ADVERTISEMENT

കോവിഡ് ആരംഭിച്ചശേഷം കഴിഞ്ഞ മൂന്നുവർഷമായി സംസ്ഥാനത്ത് അധ്യാപക തസ്തിക നിർണയം നടന്നിട്ടില്ല എന്നത് ജോലി കാത്തുകഴിയുന്നവരോടും കരുത്തു പ്രാപിക്കുന്ന പൊതുവിദ്യാലയങ്ങളോടുമുള്ള വഞ്ചന തന്നെയാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണം വർഷംതോറും ഗണ്യമായി കൂടുന്നു എന്നത് അഭിമാനകരമാണെങ്കിലും അതിനനുസരിച്ചു തസ്തിക നിർണയം നടക്കുന്നില്ല. ഈ വർഷം തസ്തിക നിർണയം നടത്തുമെന്നു പറഞ്ഞെങ്കിലും അധ്യയനവർഷം പകുതി പിന്നിട്ടിട്ടും അനിശ്ചിതത്വമാണ് അധ്യാപകക്കസേരകളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.  

പലതവണ തീയതി മാറ്റിയശേഷം ഏറ്റവും ഒടുവിലത്തെ തീരുമാനപ്രകാരം, തസ്തിക നിർണയം പൂർത്തിയാക്കേണ്ടിയിരുന്നത് ഇന്നലെയായിരുന്നു. കോവിഡിനുശേഷം സ്കൂളുകളുടെ പ്രവർത്തനം സാധാരണനിലയിലായ ഇത്തവണ ജൂലൈ 15ന് തസ്തിക നിർണയം പൂർത്തിയാക്കി ഒക്ടോബർ ഒന്നിനു മുൻപു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീടത് ഓഗസ്റ്റ് 20 ആയും ഒക്ടോബർ 31 ആയും ഡിസംബർ 15 ആയും പുതുക്കി നിശ്ചയിച്ചെങ്കിലും നടപടിയായില്ല. ഈ തുടർപ്രഹസനം ഉദ്യോഗാർഥികളോടുള്ള ക്രൂരതയല്ലാതെ മറ്റെ‍ാന്നുമല്ല.

ഓരോ അധ്യയനവർഷവും ആറാമത്തെ പ്രവൃത്തിദിവസമാണ് കുട്ടികളുടെ എണ്ണം എടുക്കുന്നത്. അതിനനുസരിച്ചാണ് അധ്യാപക തസ്തിക നിർണയവും നിയമനവും. കുട്ടികളുടെ കണക്കെടുപ്പു പതിവുപോലെ നടക്കുന്നുണ്ടെങ്കിലും തസ്തിക നിർ‌ണയം ഉണ്ടാവുന്നില്ല. കോവിഡ്മൂലം സ്കൂളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ട് അധ്യയനവർഷവും തസ്തിക നിർണയം ഒഴിവാക്കിയതെങ്കിലും കുട്ടികളുടെ എണ്ണം കൂടിക്കെ‍ാണ്ടിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളിൽ 2017–18  മുതൽ കുട്ടികളുടെ എണ്ണം കൂടിവരുന്നുവെന്നാണു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. സ്കൂളുകൾ അടഞ്ഞുകിടന്ന കഴിഞ്ഞ അധ്യയനവർഷം സർക്കാർ– എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസിൽ 28,482 കുട്ടികൾ കൂടിയപ്പോൾ ഇത്തവണ, മുൻവർഷത്തെ അപേക്ഷിച്ച് 45,573 കുട്ടികൾ കുറഞ്ഞെന്നാണു കണക്ക്. അതേസമയം, 2 മുതൽ 10 വരെ ക്ലാസുകളിൽ 1,19,970 കുട്ടികളാണ് ഇത്തവണ കൂടിയത്. ആകെ 38,32,395 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലുള്ളത്.

തസ്തിക നിർണയം വൈകുന്നതോടെ, അധ്യാപകജോലി കാത്തിരിക്കുന്ന ഒട്ടേറെ ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിന്റെ നിഴലിലാകുകയാണ്. പിഎസ്‌സിയുടെ പല അധ്യാപക റാങ്ക് പട്ടികകളുടെയും കാലാവധി വരുംമാസങ്ങളിൽ അവസാനിക്കും. അതിനകം പുതിയ തസ്തികകൾ നിർണയിച്ചു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആ പട്ടികകളിൽ ഉൾപ്പെട്ടവർക്ക് അവസരം നഷ്ടമാകും. ലിസ്റ്റിലുള്ള പലർക്കും പ്രായപരിധി മൂലം ഇനി പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയില്ലെന്നുകൂടി ഓർമിക്കണം. രാജ്യത്തു തെ‍ാഴിലില്ലായ്മ രൂക്ഷമാകുമ്പോൾ കേന്ദ്ര സർവീസുകളിൽ 10 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടത്തെ അധ്യാപക റാങ്ക് ലിസ്റ്റിലുള്ളവരുടെ നെഞ്ചിലെ തീ കാണാതെ പോകുന്നതു നിർഭാഗ്യകരമാണ്. 

തസ്തിക നിർണയം വൈകുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെയും  ബാധിക്കുന്നുണ്ട്. കുട്ടികൾ വർധിച്ചിട്ടും പുതിയ ഡിവിഷനുകൾ ഇല്ലാതെ വലയുകയാണു പല സ്കൂളുകളും. നിലവിൽ ദിവസവേതനത്തിന് താൽക്കാലിക അധ്യാപകരെ നിയമിച്ചാണ് അധ്യാപകരുടെ കുറവ് സ്കൂളുകൾ പരിഹരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട മറ്റു പരിപാടികളുടെ തിരക്കുമൂലമാണ് തസ്തിക നിർണയം നീണ്ടുപോയതെന്നും മറ്റുമുള്ള വൃഥാന്യായീകരണങ്ങൾ സർക്കാർ ഇനിയും നിരത്തരുത്. രണ്ടാഴ്ചയ്ക്കകം തസ്തിക നിർണയം പൂർത്തിയാക്കി വേഗം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞതു പാഴ്‌വാക്കായിക്കൂടാ.

English Summary: Don't delay the Teacher candidates recruitment process 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com