ADVERTISEMENT

അയ്യപ്പദർശനത്തിന്റെ സുകൃതംതേടി ശബരിമലയിലേക്കു തീർഥാടകപ്രവാഹമാണിപ്പോൾ. ഒരു ലക്ഷത്തിനു മുകളിലേക്കുവരെ വെർച്വൽ ക്യു ബുക്കിങ് എത്തുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിലും തീർഥാടകരുടെ വലിയ പ്രവാഹംതന്നെ ഉണ്ടാകുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. എന്നാൽ, തിരക്കുകൂടിയതോടെ അതനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതു തീർഥാടകരെ ബാധിക്കുന്നുണ്ട്. ശബരിമല വികസനത്തിനു കേന്ദ്ര സർക്കാർ ‘സ്വദേശി ദർശൻ’ തീർഥാടന ടൂറിസം പദ്ധതിയിൽ അനുവദിച്ച 100 കോടി രൂപയിൽ 80 കോടിയും പാഴായിപ്പോകുന്ന അവസ്ഥയുണ്ടായത് വികസനകാര്യത്തിലുള്ള അലംഭാവം എടുത്തുകാട്ടുന്നു. 

തീർഥാടകരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും പുതിയ സൗകര്യങ്ങൾ അധികമെ‍ാന്നും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ഉള്ളതുതന്നെ ശരിയായി പ്രയോജനപ്പെടുത്തുന്നുമില്ല. 2015 ഡിസംബറിൽ സ്വദേശി ദർശൻ പദ്ധതിയിൽ ശബരിമലയ്ക്കു 100 കോടി രൂപ അനുവദിച്ചതു വലിയ വികസനപ്രതീക്ഷകൾ നൽകുകയുണ്ടായി. 36 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ ആദ്യഗഡുവായി 20 കോടി രൂപയും ലഭ്യമായി. എന്നാൽ, ഈ മാസം 31നു നിർവഹണ കാലാവധി അവസാനിക്കുമ്പോഴും ഈ പദ്ധതി മുന്നോട്ടുപോയിട്ടില്ല. 

പദ്ധതിനിർവഹണത്തിലുണ്ടായ വീഴ്ചകളിൽ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും മാസ്റ്റർ പ്ലാൻ നടപ്പാക്കുന്ന ഉന്നതാധികാരസമിതിക്കും ഉത്തരവാദിത്തമുണ്ടെന്ന പരാതി ഗൗരവമുള്ളതാണ്. ശബരിമലയിൽ നടത്തുന്ന എല്ലാ വികസന പദ്ധതികളും മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ വേണമെന്നാണ് സുപ്രീംകോടതി നിർദേശം. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനായി ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും അതു വേണ്ടത്ര ഫലപ്രദമല്ല. മാസ്റ്റർ പ്ലാൻ ലേ ഔട്ട്  പൂർത്തിയാകാത്തതുകെ‍ാണ്ടാണു കേന്ദ്ര സർക്കാരിനു വിശദമായ പദ്ധതികൾ സമർപ്പിച്ച് അടുത്ത ഗഡു വാങ്ങിയെടുക്കാൻ കഴിയാതെപോയത്. വനം വകുപ്പുമായുള്ള തർക്കമാണ് പദ്ധതി രൂപരേഖ തയാറാക്കുന്നതിന് ആദ്യഘട്ടത്തിൽ തടസ്സമായത്. കേന്ദ്ര ഫണ്ട് പാഴാകാതെ നോക്കാൻ മുൻകയ്യെടുക്കേണ്ടത് ദേവസ്വം ബോർഡും സംസ്ഥാന സർക്കാരുമായിരുന്നു.

സ്വദേശി ദർശൻ പദ്ധതിയിൽ ആദ്യഗഡുവായി കിട്ടിയ 20 കോടിയിൽ ഉൾപ്പെടുത്തിയാണു നീലിമല വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ലു പാകുന്നത്. പക്ഷേ, തീർഥാടനത്തിനുമുൻപ് അതു പൂർത്തിയാക്കാൻപോലും ദേവസ്വം ബോർഡിനു കഴിഞ്ഞില്ല. പണിക്കായി ഇറക്കിയ കരിങ്കല്ലുകൾ പാതയിൽത്തന്നെ നിരന്നുകിടപ്പുണ്ട്. വലിയ തിരക്കിൽ ഈ കല്ലുകളിൽ തട്ടിവീണ്  അപകടങ്ങൾക്കു സാധ്യതയുണ്ട്. പണി നടത്താൻ കഴിയില്ലെങ്കിൽ പാതയിൽനിന്നു കല്ലുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയെങ്കിലും വേണ്ടേ?

സ്വദേശി ദർശൻ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി എരുമേലി– ശബരിമല ആത്മീയ സർക്കീറ്റിനു 54.88 കോടി രൂപ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഈ പണവും പാഴാക്കാതെ തീർ‌ഥാടക ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കുന്നുവെന്ന്  ഉറപ്പാക്കേണ്ടതുണ്ട്. കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഉന്നതാധികാര സമിതിയും ഉണർന്നു പ്രവർത്തിച്ചേതീരൂ. തീർഥാടകക്ഷേമമെന്ന മഹനീയലക്ഷ്യത്തിൽ ഏതു സാഹചര്യത്തിലും വീഴ്ച ഉണ്ടായിക്കൂടാ. 

വിമാനത്താവളമടക്കം ശബരിമലയ്ക്ക് ഏറെ വികസനസ്വപ്നങ്ങൾ പൂവണിയാനുണ്ട്. സൂക്ഷ്മവും സ്ഥൂലവുമായ ആസൂത്രണത്തിന്റെയും കൃത്യതയുടെയും ചിറകുകളിലാണു വിമാനത്താവളംപോലുള്ള വൻപദ്ധതികൾ പറന്നുയരേണ്ടത്. സ്വപ്നസമാനപദ്ധതിയായി കേരളം കാണുന്ന ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇതുവരെ അതുണ്ടായില്ല എന്നുവേണം കരുതാൻ. രാജ്യത്തെ മിക്ക വലിയ തീർഥാടന കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളുണ്ടായിക്കഴിഞ്ഞു. ശബരിപാതയ്ക്കെ‍ാപ്പം ശബരിമല വിമാനത്താവളംകൂടി യാഥാർഥ്യമായാൽ, മുഖ്യമായും ദൂരദേശങ്ങളിൽനിന്നെത്തുന്ന തീർഥാടകർക്കും കേരളത്തിനാകെത്തന്നെയും അത് ഏറെ പ്രയോജനകരമാവും. 

ശബരിമലയുടെ വികസനം ലക്ഷോപലക്ഷം തീർഥാടകരുടെ അവകാശംതന്നെയാണ്.

English Summary: Sabarimala development half way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com