ADVERTISEMENT

മലയാളിയുടെ നന്മ എന്നു പറഞ്ഞ് ഊറ്റംകൊള്ളുന്നവരാണ് നാം. അതു നിർത്തേണ്ട കാലം കഴിഞ്ഞെന്ന് ഓർമിപ്പിക്കുകയാണ് ഇവിടെ നടക്കുന്ന സംഭവങ്ങൾ. തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചത് നാണക്കേടിന്റെ ഒടുവിലത്തെ അധ്യായം...

ഇത് ഞാനെഴുതുമ്പോൾ മനസ്സിനെ നടുക്കുന്ന, അത്യന്തം ദയനീയമായ, തലശ്ശേരിയിലെ ആ സംഭവത്തിന്റെ കാഴ്ചകൾ ടിവിയിൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. മുന്നിലിരിക്കുന്ന വാരികയിൽ, അതിന്റെ പത്രാധിപസമിതി അംഗം സമീപകാലത്തെ പൊലീസിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തി എഴുതിയതുമുണ്ട്.

ഒരുനേരത്തെ കഞ്ഞി കുടിക്കാൻ എന്തെങ്കിലും പണി കിട്ടുമോയെന്ന് അന്വേഷിച്ചു രാജസ്ഥാനിൽനിന്നു കേരളത്തിൽ വന്ന ദരിദ്രകുടുംബത്തിലെ കൊച്ചുകുട്ടിയോട്, കാറിൽ വന്നിറങ്ങിയ ധനികനായ യുവാവു കാണിച്ച ക്രൂരവും നീചവുമായ ചെയ്തിയുടെ കാഴ്ചകളായിരുന്നു ടിവിയിൽ. കുട്ടി കാറിന്റെ കൗതുകം കണ്ട് അതിനടുത്തു പോയി നിൽക്കുകയും കുറച്ചു കഴിഞ്ഞപ്പോൾ ആ കാറിനോടു ചേർന്നു ചാരിനിൽക്കുകയും ചെയ്തു. ചെറുപ്പക്കാരനായ ഒരാൾ വന്ന്, ഫുട്ബോൾ കളിക്കാരൻ ഗോൾപോസ്റ്റിലേക്കു സർവശക്തിയും ഉപയോഗിച്ചു പന്ത് അടിച്ചുകയറ്റുന്നതുപോലെ ആ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചു. ചവിട്ടേറ്റത് എന്തിനെന്നു പോലുമറിയാതെ ആ കുട്ടി വേദനസഹിച്ചു പകച്ചുനിന്നുപോയി.  

ഇന്ന് എല്ലാവരുടെ കയ്യിലും ഫോണുകളും അതിലെല്ലാം ക്യാമറയുമുണ്ട്. റോഡരികുകളിൽ സിസിടിവി ക്യാമറകളുമുണ്ട്. അങ്ങനെയായിരിക്കാം ഈ രംഗങ്ങളെല്ലാം ക്യാമറയിൽ പതിഞ്ഞത്. നാട്ടുകാർ ഇടപെട്ടതോടെ ഈ ചെറുപ്പക്കാരനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഉപദേശിച്ചു വിടുകയാണു ചെയ്തത്. പിന്നീടു ജനങ്ങളുടെയും സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവരുടെയും ഇടപെടലുണ്ടായപ്പോൾ പൊലീസിനു നടപടിയെടുക്കേണ്ടി വന്നു. ആ കുട്ടിയെ ചവിട്ടിയ യുവാവിന്റെ മനോഭാവവും യുവാവിനെ പറഞ്ഞയച്ച പൊലീസിന്റെ മനോഭാവവും വ്യത്യസ്തമല്ല. 

ജനങ്ങളുടെ പ്രതിഷേധം ശക്തമാകാൻ കാത്തുനിൽക്കാതെ, സംഭവം നടന്ന ഉടനെതന്നെ മനുഷ്യത്വരഹിതമായ ചെയ്തിക്കു വധശ്രമം പോലുമുള്ള വകുപ്പുകൾ ചേർത്തു നടപടിയെടുക്കുകയായിരുന്നു പൊലീസ് ചെയ്യേണ്ടിയിരുന്നത്. പൊലീസിന്റെ ഇപ്പോഴത്തെ നടപടി സ്വമേധയാ അല്ല. 

നേട്ടങ്ങളെക്കുറിച്ച് സ്ഥാനത്തും അസ്ഥാനത്തും ഊറ്റംകൊള്ളുന്ന ജനതയാണു നാം. എന്നാൽ, കേരളത്തിൽ സമീപകാലത്തു നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും നമ്മെ ഏറെ അസ്വസ്ഥരാക്കുന്നതാണ്. ഊറ്റം കൊള്ളാൻ  ഇവിടെ അധികമൊന്നും ഇല്ലെന്ന തരത്തിൽ നരബലി പോലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. 

പൗരന്റെ ജീവനും മാനത്തിനും സ്വത്തിനും രക്ഷ നൽകേണ്ടവരാണ് പൊലീസ്. തമിഴിൽ അവരെ കാവൽ എന്നാണു പറയുന്നത്. സത്യത്തിൽ വളരെയധികം അർഥവത്തായ പദമാണത്. ഇവിടെ കാവലില്ല എന്നതു മാത്രമല്ല, പൊലീസിൽനിന്ന് അങ്ങേയറ്റം ദ്രോഹമാണു ജനങ്ങൾക്കു നേരിടേണ്ടി വരുന്നതും. അടിമഇന്ത്യയിൽ പൊലീസ് അത്യന്തം ക്രൂരമായിട്ടാണ് നാട്ടുകാരോടു പെരുമാറിയിരുന്നത്. അന്ന്, എന്നെപ്പോലുള്ളവർ പ്രതീക്ഷിച്ചതു സ്വാതന്ത്ര്യം കിട്ടിയാൽ സംഗതികൾ മാറുമെന്നാണ്. എന്നാൽ, സങ്കടത്തോടെയും ലജ്ജയോടെയും പറയട്ടെ, സ്വാതന്ത്ര്യം കിട്ടിയശേഷം ഇതിന്റെ ഗ്രാഫ് വർധിക്കുകയാണു ചെയ്തത്. ഏതു സർക്കാർ എന്നതു പ്രശ്നമല്ല. ആരു ഭരിച്ചാലും പൊലീസിന്റെ അത്യാചാരങ്ങൾക്ക് ഒരു കുറവും  കാണുന്നില്ല. പാവങ്ങൾക്കു നീതി സങ്കൽപിക്കാനേ കഴിയില്ല. കുട്ടികളാണെന്നോ ഗർഭിണിയാണെന്നോ വയോധികയാണെന്നോ ഒന്നും ആരും നോക്കുന്നില്ല. 

ജീവനോടെ ലോക്കപ്പ് മുറിയിൽ കയറിയ യുവാവ് പുറത്തുവരുന്നതു ശവമായിട്ടാണ്. ഇതെല്ലാം ഇവിടെ സ്ഥിരംസംഭവമായിരിക്കുന്നു. വരുന്ന സർക്കാരുകളൊക്കെ പൊലീസിനെ കയറൂരി വിടുകയാണു ചെയ്യുന്നത്. പൊലീസിന്റെ നടപടികളെ ആരെങ്കിലും എതിർത്തു പറഞ്ഞാൽ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ചു പൊലീസിന്റെ ‘മൊറാലിറ്റി’ നശിപ്പിക്കരുത് എന്നാണു പറയുന്നത്. 

പൊലീസുകാർ എല്ലാവരും ക്രൂരന്മാരാണെന്നൊന്നും പറയുന്നില്ല. ദിവസങ്ങൾക്കു മുൻപാണ് 12 ദിവസം മാത്രമായ കുഞ്ഞിനെ പൊലീസ് സേനയിലെ ഒരു സ്ത്രീ സ്നേഹത്തോടും ദയാവായ്പോടും കൂടി മുലകൊടുത്ത് ജീവൻ രക്ഷിച്ചത്. അവരുടെ സന്ദർഭോചിതമായ ഇടപെടൽ പ്രകീർത്തിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാര്യമൊന്നും മറക്കുന്നില്ല.

Content Highlights: Attack against six-year-old boy at Thalassery, Nottam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com