ആതുരസേവനം മാനിക്കപ്പെടണം

HIGHLIGHTS
  • ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ടുകൂടാ
SHARE

മറക്കരുതാത്ത ജീവപാഠം തന്നെയാണത്: ആയുസ്സു പണയംവച്ച് കുറെപ്പേർ ആരോഗ്യസേവനം ചെയ്യുന്നതുകൊണ്ടുകൂടിയാണ് നമ്മൾ ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ കേരളത്തിന്റെയാകെ ഉത്തരവാദിത്തമാണെന്നതുകൂടി ആ പാഠത്തോടു ചേർത്തുവായിക്കേണ്ടതാണെങ്കിലും നിർഭാഗ്യവശാൽ അതല്ല പലപ്പോഴും നടക്കുന്നത്. ആരോഗ്യപ്രവർത്തകരും ആശുപത്രികളും നിർദയം ആക്രമിക്കപ്പെടുന്നു; ആതുരസേവനം അപമാനിക്കപ്പെടുന്നു.

യുദ്ധങ്ങളിൽപോലും ആശുപത്രികളും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടാറില്ല. ഇതൊരു രാജ്യാന്തരചട്ടമാണ്. എന്നാൽ, ഇവിടെ ആതുരസേവന മേഖല പലപ്പോഴും അക്രമങ്ങൾക്ക് ഇരയാവുന്നു. ആശുപത്രികളിൽനിന്നുള്ള സേവനം തൃപ്തികരമല്ലെങ്കിൽ പരാതി ഉന്നയിക്കാനും പരിഹാരം തേടാനും വേണ്ട സംവിധാനങ്ങൾ നിലവിലുണ്ട്. അതിനു മുതിരാതെ, പ്രതികരണം വൈകാരിക പ്രകടനങ്ങളാവുമ്പോഴാണ് അതിക്രമങ്ങളുണ്ടാവുന്നത്. ഇത്തരം ഓരോ സംഭവമുണ്ടാകുമ്പോഴും ആതുരശുശ്രൂഷയുടെ മൂല്യം തിരിച്ചറിയാനുള്ള സമൂഹത്തിന്റെ ശേഷി ആവർത്തിച്ചു ചോദ്യംചെയ്യപ്പെടുന്നു.

ഡോക്ടർമാർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു കുറ്റക്കാരെ പിടികൂടണമെന്നു ഹൈക്കോടതി ഉത്തരവിട്ടതു തീർച്ചയായും ഉചിതംതന്നെ. ആശുപത്രി സേവനങ്ങളും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും സംബന്ധിച്ച കേസുകളിൽ, ഇത്തരം അതിക്രമങ്ങൾ വർധിക്കുന്നതിൽ കോടതി കടുത്ത ആശങ്കയാണു പ്രകടിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ചവിട്ടിയ സംഭവം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണു കോടതി നടപടി.

ഉയർന്ന ചിന്താഗതിയുണ്ടെന്നു കരുതുന്ന കേരളത്തിൽപോലും ഇത്തരം സംഭവങ്ങൾ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടിക്കടി ഉണ്ടാകുന്നു. പരിമിത സൗകര്യങ്ങളിൽ, സാമൂഹികപ്രതിബദ്ധത കൊണ്ടുമാത്രം സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നവരാണു മിക്ക ഡോക്ടർമാരും. ഒരു സാഹചര്യത്തിലും അവരുടെ ആത്മവിശ്വാസം തകർന്നുകൂടാ. പരസ്പരവിശ്വാസത്തിലധിഷ്ഠിതമായ ഡോക്ടർ – രോഗി ബന്ധത്തിന് ഉലച്ചിൽ തട്ടാതിരിക്കാനും ശ്രദ്ധയുണ്ടാവണം. ഇത്തരം അതിക്രമങ്ങൾ, സാധാരണക്കാർക്ക് അഭയമായ സർക്കാർ ആശുപത്രികളിൽനിന്നു രോഗികളെ മാത്രമല്ല, ഡോക്ടർമാരെയും അകറ്റാൻ കാരണമായേക്കാം.

സർക്കാർ മേഖലയിൽ ഉൾപ്പെടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ, ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഇല്ലെങ്കിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പ്രവർത്തിക്കാനാകില്ലെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഓർമിപ്പിച്ചത് ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാകുന്നു. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ 2021 ജൂണിനു ശേഷം 138 കേസുണ്ടായെന്ന ഞെട്ടിക്കുന്ന കണക്കും കോടതി ചൂണ്ടിക്കാട്ടി.

രോഗിയുടെ നെഞ്ചിലെ മിടിപ്പും സ്വന്തം ജീവന്റെ താളവും ഒന്നുതന്നെയാണെന്നു തിരിച്ചറിയുന്ന ഒട്ടേറെ ഡോക്‌ടർമാരുടെ പ്രതിബദ്ധതയെ മുൻനിർത്തിവേണം, ഇപ്പോഴത്തെ ഭീഷണസാഹചര്യം വിലയിരുത്താൻ. മനഃപൂർവമല്ലാത്ത പിഴവുകളുടെ പേരിലും മറ്റും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ചീത്ത പറയാനും ആക്രമിക്കാനും മുതിരുന്നവർ എത്രയോ പേരുടെ സമർപ്പിതസേവനത്തെയാണ് അപമാനിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സർവസജ്ജരായി നിലയുറപ്പിച്ചതുകൊണ്ടാണ് ജനങ്ങൾക്കു സമാധാനത്തോടെയും സുരക്ഷയോടെയും കഴിയാനായതെന്നുകൂടി നന്ദിപൂർവം ഓർക്കേണ്ടതുണ്ട്.

ചികിത്സയിലൂടെയും സ്നേഹസ്പർശത്തിലൂടെയും രോഗികൾക്ക് ആശ്വാസം നൽകുന്ന നൂറുകണക്കിനു ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും നമ്മുടെ നാട്ടിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമുണ്ട്. ഇതിനകം പല ഉത്തരവുകൾ ഉണ്ടായിട്ടും ഔദ്യോഗിക സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുകയോ ജനം ആരോഗ്യ പ്രവർത്തകർക്ക് അർഹിക്കുന്ന ആദരം നൽകുകയോ ചെയ്യുന്നില്ലെന്നു ഹൈക്കോടതി പറഞ്ഞതു ഗൗരവത്തോടെ വേണം നാം കേൾക്കാൻ. ആതുരശുശ്രൂഷ തോൽക്കാതിരിക്കാൻ വേണ്ട അവശ്യജാഗ്രതയാണിത്.

Content Highlight: Health sector need to be protected and respected

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS