ADVERTISEMENT

തൃശൂർ മണ്ണുത്തിയിൽ 1972ൽ മുളപൊട്ടിയ കേരള കാർഷിക സർവകലാശാല പടർന്നുപന്തലിച്ച് സുവർണ ജൂബിലി നിറവിലാണിപ്പോൾ. ഇതിനകം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ അഭിമാന സ്ഥാപനത്തിന്റെ പോക്ക് അത്ര ആശാവഹമല്ലെന്നുവേണം കരുതാൻ. കേരളത്തിലെ കർഷക സമൂഹത്തിന് ആത്മവിശ്വാസത്തോടെ മുന്നേറാൻ ആവോളം പിന്തുണ നൽകേണ്ട ഈ സർവകലാശാല ലക്ഷ്യം മറന്ന്, കിതച്ചും തളർന്നും സഞ്ചരിക്കുന്നതു നിരാശയോടെയേ കണ്ടിരിക്കാനാവൂ.

സങ്കടകരമാണ് ഈ പതനം. 2011 മുതൽ തുടർച്ചയായി 5 വർഷം ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് (ഐസിഎആർ) റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാമതായിരുന്നു ഈ സർവകലാശാല. ഇന്ത്യയിലെ 67 കാർഷിക ഗവേഷണ സ്ഥാപനങ്ങളെ പിന്നിലാക്കി ഒന്നാമതുനിന്ന സുവർണകാലമായിരുന്നു അത്. എന്നാൽ, ഇപ്പോൾ പതിച്ചത് 28–ാം സ്ഥാനത്തേക്ക്. ഐസിഎആർ അക്രഡിറ്റേഷനിൽ ബി ഗ്രേഡ് മാത്രം.

മികവിന്റെ അളവുകോലായ ഐസിഎആർ റാങ്കിങ്ങിനു വീണ്ടും അപേക്ഷിച്ചിരിക്കുകയാണ് ഈ സ്ഥാപനം. വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം, അംഗീകാരങ്ങൾ എന്നിങ്ങനെയാണു റാങ്കിന്റെ മാനദണ്ഡങ്ങൾ. ഇതിൽ ഒന്നിലും സ്ഥിതി ആശാവഹമല്ലെന്നതാണു യാഥാർഥ്യം. വർഷം 450 കോടിയോളം രൂപ ശമ്പള, പെൻഷൻ ഇനത്തിൽ ചെലവാക്കുന്ന കാർഷിക സർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്നത് 3000 വിദ്യാർഥികൾ മാത്രം. കോഴ്സുകളും സീറ്റുകളും വർധിപ്പിച്ചു മറ്റു സർവകലാശാലകൾ തഴച്ചുവളരുമ്പോൾ ഇവിടെ കോഴ്സുകളുടെ വെട്ടിനിരത്തലാണുണ്ടായത്. തമിഴ്നാട് കാർഷിക സർവകലാശാലയിൽ നേരിട്ടും അല്ലാതെയും കാൽലക്ഷം വിദ്യാർഥികളുണ്ടെന്നതുകൂടി ഓർമിക്കാം. ഗവേഷണത്തിലും വിജ്ഞാനവ്യാപനത്തിലുമാണ് ഊന്നൽ എന്നാണു കേരള കാർ‌ഷിക സർവകലാശാലയുടെ വാദമെങ്കിലും വിദ്യാർഥികൾക്കു ജെആർഎഫ്, എസ്ആർഎഫ്, നെറ്റ് ഇവ കിട്ടുന്നതിൽ കാര്യമായ മുന്നേറ്റമില്ല; റിസർച് ഫെലോഷിപ്പുകൾ നേടാനുള്ള പരിശീലനവും പ്രചോദനപരിപാടികളുമില്ല.

ഐസിഎആർ റേറ്റിങ്ങിൽ പ്രാധാന്യമുള്ള പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ കൃഷി വിജ്ഞാൻ പ്രോത്സാഹൻ പുരസ്കാരം ദേശീയതലത്തിലോ മേഖലാതലത്തിലോ നാലുവർഷത്തിനിടെ ഒരാൾക്കുപോലും കിട്ടിയിട്ടില്ല. ഐസിഎആർ വർഷംതോറും നൽകുന്ന അധ്യാപക പുരസ്കാരം, നാഷനൽ സയൻസ് അക്കാദമികളുടെ പുരസ്കാരം, ഐസിഎആർ പിഎച്ച്ഡി പുരസ്കാരം ഇവയൊന്നും അടുത്തകാലത്ത് സർവകലാശാലയിലെത്തിയിട്ടില്ല. ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം, രാജ്യാന്തര ഗവേഷണ പുരസ്കാരങ്ങൾ, യുഎൻ അംഗീകാരം ഇവയൊക്കെ നേടിയ സർവകലാശാലകളോടാണ് ഇക്കാര്യത്തിൽ മത്സരിക്കുന്നതെന്നുകൂടി ഓർമിക്കാം.

മികവിന്റെയും നേട്ടങ്ങളുടെയും ആത്മവിശ്വാസത്തിനു പകരം ഇപ്പോൾ കേരള കാർഷിക സർവകലാശാല കാണിച്ചുതരുന്നതു മറ്റെ‍ാന്നാണ്–  വൈസ് ചാൻസലർ ഇല്ലാത്ത, സ്ഥിരം റജിസ്ട്രാർ ഇല്ലാത്ത, നിയമനങ്ങളിൽ സ്വജനപക്ഷപാതവും കോടതിക്കേസുകളുമുള്ള  സർവകലാശാല സമരച്ചൂടിൽ ഇലകൊഴിഞ്ഞു നിൽക്കുന്ന കാഴ്ച. സിപിഎം സർവീസ് സംഘടനകളുടെ കൂട്ടായ്മയായ കെഎയു ജനാധിപത്യ സംരക്ഷണ സമിതി നടത്തുന്ന സമരം ഒന്നര മാസം പിന്നിട്ടുകഴിഞ്ഞു. ചർച്ച നടത്തി സമരം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാത്തതു നിർഭാഗ്യകരമാണ്. വളവും വെള്ളവും നൽകാതെതന്നെ കാർഷിക സർവകലാശാലയിൽ തഴച്ചുവളരുന്ന വിള ഒന്നേയുള്ളൂ– രാഷ്ട്രീയം. സ്ഥാപനത്തിന്റെ വളർച്ച മറന്ന്, നിർബാധം തുടരുന്ന രാഷ്ട്രീയക്കൊയ്ത്ത് നൽകുന്ന അപായസൂചന ചെറുതല്ല.

മേധാവിയില്ലാത്ത നിർഭാഗ്യസാഹചര്യംകൂടിയാകുമ്പോൾ ഈ സ്ഥാപനത്തെ ഇങ്ങനെ വിളിക്കാതിരിക്കാനാവില്ല: കേരള കാർഷിക സർവ‘കള’ശാല! അതുകെ‍ാണ്ടുതന്നെ, നന്നായി വെട്ടിയൊതുക്കി, വളം ചെയ്ത്, കീടങ്ങളെ തുരത്തി കാർഷിക സർവകലാശാലയെ നവീകരിക്കേണ്ടതു കേരളത്തിന്റെ അടിയന്തരാവശ്യമായിരിക്കുന്നു. കർഷകർ സ്വന്തം വിളകളെ പരിപാലിക്കുന്നതുപോലെയാവണമത്– അത്രയും ശ്രദ്ധയോടെ, അത്രയും കരുതലോടെ... അതേസമയംതന്നെ എത്രയും വേഗത്തിൽ.  കാരണം, അത്രമാത്രം കൈവിട്ടുപോയിരിക്കുകയാണു കാര്യങ്ങൾ. ഈ സുവർണ ജൂബിലി ആത്മപരിശോധനയ്ക്കും സ്വയംതിരുത്തലിനുമുള്ള അവസരംകൂടിയാകട്ടെ. നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഇനിയും വൈകിക്കൂടാ.

Content Highlights: Editorial, Kerala Agricultural University

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com