ADVERTISEMENT

മത– സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനുമായ വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി ജനിച്ചിട്ട് ഒന്നരനൂറ്റാണ്ട്. അദ്ദേഹത്തെ കൊച്ചുമകനും നോവലിസ്റ്റുമായ സബിൻ ഇക്ബാൽ അനുസ്മരിക്കുന്നു

പൊതുവേ, സാഹിത്യവും കലയുമാണ് ‘സമയ പരീക്ഷ’യ്ക്കു വിധേയമാക്കുക. എന്നാൽ, ചില ജീവിതങ്ങളും അങ്ങനെയാണ്. നൂറ്റാണ്ടുകൾ കഴിഞ്ഞാലും അവർക്കു സാമൂഹിക പ്രസക്തി കുറയില്ല. ‘വക്കം മൗലവി’ എന്നു പരക്കെ അറിയപ്പെട്ടിരുന്ന വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി അങ്ങനെയൊരാളാണ്.

ഇന്ന്, അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആരായിരുന്നു വക്കം മൗലവിയെന്ന ബഹുമുഖ പ്രതിഭ എന്നതും എന്തായിരുന്നു അദ്ദേഹം സ്വന്തം ജീവിതംകൊണ്ടു കാണിച്ചുതന്ന സന്ദേശം എന്നതും പ്രസക്തമാണ്.

പൗത്രൻ എന്ന നിലയ്ക്കു വക്കം മൗലവിയുടെ സാമൂഹിക-മത പരിഷ്കരണ ശ്രമങ്ങളിൽ ഞാൻ അഭിമാനിക്കുന്നുണ്ടെങ്കിലും, വക്കം മൗലവിയെ ദീർഘദൃഷ്ടിയായ പത്രപ്രവർത്തകനായി കാണാനാണ് എനിക്കു കൂടുതൽ താൽപര്യം. ഒരുപക്ഷേ, പല കാരണങ്ങളാലും വിസ്മരിക്കപ്പെട്ട, വിസ്മൃതിയിലാഴ്ത്തപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.

അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും പിടിയിലകപ്പെട്ട് അന്ധരായ ഒരു മതസമൂഹത്തെ അറിവിന്റെയും യുക്തിപൂർവമുള്ള ചിന്തയുടെയും വെളിച്ചത്തിലും വ്യക്തതയിലും മുന്നോട്ടുനയിക്കാൻ അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന സർവ സ്രോതസ്സുകളും– കുടുംബസ്വത്ത് ഉൾപ്പെടെ– ഉപയോഗിച്ചു. വക്കം പോലുള്ള ചെറിയ ഗ്രാമത്തിൽ ജീവിച്ച്, ഒരിക്കൽപോലും കേരളം എന്നു പിന്നീട് വിളിക്കപ്പെട്ട ഈ ഭൂമികവിട്ട് യാത്ര ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിനു സമകാലിക, രാജ്യാന്തര സംഭവവികാസങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. മാത്രമല്ല, ഈജിപ്തിൽ അന്നു ജീവിച്ചിരുന്ന ബുദ്ധിജീവികളും പരിഷ്കർത്താക്കളുമായി നിരന്തരമായി ആശയവിനിമയവും നടത്തിയിരുന്നു.

യാത്രകളാണ് ഒരു മനുഷ്യന്റെ ബൗദ്ധിക- സാംസ്‌കാരിക മണ്ഡലങ്ങളെ വലുതാക്കുന്നതെന്നു നമ്മൾ പറയാറുണ്ട്. എന്നാൽ, ചിലർക്കു യാത്രകൾ വെറും ‘ശാരീരിക ചലനങ്ങൾ’ മാത്രമായി തീരാറുണ്ട്. മറിച്ച്, വക്കം മൗലവി ഈ മലയാളമണ്ണിൽ മാത്രം ജീവിച്ച്, തന്റെ വായനയിലൂടെയും പഠനങ്ങളിലൂടെയും ലോകത്തെ അറിഞ്ഞ വ്യക്തിയായിരുന്നു.

ഈ ‘ബൗദ്ധിക’ ലോകപരിചയമായിരിക്കണം അദ്ദേഹത്തെ, പത്രപ്രവർത്തനമാണ് സാമൂഹിക പരിഷ്കരണത്തിന് ഏറ്റവും മൂർച്ചയുള്ള ആയുധമെന്നു ബോധ്യപ്പെടുത്തിയത്. അതുതന്നെ ആയിരിക്കണം, ‘സ്വദേശാഭിമാനി’ എന്ന പത്രം തുടങ്ങാൻ അദ്ദേഹത്തിനു പ്രചോദനവും ധൈര്യവും നൽകിയത്. തന്റെ യൗവനത്തിൽ ഇംഗ്ലണ്ടിൽനിന്ന് അന്നത്തെ ഏറ്റവും ആധുനികമായ അച്ചടിയന്ത്രം ഇറക്കുമതി ചെയ്തതു സ്വദേശാഭിമാനി പത്രം അച്ചടിക്കാൻവേണ്ടി മാത്രമായിരുന്നില്ല. രാജഭരണത്തിന്റെ കീഴിൽ വെറും പ്രജകളായി ജീവിക്കേണ്ടവരല്ല ജനങ്ങളെന്നും അവർ ഒരു ദേശത്തിന്റെ പൗരന്മാരാണെന്ന ബോധ്യവും സ്വാതന്ത്ര്യവും അവകാശബോധവും ഉണ്ടാകേണ്ടവരാണെന്നും ഓർമപ്പെടുത്താനാണ് സ്വദേശാഭിമാനി പത്രത്തിലൂടെ അദ്ദേഹം ശ്രമിച്ചത്.

യാഥാസ്ഥിതികതയെയും അജ്ഞതയെയും നേരിടാൻ അറിവും അക്ഷരവുമാണ് തന്റെ ആയുധമെന്നു വളരെ മുൻപുതന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാവണം സ്വദേശാഭിമാനി, മുസ്‌ലിം, അൽ ഇസ്‌ലാം, ദീപിക എന്നീ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം തുടങ്ങിയത്.

തന്റെ 32–ാം വയസ്സിൽ (1905) സ്വദേശാഭിമാനി തുടങ്ങണമെങ്കിൽ, അതിന് ഏതാനും വർഷംമുൻപുതന്നെ അദ്ദേഹം അതെക്കുറിച്ചു ചിന്തിച്ചിരിക്കണം. അതായത്, തന്റെ ഇരുപതുകളുടെ അവസാന പാദത്തിൽ. പിതാവിന്റെ കച്ചവടത്തിന്റെ പിന്തുടർച്ചക്കാരനാകാതെ, തികച്ചും വ്യത്യസ്തമായ വൈജ്ഞാനിക മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു.

sabil
സബിൻ ഇക്ബാൽ

‘സ്വദേശാഭിമാനി’ എന്തിനു തുടങ്ങണം എന്നതിന് അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്രലോഭിപ്പിക്കാൻ ശ്രമിച്ച ബന്ധുമിത്രാദികളോട് അദ്ദേഹം പറഞ്ഞു: ‘ഞാനൊരു കച്ചവടക്കാരനല്ല. പത്രത്തിലൂടെ ഞാൻ നേടാൻ ആഗ്രഹിക്കുന്നതു സാമൂഹിക സേവനവും ദേശസ്നേഹവുമാണ്. പണം എനിക്ക് ആവശ്യമായ ആത്യന്തികലാഭമല്ല. ഞാൻ തിരയുന്നത് എന്റെ രാജ്യത്തിനു ലഭിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. എനിക്ക് അതുമതി.’

സ്വദേശാഭിമാനിയുടെ ആദ്യ ലക്കത്തിൽ (ജനുവരി 19,1905) പത്രത്തിന്റെ എഡിറ്ററായിരുന്ന സി.പി.ഗോവിന്ദപ്പിള്ള ഇങ്ങനെ എഴുതി: ‘സ്വദേശാഭിമാനി മുസ്‌ലിം സമുദായത്തിനും മറ്റു സമുദായങ്ങൾക്കും വേണ്ടി വലിയ കാര്യങ്ങൾ ചെയ്യുമെന്നു ഞങ്ങൾ പ്രഖ്യാപിക്കുന്നില്ല. ജനക്ഷേമവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് സ്വദേശാഭിമാനിയുടെ പ്രാഥമിക ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഞങ്ങൾക്കു സംഭവിച്ചേക്കാവുന്ന അപകടങ്ങളെ ഭയന്ന് ഒരു പൊതുപരാതിയും ഞങ്ങൾ മറച്ചുവയ്ക്കില്ല.’

ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെ എഴുത്തുകളും പ്രവർത്തനവും വക്കം മൗലവിയെ ആകർഷിച്ചിരുന്നു. ദേശീയ ഐക്യത്തിനു വേണ്ടിയുള്ള അബ്ദുവിന്റെ ഉദ്ബോധനങ്ങൾ ശക്തമായി സ്വാധീനിച്ചു. അബ്ദു എഴുതി: ‘സ്വരാജ്യമെന്നാൽ ഒരുവന്റെ നാട് എന്നാണർഥം. നിങ്ങളുടെ അവകാശങ്ങൾ അവിടെ സംരക്ഷിക്കപ്പെടും. നിങ്ങളുടെ രാജ്യത്തോടുള്ള ചുമതലകളും വ്യക്തമാക്കപ്പെട്ടിരിക്കും. അവിടെ നിങ്ങൾക്കുള്ളവരും നിങ്ങളുടെ സ്വത്തും സുരക്ഷിതമായിരിക്കും. അതായത്, സ്വാതന്ത്ര്യമില്ലാത്തിടത്തു സ്വരാജ്യബോധവുമില്ല, സ്വരാജ്യസ്നേഹവും ഉണ്ടാവുകയുമില്ല.’ അബ്ദുവിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ മൗലവിയുടെ സാമൂഹികവീക്ഷണങ്ങൾക്കു ദിശാബോധം നൽകി.

അസാധാരണ പാണ്ഡിത്യവും ലാളിത്യവും സാമൂഹികസേവന ത്വരയും വക്കം മൗലവിയുടെ സവിശേഷതകളായിരുന്നു. ജീവിതാന്ത്യം വരെ ആദർശാധിഷ്ഠിതമായ ആ കർമജീവിതം തളരാതെ, തകരാതെ മുന്നോട്ടുപോയി.

തിരുവിതാംകൂർ രാജാവ് പത്രം കണ്ടുകെട്ടുകയും എഡിറ്ററായിരുന്ന രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തിട്ടും മൗലവി തന്റെ കർമത്തിൽനിന്നു പിന്നോട്ടുപോയില്ല. അദ്ദേഹം തന്റെ എല്ലാ ഊർജവും സ്വസമൂഹത്തിന്റെ ഉന്നമനത്തിന് ഉപയോഗിച്ചു. പ്രസ് കണ്ടുകെട്ടിയതു വലിയ സാമ്പത്തിക പ്രതിസന്ധിക്കു വഴിവച്ചെങ്കിലും അദ്ദേഹം അക്ഷരത്തിന്റെ വഴി വിട്ടില്ല. മുസ്‍ലിമും അൽ ഇസ്‌ലാമും ദീപികയും കഴിയുന്നിടത്തോളം മുന്നോട്ടു കൊണ്ടുപോയി.

വക്കം മൗലവിയെക്കുറിച്ചും സ്വദേശാഭിമാനിയെക്കുറിച്ചുമുള്ള പരാമർശങ്ങൾ എന്റെ കുട്ടിക്കാലത്തെ ഓർമകളിലുണ്ടെങ്കിലും, കേരള പത്രപ്രവർത്തന ചരിത്രത്തിൽ അദ്ദേഹത്തിന്റെ ഇടത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് ഞാൻ പത്രപ്രവർത്തന പഠനത്തിനു ചേർന്ന ശേഷമാണ്. പത്രപ്രവർത്തന ചരിത്രം പഠിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എന്നെ ചൂണ്ടി വക്കം മൗലവിയുടെ കൊച്ചുമകൻ ഈ ക്ലാസിൽ നമ്മോടൊപ്പമുണ്ട് എന്നു പറഞ്ഞത് ഇപ്പോഴും ഓർമിക്കുന്നു.

മത-സാമൂഹിക പരിഷ്കരണം സംബന്ധിച്ച വക്കം മൗലവിയുടെ ദർശനങ്ങളുടെ പ്രസക്തി ഇന്നും മാറാതെ നിൽക്കുന്നു. ചില മനുഷ്യരുടെ ജീവിതം അങ്ങനെയാണ്. അവർ പറഞ്ഞുപോയതും ജീവിച്ചു കാണിച്ചതുമായ കാര്യങ്ങൾ നൂറ്റാണ്ടുകളുടെ നിശ്ശബ്ദതയ്ക്കു ശേഷവും നമ്മോടു സംവദിച്ചുകൊണ്ടിരിക്കും.

വക്കം മൗലവി (1873–1932)
∙ 1873 ഡിസംബർ 28ന് തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലുള്ള വക്കത്തെ പൂന്ത്രാംവിളാകം വീട്ടിൽ ജനിച്ചു.
∙ 1905ൽ അഞ്ചുതെങ്ങിൽനിന്നു ‘സ്വദേശാഭിമാനി’ പത്രം തുടങ്ങി.
∙ 1906ൽ ‘മുസ്‌ലിം’ മാസിക ആരംഭിച്ചു.
∙ 1910 സെപ്‌റ്റംബർ 26ന് ദിവാൻ രാജഗോപാലാചാരി ‘സ്വദേശാഭിമാനി’ പത്രം നിരോധിച്ചു.
∙ 1917ൽ വക്കത്ത് ഇസ്‌ലാമിക പ്രസാധന സ്‌ഥാപനം ആരംഭിച്ചു.
∙ 1918ൽ ‘അൽ ഇസ്‌ലാം മാസിക ആരംഭിച്ചു
∙ 1921ൽ ഒറ്റപ്പാലത്തുനടന്ന കോൺഗ്രസ് സമ്മേളനത്തിൽ സംബന്ധിച്ചു.
∙ 1932ൽ വക്കം മൗലവിയുടെ അധ്യക്ഷതയിൽ ‘മുസ്‌ലിം ഐക്യസംഘം’.
∙ 1932 ഒക്‌ടോബർ 31ന് അന്തരിച്ചു.

English Summary: Novelist Sabin Iqbal remembers vakkom Mohammad Abdul khader Maulavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com