ADVERTISEMENT
trivandrum-sasi-tharoor

ബിജെപിയുടെ വ്യാജപ്രചാരണങ്ങൾ വിശ്വസിച്ച ചിലർ രാഹുൽ ഗാന്ധിയെ വിപണിമൂല്യമില്ലാത്ത ബ്രാൻഡായി കണ്ടു. ഭാരത് ജോഡോ യാത്രയിലൂടെ ആ കള്ളത്തരങ്ങളെല്ലാം അദ്ദേഹം പൊളിച്ചിരിക്കുന്നു. പക്ഷേ, യാത്രയുടെ ജയം തിരഞ്ഞെടുപ്പു ജയമാക്കി മാറ്റാൻ കോൺഗ്രസിനു കഴിയണം

ഭാരത് ജോഡോ യാത്ര പകുതിദൂരം പിന്നിട്ടുകഴിഞ്ഞു. ഇതുവരെയുള്ള എല്ലാ സൂചനകളും വ്യക്തമാക്കുന്നത് ഈ ദൗത്യം വൻ വിജയമായെന്നാണ്. ‘ഇന്ത്യയെ ഒന്നിപ്പിക്കുക’ എന്ന കാഹളം മുഴക്കി കന്യാകുമാരിമുതൽ കശ്മീർവരെ രാഹുൽ ഗാന്ധി നയിക്കുന്ന ഈ 150 ദിന യാത്രയിൽ ദിവസവും ആയിരക്കണക്കിനു ജനങ്ങളാണ് അണിചേരുന്നത്. സാധാരണക്കാരിൽ എത്രമാത്രം താൽപര്യമാണ് യാത്ര സൃഷ്ടിച്ചിരിക്കുന്നതെന്ന് അവരുടെ ആവേശത്തിൽനിന്നു തിരിച്ചറിയാം. വെള്ളിയാഴ്ച വരെ 88 ദിവസങ്ങളിലായി 7 സംസ്ഥാനങ്ങളിലെ 35 ജില്ലകളിലൂടെ 2400 കിലോമീറ്ററുകൾ പിന്നിട്ടുകഴിഞ്ഞു, ഭാരത് ജോഡോ യാത്ര. 

രാഹുൽ ഗാന്ധിയെപ്പറ്റി ബിജെപിയും അനുയായിവൃന്ദങ്ങളും നിരന്തരപ്രചാരണത്തിലൂടെ ഒരു ദശാബ്ദമായി കെട്ടിപ്പൊക്കിയ നിഷേധാത്മക പ്രതിഛായ തകർക്കാൻ സഹായിച്ചെന്നതാണ് ഈ യാത്രയുടെ ഒരു പ്രധാനഫലം. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽനിന്ന് അടർത്തിയെടുത്ത ഭാഗങ്ങൾ ബിജെപിയുടെ ട്രോൾ സൈന്യം നിരന്തരം പ്രചരിപ്പിച്ചു. മൂന്നു കാര്യങ്ങളാണ് അവർ രാഹുലിനെപ്പറ്റി പ്രചരിപ്പിച്ചത്. ഒന്ന്, അദ്ദേഹം കാര്യങ്ങളെ ഗൗരവത്തോടെ എടുക്കുന്ന ആളല്ലെന്നും എന്തെങ്കിലും ഒരു ക്യാംപെയ്ൻ പകുതിയിൽ നിർത്തി വിദേശത്തേക്ക് അവധിയിൽ പോകുന്ന ആളാണെന്നും.

രണ്ടാമത്തേത്, അദ്ദേഹത്തെ ആർക്കും കാണാൻ കിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾക്കു നേരെ അദ്ദേഹം ഒരു ശ്രദ്ധയും ചെലുത്തുന്നില്ലെന്നും. കോൺഗ്രസ് വിട്ട പല നേതാക്കളും ഉന്നയിച്ച പരാതിയും ഇതായിരുന്നു. മൂന്നാമത്തേത്, അദ്ദേഹം കഴമ്പുള്ള ആളല്ലെന്നും ഒട്ടും കാര്യഗൗരവമില്ലാത്ത പപ്പു ആണെന്നും. ഇതൊന്നും പക്ഷേ, രാഹുൽ ഗാന്ധി എന്ന മനുഷ്യന്റെ യഥാർഥ ചിത്രങ്ങളായിരുന്നില്ല. എന്നാൽ, പ്രചാരണങ്ങളിൽ വീണ ചിലരെങ്കിലും അദ്ദേഹത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിപണി മൂല്യമില്ലാത്ത മങ്ങിയ ബ്രാൻഡായി കണ്ടുതുടങ്ങി. 

ഈ മൂന്നു വിരുദ്ധചിത്രങ്ങളും ഒന്നാന്തരം കള്ളങ്ങളായിരുന്നെന്നു ഭാരത് ജോഡോ യാത്ര തെളിയിച്ചിരിക്കുന്നു. ദിവസവും 22 കിലോമീറ്റർ ജനങ്ങൾക്കൊപ്പം നടക്കുന്ന രാഹുൽ ഗാന്ധിയുടെ അപാരമായ ദൃഢനിശ്ചയവും ശാരീരികക്ഷമതയും പരക്കെ ആദരിക്കപ്പെട്ടു. പിന്തിരിയലോ പകുതിയിൽ നിർത്തലോ ഇല്ല; യാത്രയിൽ ഉറച്ചു മുന്നേറുകയാണ് അദ്ദേഹം. ജനങ്ങൾക്ക് അപ്രാപ്യനാണെന്ന വാദവും പൊളിഞ്ഞിരിക്കുന്നു. കാൽനടയാത്രയ്ക്കിടയിൽ അദ്ദേഹം പല മേഖലകളിലുള്ള ആളുകളുമായി സംവദിക്കുന്നു. പല തട്ടിലുള്ള ജനങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹികപ്രവർത്തകർ എന്നിവരുമായി സംസാരിക്കുന്നു, അവരുടെ കൈപിടിക്കുന്നു, അവരുടെ പ്രശ്നങ്ങളും ആശങ്കകളും സഹാനുഭൂതിയോടെ കേൾക്കുന്നു.

ഒരു ദിവസം നെയ്ത്തുകാരുമായി, അടുത്തദിവസം മത്സ്യത്തൊഴിലാളികളുമായി, തുടർന്ന് കലാകാരന്മാരുമായി, വനവാസികളുമായി ഒക്കെ അദ്ദേഹം തുടർച്ചയായി സംവദിക്കുന്നു. കൂടാതെ, അവരുടെ പ്രശ്നങ്ങളും മറ്റു വിഷയങ്ങളും ഉന്നയിച്ചു പത്രസമ്മേളനങ്ങൾ നടത്തുന്നു. നമ്മുടെ പ്രധാനമന്ത്രി ഒരിക്കൽപോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ. ഈ വൻവിജയത്തിനിടയിലും കോൺഗ്രസ് പാർട്ടിയുടെ ആശങ്ക തിരഞ്ഞെടുപ്പു ജയത്തെപ്പറ്റിയാണ്. ഭാരത് ജോഡോ യാത്ര തെലങ്കാനയിലെ മുനുഗോഡ മണ്ഡലത്തിൽ എത്തിയപ്പോൾ അവിടെ ഉപതിരഞ്ഞെടുപ്പു കാലമായിരുന്നു.

കോൺഗ്രസ് സ്ഥാനാർഥി പാൽവെ ശ്രാവന്തി റെഡ്ഡിക്കുവേണ്ടി രാഹുൽ പ്രചാരണപ്രസംഗം നടത്തി. പക്ഷേ, സ്ഥാനാർഥി മൂന്നാം സ്ഥാനത്താകുകയും കെട്ടിവച്ച തുക നഷ്ടപ്പെടുകയും ചെയ്തു. ഇതിനു പാർട്ടിയുടെ പ്രതികരണം, ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പുജയം ഉന്നംവച്ചുകൊണ്ടുള്ളതല്ല എന്നായിരുന്നു. പക്ഷേ, ഇതു ന്യായമായ ഒരു ചോദ്യമുയർത്തുന്നുണ്ട്: രാഷ്ട്രീയം നമ്മുടെ ആശയങ്ങളെ അധികാരസ്ഥാനത്തേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ളതല്ലേ? തിരഞ്ഞെടുപ്പു ജയമില്ലാതെ അതെങ്ങനെ സാധിക്കും ?

രാഹുൽ ഗാന്ധിതന്നെ പറയുകയുണ്ടായി: ‘‘ഈ യാത്ര ഒരു പ്രത്യേക സന്ദേശം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യൻ ജനതയെ കേൾക്കുകയും യാത്ര പൂർത്തിയാക്കുകയും ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാൻ ചിന്തിക്കുന്നില്ല. ഞാൻ കോൺഗ്രസിനെപ്പറ്റി ആലോചിക്കുന്നില്ല. സംഘടനയെപ്പറ്റി ചിന്തിക്കുന്നില്ല. തിരഞ്ഞെടുപ്പിനെയോ മറ്റൊന്നിനെപ്പറ്റിയോ ആലോചിക്കുന്നില്ല. ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ എന്ന ആശയത്തെ ഉറപ്പിച്ചു നിർത്താനുള്ള ഒരു തപസ്യയാണിത്’’

മറ്റു രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായും സാമൂഹിക സംഘടനകളുമായുമൊക്കെ സംവദിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന ഇത്തരമൊരു ദൗത്യം ഉറപ്പായും ഒരു രാഷ്ട്രീയ സന്ദേശം നൽകുന്നുണ്ട്. അത് ഇതാണ്: ‘ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്ഥാൻ’ എന്ന അജൻഡ ഉയർത്തി സംഘപരിവാർ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ ഇന്ത്യയെ വിഭജിക്കാൻ നടത്തുന്ന ശ്രമം തടയാൻ ശേഷിയുള്ള ഏകപാർട്ടി കോൺഗ്രസാണ്. കൂടാതെ, സാധാരണക്കാരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ യാത്ര ഉന്നയിക്കുന്നുണ്ട്: പണപ്പെരുപ്പം, തൊഴിലില്ലായ്മ, കഠിനമായ ജീവിതസാഹചര്യങ്ങൾ തുടങ്ങിയവ.

എല്ലാവരെയും ഉൾക്കൊണ്ടുള്ള ഒരു ഇന്ത്യ എന്ന ആശയം യാത്ര വിജയകരമായി മുന്നോട്ടുവയ്ക്കുന്നു. മതത്തിനും ജാതിക്കും പ്രാദേശികവാദത്തിനും ഭാഷയ്ക്കും അതീതമായി എല്ലാവരുടേതുമായ ഇന്ത്യ. എന്നാൽ, അത് ഉറപ്പായും വോട്ടായി മാറേണ്ടതുണ്ട്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞാൻ ഉന്നയിച്ചത്, 2014ലും 2019ലും പാർട്ടിയെ പിന്തുണച്ച 19 ശതമാനം ജനങ്ങൾക്ക് അപ്പുറത്തേക്കു നമ്മുടെ സ്വാധീനം വളർത്താൻ വഴി കണ്ടുപിടിക്കണം എന്നതായിരുന്നു. അവരെ നമ്മുടെ ഉറച്ച പിന്തുണക്കാരാക്കണം.

ഹിന്ദുത്വവാദം എന്നതിനപ്പുറത്തുള്ള കാരണങ്ങളാൽ ബിജെപിയിലേക്കു ചാഞ്ഞ വോട്ടർമാരെ നമുക്ക് തിരിച്ചുകൊണ്ടുവരണം. നമ്മുടെ ആശയങ്ങൾ പ്രചരിപ്പിക്കുകവഴി ഭാരത് ജോഡോ യാത്രയ്ക്ക് ഈ ലക്ഷ്യത്തിലേക്കു നമ്മെ നയിക്കാൻ കഴിയും. അമിതാധികാര പ്രയോഗത്തിലും വിഭജനത്തിലും ഊന്നിയുള്ള ബിജെപി ഭരണത്തിൽ നിരാശപ്പെടുന്ന ജനതയെ സംബന്ധിച്ചിടത്തോളം വിജയകരമായ യാത്രയും ഒപ്പം തിരഞ്ഞെടുപ്പു വിജയവും ഒരുപോലെ നാം നിർവഹിക്കേണ്ടത് ആവശ്യമാണ്. 2024ൽ നമുക്കു മുന്നിലുള്ള വെല്ലുവിളി അതുതന്നെയാണ്. 

വാൽക്കഷണം

കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു: ‘‘എന്റെ പ്രതിഛായയെ താറടിക്കാൻ ബിജെപി കോടിക്കണക്കിനു രൂപ വിനിയോഗിച്ചു. എന്നിട്ടവർ എന്റെ വ്യാജ പ്രതിഛായ സൃഷ്ടിച്ചു. അതെന്നെ അപകീർത്തിപ്പെടുത്തും എന്ന് ആളുകൾ ചിന്തിക്കുന്നു. യഥാർഥത്തിൽ അതെനിക്കു നേട്ടമാണ്. കാരണം, സത്യം എനിക്കൊപ്പമാണ്. സത്യത്തെ മറച്ചുവയ്ക്കാനാവില്ല. എന്റെ പ്രതിഛായ തകർക്കാൻ അവർ കൂടുതൽ പണം വിനിയോഗിക്കുമ്പോൾ എനിക്കു കൂടുതൽ ശക്തി ലഭിക്കുകയാണു ചെയ്യുന്നത്’’. 

രാഹുലിനെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ നിരന്തരശ്രമങ്ങളെ തീർച്ചയായും ജോഡോ യാത്ര പരാജയപ്പെടുത്തിയിരിക്കുന്നു.‘‘ഒരു വ്യക്തി ഒരു രാഷ്ട്രീയ നിലപാടെടുക്കുമ്പോൾ ഉറപ്പായും അയാൾക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ ഉണ്ടാകും. വൻശക്തികളെ എതിരിടുമ്പോൾ പ്രത്യേകിച്ചും. നിങ്ങൾ ആർക്കെതിരെയും പോരാടാതിരിക്കുകയും പൊങ്ങുതടി പോലെ നിൽക്കുകയും ചെയ്യുകയാണെങ്കിൽ ഒരാക്രമണവും ഉണ്ടാവില്ല.

അതിനാൽത്തന്നെ എപ്പോഴൊക്കെ ഞാൻ ആക്രമിക്കപ്പെടുന്നുണ്ടോ അപ്പോഴൊക്കെ ഞാൻ ശരിയായ ദിശയിലാണു സഞ്ചരിക്കുന്നതെന്ന് എനിക്കു വ്യക്തമാകുന്നു’’. സ്വന്തം പ്രതിഛായയിൽ ഒട്ടും താൽപര്യമില്ലെന്നും അദ്ദേഹം പറയുന്നു. അതേ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി രാഹുൽ പറഞ്ഞു: ‘‘വർഷങ്ങൾക്കുമുൻപുതന്നെ ഞാൻ രാഹുൽ ഗാന്ധിയെ ഉപേക്ഷിച്ചു. രാഹുൽ ഗാന്ധി നിങ്ങളുടെ മനസ്സിലാണ്, എന്റെ ഉള്ളിലല്ല. നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കൂ, അതാണ് നമ്മുടെ രാജ്യത്തിന്റെ തത്വസംഹിതകൾ പറയുന്നത്’’.

English Summary : Rahul Gandhi's Bharat Jodo Yatra route to Congress victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com