ADVERTISEMENT

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പഠനയാത്രകളുടെ വേളയാണിത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ, കഴിഞ്ഞ മാസം സ്കൂളിൽനിന്നുള്ള പഠനയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് ഒൻപതുപേർ മരിച്ച സംഭവം നമ്മിലേൽപിച്ച നടുക്കം വലുതായിരുന്നു. സ്കൂൾ –കോളജ് പഠനയാത്രകളുടെ കാര്യത്തിൽ പരമാവധി ആസൂത്രണവും ജാഗ്രതയും സുരക്ഷിതത്വവും ഉണ്ടാവേണ്ടതുണ്ടെന്ന് ആ സങ്കടസംഭവം സർക്കാരിനെയും പെ‍ാതുസമൂഹത്തെയും  വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഓർമിപ്പിച്ചു. 

പഠനയാത്രകൾ കേവല വിനോദത്തിനോ ആഘോഷത്തിനോ വേണ്ടിയാവരുത്. സ്കൂളിന്റെയും കോളജിന്റെയും പരിമിതിയിൽനിന്ന്  പുതിയകാഴ്ചകളിലേക്കും അറിവുകളിലേക്കും അനുഭവങ്ങളിലേക്കുമുള്ളതാവണം ഈ യാത്രകൾ. ഇപ്പോൾ നടക്കുന്ന മിക്ക പഠനയാത്രകൾക്കും പഠനവുമായി ബന്ധമില്ലെന്നും കാഴ്ചക്കാരെന്നതിലപ്പുറം സംഘാടനത്തിലോ നിർവഹണത്തിലോ അധ്യാപകർക്കു കാര്യമായ റോളില്ലെന്നുമുള്ള പരാതികൾ ഗൗരവമുള്ളതാണ്.

സ്കൂൾതലത്തിൽ, കൃത്യമായ ഒരുക്കത്തോടെയും കുട്ടികളുടെ പങ്കാളിത്തത്തോടെയും പഠനയാത്രകൾ ആസൂത്രണം ചെയ്യാം. അംഗീകാരമില്ലാത്ത സ്വകാര്യ ടൂർ ഓപ്പറേറ്റർമാർവഴി നടക്കുന്ന പാക്കേജ് ടൂറുകൾ ഒഴിവാക്കേണ്ടതുതന്നെ. അംഗീകാരമോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കു പകരം ടൂറിസം വകുപ്പ് ഇത്തരം പഠനയാത്രകൾ ഏറ്റെടുത്തു നടപ്പാക്കുന്നത് ആലോചിക്കാവുന്നതാണെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വിദ്യാർഥികളുടെ പഠനവിഷയങ്ങളനുസരിച്ചുവേണം യാത്രകൾ ആസൂത്രണം ചെയ്യേണ്ടത്. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ താൽപര്യമുള്ളവർക്കു മ്യൂസിയങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയയിടങ്ങളിലേക്കു യാത്ര പോകാവുന്നതുപോലെ, ശാസ്ത്ര വിഷയങ്ങളിൽ തൽപരരായവർക്കും ഭാഷാ-സാഹിത്യ വിഷയങ്ങൾ പഠിക്കുന്നവർക്കും ആ വിഷയങ്ങളുമായി ബന്ധപ്പെട്ടയിടങ്ങളിലേക്കു പോകാം.

സംസ്ഥാനത്തെ സ്കൂൾ വാഹനങ്ങളുടെ കാര്യത്തിൽ മോട്ടർ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, വിദ്യാലയങ്ങളിൽനിന്നു പഠന–വിനോദ യാത്രകൾ പോകുന്ന സ്വകാര്യ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കാര്യമായ മാർഗനിർദേശങ്ങളും പരിശോധനയുമില്ലെന്നുകൂടി പറഞ്ഞുതരികയായിരുന്നു വടക്കഞ്ചേരി അപകടം. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിനോദ– പഠനയാത്രകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ  ഇടയ്ക്കിടെ ഇറങ്ങാറുണ്ടെങ്കിലും ഇതിലൊന്നും യാത്രയ്ക്കായി വിളിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച നിർദേശങ്ങളില്ലായിരുന്നു. 2007ൽ ഇറക്കിയ സർക്കുലറിൽ രാത്രി 9നു ശേഷവും രാവിലെ 6നു മുൻപും യാത്ര പാടില്ലെന്നു പറയുന്നുണ്ട്. എന്നാൽ, ഏറെ പ്രധാനപ്പെട്ട ഈ നിർദേശം അതിനുശേഷം ഇറങ്ങിയ സർക്കുലറുകളിൽനിന്ന് ഒഴിവാക്കി. ചെലവുകുറയ്ക്കാൻ, മിക്ക വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകളും ആരംഭിക്കുന്നതുതന്നെ രാത്രിയിലാണ്.  

എന്നാൽ, വടക്കഞ്ചേരി ദുരന്തം ഇക്കാര്യങ്ങളിലെ‍ാക്കെ ഉണ്ടാവേണ്ട സൂക്ഷ്മശ്രദ്ധ ഓർമിപ്പിച്ചു. ഇതിനുശേഷം പെ‍ാതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ പരിഷ്കരിച്ച മാർഗരേഖ വ്യക്തമായ നിർദേശങ്ങളാണു മുന്നോട്ടുവയ്ക്കുന്നത്. രാത്രി 10നു ശേഷവും രാവിലെ 5നു മുൻപും യാത്ര പാടില്ല, ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ, യാത്രയിൽ 15 വിദ്യാർഥിനികൾക്ക് ഒരു അധ്യാപിക, 15 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാതം ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങൾ ഇതിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരടക്കം എല്ലാ വിഭാഗം കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലുള്ളതും വിദ്യാഭ്യാസപരമായി പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളും സ്ഥാപനങ്ങളുമാണ് യാത്രയ്ക്കു തിരഞ്ഞെടുക്കേണ്ടതെന്നും അമിതതുക ഈടാക്കരുതെന്നും വ്യക്തമായി പറയുന്നുമുണ്ട്. പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാവണം പഠനയാത്രകളെന്ന കാര്യത്തിൽ സംശയമില്ല.

പഠനയാത്രകൾ സാർഥകമായേതീരൂ. അതിനായി, കൃത്യമായ ആസൂത്രണത്തോടെയും ശ്രദ്ധയോടെയും സർക്കാർ സംവിധാനങ്ങളും സ്കൂൾ അധികൃതരും ഒരുമിച്ചുനീങ്ങണം. ഒന്നോ രണ്ടോ ദിവസത്തെ ആഘോഷമല്ല, അവിസ്മരണീയമായ അനുഭവങ്ങളും അറിവുകളുമാകണം ഓരോ പഠനയാത്രയും ശേഷിപ്പിക്കേണ്ടതെന്ന അടിസ്ഥാനപാഠം മറക്കാനുള്ളതല്ല.

English Summary: Guidelines for School Tours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com