ഫുട്ബോൾ ആവേശത്തിലാണു ലോകം. നമ്മുടെ തൊട്ടടുത്തു നടക്കുന്ന ലോകകപ്പായതുകൊണ്ടു കേരളത്തിൽ പതിന്മടങ്ങാണ് ആഘോഷം. ലോകകപ്പിന്റെ തുടക്കത്തിൽത്തന്നെയുണ്ടായ വമ്പൻ അട്ടിമറികൾ ഉയർത്തിയ തരംഗങ്ങൾ അടങ്ങിയിട്ടില്ല, സമൂഹമാധ്യമങ്ങളിലും പുറത്തും. അർജന്റീനയ്ക്കെതിരായ വിജയം സൗദി അറേബ്യയിൽ ദേശീയ ആഘോഷമായിരുന്നു. രാജ്യമാകെ ഒരു ദിവസം പൊതുഅവധിയും പ്രഖ്യാപിച്ചു സൗദി രാജാവ്. അർജന്റീന അട്ടിമറിക്കു തൊട്ടുപിന്നാലെ ഫുട്ബോൾ പ്രേമികളുടെയും അല്ലാത്തവരുടെയും വാട്സാപ്പുകളിൽ ഒരു വിഡിയോ പ്രചരിക്കാൻ തുടങ്ങി. നമ്മളിൽ മിക്കവരും അതു കണ്ടിരിക്കും.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കായികമന്ത്രി അബ്ദുൽ അസീസ് അൽ സൗദും സൗദി ദേശീയ ഫുട്ബോൾ ടീം അംഗങ്ങളോടു സംസാരിക്കുന്നതാണു വിഡിയോയിൽ. ഇംഗ്ലിഷിലുള്ള സംഭാഷണമാണു നമ്മൾ കേൾക്കുന്നത്. പറയുന്നത് ഇതാണ്: ‘നിങ്ങൾ അർജന്റീനയെ തോൽപിച്ചു, എല്ലാവർക്കും ഞാൻ വാഗ്ദാനം ചെയ്ത ആഡംബര കാർ സമ്മാനമായി കിട്ടി. ഇനി പോളണ്ട് ആണു നമ്മുടെ മുന്നിലുള്ളത്. അവരെ നമ്മൾ തകർക്കണം. പോളണ്ടിനെ തോൽപിച്ചാൽ നിങ്ങൾക്കെല്ലാവർക്കും ബുർജ് ഖലീഫയെക്കാൾ ഉയരത്തിലുള്ള വീടുകൾ സമ്മാനമായി കിട്ടും.
പക്ഷേ, തോറ്റാൽ.... തോറ്റാൽ, ഞങ്ങൾ 11 ശവക്കല്ലറകൾ കുഴിച്ചിട്ടുണ്ട്. ഒരെണ്ണം വലുതാണ്. അതു ഗോൾ കീപ്പർക്കുള്ളതാണ്. നിങ്ങൾ നമ്മുടെ രാജ്യത്തെ രക്ഷിക്കുന്നില്ലെങ്കിൽ നിങ്ങളെയും കുടുംബത്തെയും രക്ഷിക്കാൻ ഞങ്ങൾക്കുമാകില്ല. കളിക്കാൻ ഇറങ്ങാത്ത സബ്സ്റ്റിറ്റ്യൂട്ടുകളെയെല്ലാം നിർമാണത്തൊഴിലാളികളാക്കി മാറ്റും....’’ ഇങ്ങനെ പോകുന്നു വിഡിയോയിലെ ഡയലോഗ്! വിഡിയോ കണ്ടും കേട്ടും ഞെട്ടിയവരുണ്ടാകും ഒരുപാട്. ജീവൻ കയ്യിൽപിടിച്ചു കളത്തിലിറങ്ങുന്ന സൗദി ഫുട്ബോൾ താരങ്ങളെക്കുറിച്ചോർത്തു കണ്ണീർവാർക്കാൻ വരട്ടെ; സംഗതി വ്യാജനാണ്!
കിരീടാവകാശിയും മന്ത്രിയും ഫുട്ബോൾ ടീമിനോടു സംസാരിക്കുന്ന യഥാർഥ വിഡിയോ ഇന്റർനെറ്റിൽ ലഭ്യമാണ്. ടീം ലോകകപ്പിനു പുറപ്പെടും മുൻപാണു സംഭവം. ഇംഗ്ലിഷിലല്ല, അറബിക്കിലാണ് യഥാർഥ സംഭാഷണം. അതിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ: ‘ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയതിന് അഭിനന്ദനങ്ങൾ. നമ്മൾ ഉൾപ്പെട്ട ഗ്രൂപ്പ് ബുദ്ധിമുട്ടേറിയതാണ്. നമ്മൾ ജയിക്കുമെന്നോ സമനിലയെങ്കിലും പിടിക്കുമെന്നോ ആരും കരുതുന്നില്ല. അതുകൊണ്ട്, നിങ്ങൾ സ്വസ്ഥമായി കളിക്കുക, ടൂർണമെന്റ് ആസ്വദിക്കുക. നിങ്ങളിലൊരാൾപോലും മാനസിക സമ്മർദത്തോടെ കളത്തിലിറങ്ങരുത്. നമ്മുടെ (ഗ്രൂപ്പിലെ) മൂന്നു കളികളും ആസ്വദിച്ചു കളിക്കുക.’’
യഥാർഥ വിഡിയോയിലെ അറബിക് സംഭാഷണം എഡിറ്റ് ചെയ്തു മാറ്റി ഇംഗ്ലിഷ് സംസാരം ചേർത്ത വിദ്വാൻ നമ്മളെ കബളിപ്പിച്ചതിന്റെ ഗൗരവം മനസ്സിലായല്ലോ. ഇനി, കളിക്കാർക്കു സൽമാൻ രാജകുമാരൻ സമ്മാനമായി ആഡംബര കാറുകൾ നൽകിയെന്നു വ്യാജ വിഡിയോയിൽ കേൾക്കുന്നതു ശരിയാണോ? സൗദി ടീം അർജന്റീനയെ തോൽപിച്ച നിമിഷം മുതൽ ഇങ്ങനെയൊരു അഭ്യൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഓരോ കളിക്കാരനും കിട്ടുക റോൾസ് റോയ്സ് ഫാന്റമാണെന്നും അതല്ല ബുഗാട്ടി ആണെന്നുമൊക്കെയാണു കഥ. സത്യത്തിൽ, സൗദി ഭരണകൂടം അങ്ങനെയൊരു പ്രഖ്യാപനം ഇതുവരെ ഔദ്യോഗികമായി നടത്തിയിട്ടില്ല എന്നതാണു വസ്തുത.
ഈ അഭ്യൂഹമുണ്ടായതിനു പിന്നിൽ ഒരു കഥയുണ്ട്. അമേരിക്കയിൽ നടന്ന 1994 ലോകകപ്പിൽ, തീരെ ദുർബലമായ ടീമായിട്ടും സൗദി രണ്ടാം റൗണ്ടിലെത്തി. അന്ന് കരുത്തരായ ബെൽജിയത്തിനെതിരെ ഗോൾ നേടിയ സയീദ് അൽ ഉവൈറാൻ എന്ന കളിക്കാരന്, തിരിച്ചെത്തിയപ്പോൾ രാജാവ് റോൾസ് റോയ്സ് കാർ സമ്മാനമായി നൽകി. ആ റോൾസ് റോയ്സിന്റെ ഓർമയാണ് ഇപ്പോഴത്തെ റോൾസ് റോയ്സ് അഭ്യൂഹത്തിന്റെ അടിസ്ഥാനം. എന്തായാലും തിരിച്ചെത്തുമ്പോൾ സൗദി ടീമിന് എന്തൊക്കെ സമ്മാനം കിട്ടുമെന്നു കാത്തിരിക്കുകയാണു ഫുട്ബോൾ ആരാധകർ. ഇന്നാണ് പോളണ്ടിനെതിരായ സൗദിയുടെ കളി. അതിലും അട്ടിമറിയുണ്ടാകുമോ എന്നതാണ് ആകാംക്ഷ. ഉണ്ടായാൽ, എന്തൊക്കെ കഥകൾ പ്രചരിക്കുമെന്നും!
Content Highlights: Vireal, Qatar world cup 2022