ADVERTISEMENT

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് ഇന്ന് സ്ഥാനമേൽക്കുമ്പോൾ ഉയരുന്നത് ഒട്ടേറെ പ്രതീക്ഷകൾ‌. വിചാരത്തിലും വാക്കിലും എഴുത്തിലും ‘ന്യൂജെൻ’ ആയ അദ്ദേഹം പരമോന്നത നീതിപീഠത്തെ ‘ഡ്രീം കോർട്ട്’ ആക്കുമോ? 

സുപ്രീം കോടതിയിൽനിന്ന് ഓരോ വർഷവും ഒഴിവാക്കേണ്ട കടലാസ് ഏകദേശം ഒരു ലക്ഷം കിലോയാണ്; ഫയൽ കവറുകളും ഫയൽ ബോർഡുകളും കൂടി 50,000 കിലോ വേറെയും. കടലാസ് – ഫയൽ മാലിന്യം നീക്കംചെയ്യാൻമാത്രം സ്ഥിരമായി നാലുപേർ പണിയെടുക്കണമെന്നാണ് ഈയിടെ ഇതിനായി ടെൻഡർ വിളിച്ച രേഖയിൽ പറയുന്നത്. 

ഇനി ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിക്കേണ്ടിവന്നേക്കാം. ഇന്നു ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്ന ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കടലാസ്‌വിരോധിയാണ്. കോടതിയിൽ കടലാസ് കൈകൊണ്ടു തൊടില്ലെന്ന, കോവിഡ്കാലത്ത് തുടങ്ങിയ രീതി അദ്ദേഹം സുപ്രീം കോടതിയുടെയാകെ രീതിയാക്കി മാറ്റിയേക്കും. 

സുപ്രീം കോടതിയുടെ ഇ–കമ്മിറ്റി അധ്യക്ഷൻകൂടിയായ ജസ്റ്റിസ് ചന്ദ്രചൂഡ്, കോടതിയിൽ‍ തന്റെ ലാപ്ടോപ്പിലാണ് കേസുകളുടെ േരഖകൾ പരിശോധിക്കുന്നത്; വാദങ്ങൾക്കിടയിൽ ആവശ്യമായ കുറിപ്പുകൾ രേഖപ്പെടുത്തുന്നതും അതിലാണ്. കേസുകൾ സംബന്ധിച്ച എല്ലാ വിവരവും ‘സോഫ്റ്റ് കോപ്പി’യായി ലഭിക്കണമെന്നും അദ്ദേഹം താൽപര്യപ്പെടുന്നു. 

കേസുകൾ വാദിക്കാൻ അഭിഭാഷകർ നേരിട്ടു കോടതിയിൽ ഹാജരാകാതെ, ഓൺലൈൻ സംവിധാനം ഉപയോഗിക്കുന്നതിനെയും ജസ്റ്റിസ് ചന്ദ്രചൂഡ് പ്രോത്സാഹിപ്പിക്കുന്നു. ഫലത്തിൽ, ഇന്ത്യയുടെ അൻപതാമത്തെ ചീഫ് ജസ്റ്റിസ് ‘ന്യൂജെൻ’ ആണ്. അത് അദ്ദേഹത്തിന്റെ ‘ഇ–പ്രവൃത്തി’കളിൽ മാത്രമല്ല, വിചാരത്തിലും വാക്കിലും എഴുത്തിലും എടുത്തുകാണാം. 

വളച്ചുകെട്ടില്ലാത്ത ഭാഷയിൽ, ഭാഗങ്ങൾ കൃത്യമായി വേർതിരിച്ചു വിധിന്യായമെഴുതുകയെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ശൈലി ഇപ്പോൾ സഹജഡ്ജിമാരിൽ ചിലർ മാതൃകയാക്കുന്നുണ്ട്. തന്റെ കോടതിയിലെ ഏറ്റവും നല്ല ‘വിദ്യാർഥി’ ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെയാണ്: വാദങ്ങൾ അതീവശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കും, കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കും. അഭിഭാഷകരിൽ സീനിയർ – ജൂനിയർ, കേസുകളിൽ പ്രധാനം – അപ്രധാനം എന്നിങ്ങനെയുള്ള വേർതിരിവുകളില്ലാത്ത സമീപനം. സുപ്രീം കോടതി ജഡ്ജി എന്ന നിലയ്ക്കു സ്വന്തമായൊരു വ്യക്തിത്വം സ്ഥാപിച്ചിട്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസാവുന്നത്. 

ചീഫ് ജസ്റ്റിസുമാരുടെ പേരിൽ സുപ്രീം കോടതിയുടെ കാലഘട്ടം തിരിക്കുന്ന രീതിയുണ്ട്. ഇനി രണ്ടു വർഷം ‘ചന്ദ്രചൂഡിന്റെ കോടതി’യാണ്. അതിനെ ചരിത്രം എങ്ങനെ വിലയിരുത്തും? അത്രമേൽ വലിയ വെല്ലുവിളിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മുന്നിലുള്ളത് എന്നതുകൊണ്ടാണ് ഈ ചോദ്യം തുടക്കത്തിൽതന്നെ പ്രസക്തമാകുന്നത്. 

അടുത്തകാലത്ത് ചില ചീഫ് ജസ്റ്റിസുമാർ നേരിട്ട ആരോപണങ്ങൾ സുപ്രീം കോടതിയുടെ പ്രതിഛായയ്ക്കു പോറലേൽപിച്ചിരുന്നു. നാലു ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിക്കുന്ന സ്ഥിതിയുണ്ടായി. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ അ‍ജൻഡ പ്രകാരമുണ്ടായ ഭരണഘടനാ ഭേദഗതികളും നിയമങ്ങളും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാതെ മാറ്റിവച്ചതിനു സുപ്രീം കോടതി വിമർശനം കേട്ടു. ഭരണഘടനാക്കോടതിയെന്ന അടിസ്ഥാന സ്വഭാവം വീണ്ടെടുക്കേണ്ടതുണ്ടെന്നു സുപ്രീം കോടതിക്കുതന്നെ പറയേണ്ടിവന്നു. 

74 ദിവസം മാത്രം  ചീഫ് ജസ്റ്റിസായിരുന്ന യു.യു.ലളിത്, ഭരണഘടനാ ബെഞ്ചുകൾ രൂപീകരിച്ചതുൾപ്പെടെ പല തിരുത്തലുകൾക്കും ശ്രമിച്ചിട്ടുണ്ട്. അതിൽനിന്നു മുന്നോട്ടുപോകാനുള്ള തീരുമാനങ്ങൾക്കു കെൽപുള്ളയാളാണു പിൻഗാമി.  

ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിനു ഭീഷണി നേരിടുന്നുവെന്നായിരുന്നു പത്രസമ്മേളനം നടത്തിയ സുപ്രീം കോടതി ജഡ്ജിമാർ നൽകിയ മുന്നറിയിപ്പ്. ജഡ്ജിമാരുടെ നിയമനത്തിനു ലഭിക്കുന്ന ശുപാർശകളിലെ തങ്ങൾക്ക് അനിഷ്ടമുള്ള പേരുകൾ തിരിച്ചയയ്ക്കുകയോ വച്ചുതാമസിപ്പിക്കുകയോ ചെയ്യുകയെന്നതാണു സർക്കാർ രീതി. ജഡ്ജിമാരെ തീരുമാനിക്കേണ്ടതു ജുഡീഷ്യറിയല്ലെന്നാണ് കഴിഞ്ഞ ദിവസവും നിയമമന്ത്രി പറഞ്ഞത്. ഉന്നത ഭരണഘടനാസ്ഥാപനത്തിലെ നിയമനങ്ങൾക്ക് ആർക്കാണ് അധികാരമെന്നത് ഇപ്പോഴും തർക്കവിഷയമാണ്. തർക്കത്തിനു തീർപ്പുണ്ടാക്കാനും സർക്കാരുമായുള്ള ബന്ധത്തിന്റെ നിലവാരമുയർത്തി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനുമുള്ള ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരിശ്രമങ്ങൾ ശ്രദ്ധേയമായിരിക്കും.

സുപ്രീം കോടതി ജഡ്ജിമാരിലെ ബുദ്ധിജീവിയായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയപ്പെടുന്നത്. പൗര– മൗലികാവകാശങ്ങളുടെ ചക്രവാളത്തെ വ്യാഖ്യാനിച്ചു വലുതാക്കുന്നതിനുള്ള കഴിവാണ് ഈ വിശേഷണത്തിനു പ്രധാനകാരണം. വ്യക്തിയുടെ സ്വകാര്യത, പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, സ്വവർഗാനുരാഗികളുടെ അവകാശം തുടങ്ങിയവ സ്ഥാപിച്ചുറപ്പിച്ച് അദ്ദേഹം വിധികളെഴുതിയിട്ടുണ്ട്. പ്രണയത്തിന്റെ ശക്തിക്കു ജാതിയും മതവും തടസ്സമുണ്ടാക്കുമ്പോൾ ഭരണഘടന കരയുന്നു; ഭക്ഷണത്തിന്റെ പേരിൽ വ്യക്തികളെ ആൾക്കൂട്ടം കൊലപ്പെടുത്തുമ്പോൾ ഭരണഘടനയും കൊലചെയ്യപ്പെടുന്നു; രാജ്യദ്രോഹം ആരോപിക്കപ്പെട്ട് കാർട്ടൂണിസ്റ്റ് ജയിലിലാകുമ്പോൾ ഭരണഘടന പരാജയപ്പെടുന്നു എന്നിങ്ങനെ അദ്ദേഹം രാജ്യത്തിന്റെ തെറ്റുകളെ പ്രഭാഷണങ്ങളിൽ വിമർശിച്ചിട്ടുണ്ട്. ഈ മനോഭാവം തന്റെ കാലത്തിന്റേതാക്കി മാറ്റാനുള്ള പരിശ്രമങ്ങളിൽ അദ്ദേഹം വലിയ വെല്ലുവിളികൾ നേരിടുമെന്ന് ഊഹിക്കാൻ പ്രയാസമില്ല.

അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്ര നിർമാണമാകാമെന്നു വിധിച്ചത് ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചാണ്. 1991ലെ ആരാധനാസ്ഥല നിയമം, ആരാധനാസ്ഥലങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിനു തടസ്സമല്ലെന്ന് അദ്ദേഹം നടത്തിയ പരാമർശം വിമർശിക്കപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, മതങ്ങളിൽ സ്ത്രീകൾക്കു ലഭിക്കേണ്ട തുല്യ പരിഗണന തുടങ്ങി രാഷ്ട്രീയമായിക്കൂടി പ്രാധാന്യമുള്ളതും പരിഗണിക്കാതെ മാറ്റിവച്ചതുമായ ഭരണഘടനാവിഷയങ്ങളുണ്ട്. അവയ്ക്കു സുപ്രീം കോടതി നൽകുന്ന ഉത്തരങ്ങൾ പലതുകൊണ്ടും നിർണായകമായിരിക്കും. 

ജസ്റ്റിസ് ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിനെ ‘ഡ്രീം ബെഞ്ച്’ എന്നാണ് യുവ അഭിഭാഷകർ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ സമീപനത്തിലെ മര്യാദയുൾപ്പെടെ അതിനു കാരണമാണ്. ഭരണഘടന മുന്നോട്ടുവച്ചിട്ടുള്ള മര്യാദകൾ സംരക്ഷിച്ച് തന്റെ കാലത്തെ സുപ്രീം കോടതിയെ ‘ഡ്രീം കോർട്ട്’ ആക്കി മാറ്റാനുള്ള സമയം ജസ്റ്റിസ് ചന്ദ്രചൂഡിനുണ്ട്.

English Summary: Justice Chandrachud to become 50th Chief Justice of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com