ADVERTISEMENT

തിരുവനന്തപുരത്തെ ചില പുസ്തകശാലകളിൽനിന്ന് അപരിചിതരായ ചിലർ ഇയർ ബുക്കുകളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും വാങ്ങുന്നതായി കേൾക്കുന്നു. 

ഒന്നുകിൽ, അതു രാജ്ഭവനുവേണ്ടിയാകാം, അല്ലെങ്കിൽ നമ്മുടെ വൈസ് ചാൻസലർമാർക്കു വേണ്ടിയാവാം എന്നാണ് അപ്പുക്കുട്ടനും പ്രിയ സുഹൃത്ത് കഷ്ടകാൽജിയുംകൂടിയുള്ള ഉന്നത വിദ്യാഭ്യാസ ചർച്ചയിൽ കണ്ടെത്തിയത്. 

കേരളത്തിലെ ഒൻപതു സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നമ്മുടെ ഗവർണർജി ഡിസംബർ 12ന് രാജ്ഭവനിലേക്കു ക്ഷണിച്ചിരിക്കുന്നതാണ് പശ്ചാത്തലം. യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിന്റെ പേരിൽ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചവരാണിവർ. രാജ്ഭവനിൽ ഹിയറിങ്ങിനു ഹാജരാകാനാണു നിർദേശം. നേരിട്ടു ഹാജരാകാൻ പേടിയോ അസൗകര്യമോ ഉള്ളവർക്ക് അഭിഭാഷകരെ പറഞ്ഞുവിടാം. 

വൈസ് ചാൻസലർമാരോടു ഗവർണർജി ചോദ്യങ്ങൾ ചോദിച്ചേക്കാം. ഗവർണർജിയുടെ ഇതുവരെയുള്ള നടപടികൾ കണ്ടിട്ട് ചോദ്യങ്ങൾ കടുകട്ടിയാകാനാണു സാധ്യത. 

കുസാറ്റ് എന്നു ചുരുക്കപ്പേരുള്ള കൊച്ചി ശാസ്ത്ര–സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറോടു ഗവർണർക്കു ചോദിക്കാം: എൻജിനീയർ എന്ന വാക്കിന്റെ അർഥമെന്ത്?

ഇതൊന്നും ഒരു വൈസ് ചാൻസലർ അറിഞ്ഞിരിക്കണമെന്നു യുജിസി നിയമത്തിലില്ല എന്ന് ഉത്തരം പറഞ്ഞാലുടൻ അടുത്ത ചോദ്യം വരാം: യുജിസിയുടെ ആദ്യ ചെയർമാൻ ആര്?

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറോടു ഗുരുജയന്തിയെക്കുറിച്ചൊരു ചോദ്യം തീർച്ചയായും ഉണ്ടാവും. സംസ്കൃത സർവകലാശാലയുടെ വിസിയോടു ഗവർണർജി സംസ്കൃതത്തിൽ തന്നെ ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരവും സംസ്കൃതത്തിൽതന്നെ വേണ്ടിവരും. 

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ഏറ്റവും തുഞ്ചത്തെ നേട്ടം ഏതെന്നു ചോദിച്ചാൽ മലയാളത്തിൽത്തന്നെ ഉത്തരം മുട്ടിപ്പോകും. 

ഗവർണർ ചോദിക്കാനിടയുള്ള ചോദ്യങ്ങളെപ്പറ്റി കിംവദന്തികൾ പരന്നുതുടങ്ങിയതോടെ വിസിമാർക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകരെ കിട്ടുന്നില്ലെന്നു കേൾക്കുന്നു. 12–ാം തീയതിയിലെ ഹിയറിങ്ങിൽ തോറ്റാൽ സപ്ലിമെന്ററി ഹിയറിങ് ഉണ്ടാകുമോ എന്നു ചോദിക്കുന്നവരുണ്ട്. 

ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനെതിരെ നൽകിയിട്ടുള്ള ഹർജി ഡിസംബർ 9ന് ഹൈക്കോടതി പരിഗണിക്കുമ്പോൾ ഹിയറിങ്ങിനൊരു ഇടക്കാലാശ്വാസം കിട്ടുമോ എന്നാണിപ്പോൾ വിസിമാരുടെ നോട്ടം. 

ക്രിസ്മസ് അവധി കഴിഞ്ഞാവട്ടെ ഇനി കേസ് എന്നു കോടതി പറഞ്ഞാൽ ഉന്നത വിദ്യാഭ്യാസത്തിനു തൽക്കാലം ഉന്നതശ്വാസം വിടാം.

English Summary: Education of advanced questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com