ADVERTISEMENT

ഈ നിയമസഭാ ഫലങ്ങളിൽനിന്ന് 2024ലെ പെ‍ാതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക കൃത്യമായി കണ്ടെത്താനാകില്ലെങ്കിലും ഒരു കാര്യം വ്യക്തം – ബിജെപി വർധിച്ച ആത്മവിശ്വാസത്തോടെയും കോൺഗ്രസ് ആത്മപരിശോധനയോടെയും ആം ആദ്മി പാർട്ടി കൂടുതൽ വീറോടെയുമാകും വരുംതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. ഗുജറാത്തിൽ ബിജെപി നേടിയ ഏഴാംവട്ട ചരിത്രവിജയത്തിൽ ദയനീയമായി തളർന്നുപോയ കോൺഗ്രസിന് ഹിമാചൽപ്രദേശിലെ തിരിച്ചുവരവാണ് ആശ്വാസം പകരുന്നത്. രാജ്യം ഉറ്റുനോക്കിയ ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് തകർപ്പൻ ജയം നേടിയതിനു പിന്നാലെ ആം ആദ്മി പാർട്ടി ഗുജറാത്തിൽ അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി.

ഗുജറാത്തിൽ ബിജെപിക്ക് ഭരണത്തുടർച്ച ഏറക്കുറെ പ്രതീക്ഷിച്ചിരുന്നതു തന്നെയാണെങ്കിലും എക്സിറ്റ് പോൾ പ്രവചനങ്ങളെയും മറികടക്കുന്ന ഭൂരിപക്ഷമാണു പാർട്ടിക്കു ലഭിച്ചത്. ഇതോടെ, തുടർച്ചയായി ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയമെന്ന ബംഗാളിലെ സിപിഎമ്മിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. തന്റെ ഭരണകാലത്തെ റെക്കോർഡായ 2002ലെ 127 സീറ്റ് മറികടക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതെങ്കിലും 1985ലെ കോൺഗ്രസിന്റെ റെക്കോർഡായ 149 സീറ്റും മറികടന്നായി ബിജെപി കുതിപ്പ്. തുടർച്ചയായി ഭരണത്തിലിരുന്നപ്പോൾ ഭരണവിരുദ്ധവികാരം സ്വാഭാവികമാണെന്നു തിരിച്ചറിഞ്ഞ ബിജെപി, അതിനെ മറികടക്കാൻ മോദിയുടെ വ്യക്തിപ്രഭാവം ഫലപ്രദമായി ഉപയോഗപ്പെടുത്തി. മോദിയുടെയും അമിത് ഷായുടെയും തട്ടകത്തിൽ തിരിച്ചടി അചിന്ത്യമായിരുന്ന പാർട്ടി എണ്ണയിട്ട യന്ത്രം പോലെയാണു പ്രവർത്തിച്ചത്.

ബിജെപിയല്ലാതെ മറ്റൊരു സാധ്യത ഗുജറാത്തിൽ ജനങ്ങൾക്കുണ്ടായിരുന്നില്ലെന്നതും വാസ്തവമാണ്. മറുകണ്ടം ചാടുന്ന നേതാക്കൾ കോൺഗ്രസിന്റെ വിശ്വാസ്യതയെ ബാധിച്ചു. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്തു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന മേഖലകളിലൂന്നിയാണ് ബിജെപിയും ആം ആദ്മി പാർട്ടിയും പ്രവർത്തിച്ചത്. ആളും അർഥവുമില്ലാത്ത കോൺഗ്രസ് നിശ്ശബ്ദ പ്രചാരണമെന്ന രീതി സ്വീകരിച്ചതുതന്നെ സാമ്പത്തികശേഷി ദുർബലമായതു കൊണ്ടായിരുന്നു. ഭരണവിരുദ്ധവികാരം മുതലെടുക്കാനോ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ മുന്നോട്ടുവയ്ക്കാനോ ഉള്ള സംഘടനാ സംവിധാനം കോൺഗ്രസിനുണ്ടായില്ല. അതുകെ‍ാണ്ടുതന്നെ, 2017ൽ നേരിട്ടതിന്റെ പകുതി വെല്ലുവിളി പോലും ബിജെപിക്കുണ്ടായതുമില്ല.

രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ ഗുജറാത്തിൽ വന്നുപോയെന്നു വരുത്തുക മാത്രമാണു ചെയ്തത്. 27 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരുന്ന കോൺഗ്രസിന് ഉയർത്തിക്കാട്ടാൻ ഒരു സംസ്ഥാന നേതാവു പോലുമുണ്ടായിരുന്നില്ല. മറുഭാഗത്ത്, മോദിയുടെ പ്രതിഛായ വികാരമാക്കി മാറ്റാൻ ബിജെപിക്കു കഴിയുകയും ചെയ്തു. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം കോൺഗ്രസ് കണക്കാക്കിയിരുന്നില്ല. എന്നാൽ‌, ലഭ്യമായ കണക്കുകൾ വച്ച്, കോൺഗ്രസിന്റെ വോട്ടുവിഹിതത്തിലാണ് അവർ കൈകടത്തിയിരിക്കുന്നത്.

ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നവർക്ക് എത്ര തിരിച്ചടികൾക്കൊടുവിലും ജനാധിപത്യത്തിൽ സ്ഥാനമുണ്ടെന്ന ഓർമപ്പെടുത്തലാണ് ഹിമാചൽ ഫലം. തിരഞ്ഞെടുപ്പു ഗതിയെ വഴിതിരിച്ചുവിടുന്ന വർഗീയ പരാമർശങ്ങളോ അപ്രതീക്ഷിത നീക്കങ്ങളോ ഏശാതെപോയ ഹിമാചലിൽ പരമ്പരാഗത വഴിയിലായിരുന്നു കോൺഗ്രസ് യാത്ര. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് ഇതു വെറുമൊരു വിജയമല്ല. ആത്മാർഥതയോടെ അധ്വാനിച്ചാൽ ജനം കൈവിടില്ലെന്ന വലിയ പാഠം ഈ വിജയത്തിനു പിന്നിലുണ്ട്. ഈ തിരിച്ചറിവും അടിയുറച്ച നേതാക്കളുമുണ്ടെങ്കിൽ മറ്റിടങ്ങളിലും പാർട്ടിക്ക് ഊർജം വീണ്ടെടുക്കാം.

ഹിമാചൽപ്രദേശിൽ പതിവുള്ള ഭരണവിരുദ്ധ തരംഗം നൽകിയ വിജയം മാത്രമായി കോൺഗ്രസിന്റേതിനെ കാണാനാകില്ല. അവിടെ താഴെത്തട്ടിൽ ഇപ്പോഴും അടിത്തറയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നത് ഭരണം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പുകളിൽ പോലും വ്യക്തമായിരുന്നു. പൊതുജനവികാരം മനസ്സിലാക്കി, പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുമെന്നതു പോലുള്ള അവരുടെ പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പു വേദിയിൽ വലിയ ചർച്ചയായതിന്റെകൂടി ഫലമാണ് ഈ വിജയം. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും തിരഞ്ഞെടുപ്പു ഘട്ടത്തിൽ പാർട്ടിയെന്ന നിലയിൽ ഒന്നിച്ചുനിൽക്കുക പ്രധാനമാണെന്ന അടിസ്ഥാനപാഠം ഹിമാചലിൽ കോൺഗ്രസ് മറന്നില്ല.

ഭാരത് ജോഡോ യാത്ര മൂലം രാഹുൽ ഗാന്ധിയും ആരോഗ്യസ്ഥിതി കാരണം സോണിയ ഗാന്ധിയും പൂർണമായും വിട്ടുനിന്ന ഹിമാചൽ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പ്രചാരണത്തിന്റെ ഏകോപനം നിർവഹിച്ച പ്രിയങ്ക ഗാന്ധിക്കും ഈ വിജയത്തിൽ വലിയ പങ്കുണ്ട്. അസ്വാരസ്യങ്ങളില്ലാതെ സർക്കാർ രൂപീകരണം എന്ന വെല്ലുവിളി കോൺഗ്രസിനു ബാക്കിയാണ്. അതു നിറവേറ്റാനായില്ലെങ്കിൽ വീറോടെ പോരാടി നേടിയ വിജയത്തിന്റെ തിളക്കം മാത്രമല്ല നഷ്ടമാകുക, കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന എതിരാളികൾക്കു കാര്യങ്ങൾ എളുപ്പമാകുകയും ചെയ്യും.

English Summary: Success Lessons; and defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com