കേരള ബാങ്ക്: പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രത്തോള‌ം പൂർത്തിയാക്കി?; നീക്കിയിരിപ്പ് എന്ത് ?

cp-john
SHARE

∙ ശരിയായ തീരുമാനം; തിരിച്ചുപോക്ക് ഇല്ല: ഗോപി കോട്ടമുറിക്കൽ (ചെയർമാൻ, കേരള ബാങ്ക്)

കേരളത്തിനു സ്വന്തം ബാങ്ക് വേണം എന്ന തീരുമാനത്തിലാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ മൂന്നു വർഷം മുൻപ് കേരള ബാങ്ക് രൂപീകരിച്ചത്. ബാങ്ക് രൂപീകരണത്തിനു പിന്നിലെ ലക്ഷ്യം പൂർണമായും സഫലമായോ? 

20 വർഷം മുൻപു ചർച്ച തുടങ്ങിയ വിഷയമാണ് കേരള ബാങ്ക് രൂപീകരണം. ത്രിതല സംവിധാനത്തിൽനിന്ന് ദ്വിതല സംവിധാനത്തിലേക്കുള്ള മാറ്റമായിരുന്നു ലക്ഷ്യമിട്ടത്. മുൻപ് ആർബിഐ, നബാർഡ് വായ്പകൾ കർഷകരിലേക്ക് എത്തിക്കാൻ ത്രിതല സംവിധാനം ആവശ്യമായിരുന്നു. ഓൺലൈൻ ബാങ്കിങ് കാലത്ത് ത്രിതല സംവിധാനം അധികച്ചെലവും അനാവശ്യവുമാണ്. മുൻപ് ജില്ലാ സഹകരണ ബാങ്കുകൾ ഓൺലൈൻ സേവനം നൽകിയിരുന്നതു വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ്.

ജില്ലാ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്കായപ്പോൾ ഇത്തരം സേവനങ്ങൾ മികച്ച രീതിയിൽ സഹകരണ മേഖലയ്ക്കു തന്നെ ചെയ്യാമെന്നായി. ഈ സേവനങ്ങൾ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിലൂടെയും (സർവീസ് സഹകരണ ബാങ്കുകൾ) നൽകാനാണു ലക്ഷ്യമിടുന്നത്. സാങ്കേതിക സൗകര്യം ഒരുക്കൽ അവസാനഘട്ടത്തിലാണ്. 9 ജില്ലകളിലെ ബാങ്കുകളും പഴയ സംസ്ഥാന സഹകരണ ബാങ്ക് ശാഖകളും ഏറ്റവും മികച്ച സേവനം നൽകാൻ കഴിയുന്ന കോർ ബാങ്കിങ് സംവിധാനത്തിലേക്കു മാറി. ഡിസംബർ 31നു മുൻപു മറ്റു ജില്ലകളിലെ ബാങ്കുകളും മാറും. സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്‌വെയർ സ്ഥാപിക്കാനും നടപടിയായി.

ജില്ലാബാങ്ക് ഇല്ലാതാകുമ്പോൾ കർഷകർക്കും സംഘങ്ങൾക്കും കുറഞ്ഞനിരക്കിൽ വായ്പ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ദ്വിതല സംവിധാനത്തിലേക്കു മാറിയതുകൊണ്ടുള്ള നേട്ടമെന്താണ്? ജില്ലകളിലെ സഹകരണ സംഘങ്ങൾക്കു നാഥനില്ലാത്ത അവസ്ഥയായെന്ന പരാതി ശരിയാണോ?

വാഗ്ദാനങ്ങൾ യാഥാർഥ്യമായി. കേരള ബാങ്ക് രൂപീകരിച്ചശേഷം സംഘങ്ങൾക്കുള്ള വായ്പയുടെ പലിശനിരക്ക് 1 മുതൽ 4% വരെ കുറച്ചു. മറ്റു സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയ്ക്ക് 7% പലിശയുള്ളപ്പോൾ ഇവിടെ 6% മാത്രം. മുൻപ് ഇവിടെയും 7% ആയിരുന്നു.  വിവിധ ജില്ലാ ബാങ്കുകൾ 12% വരെ പലിശ ഈടാക്കിയിരുന്ന സ്വർണപ്പണയ വായ്പയ്ക്ക് പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്ന്  8% മാത്രമാണ് കേരള ബാങ്ക് ഈടാക്കുന്നത്. 8.5% ഉണ്ടായിരുന്ന ദീർഘകാല കാർഷിക വായ്പയുടെ പലിശനിരക്ക് 4.90% ആയി. വിവിധ ജില്ലകളിൽ പല പദ്ധതികൾക്ക് ഈടാക്കിയിരുന്ന 14% പലിശനിരക്ക് പരമാവധി 9.5% ആയി നിജപ്പെടുത്തി. 10 ശതമാനത്തിനു മുകളിലുണ്ടായിരുന്ന ഭവനവായ്പയുടെ നിരക്ക് 9% ആക്കി. വ്യക്തിഗത– സംരംഭ വായ്പകളിൽ പലിശ കുറഞ്ഞു.

എല്ലാ ജില്ലകളിലും ഏകീകൃത നിരക്കായി. മുൻപ്, താരതമ്യേന നിക്ഷേപം കുറവുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വൻ നിരക്കാണ് ഈടാക്കിയിരുന്നത്.  നിഷ്ക്രിയ ആസ്തി ഘട്ടംഘട്ടമായി കുറയ്ക്കുന്നു. രൂപീകരണ സമയത്ത് 18.56% ആയിരുന്നത് ഈ സാമ്പത്തിക വർഷം 9.01% ആയി. കഴിഞ്ഞ 3 വർഷവും ബാങ്ക് ലാഭത്തിലായിരുന്നു. ഈ വർഷം നിഷ്ക്രിയ ആസ്തിയിൽ വലിയ മാറ്റം വരും. ജില്ലകളിലെ സഹകരണ സംഘങ്ങൾക്കു നാഥനില്ലാത്ത അവസ്ഥയായെന്ന പരാതി ശരിയല്ല. എല്ലാ ജില്ലകളിലും സംഘങ്ങളുടെ വായ്പ വിഭാഗമുണ്ട്. രണ്ടു ജില്ലയ്ക്ക് ഒന്ന് എന്ന രീതിയിൽ റീജനൽ ഓഫിസും. ജില്ലകളിൽ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഉപദേശക സമിതിയുമുണ്ട്.

നിക്ഷേപം, വായ്പ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണസംഘങ്ങൾക്ക് എത്രത്തോളം പിന്തുണ നൽകാൻ കേരള ബാങ്കിനു സാധിച്ചു?

സംഘങ്ങൾക്കുള്ള വായ്പയുടെ പലിശ കുറച്ചു, സർവീസ് ചാർജ് ഒഴിവാക്കി, നിക്ഷേപത്തിന്റെ പലിശ കൂട്ടി. ക്രെഡിറ്റ് പ്രോസസിങ് സെന്ററുകൾക്ക് അതതു ജില്ലയിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ വിഷയങ്ങളിൽ പഴയതുപോലെ  ഇടപെടാൻ കഴിയുന്നുണ്ട്. കേരള ബാങ്കിന്റെയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും ശാഖകളെ ബന്ധിപ്പിച്ച് ബൃഹത്തായ ശ‍ൃംഖല രൂപീകരിക്കാനുള്ള തീവ്രശ്രമം തുടരുന്നു. ഇതു നടപ്പായാൽ കർഷകർക്കും തൊഴിലാളികൾക്കും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭിക്കും.

skech-1

കേന്ദ്രത്തിന്റെ സഹകരണനയം കേരള ബാങ്കിനെ ബാധിക്കുമോ

കേരള ബാങ്ക് രൂപീകരണം തീർച്ചയായും ശരിയായ തീരുമാനമായിരുന്നു. തിരിച്ചുപോക്കിനെപ്പറ്റി ചിന്തിക്കുന്നില്ല; അതു സാധ്യവുമല്ല. സഹകരണം സംസ്ഥാന വിഷയമായതിനാൽ കേന്ദ്ര നയം തൽക്കാലം ബാധിക്കില്ല. റിസർവ് ബാങ്ക് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതിനാൽ പുതിയ സഹകരണ മന്ത്രാലയവും കേരള ബാങ്കിനെ നേരിട്ടു ബാധിക്കില്ല.

∙ പദ്ധതികൾ പൊളിഞ്ഞു; തിരുത്തൽ വേണം: സി.പി.ജോൺ (സഹകാരി, സിഎംപി ജനറൽ സെക്രട്ടറി)

കേരളത്തിനു സ്വന്തം ബാങ്ക് വേണം എന്ന തീരുമാനത്തിലാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ മൂന്നു വർഷം മുൻപ് കേരള ബാങ്ക് രൂപീകരിച്ചത്. ബാങ്ക് രൂപീകരണത്തിനു പിന്നിലെ ലക്ഷ്യം പൂർണമായും സഫലമായോ?

കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന പ്രചാരണം തന്നെ പൂർണമായും തെറ്റാണ്. 13 ജില്ലാ ബാങ്കുകളും (മലപ്പുറം ഒഴികെ) ഷെഡ്യൂൾഡ് ബാങ്ക് ആയ സംസ്ഥാന സഹകരണ ബാങ്കും കൂടി ലയിപ്പിക്കുകയായിരുന്നു. അതിന്റെ സങ്കീർണതകളെക്കുറിച്ച് ഒന്നും പഠിക്കാതെ അശാസ്ത്രീയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലയനം. എൽഡിഎഫ് സർക്കാരിന്റെ കണ്ണ് കേരള ബാങ്കിലെ 70000 കോടിയുടെ നിക്ഷേപത്തിലായിരുന്നു. ഇതിൽ 35000 കോടി നൽകിയിട്ടുണ്ട്. 10000 കോടി കരുതൽധനമായി നീക്കിവച്ചാൽ തന്നെ 25000 കോടി രൂപയെങ്കിലും എടുത്ത് ഉപയോഗിക്കാമെന്നാണു സർക്കാർ കരുതിയത്.

ഒരു ഈർക്കിൽ പോലും എടുക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, കേരള സർക്കാരിന്റെ ഭരണസമിതിക്കു മുകളിൽ റിസർവ് ബാങ്കിന്റെ ബോർഡ് ഓഫ് മാനേജ്മെന്റ് വന്നു. ഫലത്തിൽ കേരളത്തിനു ബാങ്ക് ഉണ്ടാക്കാൻ പോയി, കേന്ദ്ര സർക്കാരിന്റെ ബാങ്കിന് കാവലിരിക്കുന്ന അവസ്ഥയായി. കേരള ബാങ്കിൽ ലയിക്കേണ്ടതില്ല എന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ തീരുമാനം ശരിയായിരുന്നു. എസ്ബിഐ–എസ്ബിടി, കനറാ–സിൻഡിക്കറ്റ് ലയനങ്ങൾ നടന്ന ശേഷം എത്ര പെട്ടെന്നാണ് സോഫ്റ്റ് വെയർ അപ്ഡേഷനും ഏകീകരണവും ഒക്കെ നടത്തിയത്. കേരള ബാങ്കിന് ഇതൊന്നും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ജില്ലാബാങ്ക് ഇല്ലാതാകുമ്പോൾ കർഷകർക്കും സംഘങ്ങൾക്കും കുറഞ്ഞനിരക്കിൽ വായ്പ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ദ്വിതല സംവിധാനത്തിലേക്കു മാറിയതുകൊണ്ടുള്ള നേട്ടമെന്താണ്? ജില്ലകളിലെ സഹകരണ സംഘങ്ങൾക്കു നാഥനില്ലാത്ത അവസ്ഥയായെന്ന പരാതി ശരിയാണോ? 

ഇപ്പോഴും വാഗ്ദാനം യാഥാർഥ്യമായിട്ടില്ല. ചെക്ക്  ജില്ലാ ബാങ്കിന്റേത്, ലൈസൻസ് സംസ്ഥാന സഹകരണ ബാങ്കിന്റെ പേരിൽ. കേരള ബാങ്ക് എന്നത് പേരിൽമാത്രം. ഇത്തരമൊരു വിചിത്ര സംവിധാനമാണുള്ളത്. 13 ബാങ്കുകൾ ലയിപ്പിക്കുമ്പോൾ 10 എണ്ണം സഞ്ചിത ലാഭത്തിലായിരുന്നു(നെറ്റ് പ്രോഫിറ്റ്). സംസ്ഥാന സഹകരണ ബാങ്ക് സഞ്ചിത നഷ്ടത്തിലും(നെറ്റ് ലോസ്). ലയിപ്പിച്ചതോടെ എല്ലാം  സഞ്ചിത നഷ്ടത്തിലായി.  സിപിഎമ്മിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന എറണാകുളം ജില്ലാ ബാങ്ക് തന്നെ ഉദാഹരണം. 10000 കോടി രൂപയിലേറെ നിക്ഷേപമുണ്ടായിരുന്നു. നെറ്റ് ബാങ്കിങ്, എടിഎം, ഡെബിറ്റ് കാർഡ്, പ്രവാസി നിക്ഷേപം തുടങ്ങി അവർക്കുണ്ടായിരുന്ന സൗകര്യങ്ങൾ പോലും കേരള ബാങ്ക് വന്നതോടെ നഷ്ടമായി.

കോ–ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ജില്ലാതല ‘റിസർവ് ബാങ്ക്’ ആയിരുന്നു ജില്ലാ ബാങ്കുകൾ.  ഓരോ ജില്ലയും ഓരോ സാമ്പത്തിക മേഖലകളാണ്. തിരുവനന്തപുരത്ത് നെയ്ത്ത് ആണെങ്കിൽ ആലപ്പുഴയിൽ കയറായിരുന്നു, കണ്ണൂരിൽ നെയ്ത്തും ബീഡിയും. ഈ സംഘങ്ങളെയൊക്കെ താങ്ങിനിർത്തിയിരുന്നത് ജില്ലാ ബാങ്ക് ആയിരുന്നു.  എല്ലായ്പോഴും വികേന്ദ്രീകരണത്തിന്റെ മാഹാത്മ്യം പറയുന്ന ഇടതുപക്ഷം സഹകരണ മേഖലയെ പുനഃകേന്ദ്രീകരിച്ചു. മുൻപ് ജില്ലാ ബാങ്കുകളിൽ അംഗത്വമുണ്ടായിരുന്ന 15000ൽ ഏറെ വരുന്ന സംഘങ്ങൾക്കു ഡിവിഡന്റ്(ലാഭ വിഹിതം) കിട്ടുമായിരുന്നു.  കേരള ബാങ്ക് വന്നതിനു ശേഷം ഒരു സംഘത്തിനു പോലും ഡിവിഡന്റ് നൽകിയിട്ടില്ല.  ഈ വർഷം യോഗം വിളിച്ചപ്പോൾ ആകെ നൽകിയത് ഒരു പ്രഷർ കുക്കറാണ്.  സഹകരണ ബാങ്കുകൾ അല്ലാത്ത മറ്റു സംഘങ്ങൾക്കു  സി ക്ലാസ് മെംബർഷിപ് പോലും കേരള ബാങ്കിൽ കൊടുത്തില്ല. അവരുടെ ആയിരക്കണക്കിനു കോടി രൂപയുടെ ഷെയറിന് എന്തു സംഭവിച്ചു?

ഓരോ ജില്ലയിലെയും സഹകരണ സംഘങ്ങളെ താങ്ങി നിർത്തിയിരുന്ന അത്താണിയായിരുന്നു ജില്ലാ ബാങ്കുകൾ. ഉദാഹരണത്തിന് കരുവന്നൂർ ബാങ്ക് പ്രതിസന്ധി എടുക്കാം. തൃശൂർ ജില്ലാ ബാങ്ക് ഉണ്ടായിരുന്നെങ്കിൽ ഉടൻ തന്നെ കരുവന്നൂരിന്റെ ബാധ്യത താൽക്കാലികമായി ഏറ്റെടുക്കുമായിരുന്നു.

നിക്ഷേപം, വായ്പ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണസംഘങ്ങൾക്ക് എത്രത്തോളം പിന്തുണ നൽകാൻ കേരള ബാങ്കിനു സാധിച്ചു?

കേരള ബാങ്ക് 35000 കോടി രൂപ വായ്പ കൊടുത്തിട്ടുണ്ട്. ബാക്കി 25000 കോടി രൂപ എവിടെ? വാങ്ങിയതിനെക്കാൾ കുറഞ്ഞ പലിശനിരക്കിൽ മറ്റു കേന്ദ്ര ബാങ്കുകളിലും നിക്ഷേപ ഏജൻസികളും നിക്ഷേപിച്ചിരിക്കുകയാണ്. ജില്ലാ ബാങ്ക് ഉണ്ടായിരുന്നപ്പോൾ തുക മുഴുവൻ ഇവിടെത്തന്നെ ഉപയോഗിച്ചിരുന്നു. കൊച്ചി മെട്രോയ്ക്ക് എറണാകുളം ജില്ലാ ബാങ്ക് വായ്പ നൽകിയിട്ടുണ്ട്.  ജില്ലാ ബാങ്കുകൾ ഉണ്ടായിരുന്നെങ്കിൽ കിഫ്ബിക്കോ വികസന പദ്ധതികൾക്കോ പണം കണ്ടെത്താൻ വേറെ വഴികൾ തേടേണ്ടിവരില്ലായിരുന്നു. കേന്ദ്രത്തിന്റെയും നബാഡിന്റെയുമൊക്കെ ഫണ്ട് കിട്ടുമെന്നു പറയുന്നത് വെറുതേ. 

കേന്ദ്രത്തിന്റെ സഹകരണനയം കേരള ബാങ്കിനെ ബാധിക്കുമോ?

ഇന്ന് കേരള ബാങ്ക് ഒരു യാഥാർഥ്യമാണ്. പക്ഷേ  കേരള ബാങ്ക് രൂപീകരിക്കാനുള്ള തീരുമാനം തെറ്റായിരുന്നു എന്ന് കേരളത്തിലെ സഹകാരികളോട് തുറന്നു സമ്മതിക്കാൻ സിപിഎം തയാറാകണം. ദുരഭിമാനം മാറ്റി വച്ച് ആ തീരുമാനം പുനഃപരിശോധിക്കുന്നതാണു നല്ലത്. വർഷങ്ങളായിട്ടും സോഫ്റ്റ്‌വെയർ അപ്ഡേഷനും നെറ്റ് ബാങ്കിങ്ങും കൊടുക്കാൻ പറ്റാത്ത കേരള ബാങ്ക് പരാജയമായിരുന്നു എന്ന് സമ്മതിക്കണം. ഇനി പഴയ ജില്ലാ ബാങ്കിലേക്ക് ഒരു തിരിച്ചു പോക്ക് ദുഷ്കരമാണ്. എന്നാലും തിരിച്ചു പോകാൻ അവസരമുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. സമ്പൂർണമായും കേരളത്തിന്റെ കയ്യിലുണ്ടായിരുന്ന വൻ സഹകരണബാങ്ക് ശൃംഖലയെ കേന്ദ്രത്തിന് അടിയറവുവച്ചതിനെ കുറിച്ച് സിപിഎം രാഷ്ട്രീയമായി വിശദീകരിക്കണം. യഥാർഥത്തിൽ കേരള ബാങ്ക് രൂപീകരണത്തിൽ സന്തോഷിക്കുന്നത് റിസർവ് ബാങ്കും കേന്ദ്രവുമാണ്.

English Summary: Kerala Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS