനം വഴിയുള്ളതിനെക്കാൾ കൂടുതൽ അളവിൽ കടത്തുകയും ചെയ്യാം. 

makran

മക്രാൻ കോസ്റ്റിൽനിന്ന് ബോട്ടിലേക്ക്

ഗൾഫ് ഓഫ് ഒമാനിലെ മക്രാൻ കോസ്റ്റ്. ഇറാന്റെ തെക്കു കിഴക്കും പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറുമായി കിടക്കുന്ന കടൽ പ്രദേശം. അഫ്ഗാനിസ്ഥാനിൽനിന്നെത്തിക്കുന്ന ഹെറോയിൻ ഇവിടെവച്ചാണു ബോട്ടിലേക്കു മാറ്റുന്നത്. മത്സ്യത്തൊഴിലാളികളുടെ ബോട്ട് എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവ സഞ്ചരിക്കുന്നത്. ചരക്ക് കൈമാറേണ്ട സ്ഥലം മാത്രമാകും ബോട്ടിലുള്ളവർക്കു നൽകുക. 

അവിടെ ഏതു ബോട്ടിൽ, ആരു സ്വീകരിക്കാൻ വരുമെന്നു ബോട്ടിലുള്ളവർക്ക് അറിവുണ്ടാകണമെന്നില്ല. ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം അഥവാ എഐഎസ് എല്ലാ ബോട്ടുകളിലുമുണ്ടാകണമെന്നു സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ബോട്ട് എവിടെനിന്നു വരുന്നുവെന്നും എവിടേക്കു പോകുന്നുവെന്നും ചുറ്റുമുള്ള പ്രതിരോധ ഏജൻസികൾക്കു തിരിച്ചറിയുന്നതിനു വേണ്ടിയാണ് എഐഎസ്. എന്നാൽ, ലഹരിമരുന്നുമായി സഞ്ചരിക്കുന്ന ഇറാൻ, ശ്രീലങ്കൻ ബോട്ടുകൾ ഈ സംവിധാനം പ്രവർത്തിപ്പിക്കാറില്ല. എഐഎസ് ഘടിപ്പിക്കാനുള്ള സാമ്പത്തികച്ചെലവ് ചൂണ്ടിക്കാട്ടി കേരളത്തിലെ പല ഫിഷിങ് ബോട്ടുകളും ഇതുപയോഗിക്കുന്നില്ല. ഇത് ഏജൻസികളുടെ പണി ഇരട്ടിയാക്കിയിട്ടുണ്ട്. 

ശ്രീലങ്ക ലഹരിക്കടത്തിന്റെ കാര്യത്തിൽ വലിയ ഹോട്സ്പോട്ടായി മാറിയെന്നാണു നിഗമനം. അടുത്തിടെയുണ്ടായ സാമ്പത്തിക തകർച്ച മറികടക്കാൻ ചില വ്യവസായികൾ ലഹരിവിൽപനയുടെ അണിയറക്കാരായി മാറിയെന്നും വിവരമുണ്ട്. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം അഥവാ എൽടിടിഇയെ പുനരവതരിപ്പിക്കുന്നതിനുള്ള ശ്രമവും ലഹരിക്കടത്തിനു പിന്നിലുണ്ടെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ടു തമിഴ്നാട്ടിൽ അറസ്റ്റിലായ യുവാക്കളിൽനിന്ന് ഈ സൂചന നൽകുന്ന ലഘുലേഖകളും ചിത്രങ്ങളും പിടിച്ചെടുത്തിരുന്നു.

പിന്നാലെ എൻഐഎയും

തീവ്രവാദബന്ധം സംശയിക്കുന്ന കേസുകളാണ് എൻഐഎ ഏറ്റെടുക്കാറുള്ളത്. ലഹരിക്കടത്ത് കേസുകളിൽ വിരലിലെണ്ണാവുന്നവ മാത്രമേ എൻഐഎ അന്വേഷിക്കുന്നുള്ളൂ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതു വിഴിഞ്ഞത്തിനു സമീപം ലഹരി പിടികൂടിയ കേസാണ്. കഴിഞ്ഞ വർഷം ആറു ശ്രീലങ്കക്കാരുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ശ്രീലങ്കൻ ബോട്ട് പിടികൂടുമ്പോൾ അതിൽ 300 കിലോഗ്രാം ഹെറോയിൻ മാത്രമല്ല ഉണ്ടായിരുന്നത്. അഞ്ച് എകെ–47 തോക്കുകളും 1000 വെടിയുണ്ടകളും! അഫ്ഗാനിസ്ഥാൻ– പാക്കിസ്ഥാൻ റൂട്ട് വഴിയെത്തിയതായിരുന്നു ചരക്ക്. 

ലഹരിക്കടത്ത് വഴിയുള്ള പണം തീവ്രവാദത്തിന് ഉപയോഗിക്കുന്നുവെന്ന സംശയം അന്വേഷണ ഏജൻസികൾക്കു പണ്ടേയുണ്ട്. ലഹരിക്കൊപ്പം ആയുധങ്ങളും ഇന്ത്യൻ മണ്ണിലേക്കു കടത്തുന്നുവെന്ന ഞെട്ടിക്കുന്ന സത്യമാണ് ആ കേസിൽ വെളിപ്പെട്ടത്.

മൂന്നു കേസുകളിൽ കൂടി എൻഐഎ വിവരശേഖരണം നടത്തുന്നുണ്ട്. അതിലൊന്ന് കേരളത്തിൽ എൻസിബിയും നേവിയും ചേർന്നു കഴിഞ്ഞ മാസം പിടിച്ച 1200 കോടി രൂപയുടെ ലഹരിക്കേസാണ്. ഇതിന്റെ വരവ് പാക്കിസ്ഥാനിൽനിന്നാണെന്നു സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ് 350 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. ആറു പാക്കിസ്ഥാൻ സ്വദേശികളാണു പിടിയിലായത്. സെപ്റ്റംബറിൽ 40 കിലോഗ്രാം ഹെറോയിനുമായി പാക്ക് ബോട്ട് ഗുജറാത്തിൽ പിടിച്ചിരുന്നു. ഈ കേസുകളെല്ലാം എൻഎഐയുടെ പ്രാഥമികാന്വേഷണ ഘട്ടത്തിലാണ്. നാർകോ ടെററിസം അഥവാ ലഹരിഭീകരവാദത്തിലേക്കു വിരൽചൂണ്ടുന്നവയാണ് ഈ കേസുകൾ.

കടത്താൻ കണ്ടെയ്നർ‌

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽ ഏതാനും മാസം മുൻപു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 56 കിലോഗ്രാം കൊക്കെയ്ൻ. 500 കോടിക്കു മുകളിൽ വിപണി വിലയുള്ള ഇത്രയും കൊക്കെയ്ൻ കണ്ടെയ്നറിലാക്കി എത്തിച്ചതു ദുബായിൽനിന്നായിരുന്നു. ഇറക്കുമതി ചെയ്ത പല സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. ഗുജറാത്തിലെ തന്നെ മറ്റൊരു കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽനിന്ന് 1300 കോടി രൂപയുടെ 260 കിലോ ഹെറോയിനും ഡിആർഐ പിടികൂടിയിരുന്നു. ഇറാനിൽനിന്ന് ഒരുമിച്ചെത്തിയ 17 കണ്ടെയ്നറുകളിൽ ഒന്നിലാണു ലഹരിമരുന്നു നിറച്ചിരുന്നത്. 

2021ലും ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽനിന്നു വൻതോതിൽ ലഹരിമരുന്നു പിടികൂടിയിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണ് അന്നു നടന്നത്. ആഗോള വിപണിയിൽ 21,000 കോടി രൂപയെങ്കിലും ലഭിക്കുന്ന 3000 കിലോഗ്രാം ഹെറോയിനാണു രണ്ടു കണ്ടെയ്നറുകളിൽനിന്നു പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിൽനിന്നുള്ളതായിരുന്നു കണ്ടെയ്നറുകൾ. എൻഐഎ ഏറ്റെടുത്ത ഈ കേസിൽ അഫ്ഗാൻ സ്വദേശികൾ പിടിയിലായി. തുറമുഖങ്ങൾ വലിയ ലഹരിക്കടത്തു താവളം കൂടിയാകുന്നുവെന്നു തെളിയിക്കുന്നതാണ് ഈ കേസുകൾ. 

drug-drone

ഡ്രോണിൽ പറന്നെത്തും 

ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തി പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ചു ലഹരിക്കടത്തു നടക്കുന്നുണ്ടെന്ന് എൻസിബി. ജമ്മു–കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിൽ ഇത്തരം ഡ്രോൺ ട്രാഫിക് കണ്ടെത്തിയിരുന്നു. സംശയമുള്ള സ്ഥലങ്ങളിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ നിരീക്ഷണം വർധിപ്പിച്ചെങ്കിലും ഇവരുടെയും കണ്ണുവെട്ടിച്ചെത്തിക്കുന്നു. രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണിൽ കടത്തിയ നാലു കിലോഗ്രാം ഹെറോയിൻ അടുത്തിടെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം പഞ്ചാബ് അതിർത്തിയിൽ വിവിധ കേസുകളിലായി 250 കിലോഗ്രാം ഹെറോയിൻ പിടികൂടിയതിൽ അധികവും ഡ്രോൺ ഉപയോഗിച്ചുള്ള കടത്തായിരുന്നു. മനുഷ്യരെ ഉപയോഗിക്കുന്നതിനെക്കാൾ ‘റിസ്ക്’ കുറവാണെന്നതാണ് ഇതിൽ ലഹരിക്കടത്തുകാർ കാണുന്ന ഗുണം. 

ജയിലിൽ 214 പേർ 

കേരളത്തിലെ ജയിലുകളിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു കഴിയുന്നവർ 2906 പേർ. ഇതിൽ ലഹരിമരുന്നു കേസിൽ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻസ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ്) നിയമപ്രകാരം ശിക്ഷയനുഭവിക്കുന്നത് 214 പേർ. ഇവരിൽ 3 പേർ വിദേശികളാണ്.

ആകെ ശിക്ഷാത്തടവുകാരുടെ 7.4 ശതമാനമാണ് എൻഡിപിഎസ് കേസിൽ പെട്ടവർ. റിമാൻഡിൽ കഴിയുന്നവരുടെയും വിചാരണത്തടവുകാരായി കഴിയുന്നവരുടെയും എണ്ണം ആയിരത്തോളം വരും. ഇതിൽ വിദേശികളുമുണ്ട്. 

 

നാളെ: മുളച്ചുപൊന്തുന്ന ലഹരി ‘സ്റ്റാർട്ടപ്പു’കൾ

 

English Summary: Drug trafficking through maritime routes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com