ADVERTISEMENT

റഷ്യ– യുക്രെയ്ൻ പ്രശ്നം പരിഹരിക്കാനുള്ള വഴികളും അതിലുള്ള വെല്ലുവിളികളും വ്യക്തം. പക്ഷേ, ആര് മുന്നിട്ടിറങ്ങും? നിലവിൽ ശേഷിയുള്ളത് ഇന്ത്യയ്ക്കു മാത്രം 

ഈയാഴ്ചത്തെ മോസ്കോ സന്ദർശനവേളയിൽ, റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി നടന്ന ചർച്ചയിൽ‌ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമായ ഒരു സൂചന നൽകി. യുക്രെയ്ൻ യുദ്ധം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു: ‘‘നയതന്ത്രത്തിലേക്കും പരസ്പര ആശയവിനിമയത്തിലേക്കും തിരിച്ചുപോകണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സമാധാനം, രാജ്യാന്തര നിയമങ്ങളെ ബഹുമാനിക്കൽ, യുഎൻ ചാർട്ടർ അംഗീകരിക്കൽ എന്നിവയെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നത്’’. ലോക രാജ്യങ്ങളുടെ സാമ്പത്തികവ്യവസ്ഥ പരസ്പരം ആശ്രയിച്ചാണു മുന്നോട്ടുപോകുന്നതെന്നതിനാൽ യുക്രെയ്ൻ സംഘർഷം ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളെ (ആഫ്രിക്കൻ–ലാറ്റിൻ അമേരിക്കൻ–ഏഷ്യൻ രാജ്യങ്ങൾ) ആഴത്തിൽ വേദനിപ്പിക്കുന്നു, കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽനിന്നു കരകയറാനൊരുങ്ങുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. സെപ്റ്റംബറിൽ ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടു പറഞ്ഞ വാക്കുകൾ ‍ജയശങ്കർ റഷ്യയെ വീണ്ടും ഓർമിപ്പിച്ചു: ‘‘ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ല’’

ഇന്ത്യൻ വിദേശനയത്തിലെ സ്വാഗതാർഹമായ സംഭവവികാസമാണിത്. റഷ്യൻ അധിനിവേശത്തെ അപലപിക്കുന്നതിൽ ഇന്ത്യയ്ക്കുള്ള വിമുഖതയെ പാർലമെന്റിൽ ഞാൻ ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ, അതുവഴി ഇന്ത്യയോടു റഷ്യയ്ക്കുണ്ടായ അടുപ്പം സമാധാനം സ്ഥാപിക്കാൻ നമുക്കുള്ള ശേഷി വർധിപ്പിക്കുന്നുവെന്ന് ആദ്യം അംഗീകരിച്ചതും ഞാനാണ്. യുദ്ധത്തിന്റെ ദിനങ്ങൾ കടന്നുപോകുന്തോറും നാശനഷ്ടങ്ങൾക്കും മനുഷ്യദുരന്തങ്ങൾക്കും അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയും അകന്നു പോകുകയാണ്. വിജയിക്കാമെന്ന പ്രതീക്ഷ ഇരുരാജ്യങ്ങളും വച്ചുപുലർത്തുന്നതിനാൽ ഇരുപക്ഷവും അയയുന്നില്ല. എന്നാൽ, ഈ യുദ്ധം മനുഷ്യജീവിതങ്ങൾക്കുമേൽ പരിഹാസ്യമായ ചോദ്യചിഹ്നമായി നിൽക്കുകയാണ്. അതു ലോകവാണിജ്യരംഗത്തെ തകർക്കും. ഭക്ഷ്യക്ഷാമവും പണപ്പെരുപ്പവും മൂലം വലയുന്ന ദരിദ്രരാഷ്ട്രങ്ങളെ വലിയ പതനത്തിലേക്കു തള്ളിവിടും. ലോക സാമ്പത്തികനിലയെ വർഷങ്ങൾ പിന്നിലേക്കു തള്ളും. യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാണു വികസ്വര രാജ്യങ്ങളുടെ താൽപര്യം എന്നറിയിച്ച ഇന്ത്യയുടെ നിലപാട് വളരെ ശരിയാണ്. 

എന്നാൽ, സൈനിക ഇടപെടൽ എന്ന കടുത്ത നിലപാടു സ്വീകരിച്ച പുട്ടിൻ തന്റെ ലക്ഷ്യങ്ങൾ നേടാതെ പിൻവാങ്ങുമെന്നു കരുതാനാവില്ല. യുക്രെയ്ൻ സാഹസികതയെച്ചൊല്ലി സാമ്പത്തികരംഗത്തും രാഷ്ടങ്ങളുമായുള്ള ബന്ധത്തിലും റഷ്യ ഇപ്പോൾത്തന്നെ വലിയവില നൽകിയിരിക്കുകയാണ്. ഈ നഷ്ടം വർധിച്ചുകൊണ്ടിരിക്കുമ്പോൾ, വ്യക്തമായ നേട്ടത്തോടു കൂടിയല്ലാതെ പിൻവാങ്ങാൻ റഷ്യയ്ക്കാവില്ല. സ്വന്തം പൗരൻമാരെ ബോധിപ്പിക്കാൻ കൂടി അത്തരം നേട്ടങ്ങൾ റഷ്യൻ ഭരണകൂടത്തിന് ആവശ്യമുണ്ട്. 

എന്തൊക്കെയാവും യുദ്ധത്തിലൂടെ റഷ്യ ലക്ഷ്യം വയ്ക്കുന്നത്? നാറ്റോയുടെ സൈന്യങ്ങളും ആയുധങ്ങളും തങ്ങളുടെ വാതിൽപടിയിൽ ഉണ്ടാകാൻ പാടില്ല എന്നതു തീർച്ചയായും മുഖ്യലക്ഷ്യമാണ്. നിഷ്പക്ഷ നിലപാടെടുക്കാമെന്ന യുക്രെയ്നിന്റെ ഉറപ്പ് രേഖാമൂലം കിട്ടണം. അതു യുക്രെയ്ൻ ഭരണഘടനയിൽ വ്യക്തമാക്കുകയും മറ്റു രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉറപ്പുനൽകുകയും ചെയ്യുക എന്നതു യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് അത്യാവശ്യമാണ്. എന്നാൽ, തങ്ങൾ വീണ്ടും ആക്രമിക്കപ്പെടുകയാണെങ്കിൽ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ സഹായമുണ്ടാകും എന്ന ഉറപ്പോടെ മാത്രമേ യുക്രെയ്നിനു തങ്ങളുടെ ‘നിഷ്പക്ഷത’ പ്രഖ്യാപിക്കാനാവൂ. അതു റഷ്യയ്ക്കു സ്വീകാര്യമാവില്ല. വെറും നിഷ്പക്ഷതാ പ്രഖ്യാപനം മാത്രം മതിയാകില്ല റഷ്യയ്ക്ക്. ഉദാഹരണത്തിന്, തങ്ങൾക്കു നേരെ പ്രയോഗിക്കാൻ സാധ്യതയും ശേഷിയുമുള്ള ആയുധങ്ങൾ യുക്രെയ്ൻ മണ്ണിൽനിന്ന് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടും. ഇക്കാര്യത്തിൽ തീരുമാനം എളുപ്പമല്ല.

സമാധാന ശ്രമങ്ങൾക്കിറങ്ങുന്നവർക്കു മുന്നിൽ വലിയ വെല്ലുവിളികളുണ്ട്. കിഴക്കൻ യുക്രെയ്നിലെ സമ്പന്ന കാർഷിക, വ്യവസായ മേഖലയായ ഡോൺബാസ് പിടിച്ചെടുക്കൽ റഷ്യയുടെ പുതിയ യുദ്ധലക്ഷ്യമാണ്. 2014ൽ പിടിച്ചെടുത്ത ക്രൈമിയയിലേക്കു കരമാർഗ പാതയും വേണം. ക്രൈമിയയ്ക്കു മേലുള്ള റഷ്യയുടെ അധികാരം ലോകരാജ്യങ്ങൾ അംഗീകരിക്കുകയും വേണം. ഡോൺബാസും ക്രൈമിയയും റഷ്യയ്ക്കു വിട്ടുകൊടുത്തുകൊണ്ടുള്ള സമാധാനക്കരാറിനാണു സാധ്യതയുള്ളത്. എന്നാൽ, പാശ്ചാത്യ രാജ്യങ്ങളുടെ കനത്ത പിന്തുണയും അമേരിക്കയുടെ അത്യാധുനിക ആയുധങ്ങളുടെ സഹായവുമുള്ള യുക്രെയ്ൻ ഇത് അംഗീകരിക്കില്ല. ശരിയായ സമാധാന ചർച്ചകൾക്കു റഷ്യയെ പ്രേരിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചൊവ്വാഴ്ച രാജ്യാന്തര സമൂഹത്തോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, അതോടൊപ്പം മോസ്കോയ്ക്ക് അംഗീകരിക്കാനാവാത്ത ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു: ഡോൺബാസും ക്രൈമിയയും ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം വിട്ടുകിട്ടണം, യുദ്ധം മൂലമുണ്ടായ നാശങ്ങൾക്കു നഷ്ടപരിഹാരം കിട്ടണം, യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കണം. 

നാറ്റോ അംഗത്വത്തിനു പകരം യൂറോപ്യൻ യൂണിയനിലെ പ്രവേശം യുക്രെയ്ൻ ആവശ്യപ്പെട്ടേക്കാം. യൂറോപ്യൻ യൂണിയനിൽ യുക്രെയ്നിനെ ചേർക്കുന്നതിനെ റഷ്യ എതിർക്കുന്നു. എന്നാൽ, സമാധാനമാണ് ഇരുപക്ഷവും ആഗ്രഹിക്കുന്നതെങ്കിൽ ഈ എതിർപ്പിൽനിന്നു റഷ്യ പിൻവാങ്ങിയേക്കും. യൂറോപ്യൻ യൂണിയനിലെ സജീവ അംഗങ്ങളായ ഓസ്ട്രിയയും ഫിൻലൻഡും സ്വീഡനും നിലവിൽ നിഷ്പക്ഷത പുലർത്തുന്ന രാജ്യങ്ങളാണല്ലോ. ഇപ്പോൾതന്നെ റഷ്യയ്ക്കു പ്രതീക്ഷിച്ചതിലേറെ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. യുദ്ധഭൂമിയിലെ തിരിച്ചടികൾ മുൻകൂട്ടി പ്രവചിക്കപ്പെട്ടതിലും അപ്പുറത്താണ്. അധിനിവേശത്തിന്റെ ആരംഭത്തിൽ വിദഗ്ധർ കണക്കുകൂട്ടിയതിലും വളരെ പതുക്കെയാണു റഷ്യയുടെ മുന്നേറ്റവും. സൈനികമായി യുദ്ധം ജയിക്കുക എന്നത് ഉടനടി നടക്കില്ലെന്നു റഷ്യ മനസ്സിലാക്കിയേക്കും. ഒരുപക്ഷേ, തങ്ങളുടെ വാണിജ്യത്തെയും സാമ്പത്തികസ്ഥിതിയെയും വല്ലാതെ ബാധിച്ചിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്നു മോസ്കോ പകരം ആവശ്യപ്പെട്ടേക്കാം. 

Shashi Tharoor
ശശി തരൂർ. ചിത്രം∙ മനോരമ

ചുരുക്കത്തിൽ, സമാധാന പുനഃസ്ഥാപനത്തിനാവശ്യമായ മാർഗങ്ങളും വെല്ലുവിളികളും വളരെ വ്യക്തമാണ്. ആരെങ്കിലും അതിനായി ഉടനടി മുന്നിട്ടിറങ്ങുക എന്നതാണ് അത്യാവശ്യം. റഷ്യയ്ക്കും യുക്രെയ്നിനും സമാധാനത്തിൽ താൽപര്യമില്ലായിരിക്കാം, പക്ഷേ, മറ്റു ലോകരാഷ്ട്രങ്ങൾക്കു സമാധാനം വേണം. യുദ്ധം അനന്തമായി തുടരുന്നത് ഇന്ത്യയ്ക്കും താങ്ങാനാവില്ല. പാശ്ചാത്യ രാജ്യങ്ങളും ക്രമേണ ഇതു തിരിച്ചറിയും. റഷ്യൻ ഇന്ധനം ഇല്ലാത്ത ഒരു കൊടുംശൈത്യകാലത്തിന്റെ സാധ്യത യൂറോപ്യൻ മനസ്സുകളെ ഈ വഴിക്കു ചിന്തിപ്പിച്ചേക്കാം. വികസ്വരലോകം ഇപ്പോൾത്തന്നെ യുദ്ധത്തിന്റെ കെടുതികൾ തിരിച്ചറിയുന്നുണ്ട്. നീണ്ടു പോകുന്തോറും അവസ്ഥ പരിതാപകരമാകും. 

ആരെങ്കിലും സമാധാനശ്രമങ്ങൾക്കു മുൻകയ്യെടുക്കേണ്ടതുണ്ട്. നിലവിൽ മറ്റാർക്കും അതിനുള്ള മനസ്സോ ശേഷിയോ ഉണ്ടെന്നു തോന്നുന്നില്ല. മഹാത്മാഗാന്ധിയുടെ മണ്ണിൽനിന്നുതന്നെ ആ ആഹ്വാനം ഉണ്ടാകുമെന്നു ഞാൻ കരുതുന്നു. ലോക നയതന്ത്രരംഗത്ത് ഇന്ത്യയുടെ മഹത്തായ നിമിഷമായിരിക്കും അത്. ഈ ശ്രമത്തിൽ നമ്മൾ വിജയിച്ചാൽ നൊബേൽ സമാധാന സമ്മാനം ഇന്ത്യയിലേക്കു വന്നേക്കാം!

വാൽക്കഷണം

ചീഫ് ജസ്റ്റിസ് യു.യു.ലളിത് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, സുപ്രീം കോടതിയിൽ ചെറുപ്പക്കാരനായ അഭിഭാഷകനായി ആദ്യം ചെന്നതു ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡിന്റെ മുന്നിലേക്കാണെന്ന് അഭിമാനപൂർവം അനുസ്മരിക്കുകയുണ്ടായി. ഇപ്പോൾ താൻ പദവി കൈമാറുന്നത് അദ്ദേഹത്തിന്റെ പുത്രൻ ഡി.വൈ.ചന്ദ്രചൂഡിനാണെന്നും. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ അമരക്കാരായി വന്ന ഏക അച്ഛൻ– മകൻ ജോഡി ചന്ദ്രചൂഡുമാരാണ്. ക്രിക്കറ്റ് ആരാധകനെന്ന നിലയിൽ, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകരായ അച്ഛനെയും മകനെയും ഞാൻ ഓർക്കുന്നു – പട്ടൗഡിമാർ. ‘കുടുംബവാഴ്ച’യെ എതിർക്കുക എന്നതു നമ്മുടെ ശീലമാണ്. പക്ഷേ, ചിലപ്പോൾ അസാമാന്യ പ്രതിഭയും കഴിവും പരമ്പരകളിലൂടെ ഒഴുകുന്നു എന്നു സമ്മതിക്കേണ്ടി വരും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com