പുകഞ്ഞ് ഗഡ്കരി പുറത്തേക്കോ; നിയന്ത്രണ ചരടുകള്‍ പൊട്ടിച്ച് പുതുവഴികളില്‍ പ്രയാണം

ദേശീയം
  • jomythomas@mm.co.in
nitin-gadkari
നിതിൻ ഗഡ്കരി
SHARE

രണ്ടുമാസം മുൻപ് ബിജെപി പാർലമെന്ററി ബോർഡിൽനിന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗ‍‍ഡ്കരിയെ ഒഴിവാക്കുന്നതിന് അനൗദ്യോഗികമായി പറയപ്പെട്ട കാരണം പ്രായമാണ്. 65 വയസ്സ് എന്നത് ബിജെപിയിൽ ഒരു പദവിക്കും അയോഗ്യതയുണ്ടാക്കുന്ന പ്രായമല്ല. പാർട്ടിയുടെ മുൻ അധ്യക്ഷനാണ് ഗഡ്കരി എന്നതുകൂടി കണക്കിലെടുക്കുമ്പോൾ, പ്രായവാദം ചമയ്ക്കപ്പെട്ടതായിരുന്നു എന്നു വ്യക്തം. ഗഡ്കരിക്കു വൈകാതെ കേന്ദ്രമന്ത്രിസ്ഥാനവും നഷ്ടപ്പെടാമെന്ന വിലയിരുത്തലും ഡൽഹിയിലുണ്ടായി.

എന്നാൽ, കഴിഞ്ഞദിവസം ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക വന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊപ്പം ഗഡ്കരിയുമുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് സാമ്പത്തിക ഉദാരവൽക്കരണത്തിലൂടെ രാജ്യത്തെ പുതിയ ദിശയിലേക്കു നയിച്ചതെന്നും രാജ്യം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു എന്നും ഗഡ്കരി പറഞ്ഞ് ഏതാനും ദിവസം മാത്രം കഴിഞ്ഞാണ് അദ്ദേഹം താരഗണത്തിൽ ഉൾപ്പെട്ടത്.

മറ്റൊരു പാർട്ടിയുടെ നേതാവിന്റെ ഭരണകാലം മികച്ചതായിരുന്നു എന്നു തങ്ങളുടെ കൂട്ടത്തിലൊരാൾ പറയുന്നത് ഒരു പാർട്ടിക്കും ഇഷ്ടപ്പെടില്ല. കോൺഗ്രസിന്റെ നേതാവായ മുൻ പ്രധാനമന്ത്രിയെ പ്രശംസിക്കുകയെന്നതു ബിജെപിയിലും തെറ്റുതന്നെയാണ്. എന്നാൽ, തനിക്കു ശരിയെന്നു തോന്നുന്നതു തുറന്നുപറയുകയെന്നതാണു ഗഡ്കരിയുടെ രീതിയെന്നും മൻമോഹൻ സിങ്ങിനെ പ്രശംസിച്ചതിനെയും അത്തരത്തിൽ കണ്ട് അവഗണിച്ചാൽ മതിയെന്നുമാണു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. കേന്ദ്ര സർക്കാർ യഥാസമയം തീരുമാനങ്ങളെടുക്കുന്നില്ലെന്നു ഗഡ്കരി നടത്തിയ പ്രസ്താവനയും പരസ്യമറുപടിയില്ലാതെ അവഗണിക്കപ്പെട്ടിരുന്നു.

ആശയങ്ങളാൽ സമ്പന്നമായ മനസ്സുള്ള വ്യക്തിയായാണു ഗഡ്കരി സ്വയം അവതരിപ്പിക്കാറുള്ളത്. മഹാരാഷ്ട്രയിൽ മരാമത്തുമന്ത്രിയായിരുന്നപ്പോൾ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ മികവുകാട്ടി. വാജ്പേയി സർക്കാരിന്റെ കാലത്ത് രാജ്യത്താകെ നടപ്പാക്കാവുന്ന ആശയങ്ങളുമായാണു ഡൽഹിയിൽ വന്നത്. ബിജെപി പറയുന്നതനുസരിച്ച്, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി ഗഡ്കരിയുടെ ആശയമാണ്.

Nitin-Gadkari-cartoon

റോഡുകളുടെ കാര്യത്തിലുള്ള പ്രത്യേക താൽപര്യത്തെക്കുറിച്ചു ചോദിച്ചാൽ, തന്നെ സ്വാധീനിച്ചതായി ഗഡ്കരി പറയുക യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ വാക്കുകളാണ്: ‘അമേരിക്ക സമ്പന്നമായതുകൊണ്ടല്ല അമേരിക്കയിൽ നല്ല റോഡുകളുള്ളത്, അമേരിക്കയിൽ നല്ല റോഡുകളുള്ളതുകൊണ്ടാണ് അമേരിക്ക സമ്പന്നമായിരിക്കുന്നത്.’ കേരളത്തിൽ ദേശീയപാത വികസനത്തിനു സ്ഥലമെടുക്കാൻ തടസ്സങ്ങളുണ്ടായപ്പോൾ ഗഡ്കരി പോംവഴികൾ നിർദേശിച്ചു. ഊർജ ഉൽപാദനത്തിൽ കേരളത്തിലെ നദികളെ പ്രയോജനപ്പെടുത്തുന്നതിനുൾപ്പെടെ ഗഡ്കരിയുടെ കയ്യിൽ ആശയങ്ങളുണ്ട്.

വികസനപദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും പുതിയവഴികൾ പറയുന്നതിനും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴികളുടെ കുറവുകൾ ചൂണ്ടിക്കാട്ടുന്നതിലും ഗഡ്കരി മടിച്ചിട്ടില്ല. അപ്പോൾ, വലിയ ലക്ഷ്യങ്ങളാവാം അദ്ദേഹത്തെ നയിക്കുന്നതെന്നു പലർക്കും ആശങ്കയുമുണ്ടാവുക സ്വാഭാവികം. 2013ൽ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നതിൽ‍ തുടങ്ങി, പാർലമെന്ററി ബോർഡ് അംഗത്വം പോകുന്നതു വരെയുള്ള നഷ്ടങ്ങളിൽ‍ അതു വ്യക്തവുമായി. ആർഎസ്എസിന്റെ ആസ്ഥാനമാണു ഗഡ്കരിയുടെ നാഗ്പുർ മണ്ഡലം. സംഘ് നേതൃത്വവുമായുള്ള മികച്ച ബന്ധവും പ്രസ്ഥാനത്തിലെ സജീവപ്രവർത്തനത്തിന്റെ പശ്ചാത്തലവും ഗഡ്കരിയുടെ പ്രധാന ബലങ്ങളാണ്.

പാർട്ടിയുടെ നിയന്ത്രണച്ചരടു പിടിക്കുന്നവർക്ക് അനഭിമതനായിരിക്കുമ്പോഴും‍, ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെ ജീവനക്കാർക്കു ഗഡ്കരിയെ വലിയ ഇഷ്ടമാണ്. ഗഡ്കരി പ്രസിഡന്റായിരുന്നപ്പോൾ തങ്ങൾക്കു മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കുന്നതിലും മറ്റും പ്രത്യേക താൽപര്യമെടുത്തു എന്നതാണ് അതിന് അവർ പറയുന്ന കാരണം. അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ, ശ്രദ്ധ ലഭിക്കുന്ന വികസനപദ്ധതികൾ കൈകാര്യം ചെയ്യുന്നതു ഗഡ്കരിയാണെന്നതും അദ്ദേഹത്തെ പൂർണമായി അവഗണിക്കാത്തതിനു കാരണമാണ്. ‘പദ്ധതി നടപ്പാക്കൽ വിദഗ്ധനായ’ മന്ത്രിയെ ഒഴിവാക്കുന്നതു പാർട്ടിക്കുള്ളിലും കാര്യമായ വിമർശനം ഉയർത്താവുന്ന കാര്യമാണ്.

എന്നാൽ, അനഭിമതനായി എക്കാലവും ഗഡ്കരിക്കു തുടരാമെന്ന് അതിനർഥമില്ല. അദ്ദേഹത്തിന്റേതിനു സമാനമായ ബലമാനദണ്ഡങ്ങൾ പലതും ഒത്തുവരുന്ന ദേവേന്ദ്ര ഫഡ്നാവിസ് ഭാവിയിൽ കേന്ദ്രത്തിലേക്കു വരുമെന്നു സൂചനകളുണ്ടായതിന്റെ പശ്ചാത്തലമതാണ്. വഴികളുടെ കാര്യത്തിൽ കെന്നഡിയുടെ വാക്കുകൾ എടുത്തുപറയുമെങ്കിൽ, പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാൻ ഗഡ്കരി ആശ്രയിക്കുന്നത് മറ്റൊരു യുഎസ് പ്രസിഡന്റിനെയാണ്.

എബിവിപി നേതാവായിരുന്ന കാലത്താണ് ഗഡ്കരി, റിച്ചഡ് നിക്സന്റെ ആത്മകഥ വായിച്ചത്. വാട്ടർഗേറ്റ് വിവാദത്തിലൂടെ അപമാനിതനായ നിക്സൻ തങ്ങളുടെ അയൽ‍പക്കക്കാരനാകുന്നതുപോലും എതിർത്തവരുണ്ട്. അക്കാലത്തെക്കുറിച്ചു നിക്സൻ എഴുതി: ‘പരാജയപ്പെടുത്തിയതുകൊണ്ട് ഒരാൾ ഇല്ലാതാവുന്നില്ല, മതിയാക്കാമെന്നു സ്വയം തീരുമാനിക്കുമ്പോഴാണ് ഇല്ലാതാവുന്നത്.’ ഇതാണ് ഉണ്ടാവേണ്ട മനോഭാവമെന്നു ഗഡ്കരി പരസ്യമായി പറയാറുണ്ട്. പാർട്ടിയിൽ തന്റേതായ വഴി വികസിപ്പിക്കുക ഗഡ്കരിക്ക് എളുപ്പമല്ല. അപ്പോഴും, അതിനു ശ്രമിക്കാതിരിക്കില്ലെന്നു പറയാനുമാവില്ല.

English Summary: Unique Way of Nitin Gadkari in BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS