ADVERTISEMENT

ഉദ്യോഗം കാത്തിരുന്ന ഒരു പാവം യുവതിയുടെ  സ്വപ്നങ്ങൾ തന്റെ പ്രതികാരത്തിന്റെ ചൂടിൽ തകർത്ത ആ മനുഷ്യൻ എന്തു നേടി?  സംഘടിതശക്തിയും അധികാരത്തിന്റെ ലഹരിയും കൂടെയുള്ളപ്പോൾ തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇത്തരക്കാർക്കറിയാം. ഇവിടെയും തോൽക്കുന്നത്, പാർട്ടി ബന്ധങ്ങളില്ലാത്ത സാധാരണക്കാർ

കേരളത്തിൽ ജീവിക്കുന്ന നമ്മളിൽ ആരെങ്കിലും സർക്കാർ ഓഫിസുകളിൽ പോയി ഒരിക്കലെങ്കിലും മനസ്സു മടുക്കാതിരുന്നിട്ടുണ്ടോ ? ഇല്ല എന്നതാണ് എന്റെ അനുഭവം. എന്തു കാര്യത്തിനായാലും ചില സർക്കാർ ഓഫിസുകളിൽ പോയാൽ ‘നാളെ വരൂ’ എന്നാകും പ്രതികരണം. പറഞ്ഞപ്രകാരം പിറ്റേന്നു ചെന്നാലോ ? മേലുദ്യോഗസ്ഥൻ അവധിയാണെന്നു പറയും. മേലുദ്യോഗസ്ഥനെ എങ്ങനെയെങ്കിലും കണ്ടെത്തി കാലുപിടിച്ചാലോ, ‘നോക്കട്ടെ’ എന്നാകും മറുപടി. നോക്കിയാലോ, എന്തെങ്കിലും മുടന്തൻന്യായം പറഞ്ഞു പിന്നെയും നടത്തിക്കും. ചിലരൊക്കെ ചില്ലറ ലക്ഷ്യങ്ങളോടെയാകും ഇങ്ങനെ പെരുമാറുന്നത്. സമയലാഭത്തിന്റെയും മറ്റു ബുദ്ധിമുട്ടുകളുടെയും കണക്കുവച്ച് നോക്കുമ്പോൾ ആവശ്യക്കാർക്കും അതാണു മെച്ചം. എന്നാൽ, മറ്റു ചിലരാവട്ടെ, തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന ലൈനിലായിരിക്കും; ഇക്കൂട്ടരാണ് ഏറെ അപകടകാരികൾ.

nisha

കരമടച്ചതിന്റെ രസീതിനുവേണ്ടി നടന്നുമടുത്ത് ഒടുവിൽ കോഴിക്കോട് തിരുവമ്പാടിക്കാരൻ മാത്യു എന്ന കർഷകൻ ആത്മഹത്യയിൽ അഭയം തേടിയെങ്കിൽ, തിരുവനന്തപുരം വെള്ളറടയിൽ ഒരു എഴുപത്തിയഞ്ചുകാരൻ ഉദ്യോഗസ്ഥരുടെ ‘വലിപ്പിക്കലിൽ’ സഹികെട്ട് വില്ലേജ് ഓഫിസ് ആകമാനം അഗ്നിക്കിരയാക്കാൻ മണ്ണെണ്ണ ടിന്നുമായി ചെന്നു.

ഇത്തരം ദുരനുഭവങ്ങൾക്കിടെയാണ് നമുക്കൊരു ‘മാതൃകാ സർക്കാർ ഉദ്യോഗസ്ഥനെ’ അടുത്തിടെ കാണാൻ സാധിച്ചത്. ‘പത്തു മണി കഴിഞ്ഞ് കസേരയിലമരുകയും അഞ്ചുമണി അടിക്കും മുൻപേ കസേര വിട്ടോടുകയും ചെയ്യുന്നു’വെന്ന് ആക്ഷേപമുള്ള സർക്കാർ ഉദ്യോഗസ്ഥരിൽനിന്നു തീർത്തും വ്യത്യസ്തനാണ് സെക്രട്ടേറിയറ്റിലെ ഈ ഉദ്യോഗസ്ഥൻ. തന്റെ പ്രവൃത്തിസമയം കഴിഞ്ഞിട്ടും ഒരു ഉദ്യോഗാർഥിയുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ പാതിരാത്രി മേലുദ്യോഗസ്ഥന്റെ വീടുവരെ സ്വന്തം ചെലവിൽ യാത്ര ചെയ്ത്, അദ്ദേഹത്തെ നിദ്രയിൽനിന്നു വിളിച്ചുണർത്തി കടലാസിൽ രാജകീയമുദ്ര ചാർത്തിച്ച് തിരിച്ച് അർധരാത്രിയിൽത്തന്നെ ഓഫിസിലെത്തി. ദിവസം അവസാനിക്കാനുള്ള പന്ത്രണ്ടാം മണി അടിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് ഇ–മെയിൽ വഴി ബന്ധപ്പെട്ട കേന്ദ്രത്തിലേക്കു കടലാസ് അയയ്ക്കാൻ അദ്ദേഹം കാണിച്ച ആ ശുഷ്കാന്തിയുണ്ടല്ലോ, അതിനെയാണു നമ്മൾ നമിക്കേണ്ടത്. അദ്ദേഹം ഇപ്പോൾ ഉപരിതല ഗുമസ്തനാണെന്നാണു ഞാൻ മനസ്സിലാക്കുന്നത്. അതിനും എത്രയോ മേലെയാണ് ആ വ്യക്തിയുടെ ‘ഉത്തരവാദിത്തബോധം’ എന്നു നമ്മൾ കാണാതെ പോകരുത്.

office

കേരള സർക്കാർ അടുത്തിടെ ആർക്കൊക്കെയോ വാരിക്കോരിക്കൊടുത്ത പത്മ മോഡൽ അവാർഡുകളിൽ ഉൾക്കൊള്ളിക്കാൻ വിട്ടുപോയ ഒരു വിഭാഗമുണ്ട്, ഇത്തരം സർക്കാർ ഉദ്യോഗസ്ഥർ. അടുത്ത വർഷം മുതൽ ഇത്തരം സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു അവാർഡെങ്കിലും നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നാണ് എന്റെ അപേക്ഷ. ബഹുമാനപ്പെട്ട തൊഴിൽ മന്ത്രി എം.ബി.രാജേഷ് തന്നെ മേൽപടിയാന്റെ ശുഷ്കാന്തിയെ അഭിനന്ദിച്ച സ്ഥിതിക്ക്, ഞാനും ഈ ശുഷ്‌കാന്തനുവേണ്ടി ശുപാർശ നടത്തിയില്ലെങ്കിൽ അതു കുറച്ചിലായിപ്പോകും.

കേരളത്തിലെ ലക്ഷക്കണക്കിന്  അഭ്യസ്തവിദ്യർ സർക്കാർജോലി എന്ന സ്വപ്നത്തിൽ ജീവിക്കുന്നവരാണ്. മറ്റെല്ലാവരെയും പോലെ ജീവിതസുരക്ഷ തന്നെയാണ് അവരുടെയും ലക്ഷ്യം. ‘സർക്കാർ ജോലി കിട്ടിയിട്ടുവേണം ഒരു വായ്പയെടുക്കാൻ’ എന്നതാണല്ലോ ഓരോ ഉദ്യോഗാർഥിയുടെയും കിനാവ്. അതിനായി ഒട്ടേറെത്തവണ പിഎസ്‌സി എഴുതിയവരും അതിലേറെ വർഷം ജോലിക്കായി കാത്തിരിക്കുന്നവരുമാണ് അവർ. പ്രതികാരത്തിന്റെ പേരിൽ ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നത് അയാളുടെ ജീവിതംതന്നെ നിഷേധിക്കുന്നതു പോലെയാണ്.

സമരങ്ങളോടു വിരോധമുള്ളയാളാണ് ഈ  ഉദ്യോഗസ്ഥനെന്നാണ് എനിക്കു തോന്നുന്നത്. കാരണം, ജോലി നിഷേധിക്കപ്പെട്ട ആ ഉദ്യോഗാർഥി സമരത്തിൽ പങ്കെടുത്തിരുന്നല്ലോ. ജോലിക്കു വേണ്ടിയുള്ള സമരമായിരുന്നു അത്. അതായത്, അവകാശ നിഷേധത്തിനെതിരെ. സംഗതി അങ്ങനെയൊക്കെയാണെങ്കിലും, ജോലി കിട്ടിയിട്ടുപോരേ മറ്റുള്ളവരുടെ സമരങ്ങളൊക്കെ!. നമ്മുടെ അവകാശങ്ങൾക്കുവേണ്ടി നമ്മൾ നടത്തുന്ന സമരങ്ങൾ മാത്രമാണല്ലോ യഥാർഥ സമരങ്ങൾ‌. ജോലി കിട്ടുംമുൻപേ സമരം ചെയ്യുന്നതിനെ അഹമ്മതി എന്നല്ലാതെ എന്താണു പറയുക! അത്തരം സമരവീര്യമുള്ള ഒരാളെ സർവീസിൽനിന്നു മാറ്റിനിർത്താൻ കാണിച്ച അദ്ദേഹത്തിന്റെ ശുഷ്കാന്തിക്കു പ്രത്യേക അനുമോദനം. നമ്മുടെ നാടും എന്നെങ്കിലും നന്നാകുമെന്ന് ഉറപ്പിക്കാൻ ഇത്തരം ‘ചുറുചുറുക്കുള്ള’ ഉദ്യോഗസ്ഥർ വേണം.

മുൻപൊക്കെ കണ്ണിൽച്ചോരയില്ലാത്ത ഇജ്ജാതിപ്പണികൾ ചെയ്യുമ്പോൾ ‘മുകളിൽ ഒരാൾ’ ഇതെല്ലാം കാണുന്നുണ്ടെന്നും ചെയ്ത തെറ്റിനു മുകളിലുള്ളവൻ ശിക്ഷ തരുമെന്നുമുള്ള പേടി ചിലർക്കെങ്കിലും ഉണ്ടായിരുന്നു. എന്നാൽ, സംഘടിതശക്തിയുടെ ബലം കൂടെയുള്ളിടത്തോളം കാലം തന്നെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നും ഇതെല്ലാം കാണുന്ന ആരും മുകളിൽ ഇരിപ്പില്ലെന്നും അദ്ദേഹത്തിനു തീർച്ചയാണ്. പോരാത്തതിന് അധികാരത്തിന്റെ ലഹരിയും. മറ്റുള്ളവരുടെ ജീവിതത്തിനുമേൽ കുതിരകയറാൻ ഇതൊക്കെയാണ് ഇവരെ പ്രാപ്‌തരാക്കുന്നത്. ഇവിടെയും തോൽക്കുന്നതു പാർട്ടിബലങ്ങളില്ലാത്ത സാധാരണക്കാർ തന്നെയാണ്.

അതുകൊണ്ട്, മേൽപറഞ്ഞ ശുഷ്കാന്തന്മാരെ തുറന്നുകാണിക്കാൻ കിട്ടുന്ന അവസരമായിവേണം  ഇതിനെ കാണാൻ.  മികച്ച ഉദ്യോഗസ്ഥനുള്ള പ്രത്യേക കേരളശ്രീ ഇയാൾക്കു കൊടുക്കാൻ നമ്മൾ ശബ്ദമുയർത്തേണ്ടതുണ്ട്. ഇനി അതിനു കഴിയുന്നില്ലെങ്കിൽ,  ഈ സ്തുത്യർഹ പ്രവൃത്തിക്ക് ഉടനടി അദ്ദേഹത്തിന് നല്ല പ്രമോഷൻ കൊടുക്കാൻ സർക്കാർ തയാറാകും എന്നെനിക്കു പ്രതീക്ഷയുണ്ട്.

(ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമാണ് ലേഖകൻ)

English Summary: Actor Joy Mathew on PSC Vacancy reporting row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com