ADVERTISEMENT

ആളുകൾ കണ്ടുകണ്ടാണ് സിനിമ വളരുന്നത്. അവരങ്ങനെ വെറുതേ കണ്ടുപോയാൽ മതിയോ? സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതു പറയാനുള്ള സ്വാതന്ത്ര്യവും വേണ്ടതല്ലേ? അതിന് സിനിമയുടെ സാങ്കേതികത അറിഞ്ഞിരിക്കണം എന്നുണ്ടോ? ഈയിടെ വലിയ ചർച്ചയായ വിഷയത്തെക്കുറിച്ച് പ്രശസ്ത സംവിധായകൻ ഡോ.ബിജു

സിനിമയെ വിമർശിക്കുകയോ നിരൂപണം നടത്തുകയോ ചെയ്യണമെങ്കിൽ ആളുകൾ സിനിമയുടെ സാങ്കേതികത പഠിക്കേണ്ടതുണ്ടോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയങ്ങളിൽ ഒന്ന്. ഈ വിഷയത്തെപ്പറ്റി എഴുതുമ്പോൾ ആദ്യമേ പറഞ്ഞു കൊള്ളട്ടെ, സിനിമ സംവിധാനം ചെയ്യുന്നത് അക്കാദമിക് ആയി പഠിച്ചിട്ടില്ലാത്ത ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ സിനിമയെ വിമർശിക്കുവാനും നിരൂപണം നടത്തുവാനും സിനിമയുടെ സാങ്കേതികത പഠിക്കണം എന്ന വാദം എനിക്കില്ല. ഓരോ സിനിമയും അതു കാണുന്നവ‍ർക്ക് ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. സിനിമ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നത് വ്യക്തിപരമായ ആസ്വാദനത്തിന്റെ തോതും ഇഷ്ടവും ശീലങ്ങളും കണ്ടു പരിചയിച്ച സിനിമാ സങ്കൽപങ്ങളും ലോക സിനിമാ പരിചയവും ഇഷ്ടമുള്ള ജോണറുകളും ഒക്കെ ആയി ബന്ധപ്പെട്ടു കിടക്കുന്ന ഒരു എസ്തെറ്റിക് സെൻസ് ആണ്. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമയും ഓരോ പ്രേക്ഷകനും വ്യത്യസ്ത തലത്തിൽ ആസ്വദിക്കുന്നതും ആസ്വദിക്കാതിരിക്കുന്നതുമൊക്കെ. സിനിമ കാണുന്നയാൾക്ക് ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടു എന്ന് പറയാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത്തരം ഒരു പബ്ലിക് ഒപ്പീനിയൻ സ്‌പെയ്‌സ് ഏതു കലയിലും ഉണ്ട്.

 

ഇവിടെ പരിഗണിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സിനിമാ നിരൂപണം എന്നതും സിനിമ കണ്ടിട്ട് കൊള്ളാം / കൊള്ളില്ല എന്ന മട്ടിൽ ഓൺലൈൻ റിവ്യൂ എഴുതുന്നതും രണ്ടാണ്. സിനിമാ നിരൂപണം / കലാ വിമർശനം എന്നത് മറ്റൊരു കല തന്നെയാണ്. അത് സിനിമയുടെ സാമൂഹിക, രാഷ്ട്രീയ കാഴ്ചപ്പാടുകളും കലാപരമായ വശങ്ങളും സാകേതിക മേന്മകളും ഒക്കെ കണക്കിലെടുത്ത് ആ സിനിമയെ ആഴത്തിൽ വിശകലനം ചെയ്യുന്ന എഴുത്തുകൾ ആണ്. ലോകത്തെ പല മാസ്റ്റർ സംവിധായകരുടെയും സിനിമകൾ ഇത്തരത്തിൽ ആഴത്തിൽ നിരൂപണം നടത്തിയിട്ടുള്ള നിരവധി പ്രശസ്തരായ സിനിമാ നിരൂപകരുണ്ട്. ലോകത്തെ പ്രശസ്തരായ പല സംവിധായകരുടെയും ചില സിനിമകൾ നിശിതമായ വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്. അത് ആരോഗ്യകരമായ ഒരു സാംസ്കാരിക, കലാ വിനിമയമാണ്. അത്തരം സിനിമാ നിരൂപണം ലോകത്ത് എല്ലായിടത്തും ഉള്ളതാണ് . 

dr-biju
ഡോ.ബിജു

 

യൂറോപ്യൻ രാജ്യങ്ങളിലും ഏഷ്യൻ രാജ്യങ്ങളിലും സിനിമാ നിരൂപണം ഏറെ ഗൗരവമായി നിർവഹിച്ചു പോരുന്ന ഒന്നാണ്. കൊറിയയിലൊന്നും സിനിമകളെ വിമർശിക്കാറില്ല എന്ന രീതിയിലുള്ള പ്രസ്താവനകൾ യാഥാർഥ്യത്തിനു നിരക്കുന്നതല്ല. 1965 ൽ കൊറിയൻ അസോസിയേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് നിലവിൽ വന്നിരുന്നു. കൊറിയൻ സിനിമയുടെ കാണികളിൽ കലാ സാംസ്കാരികത വളർത്താനും കൊറിയൻ സിനിമകളെ വിമർശനാത്മകമായി വിലയിരുത്താനും നിരവധി സിമ്പോസിയങ്ങളും സെമിനാറുകളും നടുത്തുവാനും സിനിമാ വിമർശകരുടെ ഈ സംഘടന മുൻകൈ എടുക്കുന്നുണ്ട്. ഫിലിം റിവ്യൂ എന്ന പേരിൽ ഒരു വാർഷിക പ്രസിദ്ധീകരണവും അസോസിയേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് നടത്തി വരുന്നു. കൊറിയയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഏതൊരു കലാരൂപത്തിനുമൊപ്പം അതിന്റെ വിമർശനത്തിനും സംവാദത്തിനും ഇടമുണ്ട്. ഓരോ രാജ്യത്തെയും ജനാധിപത്യത്തിന്റെയും ഭരണ സംവിധാനത്തിന്റെയും രീതി അനുസരിച്ചു കാലാകാലങ്ങളിൽ അതിന്റെ അളവുകളിൽ വ്യത്യാസം ഉണ്ടാകാമെന്നു മാത്രം .

 

സിനിമാ നിരൂപണം, കലാവിമർശനം എന്നതൊക്കെ കലാപരമായ ഒരു സർഗാത്മക പ്രക്രിയയാണ്. എന്നാൽ ദൗർഭാഗ്യവശാൽ ഇന്ത്യയിലും മലയാളത്തിലും സിനിമാ നിരൂപണം ഗൗരവമായി ചെയ്യുന്ന നിരൂപകരുടെ എണ്ണം തുലോം കുറവാണ് എന്നതാണ് യാഥാർഥ്യം. സി.എസ്.വെങ്കിടേശ്വരൻ, ഐ.ഷൺമുഖദാസ്, എം.എഫ്.തോമസ് തുടങ്ങിയ നിരയിൽ പെടുത്താവുന്ന കാതലുള്ള സിനിമാ നിരൂപകർ ഇന്ന് മലയാളത്തിൽ കുറവാണ്. ഇവിടെ ഇപ്പോൾ കണ്ടുവരുന്നത് സിനിമാ റിവ്യൂ എന്ന പേരിൽ സിനിമകളുടെ കഥ പറഞ്ഞ ശേഷം ആ സിനിമ കൊള്ളാം അല്ലെങ്കിൽ മോശമാണ് എന്നു പറഞ്ഞു വയ്ക്കുന്ന രീതി മാത്രമാണ്. 

 

ഇതിനെ സിനിമാ നിരൂപണം എന്നോ ഇങ്ങനെ അഭിപ്രായം എഴുതുന്ന ആളുകളെ സിനിമാ നിരൂപകർ എന്നോ വിളിക്കാൻ സാധിക്കില്ല. അവർ കേവലം അവരുടെ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണു നടത്തുന്നത്. അവരുടെ അഭിപ്രായങ്ങൾക്ക് അടിസ്ഥാനം അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണ്. അവർ അഭിപ്രായം പറയണമെങ്കിൽ സിനിമയുടെ സാങ്കേതികത പഠിക്കണം എന്നൊന്നും നമുക്ക് നിഷ്കർഷിക്കാൻ സാധിക്കില്ല. താൽപര്യമുള്ള എല്ലാവരും സിനിമ കാണട്ടെ, അവർ അവരുടെ അഭിപ്രായങ്ങൾ പറയട്ടെ. അതിൽ കഴമ്പുള്ളവ വേണമെങ്കിൽ സംവിധായകർക്കു സ്വീകരിക്കാം. അല്ലെങ്കിൽ തള്ളിക്കളയാം. അതിനുള്ള സ്വാതന്ത്ര്യം സംവിധായകർക്കും സിനിമയുടെ പിന്നണി പ്രവർത്തകർക്കും ഉണ്ട്. 

 

ഒരു സിനിമ ഏതു രീതിയിൽ ചെയ്യണം എന്നത് സിനിമയുടെ സംവിധായകന്റെ സ്വാതന്ത്ര്യമാണ്. സിനിമ കണ്ട ശേഷം സ്വന്തം അഭിപ്രായം പറയുക എന്നത് പ്രേക്ഷകരുടെ സ്വാതന്ത്യവും ആണ്. അതു രണ്ടും അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. സിനിമാ റിവ്യൂവും സിനിമാ നിരൂപണവും ഒന്നുതന്നെയാണ് എന്ന തെറ്റിദ്ധാരണയാണ് ഇന്ന് നിലനിൽക്കുന്നത്. സിനിമയുടെ അഭിപ്രായം എഴുതുന്ന റിവ്യൂവും സിനിമാ നിരൂപണവും രണ്ടാണ് എന്ന യാഥാർഥ്യം മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഇതിലുള്ളൂ.

 

 

English Summary: Director Dr Biju on movie criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com