ADVERTISEMENT

ഉയർന്നുപറക്കാൻ പുതിയ ചിറകുകൾ തേടുന്ന നമ്മുടെ ടൂറിസത്തിനു നവോർജം നൽകുന്നതാണ് ഈ വർഷം സെപ്റ്റംബർ വരെ 1.33 കോടി ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തിയെന്ന സന്തോഷവാർത്ത. ഇവിടെയെത്തുന്ന സഞ്ചാരികളോടു നമുക്കുള്ള ഉത്തരവാദിത്തം ഇതോടെ‍ാപ്പം വർധിക്കുന്നുവെന്ന ഓർമപ്പെടുത്തൽകൂടിയുണ്ട് ഈ കണക്കിൽ. യാത്രകൾ നിലച്ച്, സഞ്ചാരികളുടെ വരവു പൂർണമായും ഇല്ലാതായതോടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയാണു കേരള ടൂറിസം നേരിട്ടത്. എന്നാൽ, തളർച്ചയുടെ ആ കാലം നാം പിന്നിടുകയാണ്. ആദ്യ മൂന്നുപാദത്തിൽ ഇത്രയും ആഭ്യന്തര സഞ്ചാരികൾ ഇവിടെ എത്തിയപ്പോൾ വളർച്ച കഴിഞ്ഞവർഷത്തെക്കാൾ 196 ശതമാനമാണെന്നു ടൂറിസം വകുപ്പു പറയുന്നു.

വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞവർഷത്തെക്കാൾ വലിയ വളർച്ചയുണ്ട്. ഹോട്ടലുകളിൽനിന്നും റിസോർട്ടുകളിൽനിന്നുമുള്ള ‘റിയൽ ടൈം ഡേറ്റ’ ഉപയോഗപ്പെടുത്തിയാണു വിനോദസഞ്ചാരികളുടെ കണക്കെടുത്തത്. കേരളത്തിൽ നിശ്ചിതസമയം ചെലവിടുകയും നിശ്ചിതദൂരത്തിനപ്പുറം സഞ്ചരിക്കുകയും ചെയ്താൽ അതു വിനോദസഞ്ചാര പ്രവർത്തനമായി കണക്കാക്കാം എന്നതാണു മാനദണ്ഡം. വിദൂരദേശങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ വരവു സാധാരണനിലയിലെത്താൻ ഇനിയും സമയമെടുത്തേക്കാം.

അതുകൊണ്ടുതന്നെ, അയൽരാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകർഷിക്കുന്നതിനു നാം ഇപ്പോൾ മുൻഗണന നൽകണമെന്നാണ് ഈ കണക്കുകൾ ഓർമിപ്പിക്കുന്നത്. ടൂറിസംകൊണ്ട് 15 ലക്ഷം പേർക്കു തൊഴിൽ ലഭിക്കുന്നതും വർഷം 40,000 കോടി സംസ്ഥാന സമ്പദ്‌രംഗത്തിനു ലഭിക്കുന്നതും പരിഗണിച്ചാൽ ഈ മേഖലയുടെ സമഗ്രവികസനം സർക്കാരിന്റെ മുന്നിലുള്ള അടിയന്തര ചുമതലതന്നെയായി മാറുന്നു. കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 10% ടൂറിസം മേഖലയിൽ നിന്നാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

ടൂറിസം മേഖലയിൽ കേരളത്തിൽ നിക്ഷേപകർ കൂടുതലായി എത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ദ്രുതവളർച്ച കൈവരിക്കാൻ അടിയന്തര നടപടികളാണു കേരളത്തിന്റെ ടൂറിസം മേഖല കെ‍ാതിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റ്’ പോലെയുള്ള കൂടുതൽ ശ്രമങ്ങൾ ഇവിടെ ഉണ്ടാവേണ്ടതുണ്ട്. കുമരകത്തിനടുത്തുള്ള മറവൻതുരുത്താണു ‘സ്ട്രീറ്റ്’ പദ്ധതിയിലെ പ്രധാന ഇടം. ഇവിടെ 18 തോടുകൾ, മൂന്നു നദികൾ, കായൽ എന്നിവ ഉൾപ്പെടുത്തി വാട്ടർ സ്ട്രീറ്റാണ് ഒരുക്കിയിട്ടുള്ളത്. തദ്ദേശവാസികളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പ്രധാന പദ്ധതികൂടിയാണ് ഉത്തരവാദിത്ത ടൂറിസം.

സാഹസിക ടൂറിസം, ആയുർവേദം, പാചകപ്പെരുമ തുടങ്ങി കേരളത്തിന്റെ വറ്റാത്ത കലവറകളെ മുൻനിർത്തിയും ദീർഘവീക്ഷണത്തോടെ നമുക്കു പുതിയ പദ്ധതികൾ ആവിഷ്കരിക്കാം. കോവിഡ്കാലം കഴിഞ്ഞപ്പോൾ ഗോവയും രാജസ്ഥാനും പോലുള്ള സംസ്ഥാനങ്ങൾ സമ്മേളന ടൂറിസത്തിൽ (മൈസ്) ബഹുദൂരം മുന്നേറുന്ന കാഴ്ചയും നമുക്കു മുന്നിലുണ്ട്. ടൂറിസം വികസനവുമായി ബന്ധപ്പെട്ടു സൂക്ഷ്മതലത്തിൽ കൃത്യമായ ആസൂത്രണവും ഉൾക്കാഴ്ചയും വേണമെന്ന അഭിപ്രായം  മലയാള മനോരമ കെ‍ാച്ചിയിൽ ഒരുക്കിയ ചർച്ചയിൽ ഉയരുകയുണ്ടായി. പുതിയ കാലത്തിന്റെയും പുതിയ ലോകത്തിന്റെയും വിളിയൊച്ച കേട്ടു നമ്മുടെ ടൂറിസം നവമുഖം സ്വീകരിക്കാൻ ഇനിയും വൈകിക്കൂടാ.

ആഭ്യന്തരസഞ്ചാരികളുടെ ഈ റെക്കോർഡ് പ്രവാഹം നൽകുന്ന പുതിയ ഊർജം ടൂറിസം മേഖലയുടെ ബഹുമുഖവികസനത്തിനുവേണ്ടി കേരളം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതു സാധ്യമാക്കാൻ സർക്കാരും ടൂറിസം ഏജൻസികളും കൂടുതൽ കാര്യക്ഷമതയോടെ മുന്നിൽനിൽക്കണം. പൊട്ടിപ്പൊളിഞ്ഞ റോഡുകളും വഴിവക്കിൽ തള്ളിയ ചപ്പുചവറുകളും കൂട്ടംചേർന്നു നടക്കുന്ന തെരുവുനായ്ക്കളുമല്ല ഇവിടെയെത്തുന്നവരെ വരവേൽക്കേണ്ടത്. നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവരെ ദുരിതയാത്രകെ‍ാണ്ടു മുഷിപ്പിച്ചുകൂടാ. സഞ്ചാരീസൗഹൃദ മനോഭാവം കേരളത്തിന്റെ മുഖമുദ്രയാകട്ടെ.

English Summary : Number of Tourists to Kerala increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com