ADVERTISEMENT

കേരളത്തിന് എങ്ങനെ ഫുട്ബോൾ ഇത്ര തീവ്രവികാരമായി ? തെക്കേ അമേരിക്കൻ ടീമുകൾ ഇത്ര പ്രിയപ്പെട്ടവരായി ? അതിന് സാമൂഹികവും സാമ്പത്തികവും ചരിത്രപരവുമായ കാരണങ്ങളുണ്ടെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ

കോഴിക്കോട് കൊടുവള്ളി പുള്ളാവൂരിൽ, പുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്‌മാറിന്റെയും കട്ടൗട്ടുകൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളെ രാജ്യാന്തരശ്രദ്ധയിൽ കൊണ്ടുവന്നു. ഫിഫ വരെ അതാഘോഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുയർന്ന മെസ്സിയുടെ കൂറ്റൻ കട്ടൗട്ടുകളുടെ ചിത്രങ്ങൾ അർജന്റീനയിലെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഏതാണ് ഈ വിചിത്രനാടെന്നു പുറംരാജ്യക്കാർ ഗൂഗിളിൽ തിരഞ്ഞിരിക്കാം. ഫുട്ബോൾ കളിക്കുന്ന കാര്യത്തിൽ ദേശീയതലത്തിൽ കുറച്ചു നേട്ടങ്ങളൊഴിച്ച് അധികം പറയാനില്ലാത്ത, രണ്ടു ഫ്രാഞ്ചൈസി ക്ലബ്ബുകൾക്കപ്പുറം പേരെടുത്ത ക്ലബ്ബുകൾ ഇല്ലാത്ത ഒരിടത്ത് എങ്ങനെ ഫുട്ബോൾ ഇത്ര തീവ്രവികാരം ഉണർത്തുന്നു എന്നത് അവരെ ആശ്ചര്യപ്പെടുത്തിയിരിക്കാം.

NS Madhavan
എൻ.എസ്.മാധവൻ

ലോകകപ്പ് കാലത്താണ് കേരളത്തിലെ ഫുട്ബോൾ പ്രേമം ഏറ്റവും പ്രകടമാകുന്നത്. ഇതിന്റെ വേരുകൾ തപ്പിപ്പോയാൽ, പന്തുകളി കാണുന്ന മലയാളിശീലം ആദ്യം മുതലേ സാമൂഹികമാണെന്നു കാണാം. 1960കൾ വരെ ഇന്ത്യയിലെ പ്രശസ്തമായ ക്ലബ്ബുകളെ കേരളത്തിൽ കൊണ്ടുവന്ന് കളിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. കോഴിക്കോട് സേട്ട് നാഗ്ജി ട്രോഫി, തൃശൂരിലെ ചാക്കോളാസ്, എറണാകുളത്തെ റൊസാരിയോ തുടങ്ങിയ ടൂർണമെന്റുകൾ ഉദാഹരണം. അങ്ങനെ കൂട്ടമായി കളികണ്ട മലയാളികൾ ടിവി അപൂർവവസ്തുവായിരുന്ന ആദ്യകാലത്തും ആ ശീലം തുടർന്നു.

ടിവിയുള്ള വീടിന്റെ തളത്തിൽ അയൽക്കാരും ബന്ധുക്കളുമായി വലിയ ആൾക്കൂട്ടം തിക്കിത്തിരക്കിയിരുന്ന് കളി കണ്ടു. സ്വന്തം വീട്ടിൽ ഇരിക്കാൻ ഇടമില്ലാതെ ഉഴലുന്ന ഗൃഹനാഥൻ മനോരമ ആഴ്ചപ്പതിപ്പിലെ ‘ബോബനും മോളിയും’  കാർട്ടൂൺ പരമ്പരയിൽ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവിടത്തെ ഫുട്ബോൾ പ്രേക്ഷകന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും പങ്കു വഹിക്കുന്നുണ്ട്. ഏതാണ്ട് മുഴുവനുംതന്നെ നഗരവത്കൃതമായ സ്ഥലമാണു കേരളം. നഗരങ്ങളിലെ പൗരന്മാർക്കു കൂടുതൽ വേതനവും കൂടുതൽ വിശ്രമസമയവും കിട്ടുന്നു.

football-legends-JPG

ഈ ഒഴിവുസമയം ലോകകപ്പ് ദിനങ്ങളിൽ ഫുട്ബോൾ പ്രേമത്തിനായി മലയാളി മാറ്റിവയ്ക്കുന്നു. തീരദേശത്ത് ആഘോഷങ്ങൾ വൈകിത്തുടങ്ങാൻ കാരണം മീൻപിടിത്തക്കാർ തിരിച്ചെത്താൻ വൈകുന്നതിനാലാണ്. അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം നടന്ന ഇക്കഴിഞ്ഞ ചൊവ്വാഴ്ച, പലരും കടലിൽ വഞ്ചിയിറക്കിയില്ല. നഗരങ്ങളിൽ കളിസ്ഥലങ്ങൾ കുറവായതിനു പരിഹാരമെന്ന നിലയ്ക്കാണു കേരളത്തിലെമ്പാടും വേലികെട്ടിയ ടർഫുകൾ നിലവിൽ വന്നത്. 

നിഷ്കാമമല്ല ഈ പ്രേമം

ഈ ഫുട്ബോൾ പ്രേമം ഒന്നുകൂടി അടുത്തുചെന്ന് പരിശോധിച്ചാൽ, അത് അത്ര നിഷ്കാമമല്ല എന്നു കാണാം. കളിയോടു പൊതുവായുള്ള ആവേശത്തിനു പകരം ബ്രസീൽ, അർജന്റീന തുടങ്ങിയ ചില രാജ്യങ്ങളോടുള്ള അന്ധമായ അഭിനിവേശമാണു മുന്നിട്ടുനിൽക്കുന്നത്.  പറയുമ്പോൾ, ഈ നൂറ്റാണ്ടിൽ ലോകഫുട്ബോളിൽ ഈ രണ്ടു രാജ്യങ്ങൾക്കും കാര്യമായ സ്വാധീനം ഇല്ല എന്നതാണു സത്യം. തുടക്കത്തിൽ ബ്രസീൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950കളിൽ, സാമ്രാജ്യശക്തികളിൽനിന്നു മോചിതരായ മൂന്നാം‌ലോകരാജ്യങ്ങളിലെ ഫുട്ബോൾ സ്നേഹികൾക്ക്, പോർച്ചുഗീസ് കോളനിയായിരുന്ന ബ്രസീൽ യൂറോപ്പിലെ ഫുട്ബോൾ ശക്തികളെ അടിയറവു പറയിപ്പിക്കുന്നതു സന്തോഷകരമായ കാര്യമായിരുന്നു.

വെടിപ്പോടും ചിട്ടയോടും ഫുട്ബോൾ കളിച്ചിരുന്ന യൂറോപ്പിലെ രാജ്യങ്ങൾക്ക്, സർഗാത്മകത നിറഞ്ഞുതുളമ്പിയിരുന്ന ബ്രസീലിന്റെ ഭ്രാന്തൻകളിയോട് ആദ്യമൊക്കെ പുച്ഛമായിരുന്നു. എന്തിന്, ബ്രസീലിലെ കോച്ചുമാർവരെ അവിടത്തെ കളിക്കാരോട് യൂറോപ്പ് മാതൃക അനുകരിക്കാൻ പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കാതെ, കളിക്കളത്തിൽ സാംബ നൃത്തത്തിന്റെ ചുവടുകൾ ഓർമിപ്പിച്ച് പെലെ കളിക്കാൻ തുടങ്ങിയപ്പോൾ ലോകമെമ്പാടും ബ്രസീലിന്റെ ആരാധകവൃന്ദം പിറന്നു. അർജന്റീന അക്കാലത്ത് ചിത്രത്തിലുണ്ടായിരുന്നില്ല. 1978ൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ നടന്ന ലോകകപ്പ് ഫൈനലിൽ  3-1ന് നെതർലൻഡ്സിനെ തോൽപിച്ച് അവർ ലോകകപ്പ് നേടിയപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ആ രാജ്യത്തെ ശ്രദ്ധിച്ചുതുടങ്ങി.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകളടിച്ച അർജന്റീന താരം മാരിയോ കെംപസ് കേരളത്തിലും ആരാധകരെ നേടി.  1982 മുതൽ ഇന്ത്യയിൽ ടിവിക്കു പ്രചാരമേറി. 1986ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മറഡോണയുടെ അദ്ഭുതകരമായ രണ്ടാമത്തെ ഗോൾ ടിവിയിലൂടെ കണ്ടതോടെയാണ് കേരളത്തിൽ ‘അർജന്റീനമതം' പിറന്നത്. മതം എന്നു പറയാനുള്ള കാരണം അർജന്റീന, ആരാധകരുടെ വിശ്വാസപ്രമാണമായതുകൊണ്ടാണ്. അതിനുശേഷം എട്ടു ലോകകപ്പുകൾ കടന്നു പോയെങ്കിലും അവർ പിന്നീടു ജയിച്ചിട്ടില്ല. 1990ലും  2014ലും ഫൈനലിൽ എത്തി എന്നതൊഴിച്ചാൽ കാര്യമായി അർജന്റീന ഒന്നും നേടിയതുമില്ല.

40 വയസ്സിനു മുകളിലുള്ള തലമുറ ടിവിയിലൂടെ മറഡോണയെ കണ്ട ഓർമയിലാണ് ഇപ്പോഴും അർജന്റീനയെ പിന്തുടരുന്നത്. അവർ കളിയെക്കുറിച്ചറിഞ്ഞിരുന്നത് മിക്കവാറും വായനയിലൂടെയോ റേഡിയോയിലൂടെയോ ആയിരുന്നു. രാജ്യങ്ങളുടെ ടീമുകൾക്കായിരുന്നു അന്നു മുൻതൂക്കം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ടിവിയും സ്ട്രീമിങ്ങും വെബ്ബും വ്യാപകമായതോടെ രാജ്യങ്ങളുടെ ടീമിന്റെ സ്ഥാനം വിവിധ ലീഗുകളിൽ കളിക്കുന്ന ക്ലബ്ബുകൾക്കായി. ക്ലബ് ഫുട്ബോളിൽ ഏറ്റവും പ്രഗല്ഭൻ എഫ്സി ബാർസിലോനയ്ക്കു വേണ്ടി കളിച്ചിരുന്ന അർജന്റീനക്കാരൻ ലയണൽ മെസ്സിയാണ്. അദ്ദേഹം ഇപ്പോൾ ഫ്രാൻസിലെ പിഎസ്ജിക്കുവേണ്ടി കളിക്കുന്നു. മെസ്സിയോടുള്ള ആരാധനയാണ് അർജന്റീനയുടെ വമ്പിച്ച ജനപ്രീതി നിലനിൽക്കാൻ കാരണം. 

സൂപ്പർതാരങ്ങളോടുള്ള ആരാധന അവരുടെ രാജ്യങ്ങളോടുള്ള കൂറായി മാറും എന്നതിനു തെളിവാണു മനോരമ അടുത്തകാലത്തു നടത്തിയ സർവേ. അതിൽ ഒന്നാംസ്ഥാനത്ത് സംശയരഹിതമായി അർജന്റീന തന്നെ. രണ്ടാംസ്ഥാനത്ത് ബ്രസീൽ എത്തിയതിൽ നെയ്‌മാറും ചരിത്രപരമായ കാരണങ്ങളുമുണ്ട്. എന്നാൽ, മൂന്നാമതായി പോർച്ചുഗൽ? അതിന് ഒറ്റക്കാരണമേയുള്ളൂ; മെസ്സിയെപ്പോലെ ആരാധകരുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആ നാട്ടുകാരനാണ് എന്നതാണത്. ലീഗ് ഫുട്ബോളിന്റെ സ്വാധീനത്തിലാണ് ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിന്റെയും പോളണ്ടിന്റെ ലെവൻഡോവ്സ്കിയുടെയും ഫ്രാൻസിന്റെ എംബപെയുടെയും മറ്റും ഫ്ലെക്സുകളും കട്ടൗട്ടുകളും കേരളത്തിൽ ഉയർന്നത്. 

കളി പോരേ, കയ്യാങ്കളി വേണോ?

ആരാധകർ തമ്മിൽ അർജന്റീന-ബ്രസീൽ മത്സരം കേരളത്തിൽ മാത്രമല്ല; ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. 2018ലെ ലോകകപ്പിനിടെ ഈ കിടമത്സരം ബംഗ്ലദേശിൽ അതിരുകടന്നു; അവിടെ ഒരുപറ്റം ബ്രസീൽ ആരാധകർ കത്തിയും കൊടുവാളുമായി അർജന്റീന ആരാധകന്റെ വീട് ആക്രമിച്ചു. രാജ്യാന്തരശ്രദ്ധ നേടിയ ആ വാർത്തയ്ക്കുശേഷം അതുപോലെ മറ്റൊരു വാർത്ത വരുന്നത് കേരളത്തിൽ നിന്നാണെന്നതു ദുഃഖകരമാണ്. സൗദി അറേബ്യയോട് അർജന്റീന തോറ്റശേഷം ബ്രസീലിന്റെയും അർജന്റീനയുടെയും ആരാധകർ കേരളത്തിൽ ഏറ്റുമുട്ടിയ വാർത്ത ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ ഫുട്ബോൾ കാലത്ത് ഏറെ പ്രചരിച്ചിട്ടുണ്ട്.

ആ കളി ജയിച്ചശേഷം സൗദി അറേബ്യയുടെ ആരാധകർ റൊണാൾഡോയുടെ കൈകൾ ചേർത്തുള്ള ഗോളാഘോഷം തുടർച്ചയായി കാണിക്കുന്ന ദൃശ്യങ്ങൾ ടിവിയിൽ വന്നിരുന്നു; മെസ്സിയെ കൊള്ളിച്ചുകൊണ്ടായിരുന്നു ഈ പ്രകടനം. ഇത്തരം നിർദോഷ പരിഹാസങ്ങൾ ഫുട്ബോളിൽ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ കയ്യാങ്കളി? അതിലും വേദനാജനകമായിരുന്നു മെസ്സി ആരാധകരായ കുട്ടികളുടെ ചിത്രംവച്ച്  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോളുകൾ. മനോഹരമായ കളിക്ക് രസകരമായ പ്രേക്ഷകസംസ്കാരം കേരളത്തിൽ നിലനിൽക്കുന്നുണ്ട്; അത് അതുപോലെ തുടരണം; ലോകകപ്പ് കഴിഞ്ഞാലും നമ്മൾ പരസ്പരം കാണേണ്ടവരാണ്.

English Summary : Kerala people love for South American Football Teams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com