ADVERTISEMENT

കേരളത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ജീവിതത്തിനു വെൺമയേകിയ നന്മയുടെ പേരാണ് മിൽമ. പക്ഷേ, പാലിൽ അഴിമതിയുടെ വെള്ളം ചേർക്കുന്ന ചില ഉദ്യോഗസ്ഥർ സ്ഥാപനത്തിനു കളങ്കമുണ്ടാക്കുന്നു. അവർക്ക് ഒത്താശ ചെയ്തും ‘കടുംവെട്ടിന്റെ’ പങ്കുപറ്റിയും ചില രാഷ്ട്രീയ മേലാളന്മാരും 

കേരളം കണികണ്ടുണരുന്ന നന്മയായി മലയാളികളുടെ ജീവിതത്തോടു ചേർന്ന മിൽമ രാഷ്ട്രീയ– ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ അനാസ്ഥയും പണക്കൊതിയും കലർന്ന് ‘പിരിയുന്നോ’? തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂണിയനുകളിലായി വ്യാപിച്ചുകിടക്കുന്ന മിൽമയിൽ ഈയിടെ നടന്നതു ലക്ഷങ്ങളുടെ തട്ടിപ്പ്. സിപിഎം– സിപിഐ നോമിനികൾ ഉൾപ്പെടുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരിക്കുന്ന തിരുവനന്തപുരം യൂണിയനിലാണു വൻക്രമക്കേട്. രാഷ്ട്രീയ നേതൃത്വത്തിന്റെ തണലിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെക്കുറിച്ച് അന്വേഷണവുമില്ല, നടപടിയുമില്ല. 

അംഗങ്ങളായ 15 ലക്ഷത്തോളം ക്ഷീരകർഷകരും ആയിരക്കണക്കിനു ജീവനക്കാരുമുള്ള, ക്ഷീരവികസന വകുപ്പിനു കീഴിലെ ഈ സഹകരണ പ്രസ്ഥാനം എങ്ങോട്ട്....?

നെയ്പാക്കറ്റിലെ അഴിമതി ഗന്ധം

ghee
ഓണക്കിറ്റിലൂടെ വിതരണം ചെയ്ത മിൽമയുടെ നെയ്യ്

സംസ്ഥാന സർക്കാർ കഴിഞ്ഞ ഓണത്തിനു സൗജന്യമായി വിതരണം ചെയ്ത കിറ്റിൽ മിൽമ 50 മില്ലി ലീറ്ററിന്റെ വീതം നെയ്യ് നിറച്ചതിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. മിൽമയിൽനിന്നു സിവിൽ സപ്ലൈസ് കോർപറേഷൻ 80 ലക്ഷത്തിലേറെ പാക്കറ്റ് നെയ്യ് വാങ്ങിയെന്നാണു കണക്ക്. 50 മില്ലി ലീറ്ററിന്റെ ഒരു പൗച്ചിന് ഏകദേശം 33.37 രൂപ. അങ്ങനെ 26.70 കോടിയുടെ ഇടപാട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഓണക്കിറ്റിലേക്കുള്ള 22 ലക്ഷത്തോളം പാക്കറ്റുകളിൽ നെയ്യ് നിറച്ചതു മിൽമയുടെ കൊല്ലം ഡെയറിയിലാണ്. സ്വകാര്യ വ്യക്തിക്കാണു കരാർ നൽകിയത്. അതും 5 ലക്ഷം രൂപയിൽ കൂടിയ കരാറുകൾക്കു ടെൻഡർ നിർബന്ധമെന്ന വ്യവസ്ഥ അട്ടിമറിച്ച്, ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ മിനിറ്റ്സിന്റെ മാത്രം ബലത്തിൽ. 

മലബാർ യൂണിയനിൽ കരാറെടുത്തതു പാലക്കാട് ഡെയറിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ ട്രസ്റ്റാണ്. സ്വന്തം ഫില്ലിങ് യന്ത്രം ഉപയോഗിച്ചു നെയ്യ് നിറച്ച അവർ ഈടാക്കിയതു പാക്കറ്റിനു ജിഎസ്ടി ഉൾപ്പെടെ 88 പൈസ. തിരുവനന്തപുരം മേഖലയിൽ, പാക്കറ്റിന് 97 പൈസയായിരുന്നു നിരക്ക്. പുറമേ 18% ജിഎസ്ടിയും.  22 ലക്ഷം പാക്കറ്റുകൾ നിറയ്ക്കാൻ മിൽമയ്ക്കു ചെലവായത് 25 ലക്ഷത്തിലേറെ രൂപ. നിലവിലുള്ള കരാർപ്രകാരം മിൽമയുടെ ഫില്ലിങ് യന്ത്രം ഉപയോഗിച്ചു നിറയ്ക്കുന്നതിനു പാക്കറ്റിനു 35 പൈസയാണു നിരക്ക്. 22 ലക്ഷം കവർ നിറയ്ക്കാൻ ജിഎസ്ടി ഉൾപ്പെടെ 9 ലക്ഷം രൂപയോളം മതി. ഒരു ഫില്ലിങ് യന്ത്രത്തിന് ഒരു ലക്ഷത്തിലേറെ രൂപയേ വിലയുള്ളൂ. രണ്ടോ മൂന്നോ യന്ത്രങ്ങൾ കൂടി വാങ്ങിയാൽ എല്ലാം കൂടി 12 ലക്ഷം രൂപയ്ക്കുള്ളിൽ തീർക്കാമായിരുന്നു.  

പാൽ വന്ന വളഞ്ഞവഴി

അയൽസംസ്ഥാനങ്ങളിൽനിന്നു കാട്ടിലൂടെ പാൽ കൊണ്ടുവരുന്നതിലും ലക്ഷങ്ങളുടെ അഴിമതി നടന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ മേയ് 26 വരെ ഈയിനത്തിൽ മാത്രം മിൽമയ്ക്കു നഷ്ടം ഏകദേശം 1.12 കോടി രൂപ.

മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗർ എന്നിവിടങ്ങളിൽനിന്നാണു മിൽമ ഡെയറികളിലേക്ക് പാൽ കൂടുതലായി എത്തുന്നത്. ബന്ദിപ്പൂർ വന്യജീവി സംരക്ഷണമേഖലയിലെ രാത്രിയാത്രാ നിരോധനത്തിന്റെ പേരിൽ പെട്ടെന്നൊരു ദിവസം മിൽമ തിരുവനന്തപുരം യൂണിയൻ പാൽ കൊണ്ടുവരുന്നതിനു ബദൽ റൂട്ട് നിശ്ചയിച്ചു. മൈസൂരുവിൽനിന്നു ബെംഗളൂരുവഴി. എളുപ്പവഴികൾ വേറെയുള്ളപ്പോഴാണിത്. ബെംഗളൂരു– ഹൊസൂർ– ധർമപുരി– മേട്ടൂർ– ഭവാനി– കോയമ്പത്തൂർ– പാലക്കാട് എന്ന ബദൽ റൂട്ട് യുക്തിക്കു നിരക്കാത്തതാണെന്ന് ആരോപണം ഉയർന്നെങ്കിലും ടാങ്കർ ലോറി കരാറുകാരുമായി ഒത്തുകളിച്ച ഉദ്യോഗസ്ഥർ കുലുങ്ങിയില്ല.  

തിരുവനന്തപുരത്തെ ഡെയറിയിലേക്കു ബെംഗളൂരു വഴി 874 കിലോമീറ്റർ കറങ്ങിവരാനായിരുന്നു ഉത്തരവ്. കൊല്ലത്തേക്ക് 799 കിലോമീറ്ററും പത്തനംതിട്ടയിലേക്ക് 778 കിലോമീറ്ററും ചുറ്റണം. ‘ചുറ്റിക്കറക്കം’ പക്ഷേ രേഖയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രാനിരോധനം തുടങ്ങുന്ന രാത്രി ഒൻപതിനു മുൻപേ ടാങ്കറുകൾ ബന്ദിപ്പൂർ വനമേഖല പിന്നിടും. ബദൽ റൂട്ട് നിശ്ചയിച്ചപ്പോഴും പല ടാങ്കറുകളും 9 മണിക്കു മുൻപേ ഈ റൂട്ടിലൂടെ കേരളത്തിലെത്തി. ചില ടാങ്കറുകൾ മറ്റ് എളുപ്പവഴികൾ തേടി. പക്ഷേ, ബെംഗളൂരുവഴി ചുറ്റിവന്നെന്നു രേഖയുണ്ടാക്കി ബില്ലെഴുതിയാണ് ടാങ്കറുകൾക്കു പണം നൽകിയത്.  

മൈസൂരുവിൽനിന്ന് എളുപ്പവഴിയിൽ കോഴിക്കോട് വഴി തിരുവനന്തപുരത്തെത്താൻ 586 കിലോമീറ്റർ ഓടിയാൽ മതി. കൊല്ലത്തേക്ക് 521 കിലോമീറ്ററും പത്തനംതിട്ടയിലേക്ക് 503 കിലോമീറ്ററും. ബെംഗളൂരുവഴി അധികം ഓടിയത് യഥാക്രമം 288, 278, 275 കിലോമീറ്ററുകൾ. ലാഭം ടാങ്കർ ലോറി കരാറുകാർക്കും ചില ഉദ്യോഗസ്ഥർക്കും. 

കവറിലെ പാലല്ല അകത്ത്

milk
സ്റ്റാൻഡേഡ് മിൽക് എന്നു തെറ്റായി രേഖപ്പെടുത്തിയ കവറിൽ അരികിലായി TONED എന്ന സീൽ പതിച്ചിരിക്കുന്നു

തെക്കൻ ജില്ലകളിൽ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന നീലക്കവർ പാലിന്റെ പേരിലും ‘മായം’. കവറിന്റെ പുറത്ത് അച്ചടിച്ചിരിക്കുന്ന പേരുള്ള പാലല്ല അകത്തുള്ളത്. ഒന്നേകാൽ കോടിയോളം രൂപയുടെ നഷ്ടം നേരിട്ട ഇടപാടിൽനിന്നു തലയൂരാൻ ചില ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ശ്രമമാണിതിനു പിന്നിൽ.

നീലക്കവറിലുള്ള ടോൺഡ് മിൽക്കിനുള്ള 63 ടൺ ഫിലിമിനു കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരം മേഖലാ യൂണിയൻ ആന്ധ്രയിലെ സ്വകാര്യ കമ്പനിക്കു കരാർ കൊടുത്തു. ഒരു കിലോഗ്രാം ഫിലിമിന് 186.96 രൂപ നിരക്കിൽ 1.18 കോടിയുടെ കരാർ. കവറിനു മുകളിൽ നീലനിറത്തിൽ അച്ചടിക്കേണ്ടത് PASTEURISED TONED MILK എന്നായിരുന്നു. പകരം അച്ചടിച്ചത് PASTEURISED STANDARD MILK എന്ന്. ഇതറിയുന്നതു ഫിലിം മിൽമയിൽ എത്തിയ ശേഷവും. നീലക്കവറിൽ സ്റ്റാൻഡേഡ് മിൽക് എന്നൊരു ഉൽപന്നം മിൽമയ്ക്ക് ഇല്ല. പച്ചക്കവറിൽ സ്റ്റാൻഡേഡൈസ്ഡ് മിൽക് ആണുള്ളത്. 

ടോൺഡ് മിൽക്കിൽ 3 ശതമാനവും സ്റ്റാൻഡേഡൈസ്ഡ് മിൽക്കിൽ 4.5 ശതമാനവുമാണു കൊഴുപ്പിന്റെ അളവ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യവസ്ഥ പ്രകാരം, സ്റ്റാൻഡേഡ് മിൽക് എന്ന് അച്ചടിച്ച കവറിൽ ടോൺഡ് മിൽക് വിൽക്കാൻ പാടില്ല. അതിനാൽ മാസങ്ങളോളം ഫിലിം മിൽമ ഗോഡൗണുകളിൽ കെട്ടിക്കിടന്നു. 

ഇതു വിൽക്കാൻ ഈ മാസം ആദ്യം മിൽമ ഒരു തന്ത്രം പ്രയോഗിച്ചു. സ്റ്റാൻഡേഡ് മിൽക് എന്നു തെറ്റായി അച്ചടിച്ച കവറിൽ ടോൺഡ് മിൽക് നിറച്ചിട്ട് കവറിൽ TONED എന്ന സീൽ അടിച്ചു.  ആരെങ്കിലും കേസിനു പോയാലോയെന്നു പേടിച്ചു വിവരവും പരസ്യപ്പെടുത്തി: ‘ തിരുവനന്തപുരം മേഖലാ യൂണിയൻ വിപണിയിലിറക്കുന്ന നീല നിറത്തിലുള്ള പാൽ കവർ, പച്ചനിറത്തിലുള്ള പാൽ കവർ, മഞ്ഞ നിറത്തിലുള്ള പാൽ കവർ എന്നിവയിൽ ലഭിക്കുന്ന പാൽ യഥാക്രമം ടോൺഡ് മിൽക്, സ്റ്റാൻഡേഡൈസ്ഡ് മിൽക്, ഡബിൾ ടോൺഡ് മിൽക് എന്നിവയായിരിക്കും...’ 

സ്വകാര്യ കമ്പനി തെറ്റായി അച്ചടിച്ചു കൊണ്ടുവന്ന സാംപിൾ നോക്കി അംഗീകാരം നൽകിയ ക്വാളിറ്റി അഷുറൻസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥ വകുപ്പു ഭരിക്കുന്ന പാർട്ടിയുടെ വിശ്വസ്തയായതുകൊണ്ടു നടപടി ഉണ്ടായില്ല. ‘അഭിനന്ദനം’ എന്ന പോലെ സീനിയർ മാനേജരുടെ പദവിയും നൽകി. സ്വകാര്യ കമ്പനിക്കുള്ള രേഖകൾ തയാറാക്കുക മാത്രം ചെയ്ത കരാർ ജീവനക്കാരനെ പിരിച്ചുവിട്ടാണു മിൽമ ‘അരിശം’ തീർത്തത്. 

പിൻവാതിൽ നിയമനങ്ങളും

മിൽമയിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ചു നിയമനങ്ങളും നടക്കുന്നു. കൊല്ലം ഡെയറിയിൽ, പത്താം ക്ലാസ് യോഗ്യത വേണ്ട വർക്കേഴ്സ്/ പ്ലാന്റ് അസിസ്റ്റന്റ് തസ്തികയിൽ 74 പേർ മതി. നിലവിലുള്ളത് 86 പേർ. 12 പേർ കയറിയതു പിൻവാതിലിലൂടെ. 17,500 രൂപയാണു മാസശമ്പളം. 

ഒരു വർഷം 180 ദിവസം അല്ലെങ്കിൽ 500 ലീറ്റർ പാൽ അളക്കുന്ന സജീവ അംഗങ്ങളായ ക്ഷീരകർഷകരുടെ മക്കളെയോ ആശ്രിതരെയോ ഇത്തരം തസ്തികയിൽ താൽക്കാലികമായി നിയമിക്കാമെന്നാണു വ്യവസ്ഥ. പക്ഷേ, രാഷ്ട്രീയക്കളിക്കു മുന്നിൽ ക്ഷീരകർഷകർ വെറും കാഴ്ചക്കാർ.

godown
ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ ഫ്രീസറുകൾ ഉൾപ്പെടെയുള്ളവ മിൽമ കൊല്ലം ഡെയറിയിൽ കെട്ടിക്കിടക്കുന്നു

കൊല്ലം ഡെയറിയിൽ സംഭരണ വിഭാഗത്തിൽ സൂപ്പർവൈസർ തസ്തികയിൽ 4 പേർ മതി. നിലവിലുള്ളത് 12 പേർ. 8 പേരെ കയറ്റിയതും പിൻവാതിൽ വഴി. ഇവർക്കു ശമ്പളം 17,000 രൂപ. മാർക്കറ്റിങ് വിഭാഗത്തിൽ ഓർഗനൈസർ, പ്രമോട്ടർ, മർക്കന്റൈസർ തുടങ്ങിയ തസ്തികകളിലും പാർട്ടി ഇടപെട്ടു നിയമനം നടത്തി. 

മലബാർ മേഖലയിൽ അറ്റൻഡർ നിയമനങ്ങൾ സിപിഎം– സിപിഐ കക്ഷികൾ വീതിച്ചെടുത്തു. പാലക്കാടും കണ്ണൂരിലും നിയമനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ സിപിഎം ഒതുക്കിത്തീർത്തു. 

യന്ത്രങ്ങൾ കെട്ടിക്കിടക്കുന്നു

മാനദണ്ഡങ്ങൾ  നോക്കാതെ ലക്ഷക്കണക്കിനു രൂപ മുടക്കി യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികൾ തിരുവനന്തപുരത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വാങ്ങിക്കൂട്ടുന്നതായും ആരോപണമുണ്ട്. പല ഡെയറികളിലും ഫ്രീസറുകളും യന്ത്രസാമഗ്രികളും കൂട്ടിവച്ചിട്ടുണ്ട്. വാറന്റി കാലാവധി കഴിയാറായവയും കൂട്ടത്തിലുണ്ട്.  മിൽമയുടെ ഏപെക്സ് ഫെഡറേഷനായ കേരള കോ–ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ മാനേജിങ് ഡയറക്ടർക്ക് അടുത്തിടെ ലഭിച്ച പരാതിയിൽ വൻതട്ടിപ്പുകളുടെ വിശദവിവരമുണ്ട്.

English Summary: Corruption in Milma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com