ADVERTISEMENT

അർഹതപ്പെട്ട നീതിക്കുവേണ്ടി എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി പരിഗണിക്കുമ്പോഴെല്ലാം ലക്ഷക്കണക്കിനു  പെൻഷൻകാരുടെ മനസ്സിലുയർന്നുപോന്നത്. അതുകെ‍ാണ്ടുതന്നെ, ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ കൊടുക്കുന്നതു സംബന്ധിച്ച കേസിൽ കോടതി ഇന്നലെ നൽകിയ വിധി പെൻഷൻകാർക്കും ജീവനക്കാർക്കും ഭാഗികമായി ആശ്വാസം പകരുന്നതാണെന്നു പറയാം. 

നിലവിലുള്ള ജീവനക്കാർക്ക് ഉയർന്ന ശമ്പളത്തിന് അനുസരിച്ച് പെൻഷൻ ലഭിക്കാനുള്ള ഓപ്ഷൻ നാലു മാസം കൂടി നീട്ടിനൽകിയതു ഗുണകരമാണ്. അതേസമയം, 2014ലെ പിഎഫ് പെൻഷൻ ഭേദഗതി തള്ളിക്കളഞ്ഞ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി പരിഷ്കരിക്കുകയും ഭേദഗതി ശരിവയ്ക്കുകയും ചെയ്തത് ആ വിധിപ്രകാരം ഉയർന്ന പെൻഷൻ വാങ്ങുന്നവരെ ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നു. ഫലത്തിൽ, കേന്ദ്ര സർക്കാരിനും ജീവനക്കാർക്കും ഒരേസമയം തല്ലും തലോടലുമാകുന്നു ഈ വിധി.

പിഎഫ് പെൻഷൻ നൽകാനുള്ള ഉയർന്ന ശമ്പളപരിധി 15,000 രൂപയാക്കി നിശ്ചയിച്ചും അതിനു മുകളിൽ ശമ്പളമുള്ളവർക്ക് ആനുപാതികമായി പെൻഷൻ ലഭിക്കുന്നതിന് ഓപ്ഷൻ നൽകാൻ സമയപരിധി നിശ്ചയിച്ചുമാണ് 2014ൽ പിഎഫ് നിയമഭേദഗതി വന്നത്. കേരള ഹൈക്കോടതി ആ ഭേദഗതി റദ്ദാക്കി. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഇപിഎഫ്ഒ അപ്പീൽ നൽകിയിരുന്നുവെങ്കിലും അതു സുപ്രീം കോടതി തള്ളുകയായിരുന്നു. തുടർന്നാണ് ഇപിഎഫ്ഒയും കേന്ദ്ര സർക്കാരും അതിനെതിരെ ഹർജി നൽകിയത്. ആ കേസിലാണ് ദീർഘകാലത്തിനു ശേഷം വിധിയുണ്ടായിരിക്കുന്നത്. 

ഭേദഗതി (2014) ശരിവച്ചെങ്കിലും 15,000 രൂപയ്ക്കു മേലുള്ള തുകയ്ക്കു ജീവനക്കാരുടെ പക്കൽനിന്നു വിഹിതം ഈടാക്കുന്നതു ശരിയല്ലെന്നും അതിനു മറ്റുമാർഗങ്ങൾ തേടണമെന്നും ഇന്നലെ കോടതി പറഞ്ഞത് ആശ്വാസകരമാണ്. അതു നൽകാനുള്ള ധനസമാഹരണമാർഗങ്ങൾ കണ്ടെത്തുന്നതിനായി വിധിയുടെ ഈ ഭാഗം മാത്രം നടപ്പാക്കുന്നത് 6 മാസത്തേക്കു തടഞ്ഞിട്ടുമുണ്ട്. തൊഴിലുടമ വിഹിതം വർധിപ്പിക്കുന്നത് അടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനു കേന്ദ്രസർക്കാരിനും ഇപിഎഫ്ഒയ്ക്കും സമയം ലഭിക്കുന്നതിനാണിത്. ജീവനക്കാർ അധികമായി അടച്ച തുക പിഎഫ് ഫണ്ടിലേക്കു മാറ്റുന്നതടക്കമുള്ള നടപടികൾക്കും ഇതു വഴിയൊരുക്കുന്നു. നിലവിലെ ജീവനക്കാർക്കും ഹയർ ഓപ്ഷൻ സ്വീകരിച്ച വിരമിച്ചവർക്കും ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കാൻ ഇതു സഹായിക്കും. കട്ട് ഓഫ് സമയത്തിനുള്ളിൽ ഓപ്ഷൻ കൊടുക്കണമെന്ന നിബന്ധന ശരിയല്ലെന്ന പെൻഷൻകാരുടെ വാദവും കോടതി ശരിവച്ചു. 

ജീവനക്കാരുടെ വിഹിതത്തിൽനിന്നു കൂടിയുള്ള തുകയിൽനിന്നു ശമ്പളത്തിന് ആനുപാതികമായി പെൻഷൻ കൊടുക്കുന്നതു തടയാൻ കേന്ദ്രസർക്കാരും ഇപിഎഫ്ഒയും ശ്രമിച്ചതു ജനവിരുദ്ധമായ നടപടിയാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും വിരുദ്ധമായ 2014ലെ ഭേദഗതി അപ്പാടെ കേരള ഹൈക്കോടതി തള്ളിക്കളഞ്ഞതു സുപ്രീം കോടതിയും ശരിവച്ച ശേഷമാണ് പുനഃപരിശോധനാ ഹർജിയുമായി ഇപിഎഫ്ഒയും കേന്ദ്രസർക്കാരും സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോൾ ഭേദഗതി സുപ്രീം കോടതി അംഗീകരിക്കുന്നതിനും ആനുകൂല്യങ്ങൾ ഭാഗികമായി ചുരുങ്ങുന്നതിനും ഇടയാക്കുന്ന സമീപനം ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സർക്കാരിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. 

ഭേദഗതി വരുന്നതിനു മുൻപു വിരമിച്ചവർക്ക് ഈ വിധി ബാധകമാകില്ലെന്നത് ഒട്ടേറെപ്പേർക്കു നിരാശയുണ്ടാക്കുന്നതാണ്. ഹൈക്കോടതി വിധിപ്രകാരം നിയമനടപടികളിലൂടെ ഉയർന്ന പെൻഷൻ നേടിയവർക്ക് അങ്ങനെ വാങ്ങിയ തുക തിരിച്ചടയ്ക്കേണ്ടി വരുമോ എന്ന ആശങ്കയുമുയർന്നിട്ടുണ്ട്. പെൻഷൻ നൽകുന്നതിന് അടിസ്ഥാനമായ ശമ്പളശരാശരി ഒരു വർഷമെന്നത് അഞ്ചു വർഷമാക്കിയ ഭേദഗതിയും കോടതി ശരിവച്ചത് ഒരു വർഷമെന്ന ശരാശരിയിൽ പെൻഷൻ വാങ്ങുന്നവർക്കു ലഭിക്കുന്ന തുകയിൽ കുറവുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതു കൂടുതൽ നിയമ നടപടികൾക്കു വഴിവച്ചേക്കാം. തെ‍ാഴിലാളിവിരുദ്ധമെന്നു പറയാവുന്ന പല ഭേദഗതികളും അംഗീകരിക്കപ്പെട്ടതോടെ ഫലത്തിൽ, തൊഴിലാളികളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന പിഎഫ് പെൻഷൻ പദ്ധതിതന്നെ ഭാവിയിൽ ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്.

സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ആനുപാതിക പെൻഷൻ നൽകാൻ കേന്ദ്രസർക്കാർ എന്തു നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്. ഇക്കാര്യത്തിൽ ഇനിയും അനിശ്ചിതത്വം തുടരുന്നതു സ്വന്തം ശമ്പളത്തിന്റെ വിഹിതം മാസാമാസം നൽകിപ്പോരുന്നവരോടുള്ള കടുത്ത വഞ്ചനയാണെന്നു തിരിച്ചറിഞ്ഞുള്ള തെറ്റുതിരുത്തൽ സമീപനമാണു സർക്കാർ സ്വീകരിക്കേണ്ടത്.

English Summary: Malayala Manorama Editorial, 05-11-2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com