ADVERTISEMENT

പിൻവാതിൽ നിയമനം പല രൂപത്തിൽ എല്ലാക്കാലത്തും നടന്നിരുന്നു. എന്നാൽ, ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്തേതുപോലെ സർവവ്യാപിയായി എല്ലാ വകുപ്പുകളിലും കടന്നുകയറുന്ന രീതിയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. മേൽ,കീഴ്ഘടക വ്യത്യാസമില്ലാതെ നേതാക്കളുടെ ഫാമിലി റിക്രൂട്മെന്റും ഇത്തവണയാണ് ഇത്രയും വർധിച്ചത്. സിപിഎം കേഡർമാർക്കു ജോലി ഉറപ്പാക്കുന്നു. സമാന്തരമായി പാർട്ടിയുടെ വളർച്ചയും നടക്കുന്നു.

തസ്തികയനുസരിച്ച് ഒരു മാസത്തെയോ ഒന്നോ രണ്ടോ ദിവസത്തെയോ ശമ്പളം പാർട്ടി ഫണ്ടിലേക്കോ പാർട്ടി പത്രത്തിന്റെ വരിസംഖ്യയായോ ‘ഔദ്യോഗിക പിരിവി’ന്റെ ഭാഗമായി വാങ്ങും. 1959ലെ കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസി ആക്ട് പ്രകാരം സർക്കാർ, അർധ സർക്കാർ, കമ്പനി, കോർ‌പറേഷൻ എന്നിവിടങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടിട്ടില്ലെങ്കിൽ അവിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന മാത്രമേ നിയമനം നടത്താവൂ.

പല ജോലികൾക്കും ആവശ്യമായ സാങ്കേതിക യോഗ്യത ഉള്ളവരെ കിട്ടുന്നില്ലെന്ന കാരണം പറഞ്ഞാണ് മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നടത്തിയിരുന്നത്. ഇതിനു പരിഹാരമായി പ്രഫഷനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൊണ്ടുവന്നു. എന്നിട്ടും യഥേഷ്ടം പിൻവാതിൽ കരാർ നിയമനങ്ങൾ തുടരുന്നു. സർക്കാരുണ്ടാക്കിയ നിയമങ്ങൾ സർക്കാർതന്നെ ലംഘിച്ചാണ് ഈ സമാന്തര റിക്രൂട്മെന്റ് സംഘത്തെ വളർത്തിയെടുക്കുന്നത്. പിടിപാടില്ലാത്തവരുടെ പ്രതീക്ഷയായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങളിൽപോലും രാഷ്ട്രീയ ഇടപെടലുമായി സംഘം കടന്നുകയറിയിട്ടുണ്ട്.

അവിടെയുമുണ്ട് ഇവിടെയുമുണ്ട് 

ബന്ധപ്പെട്ട സ്ഥാപനം ഒഴിവുകൾ അറിയിക്കുന്നതോടെയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ നിയമനപ്രക്രിയ ആരംഭിക്കുന്നത്. ഓരോ തസ്തികയിലേക്കും പിഎസ്‌സി നിശ്ചയിച്ച അതേ യോഗ്യതയനുസരിച്ചാണ് ഉദ്യോഗാർഥികളെ അഭിമുഖത്തിനു തിരഞ്ഞെടുക്കുക. ആ തസ്തികയിൽ അവസാനം നടന്ന നിയമനം ഏതു വിഭാഗത്തിനാണെന്നു കമ്യൂണിറ്റി റിസർവ് റോസ്റ്റർ (സിആർആർ) പരിശോധിക്കും. തുടർന്ന്, നിയമനം പൊതുവിഭാഗത്തിൽ വേണോ സംവരണ വിഭാഗത്തിൽ വേണോ എന്നു തീരുമാനിക്കും. റജിസ്ട്രേഷൻ, ജനനത്തീയതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള സീനിയോറിറ്റി കൂടി പരിഗണിച്ച് പട്ടിക തയാറാക്കും. ഒരൊഴിവിലേക്ക് 9 പേരുടെ പട്ടികയാണു നൽകുക.

ഇതിനു പുറമേ ഭിന്നശേഷി വിഭാഗത്തിൽപെട്ട ഒരു ഉദ്യോഗാർഥിയെ ഓരോ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ചിൽനിന്നും തിരഞ്ഞെടുക്കും. തൊഴിൽ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പട്ടിക തയാറാക്കുന്നത്. ഈ പട്ടിക ബന്ധപ്പെട്ട സ്ഥാപനത്തിനു നൽകും. സ്ഥാപനമാണ് അഭിമുഖം നടത്തി നിയമനം നടത്തുന്നത്. ആർക്കാണു  നിയമനം നൽകിയതെന്ന വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കും. ആറു മാസത്തേക്കായിരിക്കും നിയമനം. ആരോഗ്യവകുപ്പിലെ ഗ്രേഡ് 2 അറ്റൻഡർ, മറ്റു വകുപ്പുകളിലെ പാർട്‌ടൈം സ്വീപ്പർ എന്നീ തസ്തികകളിൽ സ്ഥിരനിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്നു. 

കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക തയാറാക്കും. തുടർന്ന് അഭിമുഖവും നിയമനവും നടക്കുമ്പോഴാണ് രാഷ്ട്രീയ ഇടപെടലുമായി പിൻ‘അണി’ സംഘമെത്തുന്നത്. നിയമനം നടത്താനുള്ള അധികാരം തൊഴിൽ നൽകുന്ന സ്ഥാപനത്തിനായതിനാൽ ഇതിൽ എക്സ്ചേഞ്ചിന് ഇടപെടാനും കഴിയില്ല. സംവരണതത്വങ്ങൾ പാലിച്ചാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾ. പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുമ്പോൾ ഇതു പാലിക്കാത്തതിനാൽ സാമൂഹികനീതിയും അട്ടിമറിക്കപ്പെടുന്നു.

പട്ടികയിലുള്ളവർ മാറി നിൽക്കൂ; പാർട്ടിക്കാർ കടന്നുവരട്ടെ...

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങളിലെ അട്ടിമറി എന്ന പാഠഭാഗത്തിൽ സംശയങ്ങൾ ഉള്ളവർക്ക് കണ്ണൂർ സർവകലാശാലയുടെ ‘സിലബസ്’ അതുപോലെ പകർത്താവുന്നതാണ്. 13 തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകിയ പട്ടികകൾ 5 മുതൽ 8 മാസം വരെയായി ‘കോൾഡ് സ്റ്റോറേജിൽ’ വച്ചുള്ള പരീക്ഷണത്തിലാണ് സർവകലാശാല. കംപ്യൂട്ടർ അസിസ്റ്റന്റ്, ഹാർഡ്‌വെയർ ടെക്നിഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ, ജൂനിയർ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, സിസ്റ്റം മാനേജർ, ലൈബ്രറി അസിസ്റ്റന്റ്, പ്രഫഷനൽ അസിസ്റ്റന്റ് ഗ്രേഡ് 2, ഇലക്ട്രിഷ്യൻ, ഇലക്ട്രിക്കൽ ഹെൽപർ, ഓഫിസ് അറ്റൻഡന്റ്, ഓവർസിയർ ഗ്രേഡ് 2, മേട്രൺ തസ്തികകളിലെ 70ൽ പരം ഒഴിവുകളിലേക്കാണു പട്ടിക നിലവിലുള്ളത്.

ഈ തസ്തികകളിൽ 5 മുതൽ 10 വർഷം വരെയായി താൽക്കാലികക്കാരായി തുടരുന്നവരുണ്ട്. തുടർച്ചയായി 10 വർഷം പൂർത്തിയാക്കിയവരെന്ന നിലയിൽ, ഇവർക്കു സ്ഥിരനിയമനം നൽകാൻ വേണ്ടിയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക പൂഴ്ത്തിയിരിക്കുന്നത്. യുഡിഎഫ് അനുകൂല സംഘടനാ നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് ഒഴിവുകൾ എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യേണ്ടി വന്നതോടെയാണ് സർവകലാശാല കുടുങ്ങിയത്.

പട്ടിക നൽകിയാൽ ഒരു മാസത്തിനകം നിയമനം നടത്തണമെന്നും ജോലി ലഭിച്ചവരുടെയും ലഭിക്കാത്തവരുടെയും പട്ടിക തിരികെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ അറിയിക്കണമെന്നുമാണു നിയമം. നിയമനം ലഭിക്കാതെ പോയവരെ, മറ്റു സ്ഥാപനങ്ങളുടെ സമാന തസ്തികകളിലേക്കു പരിഗണിക്കാനാണിത്. കണ്ണൂർ സർവകലാശാല നിയമനം നടത്താത്തിടത്തോളം, പട്ടികയിലുള്ളവരെ മറ്റു സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനു പരിഗണിക്കുകയില്ല. ഉദ്യോഗാർഥികളുടെ വയറ്റത്തടിച്ചാലും പിൻവാതിൽ തുറക്കണമെന്ന സർവകലാശാലയുടെ ക്രൂരതയാണ് ഇവിടെ നടക്കുന്നത്.

ആകാശം കാണാതെ ഒളിപ്പിച്ച കോടതിവിധി

പിൻവാതിലിലൂടെ നിയമിക്കപ്പെടുന്നവരെ പിൻവാതിലിലൂടെ തന്നെ പുറത്താക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഉദ്ധരിച്ചും അനുബന്ധ വിധികൾ ചൂണ്ടിക്കാട്ടിയും ഉത്തരവുകൾ ധാരാളം ഇറങ്ങിയിട്ടുണ്ട്. പക്ഷേ, ഭരണത്തിന്റെ മറവിൽ പാർട്ടി വളർത്താൻ ശ്രമിക്കുമ്പോൾ ഇതെല്ലാം മൂടിവയ്ക്കപ്പെടുന്നു. താൽക്കാലികമായി നിയമിക്കപ്പെടുന്നവരെ സ്ഥിരപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്രത്തിനോ അധികാരമില്ലെന്ന് അസന്നിഗ്ധമായാണു സുപ്രീം കോടതി വിധിച്ചിട്ടുള്ളത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന മാസങ്ങളിൽ താൽക്കാലിക, ദിവസവേതന, കരാർ തൊഴിലാളികളെ വ്യാപകമായി സ്ഥിരപ്പെടുത്തിയതിനെതിരെ 2021 ഫെബ്രുവരി 22നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും ഇക്കാര്യം പറയുന്നുണ്ട്. ഉമാദേവി കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്ഥിരപ്പെടുത്തൽ കാര്യത്തിൽ അന്തിമമാണെന്നും ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നുമായിരുന്നു വിധി. എന്നാൽ, സർക്കാർ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

സർക്കാർ- അർധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതു ഭരണഘടനയുടെ 14,16 വകുപ്പുകളുടെ ലംഘനമാണെന്നായിരുന്നു ഉമാദേവി കേസിലെ സുപ്രീം കോടതി വിധി. നിയമത്തിനു മുന്നിലുള്ള തുല്യത, പൊതു സ്ഥാപനങ്ങളിൽ തൊഴിൽ അവസരങ്ങൾക്കുള്ള തുല്യത എന്നിവയാണ് ആ വകുപ്പുകൾ. മനുഷ്യത്വത്തിന്റെ പേരിൽ, 2006 മാർച്ച് വരെ പത്തുവർഷം സർവീസുള്ള താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയാണെന്നും മേലിൽ ഇത് ആവർത്തിക്കരുതെന്നും വിധിയിലുണ്ടായിരുന്നു. 2012ൽ മറ്റൊരു കേസിലും ഉമാദേവി കേസ് വിധി ഉദ്ധരിച്ച് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് അനധികൃത നിയമനങ്ങൾ എതിർത്തിരുന്നു.

വേണമെങ്കിൽ ഹർത്താൽ മാറ്റട്ടെ;  അതല്ലേ ഹീറോയിസം 

വാശിയുടെ പുറത്ത് രാത്രി 12ന് ഒഴിവു റിപ്പോർട്ട് ചെയ്ത് യുവതിയുടെ ജീവിതം തകർത്തത് ക്രൂരവും വിചിത്രവുമായ മനസ്സുള്ള ഉദ്യോഗസ്ഥനാണ്. പക്ഷേ, മറുവശത്ത് ഉന്നതരാണെങ്കിൽ ഇദ്ദേഹത്തെപ്പോലുള്ളവർ ഏതു നിയമവും മാറ്റിയെഴുതുകയും എത്ര താഴാനും തയാറാവുകയും ചെയ്യും. 2019 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന അഭിമുഖവും തുടർന്നുണ്ടായ നിയമനവും ഇതിനുദാഹരണമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ഹർത്താൽ പ്രഖ്യാപിച്ചെന്നു കേട്ടാൽ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും മാറ്റിവയ്ക്കുന്ന പതിവ് പക്ഷേ, അന്നുണ്ടായില്ല. എനർജി മാനേജ്മെന്റ് സെന്ററിലെ നിയമനത്തിനുള്ള അഭിമുഖത്തിൽ, അന്ന് മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ നേതാവിന്റെ മകൻ പങ്കെടുക്കുന്നുണ്ടെന്നതായിരുന്നു കാരണം. ചില സ്ഥാപനങ്ങളിലെ നിയമനങ്ങൾ വേണ്ടപ്പെട്ടവരെ കുടിയിരുത്തുന്നതിനു വേണ്ടിയാണെന്ന സൂചനകൾ ശരിവയ്ക്കുന്ന നീക്കങ്ങളാണ് അന്നു  നടന്നത്.  വാഹനമില്ലാത്തതിനാൽ പലരും ഏറെ ബുദ്ധിമുട്ടിയാണ് അഭിമുഖത്തിൽ പങ്കെടുത്തത്. റാങ്ക് ലിസ്റ്റിൽ നിന്ന് 4 പേരെ നിയമിച്ചു. പട്ടികയിൽ രണ്ടാമനായ മന്ത്രിപുത്രനും കിട്ടി 39,500– 83,000 രൂപ ശമ്പള സ്കെയിലിൽ നിയമനം.

ഒന്നാം ക്ലാസോടെ ബിടെക് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും വേണ്ട തസ്തികയിലേക്ക്, എംടെക് ബിരുദവും 5 വർഷത്തെ പ്രവർത്തന പരിചയവുമുള്ളവരെ പിന്തള്ളിയാണ് ബിടെക് ബിരുദക്കാരനായ മന്ത്രിപുത്രനെ നിയമിച്ചത്. ഊർജവകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലെ നിയമങ്ങൾ 2016ൽതന്നെ പിഎസ്‌സിക്കു വിട്ടുകൊടുക്കാൻ വകുപ്പ് ശുപാർശ നൽകിയിരുന്നു. 2018 നവംബറിൽ ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവിറക്കിയെങ്കിലും എനർജി മാനേജ്മെന്റ് സെന്ററിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിടാൻ തയാറാകാത്തത് ഇനിയും അതുവഴി പിൻവാതിൽ തുറക്കാൻ ആളെത്തും എന്നതുകൊണ്ടുതന്നെയാണ്.

നിയമനമഴയിൽ വെയിലേറ്റ് വാടിയവർ 

ഏതു ജോലിയും ചെയ്യാമെന്ന് എഴുതിക്കൊടുത്തിട്ടും നിയമനപട്ടികകളുടെ പുറത്തായ ആയിരക്കണക്കിനുപേരുടെ പ്രതിനിധികളാണ് ഇവർ. അയോഗ്യത ഇത്രമാത്രം: അടുത്ത ബന്ധുക്കളായി നേതാക്കളില്ല, കൈക്കൂലി നൽകാൻ പണവുമില്ല...താൽക്കാലിക ജോലിയെങ്കിലും സ്വപ്നംകണ്ട് ദിവസങ്ങൾ തള്ളിനീക്കുന്ന ഇവരെപ്പോലുള്ളവർ അറിയുന്നുണ്ടോ, ഭാര്യയ്ക്കും മക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഇഷ്ടപ്പെട്ട ജോലി സംഘടിപ്പിച്ചു കൊടുത്തു ജീവിതം ഭദ്രമാക്കുന്ന നേതാക്കന്മാരുടെ കഥകൾ. അക്കഥകൾ കൂടി അറിയുമ്പോഴാണ് ഈ വഴിയിൽ വെയിലേറ്റു വാടിയ അനേകലക്ഷം പേരുടെ സങ്കടങ്ങൾ അണപൊട്ടുക. 

Content Highlight: Backdoor Appointments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com