ADVERTISEMENT

ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ആശ്രയിക്കുന്ന ഏജൻസികളുടെ കാര്യക്ഷമതക്കുറവ് വലിയ പ്രശ്നമാണ്. മികവു തെളിയിച്ച സ്വകാര്യ കമ്പനികളുടെയും പ്രഫഷനലുകളുടെയും സേവനം പ്രയോജനപ്പെടുത്താൻ മടിക്കരുത്.

ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ ലോകമെങ്ങും മത്സരമാണ്. നെറ്റ്‌വർക് ശേഷി കൂടുന്നു, അത്യാധുനിക ഉപകരണങ്ങൾ മാർക്കറ്റിലെത്തുന്നു, വിവരശേഖരണത്തിൽ ഉൾപ്പെടെ ക്ലൗ‍ഡ് കംപ്യൂട്ടിങ് വ്യാപകമാകുന്നു – ചുരുക്കത്തിൽ ചലനാത്മകതയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. ഇതെല്ലാം പുതിയ സാധ്യതകളും വെല്ലുവിളികളുമാണ് ഉയർത്തുന്നത്. ഇന്നലെ വരെയുണ്ടായിരുന്ന രീതികളും മാതൃകകളും ഇന്ന് അപ്രസക്തമാകുന്നു എന്നു ചുരുക്കം. എന്നാൽ, ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇന്റർനെറ്റ് ഭരണസംവിധാനം പരിഷ്കരിക്കാൻ നമ്മുടെ സർക്കാരുകൾക്കു കഴിയുന്നില്ല.

ration

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരള സർക്കാർ നേരിട്ടുകൊണ്ടിരിക്കുന്ന നെറ്റ്‌വർക് പ്രശ്നങ്ങൾ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ പണമിടപാടുകളും സ്തംഭിപ്പിച്ച ട്രഷറി ശൃംഖല തകരാർ എത്രയെത്ര പേരെയാണു ബുദ്ധിമുട്ടിലാക്കിയത്? ട്രഷറി സെർവർ സ്ഥാപിച്ചിരിക്കുന്ന സ്റ്റേറ്റ് ഡേറ്റാ സെന്ററിൽനിന്നു ട്രഷറി ശാഖകളിലേക്കുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക് (കെസ്വാൻ) തകരാറിലായതാണ് ഈ സ്തംഭനത്തിനു കാരണം.

internet

ട്രഷറി പണമിടപാടുകൾ നടത്തുന്ന ഇ–ട്രഷറി, റജിസ്ട്രേഷൻ വകുപ്പിന്റെ ആധാരം റജിസ്ട്രേഷൻ ഉൾപ്പെടെ ഓൺലൈൻ സേവനങ്ങൾ, റേഷൻ വിതരണത്തിനുള്ള ഇ–പോസ് സംവിധാനം – ഇതെല്ലാം അനുദിനം തടസ്സപ്പെടുകയാണ്. സർക്കാർ ഫയൽ നീക്കങ്ങൾ നടത്തുന്ന ഇ–ഓഫിസ് സംവിധാനത്തിലും സമീപകാലത്തു തകരാർ ഉണ്ടായിരുന്നു. 92 ലക്ഷത്തിലേറെ കാർഡ് ഉടമകളുടെ ബയോമെട്രിക് വിവരങ്ങൾ ഉറപ്പാക്കി റേഷൻ വിതരണം നടത്തുന്നതിന് റേഷൻ കടകളിൽ ഇ–പോസ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം ഇടയ്ക്കിടയ്ക്കു തകരാറിലാകുന്നതിനാൽ ഇപ്പോൾ 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ കടകൾ പ്രവർത്തിക്കുന്ന തരത്തിലുള്ള സമയക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്. സെർവറിന്റെ ലോഡ് കുറച്ച് പ്രവർത്തനം സുഗമമാക്കാനാണു ക്രമീകരണം ഏർപ്പെടുത്തിയത്. എന്നിട്ടും തകരാർ ഉണ്ടാകുന്നു.

റജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണു നടക്കുന്നത്. എന്നാൽ ഈ സംവിധാനം അടിക്കടി നിശ്ചലമാകുന്നതുകൊണ്ടുള്ള പ്രയാസം ഏറെയാണ്. റജിസ്ട്രേഷൻ വകുപ്പിൽനിന്നു ലഭിക്കേണ്ട ബാധ്യതാ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ മുടങ്ങുന്നത് ബാങ്ക് വായ്പയ്ക്കും മറ്റും കാത്തിരിക്കുന്ന ആയിരക്കണക്കിനു ഭൂവുടമകളെ വലയ്ക്കുന്നു. പണമിടപാട് ഓൺലൈനായി നടത്തുമ്പോൾ പൂർത്തിയാകാതെ വരികയും പണം തിരികെക്കിട്ടാൻ പ്രയാസപ്പെടുകയും ചെയ്യുന്ന ഒട്ടേറെ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.

ഡേറ്റാബേസ്, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക് – ഇവ മൂന്നിലെയും തകരാറാണ് ട്രഷറിയെ അടിക്കടി പ്രശ്നത്തിലാക്കുന്നത്. രണ്ടു പുതിയ സെർവർ സ്ഥാപിച്ചിട്ടും പ്രശ്നം പൂർണമായി പരിഹരിക്കാനായിട്ടില്ല. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) കാര്യക്ഷമമല്ലാത്ത സോഫ്റ്റ്‌വെയറും മറ്റുമാണു പ്രശ്നത്തിനു കാരണമെന്ന് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു. എൻഐസിക്കു പകരം സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കാൻ നയപരമായ കാരണത്താൽ സർക്കാരിനു കഴിയുന്നുമില്ല.

ഭൂമി ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കാൻ വഴിയൊരുക്കുന്ന നിർണായക ഭേദഗതി കേന്ദ്ര ഐടി മന്ത്രാലയം കൊണ്ടുവന്നുകഴിഞ്ഞു. റിയൽ എസ്റ്റേറ്റ് രംഗത്തും ലാൻഡ് റെക്കോർഡ് ഓഫിസുകളിലും ഇതു ചെലവു കുറയ്ക്കും. ബാങ്ക് വായ്പകൾ പൂർണമായും ഓൺലൈനാകും. വായ്പാരേഖകൾ പേപ്പർ രൂപത്തിൽ സൂക്ഷിക്കേണ്ടി വരില്ല. സംസ്ഥാനങ്ങൾ ഇതിനായി സ്റ്റാംപ് റജിസ്ട്രേഷൻ നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടി വരും. കേന്ദ്രത്തിന്റെ ദ്രുതഗതിയിലുള്ള ഈ നയംമാറ്റങ്ങൾ ഉൾക്കൊണ്ട് കേരളവും മുന്നേറണം.

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഓൺലൈനായി പണമടയ്ക്കാൻ നിമിഷങ്ങളേ വേണ്ടൂ. കാരണം, മൊബൈൽ സേവനദാതാക്കൾ അവരുടെ ആപ്പുകൾ കൃത്യമായ ഇടവേളകളിൽ നവീകരിച്ചു കൊണ്ടേയിരിക്കും. നമ്മുടെ ഹൈവേകളിലെ ടോൾ ബൂത്തുകൾ നോക്കുക. ഒരു ബൂത്തിൽ ഫാസ്റ്റ് ടാഗ് പ്രവർത്തിക്കും, അടുത്തതിൽ ‘ബാങ്ക് ബാലൻസ് ഇല്ല’ എന്നു പറയുമ്പോൾ കാശ് എണ്ണിക്കൊടുക്കേണ്ടി വരും. വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇമ്മാതിരി പ്രശ്നങ്ങൾ ഞാൻ നേരിട്ടിട്ടില്ല.

ഇത്തരം സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ആശ്രയിക്കുന്ന ഏജൻസികളുടെ കാര്യക്ഷമതക്കുറവ് വലിയ പ്രശ്നമാണ്. ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ കൊടുക്കുന്ന ഏജൻസികളെ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും മികവിനു ഭംഗം വരും. ഐടി രംഗത്തു കുതിപ്പുണ്ടാകുമ്പോഴും ഇ–ഗവേണൻസിൽ ഉണ്ടാകുന്ന കിതപ്പുകൾ നമ്മുടെ പുരോഗമനഛായയ്ക്ക് മങ്ങലേൽപിക്കുന്നു.

ഡേറ്റാ മാനേജ്മെന്റ്, മെഷീൻ ലേണിങ്, നിർമിതബുദ്ധി, റോബട്ടിക്സ്, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയവയിലൂടെ നമ്മുടെ ഡിജിറ്റൽ പരിസ്ഥിതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കരുത്ത് സർക്കാർ സംവിധാനത്തിൽ ഇല്ല. സംസ്ഥാന പൊലീസിന് ‘സൈബർ സെക്യൂരിറ്റി’ എന്നൊരു വിഭാഗമുണ്ട്. കാലാനുസൃത മാറ്റങ്ങൾ വരുത്താത്തതിനാ‍ൽ സൈബർ സെക്യൂരിറ്റി പല്ലും നഖവും ഇല്ലാത്ത അവസ്ഥയിലാണ്.

കാര്യക്ഷമതയ്ക്കും അനുഭവജ്ഞാനത്തിനും പകരം വയ്ക്കാൻ ഒന്നുമില്ല. ലോകത്തിലെ പ്രധാന വിമാനക്കമ്പനികൾ ചരക്കുനീക്കം മുതൽ വിമാനങ്ങളുടെ പരിപാലനത്തിനുവരെ തിരുവനന്തപുരം ടെക്നോപാർക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ആപ്പിനെയാണ് ആശ്രയിക്കുന്നത്. ക്രൂസ് കപ്പലുകളും ഈ ആപ് ഉപയോഗിക്കുന്നു. എന്നാലും ഇ–ഗവേണൻസിന്റെ ചുമതല ഒരു സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ സർക്കാർ തയാറാകില്ല; ഡേറ്റാ ചോർച്ച, വിശ്വാസ്യത തുടങ്ങിയ കാരണങ്ങളാൽ. പിന്നെയുള്ള മാർഗം കംപ്യൂട്ടർ രംഗത്തു മികവു തെളിയിച്ച പ്രഫഷനലുകളുടെ സേവനം പ്രയോജനപ്പെടുത്തുക എന്നതാണ്. അവരിലൂടെ സംവിധാനത്തിൽ നിരന്തര നവീകരണം നടത്തുക.

ഉത്കൃഷ്ടത എന്നതു നിരന്തരമായ പ്രവർത്തനത്തിന്റെ പരിണിതഫലമാണ്. ഒരു സാധാരണ കാര്യം അസാധാരണമായി ചെയ്യുമ്പോഴാണ് മഹത്വമേറിയ ഫലമുണ്ടാകുന്നത്.

ലൂയിസ് കാരളിന്റെ ‘ആലീസ് അദ്ഭുതലോകത്തിൽ’ എന്ന പുസ്തകത്തിൽ മുയൽ ആലീസിനോടു പറയുന്ന കാര്യമുണ്ട്: ‘‘ഇപ്പോഴുള്ള സ്ഥലത്തു നിൽക്കണമെങ്കിൽ ഓടിക്കൊണ്ടേയിരിക്കണം. മറ്റെവിടെയെങ്കിലും എത്തണമെങ്കിൽ കുറഞ്ഞത് ഇരട്ടിവേഗത്തിലെങ്കിലും ഓടണം!’’

(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)

English Summary: The reason for the malfunctions in the e-governance system is the lack of grip of the government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com