ADVERTISEMENT

കോവിഡ് കവർന്ന രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന 64–ാം സംസ്ഥാന സ്കൂൾ കായികമേള പ്രതിഭാസ്പർശമുള്ള പ്രകടനങ്ങൾക്കും പുത്തൻ താരോദയങ്ങൾക്കും സാക്ഷ്യം വഹിച്ചാണു കൊടിതാഴ്ത്തിയത്. ഫ്ലഡ്‌ലൈറ്റിൽ രാത്രിയും മത്സരങ്ങൾ നടത്തിയതും നടത്തിപ്പിനായി ആധുനിക സാങ്കേതികവിദ്യകൾ കൊണ്ടുവന്നതും മത്സരങ്ങൾ തൽസമയം സംപ്രേഷണം ചെയ്തതുമെല്ലാം സംഘാടനമികവിൽ പുതുമാതൃകകൾ സൃഷ്ടിച്ചെങ്കിലും ചില ആശങ്കകളും മേളയുടെ ബാക്കിപത്രത്തിലുണ്ട്.

മൂന്നു വർഷംമുൻപ് കണ്ണൂർ മീറ്റിൽ നേടിയ കിരീടം പാലക്കാട് ജില്ല ഇത്തവണയും ആധികാരികമായിത്തന്നെ കാത്തപ്പോൾ സ്കൂൾതല ചാംപ്യൻഷിപ്പിൽ കിരീടാവകാശിയായ മലപ്പുറം കടകശേരി ഇഎംഎസ്എസ് പുതിയൊരു ശക്തിയുടെ ഉദയം കാണിച്ചുതരുന്നു. പിന്നിലായിരുന്ന ജില്ലകൾ മുന്നിലേക്കു കുതിക്കുന്നതും പുതിയ സ്കൂളുകൾ ഉയർന്നുവരുന്നതും അഭിനന്ദനാർഹമാണ്. ഏറെക്കാലം ശക്തികേന്ദ്രങ്ങളായിരുന്നവർ പിന്നാക്കം പോകുന്നതിന്റെ കാരണം വിമർശനാത്മകമായി പരിശോധിക്കേണ്ടതുമാണ്. 

ഏറ്റവും കുറവ് റെക്കോർഡുകൾ പിറന്ന സ്കൂൾ മീറ്റുകളിലൊന്നാണ് ഇന്നലെ തിരുവനന്തപുരത്തു സമാപിച്ചത്. 98 ഇനങ്ങളിലായി തിരുത്തിയത് 6 റെക്കോർഡുകൾ മാത്രം. അതിൽ അഞ്ചും ത്രോ ഇനങ്ങളിലാണ്. ട്രാക്ക് ഇനങ്ങളിൽ ഒരു റെക്കോർഡ് പോലും പിറന്നില്ല. സ്കൂൾ മീറ്റിൽ സാധാരണ പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലക്കാരാണ് ഇത്തവണ നാലു റെക്കോർഡുകൾ തിരുത്തിയതെന്നതു ശ്രദ്ധേയമാണ്. കാസർകോട് ചെറുവത്തൂർ കെസി ത്രോസ് അക്കാദമി സൃഷ്ടിച്ച വിപ്ലവമാണത്. നാലു റെക്കോർഡും നേടിയത് ഇവിടുത്തെ കുട്ടികൾ. മൂന്നു ഡബിൾ അടക്കം ഏഴു സ്വർണവും ഒരു വെള്ളിയുമാണ് അവർ കൊയ്തത്. ജൂനിയർ ഷോട്പുട്ടിൽ ദേശീയ റെക്കോർഡിനെയും സംസ്ഥാന മീറ്റിലെ സീനിയർ റെക്കോർഡിനെയും പിന്നിലാക്കിയ വി.എസ്.അനുപ്രിയയുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയം. 

റെക്കോർഡ് പ്രകടനങ്ങൾ കുറഞ്ഞതിനു പല കാരണങ്ങളാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മൂലം രണ്ടു വർഷക്കാലം കായിക പരിശീലനം പ്രതിസന്ധിയിലായി എന്നതാണു മുഖ്യം. ഒപ്പം, കോവിഡിന്റെ ബാക്കിപത്രമായ ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുട്ടികളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചിരിക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗൗരവമായി പരിശോധിച്ചു പരിഹാരം കാണേണ്ടതാണ് ഈ വിഷയം. 

ദേശീയതലത്തിൽ കേരളത്തിന്റെ ശക്തി എന്നും ട്രാക്ക് ഇനങ്ങളിലാണ്. ആ കരുത്തിന്റെ നഴ്സറിയാണ് സ്കൂൾ കായികമേള. എന്നാൽ, ഇത്തവണ ട്രാക്കിലെ പ്രകടനങ്ങൾ മങ്ങിപ്പോയതു ഗൗരവത്തോടെ കണ്ടേ മതിയാകൂ. ദേശീയ അത്‌ലറ്റിക്സിൽ കേരളത്തിന്റെ കുത്തകയും കരുത്തും തകരുന്നതു ദേശീയ ഗെയിംസിലും ജൂനിയർ മീറ്റുകളിലുമെല്ലാം കണ്ടതാണ്. ഹരിയാനയും മഹാരാഷ്ട്രയും തമിഴ്നാടുമെല്ലാം നടത്തുന്ന മുന്നേറ്റം നാം കാണുന്നുമുണ്ട്. കേരളം പഴയ കരുത്ത് തിരിച്ചുപിടിക്കേണ്ടതു സ്കൂൾ മീറ്റിലൂടെ ഉയർന്നുവരുന്ന താരങ്ങളിലൂടെയാണ്. എന്നാൽ, കഴിഞ്ഞ സ്കൂൾ മീറ്റുകളിലെ എത്രപേർ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു എന്നതൊരു ചോദ്യചിഹ്നമായി മുന്നിലുണ്ട്. സ്കൂൾ മേളകളിൽ ഉദയം ചെയ്യുന്ന പ്രതിഭകൾക്കു വിദഗ്ധ പരിശീലനം ഉറപ്പാക്കി, രാജ്യാന്തര നിലവാരത്തിൽ വളർത്തിയെടുക്കേണ്ടതു സർക്കാരിന്റെകൂടി ഉത്തരവാദിത്തമാണ്. മികവു തെളിയിക്കുന്ന സ്വകാര്യ പരിശീലന കേന്ദ്രങ്ങളും സർക്കാർപിന്തുണ ഏറെ അർഹിക്കുന്നു. 

സംസ്ഥാനത്ത് 5000 പേർക്ക് അത്‌ലറ്റിക് പരിശീലനത്തിനും 5 ലക്ഷം പേർക്കു ഫുട്ബോൾ പരിശീലനത്തിനും പദ്ധതികൾ നടപ്പാക്കുമെന്ന്, മീറ്റ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയുണ്ടായി. എണ്ണത്തിലല്ല, ഗുണത്തിലാണു മുഖ്യശ്രദ്ധ നൽകേണ്ടത്. കുട്ടികൾക്കെല്ലാം കായികാവബോധവും ക്ഷമതയും ഉറപ്പാക്കേണ്ടത് അനിവാര്യംതന്നെ. പക്ഷേ, സംസ്ഥാനത്തു പതിനയ്യായിരത്തിലേറെ പൊതുവിദ്യാലയങ്ങൾ ഉള്ളപ്പോൾ കായികാധ്യാപക തസ്തികകൾ 1881 എണ്ണം മാത്രമാണെന്നതു സർക്കാർ മറന്നുപോകരുത്. അടിസ്ഥാന പ്രശ്നങ്ങളാണ് ആദ്യം പരിഹരിക്കേണ്ടത്. 

മേളകളിൽ മികവു തെളിയിക്കുന്നവർക്കു തുടർപരിശീലനത്തിനു മികച്ച സൗകര്യമൊരുക്കുകയും കഴിയുംവിധത്തിൽ പ്രോൽസാഹിപ്പിക്കുകയും ചെയ്യേണ്ടതു സംസ്‌ഥാനത്തിന്റെ കടമയാണ്. ഭാവിയിൽ രാജ്യത്തിനായി കളിക്കളങ്ങളിലെത്താൻ, വീറോടെ പോരാടാൻ, വിജയശ്രീലാളിതരാവാൻ നമ്മുടെ കുട്ടികൾക്കു കഴിയട്ടെ.

Content Highlight: Kerala Sports, Athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com