ADVERTISEMENT

ഹലോ സർ! ഈ രണ്ടു വാക്കുകൾക്കു പിന്നിൽ വലിയ കഥകളുണ്ടെന്ന് അറിയാമോ? ടെലിഫോൺ കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ കാമുകിയായിരുന്നു മാർഗരറ്റ് ഹലോ. കാമുകിയോടുള്ള അതിരറ്റ സ്നേഹവായ്പിന്റെ അടയാളമായി ടെലിഫോണിലൂടെയുള്ള സംഭാഷണത്തിന്റെ തുടക്കവാചകമായി ‘ഹലോ’ എന്ന പദം ഗ്രഹാം ബെൽ പ്രയോഗിക്കുകയായിരുന്നു. എത്ര മനോഹരമായ പ്രണയസാക്ഷ്യം!

ഇനി, SIR എന്ന ഇംഗ്ലിഷ് വാക്കോ? അതിന്റെ പൂർണരൂപം Slave I Remain എന്നാണത്രേ. അതായത്, നമ്മൾ ഒരാളെ സർ എന്നു വിളിക്കുമ്പോൾ അറിയാതെ പറയുന്നത്, ‘ഞാൻ താങ്കളുടെ അടിമയായി തുടരുന്നു’ എന്നാണെന്ന്. സമൂഹമാധ്യമങ്ങൾ വരും മുൻപുള്ള കാലത്തുതന്നെ പ്രചാരത്തിലുള്ള രണ്ടു കഥകളാണിത്. ഇപ്പോൾ, വീണ്ടും നമ്മുടെ വാട്സാപ്പുകളിൽ അപൂർവവിവരമായി ഇക്കഥ കറങ്ങിയെത്തുന്നു.

സംശയിക്കേണ്ട, രണ്ടും വെറും കഥകൾ മാത്രമാണ്. അലക്സാണ്ടർ ഗ്രഹാം ബെല്ലിന് മാർഗരറ്റ് ഹലോ എന്ന പേരിൽ കാമുകിയോ ഭാര്യയോ ഉണ്ടായിരുന്നില്ല. മാത്രമല്ല, ഹലോ എന്ന പദം ആദ്യം ഉപയോഗിച്ചതും അദ്ദേഹമല്ല. ഫോണിലൂടെ അദ്ദേഹം നടത്തിയ ആദ്യ സംഭാഷണത്തിൽ ‘ഹലോ’ ഉണ്ടായിരുന്നുമില്ല. 1876 മാർച്ചിൽ അദ്ദേഹം ആദ്യമായി ഫോണിൽ വിളിച്ചതു തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന തന്റെ സഹായി തോമസ് വാട്സനെയായിരുന്നു. ‘വാട്സൻ എന്റെ മുറിയിലേക്ക് ഒന്നു വരൂ’ എന്നായിരുന്നു ആദ്യത്തെ സംഭാഷണം എന്നാണു രേഖകൾ.

അപ്പോൾ, ഹലോ എന്ന വാക്ക് ആദ്യം ആരുപയോഗിച്ചു? ഫോൺ കണ്ടുപിടിച്ചതു ഗ്രഹാം ബെൽ ആണെങ്കിൽ ‘ഹലോ’ ഉപയോഗിച്ചു തുടങ്ങിയത് മറ്റൊരു ഇതിഹാസ ശാസ്ത്രജ്ഞനാണ് എന്നതാണു ലഭ്യമായ ഏറ്റവും വിശ്വസനീയമായ വിവരം: തോമസ് ആൽവ എഡിസൺ!പതിറ്റാണ്ടുകൾക്കു മു‍ൻപ് ഇതെക്കുറിച്ചു ഗവേഷണം നടത്തിയ, അമേരിക്കയിലെ പ്രശസ്തമായ ബ്രൂക്‌ലിൻ കോളജിലെ ഗവേഷകനായ പ്രഫ. അലൻ കോനിഗ്സ്ബർഗാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

vireal-2
അലൻ കോനിഗ്സ്ബർഗിന്റെ പഠനം പ്രസിദ്ധീകരിച്ചതിന്റെ ആദ്യ പേജ്. എഡിസന്റെ കത്ത് മുകളിൽ കാണാം.

അമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനി ആർക്കൈവ്സിൽ മുങ്ങിത്തപ്പിയ അദ്ദേഹം, 1877 ഓഗസ്റ്റ് 15ന് എഡിസൺ എഴുതിയ ഒരു കത്ത് കണ്ടെടുത്തു. പിറ്റ്സ്ബർഗ് എന്ന അമേരിക്കൻ നഗരത്തിൽ ടെലിഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ടി.ബി.എ. ഡേവിഡ് എന്നയാൾക്ക് അയച്ച ആ കത്തിൽ എഡിസൺ ‘ഹലോ’ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. ഇതായിരുന്നു ആ വാചകം: Friend David, I do not think we shall need a call bell as Hello! Can be heard 10 to 20 feet away. What do you think?

ഈ കത്തിൽനിന്നാണ് ‘ഹലോ’ എന്ന വാക്ക് ടെലിഫോൺ സംഭാഷണങ്ങളിലെയും പിന്നീട് ഏതുതരം കണ്ടുമുട്ടലുകളുടെയും ആഗോള അഭിവാദ്യ വാചകമായിത്തീർന്നതത്രേ.

ഇനി, സർ എന്ന വിളി. Slave I Remain എന്നൊരു വിപുലീകരണം Sir എന്ന വാക്കിനില്ലെന്നു ഭാഷാവിദഗ്ധർ മുൻപേ വ്യക്തമാക്കിയിട്ടുള്ളതാണ്. Sire എന്ന ഫ്രഞ്ച് വാക്കിൽനിന്ന് ഉദ്ഭവിച്ചതാണ് Sir എന്ന ഇംഗ്ലിഷ് വാക്ക്. പ്രഭുപദവി സൂചിപ്പിക്കാൻ പേരുകൾക്കു മുന്നിൽ ഉപയോഗിച്ചിരുന്ന വാക്കാണത്രേ ഫ്രഞ്ചിലെ Sire. ഫ്രഞ്ചിലെയും ഇംഗ്ലിഷിലെയും ‘സർ’ എന്ന വിളിയിൽ ആദരം അടങ്ങിയിട്ടുണ്ടെങ്കിലും അടിമത്തം ഇല്ലെന്നു ചുരുക്കം. Slave I Remain എന്ന ഫുൾഫോം ഏതോ കുസൃതിക്കാരൻ കണ്ടെത്തിയതാകാനേ തരമുള്ളൂ!

vireal-1
വാട്സാപ്പിൽ ഇപ്പോഴും പ്രചരിക്കുന്ന ‘സർ’ കഥ

വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും വാട്സാപ്പിലും മറ്റും ഇനിയും പഴയകഥ കറങ്ങിവരുമെന്നുറപ്പാണ്. അപ്പോൾ ഇങ്ങനെ മറുപടി കൊടുക്കാൻ മറക്കേണ്ട: ഹലോ, സർ അതൊക്കെ ചുമ്മാ കഥകളാണ്!

കരാർ ഫലിതം!

ഈ ദിവസങ്ങളിൽ സകല വാട്സാപ് ഗ്രൂപ്പുകളിലും കറങ്ങിയ ഒരു കരാറുണ്ട്. 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട കരാ‍ർ നവവധുവും വരനും തമ്മിലുള്ളതാണ്. കരാർ ഉടമ്പടിപ്രകാരം, കല്യാണം കഴിഞ്ഞാലും ഭർത്താവിനെ രാത്രി 9 മണി വരെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ അനുവദിക്കുമെന്നും അതിനിടെ ഫോൺ വിളിച്ചു ശല്യപ്പെടുത്തില്ലെന്നും ഭാര്യ സമ്മതിച്ചിരിക്കുകയാണ്!

vireal-3
വാട്സാപ്പിൽ തരംഗമായ കരാർ ഉടമ്പടി

ഇതൊക്കെ ഇങ്ങനെ കരാറായി റജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്നു സംശയിച്ചും കാലം പോയൊരു പോക്കെ എന്നൊക്കെ അദ്ഭുതപ്പെട്ടും പലരും പ്രതികരിച്ചു കണ്ടു. നമ്മൾ കണ്ട മുദ്രപ്പത്രവും അതിലെ ഉടമ്പടിയും വ്യാജമല്ല. പക്ഷേ, ആ ഉടമ്പടി റജിസ്റ്റർ ചെയ്തിട്ടൊന്നുമില്ല. ഇത്തരമൊരു ഉടമ്പടി റജിസ്റ്റർ ചെയ്യാൻ നിയമപരമായി കഴിയുകയുമില്ല. കരാറിൽ പേരു പറയുന്ന യുവാവിന്റെ വിവാഹത്തിനു സുഹൃത്തുക്കൾ കാണിച്ച  തമാശയാണിത്. മുദ്രപ്പത്രം വാങ്ങി കരാർ ടൈപ്പ് ചെയ്ത് വധുവിന്റെ ഒപ്പും വാങ്ങി അവർ കൂട്ടുകാരനു വിവാഹസമ്മാനം നൽകിയതാണത്രേ! അപ്പോൾ, അതിൽ കാണുന്ന സീലുകളോ? അതു മുദ്രപ്പത്രം ഇഷ്യു ചെയ്ത സബ് ട്രഷറിയുടേതും അതു വിറ്റ സ്റ്റാംപ് വെൻഡറുടേതുമാണ്. റജിസ്ട്രേഷനുമായി ബന്ധമില്ല.

English Summary: Fact check on some stories circulating in Whatsapp

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com