ADVERTISEMENT

താൽക്കാലികക്കാരെ തിരുകിക്കയറ്റാനുള്ള ചരടാണ് ശുചീകരണജോലി. ഈ വിഭാഗത്തിൽ ഒഴിവുകളിങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും...

കോർപറേഷനിൽ താൽക്കാലിക ജോലി തരപ്പെടുത്തിയവരിൽ മുൻ മേയറുടെ മകനും. കോവിഡ്കാലത്ത് വാക്സിനേഷൻ ഡ്രൈവ് നടത്താൻ നിയോഗിച്ച ഡോക്ടർമാരുടെ പട്ടികയിലാണ് അന്നത്തെ മേയറുടെ മകനും കടന്നുകൂടിയത്. കോവിഡ്കാലം കഴിഞ്ഞ്, പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനു പിന്നാലെ നടത്തിയ പരിശോധനയിൽ ഡോക്ടർ മകൻ മാസങ്ങളായി ജോലിക്കു ഹാജരാകുന്നില്ലെന്നു കണ്ടെത്തി. പിന്നാലെ മകൻ രാജിക്കത്തും നൽകി. ജോലി ചെയ്യാതിരുന്ന മാസങ്ങളിലെ ശമ്പളം ഇദ്ദേഹം കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിച്ചപ്പോൾ ‘അതൊന്നും ഞങ്ങൾ പറയില്ല’ എന്നാണു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 

ശുചീകരണ വിഭാഗത്തിൽ അടിക്കടി ഒഴിവു വരും. എത്ര ശുചീകരിച്ചാലും തീരാത്തതിനാലാണെന്നു വിശദീകരണം. എന്നാൽ, വിശദമായി അന്വേഷിച്ചപ്പോൾ താൽക്കാലികക്കാരായി സ്വന്തക്കാരെ കയറ്റാൻ ഒഴിവുണ്ടാക്കുന്നതാണെന്നാണു മനസ്സിലായത്. 

താൽക്കാലികാടിസ്ഥാനത്തിൽ ജോലിക്കു കയറുന്ന ശുചീകരണത്തൊഴിലാളികളെ 5 വർഷം പിന്നിടുമ്പോൾ സ്ഥിരപ്പെടുത്തും. ശുചീകരണ ജോലി ചെയ്യുന്നതു നാണക്കേടായതിനാൽ പാർട്ടിയെയും യൂണിയൻ നേതാക്കളെയും സ്വാധീനിച്ച് പിന്നീട് തസ്തിക മാറും. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്കു വീണ്ടും താൽക്കാലികക്കാരെ നിയമിക്കും. അങ്ങനെ ശുചീകരണത്തൊഴിലാളികളുടെ ഒഴിവ് ഇങ്ങനെ വന്നുകൊണ്ടേയിരിക്കും.

ഒരിക്കൽ ശുചീകരണ വിഭാഗത്തിൽ 300 പേരുടെ ഒഴിവുണ്ടെന്നു വരുത്തി നിയമനം നടത്താൻ കോർപറേഷൻ അരങ്ങൊരുക്കി. നിലവിൽ ജോലി ചെയ്തിരുന്ന താൽക്കാലികക്കാർ, തങ്ങളെ പുറത്താക്കി പുതിയവരെ നിയമിക്കാനുള്ള അടവാണെന്നു മനസ്സിലാക്കി അതിനെതിരെ കോടതിയിൽ പോയി. 13 വർഷമായി താൽക്കാലികക്കാരായി ജോലി ചെയ്തിരുന്ന 43 പേരാണ് കോടതിയെ സമീപിച്ചത്. ഭരണാനുകൂല സംഘടനയുടെ കൊടിപിടിക്കാത്തതിനാൽ താൽക്കാലിക നിയമനം ലഭിച്ച് 13 വർഷം കഴിഞ്ഞിട്ടും ഈ 43 പേരെ സ്ഥിരപ്പെടുത്തിയിരുന്നില്ല. മുന്നൂറു പേരെ നിയമിച്ചാൽ ഇവർ പുറത്താകും. ഒടുവിൽ ഹൈക്കോടതി  രക്ഷയ്ക്കെത്തി. 43 ഒഴിവുകൾ ഒഴിച്ചിട്ട ശേഷം നിയമനം നടത്താൻ ഉത്തരവായി.

കോർപറേഷന്റെ കീഴിലുള്ള ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് സെന്ററിലും പാർട്ടിക്കാരെ കുത്തിത്തിരുകിയിട്ടുണ്ട്. ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതു ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിന്റെ ഭർത്താവാണെന്നാണ് ആരോപണം.  ഇതേ സ്ഥാപനത്തിൽ താൽക്കാലികക്കാരനായി കയറിയ ലോക്കൽ കമ്മിറ്റി അംഗത്തെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ വർഷങ്ങൾക്കു മുൻപു പുറത്താക്കിയിരുന്നു. 

എക്സ്ചേഞ്ച് വഴിയും സഖാക്കൾ

കോർപറേഷനിൽ ഒഴിവുള്ള ചില തസ്തികകൾ നികത്താൻ അപൂർവമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നിയമനം നടത്താറുണ്ടെങ്കിലും അതിലുമുണ്ട് കള്ളക്കളി. എക്സ്ചേഞ്ചിൽനിന്നു നൽകുന്ന പട്ടികയിലെ പാർട്ടിക്കാരെ ആദ്യം തിരഞ്ഞുപിടിച്ച് നിയമിക്കും. പിന്നീട് സ്ഥിരമാകുന്ന തസ്തികയാണിത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു നൽകിയ വിലാസത്തിനു പകരം മറ്റൊരു വിലാസത്തിൽ കത്ത് അയച്ചതിനെത്തുടർന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നു ചിലർ ഈയിടെ പരാതിപ്പെട്ടിരുന്നു. വേണ്ടപ്പെട്ടവരെ നിയമിക്കാനായിരുന്നു വിലാസം മാറ്റിയുള്ള തട്ടിപ്പ്.

മുൻ ഭരണസമിതിയുടെ കാലത്ത് എയ്റോബിക് ബിന്നുകളുടെ പരിപാലനത്തിനെന്ന പേരിൽ 367 പേരെ നിയമിച്ചു. ഇങ്ങനെ നിയമിക്കപ്പെട്ട ഒരാൾ മേയറുടെ പഴ്സനൽ അസിസ്റ്റന്റായാണു ജോലി ചെയ്യുന്നത്. 

ഡേറ്റാ എൻട്രി ഓപ്പറേറ്റർക്കു പുറമേ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥലങ്ങളാണ് കോർപറേഷന്റെ കീഴിലുള്ള റിപ്രോഗ്രഫിക് സെന്റർ, യാചക പുനരധിവാസ കേന്ദ്രം, വൃദ്ധസദനങ്ങളായ സായാഹ്നം, സാന്ത്വനം തുടങ്ങിയവ. ഒട്ടുമിക്ക സ്ഥാപനങ്ങളിലും കെയർടേക്കർ, കുക്ക് തുടങ്ങിയ തസ്തികകളിൽ ജോലി നോക്കുന്നതു പാർട്ടിക്കും നേതാക്കൾക്കും വേണ്ടപ്പെട്ടവർ.

കോർപറേഷൻ നേരിട്ടു നിയമനം നടത്തുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, നഴ്സറി സ്കൂൾ ടീച്ചർ തസ്തികകളിലും പാർട്ടിക്കാരേറെ കടന്നുകൂടിയിട്ടുണ്ട്.

പരാതിപരിഹാര സെല്ലിലും പാർട്ടിഭരണം

കോർപറേഷനിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും വിവരശേഖരണത്തിനുമായി പ്ലാനിങ് സെൽ രൂപീകരിക്കാനുള്ള തീരുമാനം കയ്യടികളോടെയാണ് ജനം വരവേറ്റത്. എന്നാൽ, പിൻവാതിലിലൂടെ പാർട്ടിക്കാരെ കയറ്റുകയായിരുന്നു ഭരണസമിതിയുടെ ലക്ഷ്യം. 13 തസ്തികകളിൽ നിയമനത്തിനു കഴിഞ്ഞ ഓഗസ്റ്റിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയർ, ആർക്കിടെക്ട്, അർബൻ പ്ലാനർ, പഴ്സനൽ മാനേജ്മെന്റ് വിദഗ്ധൻ, എൻവയൺമെന്റൽ എൻജിനീയർ, സാനിറ്ററി എൻജിനീയർ, അക്കൗണ്ടന്റ്, ഐടി വിദഗ്ധൻ, പൊതുജനാരോഗ്യ വിദഗ്ധൻ, കമ്യൂണിറ്റി വർക്കർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ  തസ്തികകളിലേക്കായിരുന്നു അപേക്ഷ. 

ഒരു തസ്തികയിൽ മാത്രം തിടുക്കപ്പെട്ട് നിയമനം നടത്തി. ഓൺലൈൻ വഴി അപേക്ഷിച്ചവരെ പരിഗണിക്കുകപോലും ചെയ്യാതെയായിരുന്നു നിയമനം. തസ്തികയുടെ പേരാണ് വിചിത്രം– ജേണലിസം. ജോലി അറിയണ്ടേ? മേയറുടെ പിആർ വർക്ക്.  

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ തിരുവനന്തപുരം കോർപറേഷൻ മികച്ച രീതിയിൽ നടത്തുന്ന രണ്ടു സേവനങ്ങളാണ് ശുദ്ധജല വിതരണത്തിനും ശുചിമുറി മാലിന്യ ശേഖരണത്തിനുമുള്ള ഓൺലൈൻ സംവിധാനം. ഇതിന്റെ മറവിലുമുണ്ട് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റൽ.

ശുദ്ധജല വിതരണത്തിനായുള്ള കൺട്രോൾ റൂമിൽ ജോലി നോക്കുകയാണെന്ന വ്യാജേന ശമ്പളം കൈപ്പറ്റുന്നവരിൽ ഒരാൾ മുൻ മേയറുടെ പഴ്സനൽ അസിസ്റ്റന്റും ഡിവൈഎഫ്ഐ നേതാവുമാണ്. മുൻ ഭരണസമിതിയുടെ നേട്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഭരണസമിതി അംഗങ്ങളുടെ വേണ്ടപ്പെട്ടയാളായി മാറിയ ആൾക്കും കിട്ടി ഇവിടെ ജോലി. മേയറുടെ പരാതി പരിഹാര സെല്ലിലും പാർട്ടി സെൽഭരണമാണ്.

പൂട്ടിയിട്ട വിശ്രമകേന്ദ്രത്തിലും നിയമനം തകൃതി

∙ 9 തസ്തികകളിലെ നിയമനത്തിൽ കണ്ണുവച്ച് നേതാക്കളുടെ പിടിവലി

പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ ഡി.ആർ.അനിൽ പാർട്ടി സെക്രട്ടറിക്ക് എഴുതിയ കത്താണല്ലോ വിവാദമായതിൽ രണ്ടാമത്തേത്. ഈ കത്തിൽ പറയുന്ന നിയമനം തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ വിശ്രമകേന്ദ്രവുമായി ബന്ധപ്പെട്ടാണ്. വിശ്രമകേന്ദ്രം നിർമിച്ചത് 2001ൽ. കുറച്ചുകാലത്തിനുശേഷം അറ്റകുറ്റപ്പണികൾക്കായി പൂട്ടി. 

job-cpm-1

   നവീകരിച്ച ശേഷം ഉദ്ഘാടനം നടത്തിയത് 2020 ഒക്ടോബർ 17ന്. പക്ഷേ, തുറന്നില്ല. രണ്ടു വർഷവും 20 ദിവസവും അടഞ്ഞുകിടന്ന വിശ്രമകേന്ദ്രം തുറക്കാൻ വൈകിയത് മാനേജർ ഉൾപ്പെടെ 9 തസ്തികകളിലെ നിയമനത്തിൽ കണ്ണുവച്ചുള്ള നേതാക്കളുടെ പിടിവലി കാരണമെന്നാണ് ആരോപണം. ഇതിനിടെയാണ്, മാനേജർ, 5 കെയർടേക്കർ, 3 ക്ലീനർ തസ്തികകളിൽ കുടുംബശ്രീ അംഗങ്ങളുടെ പട്ടികതേടി സിപിഎം ജില്ലാ സെക്രട്ടറിക്ക് അനിൽ കത്തയച്ചത്. 

മുൻ ഭരണസമിതിയുടെ കാലത്താണ് 40 ലക്ഷം രൂപ മുടക്കി കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചത്. നവീകരണം അനന്തമായി നീണ്ടു. 

ഇതിനിടെ, പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഡ്രഗ് ഹൗസ് ഇവിടേക്കു മാറ്റി. കോർപറേഷനോട് ഇക്കാര്യത്തിൽ അനുവാദം ചോദിച്ചില്ലെന്ന് ആരോപിച്ച് ആദ്യം ഡി.ആർ.അനിൽ  സ്ഥലത്തെത്തി ബഹളംവച്ചു. മരുന്നുകൾ മാറ്റാൻ സമയം ആവശ്യപ്പെട്ടെങ്കിലും അതു ചെവിക്കൊള്ളാതെ അടുത്ത ദിവസം മേയറെയും കൂട്ടിയെത്തി കെട്ടിടം പൂട്ടി താക്കോൽ കൈവശപ്പെടുത്തി. കോവിഡ്സമയത്ത് വിശ്രമിക്കാൻ സൗകര്യമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞപ്പോഴും കെട്ടിടം അടഞ്ഞുകിടന്നു. ഒടുവിൽ 2020ൽ, മന്ത്രിയായിരുന്ന കടകംപള്ളി നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പക്ഷേ, അപ്പോഴും കെട്ടിടം തുറന്നില്ല. വൈകിയാണ് പൂട്ടൽനാടകത്തിന്റെ പിന്നാമ്പുറ കഥ ജനത്തിനു മനസ്സിലായത്.

ഒഴിവുകളിൽ പാർട്ടി കണ്ണുവയ്ക്കുന്നതെങ്ങനെ ?

താൽക്കാലിക തസ്തികകളിൽ ഒഴിവു വന്നാൽ, ഇഷ്ടക്കാരെ കുത്തിനിറയ്ക്കാനുള്ള നടപടികൾ പാർട്ടി തിരക്കിട്ടു തുടങ്ങും. ആദ്യം  ഒഴിവുള്ള തസ്തികകളെക്കുറിച്ചു ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികൾക്കു ജില്ലാ സെക്രട്ടറിയുടെ ഓഫിസിൽ നിന്നു വിവരം കൈമാറും. പാ‍ർട്ടി അനുഭാവികളെ കണ്ടെത്തി അപേക്ഷ ഓൺലൈനായി അയയ്ക്കാൻ നിർദേശിക്കും. നിശ്ചയിച്ച യോഗ്യതയുള്ള പാർട്ടി അനുഭാവികളായ എല്ലാവരും അപേക്ഷ നൽകിയെന്ന് ഉറപ്പു വരുത്താനും പാ‍ർട്ടി ഘടകങ്ങളോടു പ്രത്യേകം നിർദേശിക്കും.  പിന്നീട് കീഴ്ഘടകങ്ങളുടെ ‘പണി’ തുടങ്ങുകയായി. 

   അപേക്ഷകരുടെ പട്ടിക ശേഖരിച്ച ജില്ലാ സെക്രട്ടറിക്കു കൈമാറും. ഇതോടെ അഭിമുഖത്തിനുള്ള നടപടികൾ ആരംഭിക്കാൻ ഒഴിവുള്ള സ്ഥാപനത്തിന്റെ തലപ്പത്തുള്ളവർക്ക് ജില്ലാ സെക്രട്ടറിയോ ഓഫിസോ നിർദേശം നൽകും. ജില്ലാ സെക്രട്ടറിക്കു ലഭിക്കുന്ന പട്ടികയുടെ സ്ക്രീനിങ്ങാണു പിന്നീട്. പാർട്ടിക്കു ‘വേണ്ടപ്പെട്ടവരെ’ ഇതിൽനിന്നു തിരഞ്ഞെടുക്കും. കീഴ്ഘടകങ്ങളിൽ വിലപേശലും മുറയ്ക്കു നടക്കുമെന്നാണു വിവരം. ഒരു വർഷത്തേക്കാണു കരാർ നിയമനമെങ്കിൽ, രണ്ടു മാസത്തെ ശമ്പളം പാർട്ടി ഫണ്ടിലേക്കെന്ന രീതിയിലാണ് ‘കച്ചവടം’. അന്തിമപട്ടിക തയാറാക്കി, ജില്ലയിലെ ഉന്നതൻ സ്ഥാപന മേധാവികൾക്കു കൈമാറും. 

psc-party-cpm

കഷ്ടപ്പെട്ടു പഠിച്ച് ഉന്നത ബിരുദങ്ങൾ നേടി, ജോലിയെന്ന സ്വപ്നവുമായി എത്തുന്ന, പാർട്ടി അനുഭാവികളല്ലാത്തവരുടെ മുന്നിൽ വഴിപാടായി അഭിമുഖം നടത്തും. അവരെ മാത്രം ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുകയും കളിയാക്കുകയും ചെയ്യുന്ന പരിപാടിയുമുണ്ട്. പാർട്ടി അനുഭാവികളുടെ നിയമന ഉത്തരവിൽ ഒപ്പിട്ട ശേഷമാണ് ഈ പ്രവൃത്തി. അഭിമുഖം കഴിയുന്നതിനു പിന്നാലെ നിയമന ഉത്തരവ് വേണ്ടപ്പെട്ടവർക്കു കൈമാറുന്നതോടെ ‘വഴിപാട്’ ചടങ്ങുകൾക്കു തിരശീല വീഴും. 

പാർട്ടി ചവിട്ടിക്കയറ്റിയ താൽക്കാലികക്കാർ 200

പാർട്ടിക്കൂറും നേതാക്കളുടെ ബന്ധുക്കളുമെന്ന യോഗ്യതയിൽ തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക ജോലി തരപ്പെടുത്തിയത് ഇരുനൂറോളം പേർ. കോർപറേഷന് അനുവദിച്ചിട്ടുള്ള 1926 തസ്തികകൾക്കു പുറമേയാണ് ഇത്രയും പേരെ തിരുകിക്കയറ്റിയത്. 

കൂടുതൽപേരും ജോലി ചെയ്യുന്നത് ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ്. എല്ലാ സോണൽ ഓഫിസുകളിലും  ഇവർ ജോലി ചെയ്യുന്നുണ്ട്.  നഗരത്തിൽ സർക്കാർ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാക്കാനുള്ള തീരുമാനത്തിന്റെ മറവിലാണ് 74 ഡോക്ടർമാരുടെ നിയമനത്തിനു കളമൊരുക്കിയത്. നിലവിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും അർബൻ ഹെൽത്ത് സെന്ററുകൾ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 6 വരെയുമാണു പ്രവർത്തിക്കുന്നത്. പാർട്ടിക്കും നേതാക്കൾക്കു വേണ്ടപ്പെട്ട ഡോക്ടർമാരെയും നഴ്സുമാർ ഉൾപ്പെടെയുള്ള പാരാ മെഡിക്കൽ ജീവനക്കാരെയും തിരുകിക്കയറ്റാനുള്ള ശ്രമമായിരുന്നു തീരുമാനത്തിനു പിന്നിലെന്നു സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ. 

13 ഡോക്ടർമാരും 14 സ്റ്റാഫ് നഴ്സുമാരും 12 പാരാ മെഡിക്കൽ ജീവനക്കാരും നിലവിൽ ജോലി നോക്കുന്നുണ്ട്.  ഇതിനു പുറമേയാണ് 74 ഡോക്ടർമാർ, 66 സ്റ്റാഫ് നഴ്സ്, 64 ഫാർമസിസ്റ്റ്, 23 ലാബ് ടെക്നിഷ്യൻ, 59 ക്ലീനർമാർ എന്നിവരുടെ നിയമനത്തിനു പാർട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി കത്തു നൽകിയത്.

English Summary: Job recruitment in Thiruvananthapuram Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com