ADVERTISEMENT

അപ്പുക്കുട്ടന്റെയും കഷ്ടകാൽജിയുടെയുമൊക്കെ അടിസ്ഥാന വിദ്യാഭ്യാസത്തിൽ പല്ലില്ലാത്ത അഥവാ പല്ലു നിർബന്ധമില്ലാത്ത ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അക്കാലം എല്ലാ കഥകളും ആരംഭിച്ചിരുന്നത് ഒരിടത്തൊരിടത്ത് എന്നായിരുന്നു; ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. മനുഷ്യജീവിതത്തിന്റെ എല്ലാ നന്മകളും ആ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൈവശമുണ്ടായിരുന്നു. ആ നന്മക്കഥകൾ പറഞ്ഞിരുന്നതാവട്ടെ, വീട്ടിലെ അപ്പൂപ്പനും അമ്മൂമ്മയും തന്നെ. 

കഥകളിലെ അപ്പൂപ്പനമ്മൂമ്മമാർ കഥ കേൾക്കുന്നവർക്കു സ്വന്തം അപ്പൂപ്പനമ്മൂമ്മമാരെപ്പോലെയായി. അല്ലെങ്കിൽ, സ്വന്തം അപ്പൂപ്പനും അമ്മൂമ്മയും അവർക്കു കഥാപാത്രങ്ങൾ തന്നെയായി. കഥകൾ കേട്ടുകേട്ട് കുഞ്ഞുങ്ങൾ സ്വന്തം അപ്പൂപ്പനെയും അമ്മൂമ്മയെയും കൂടുതൽ സ്നേഹിച്ചു. അവർ സ്വപ്നം കണ്ടുറങ്ങുമ്പോൾ അപ്പൂപ്പനും അമ്മൂമ്മയും കഥകളിൽനിന്നിറങ്ങിവന്ന് അവർക്കു താരാട്ടുപാടി. 

അപ്പൂപ്പനാണോ അമ്മൂമ്മയാണോ വലുത്, അപ്പൂപ്പനു മുൻപേ അമ്മൂമ്മയെന്നു പറയണോ എന്നൊന്നും കുഞ്ഞുങ്ങൾ ആലോചിച്ചില്ല. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മടിയിൽ ഒരേ സ്നേഹച്ചൂടു തന്നെയായിരുന്നു.  അപ്പൂപ്പൻ പറയുന്ന കഥയ്ക്കുപോലും അമ്മൂമ്മക്കഥയെന്നും മുത്തശ്ശിക്കഥയെന്നും പേരു വീണപ്പോൾ അപ്പൂപ്പൻ പരിഭവിച്ചില്ല. കഥയായിരുന്നു കാര്യം. അമ്മൂമ്മക്കഥയെന്നാൽ അപ്പൂപ്പൻകഥകൂടിയാണെന്നു രണ്ടുകൂട്ടർക്കും അറിയാമായിരുന്നു.

അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള ദേശീയ പാഠ്യപദ്ധതി ഈയിടെ പുറത്തിറക്കിയതിൽനിന്ന് അപ്പുക്കുട്ടൻ മനസ്സിലാക്കിയത്, നമ്മുടെ കുട്ടികളുടെ ബാല്യത്തിലേക്ക് അപ്പൂപ്പനും അമ്മൂമ്മയും ഒരിടത്തൊരിടത്തെ കഥകളും മടങ്ങിവരുന്നു എന്നാണ്. മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ പഠനത്തിൽ പാഠപുസ്തകങ്ങൾ ഉപയോഗിച്ചുകൂടാ എന്നാണ് ഈ പാഠ്യപദ്ധതി പറയുന്നത്. 

കഥയുള്ള അപ്പൂപ്പൻ– അമ്മൂമ്മമാർക്കു വലിയ സാധ്യതകളാണു തെളിഞ്ഞുവരുന്നത്. കുഞ്ഞുങ്ങൾക്കു കഥ പറഞ്ഞുകൊടുക്കാനറിയാവുന്ന അമ്മൂമ്മമാരെയും അപ്പൂപ്പന്മാരെയും ആവശ്യമുണ്ട് എന്നു പത്രപ്പരസ്യങ്ങൾ വന്നുകൂടെന്നില്ല. ആറു മുതൽ എട്ടു വരെ വയസ്സുകാരെ പഞ്ചതന്ത്രം കഥകൾകൂടി പഠിപ്പിക്കണമെന്നും പാഠ്യപദ്ധതി പറയുന്നു. സംഗതി ശരി, പക്ഷേ, പഞ്ചതന്ത്രത്തിൽനിന്നു തന്ത്രഭാഗം എടുത്തുമാറ്റണം. അത്ര ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ തന്ത്രങ്ങൾ പഠിപ്പിക്കരുത്, സർ. തന്ത്രമാണ് ജീവിതം എന്ന് അവർ സാവധാനം പഠിച്ചാൽപോരേ?

English Summary: Tharangangalil panachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com