ഇതിഹാസം പിറന്ന വീട്ടിൽ

Mail This Article
ബ്രസീലിൽ ചെന്നാൽ പെലെയെ കാണാതെ മടങ്ങുന്നതെങ്ങനെ? അതും ബ്രസീൽ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനിടെ... പെലെയെ 1998, 2002 ലോകകപ്പുകളിൽ നേരിട്ടു കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വീടു കണ്ടിട്ടില്ല. 2014 ലോകകപ്പ് ബ്രസീലിൽ അരങ്ങേറുമ്പോൾ പെലെ റിയോ ഡി ജനീറോയിലാണു താമസം. നേരിട്ടു കാണാൻ പ്രയാസമാണെന്നു സൂചന കിട്ടിയതോടെ പെലെയുടെ ജന്മഗൃഹം സന്ദർശിക്കാമെന്ന തീരുമാനത്തിലെത്തി.
രാത്രി സാവോ പോളോയിൽനിന്ന് അഞ്ചര മണിക്കൂർ ബസ് യാത്ര ചെയ്ത് ബ്രസീലിലെ മിനാസ് ജറായ്‌സ് സംസ്‌ഥാനത്തെ ഉറക്കംതൂങ്ങി പട്ടണമായ ത്രെയ്‌സ് കോറസിൽ എത്തിയപ്പോൾ പുലർച്ചെയായി. ത്രെയ്‌സ് കോറസ് എന്ന പോർച്ചുഗീസ് വാക്കുകൾ സൂചിപ്പിക്കുന്നതു മൂന്നു ഹൃദയങ്ങൾ എന്നാണ്. യേശുദേവൻ, കന്യകാമറിയം, വിശുദ്ധ യൗസേപ്പ് എന്നിവരുടെ തിരുഹൃദയങ്ങളാണു പട്ടണത്തെ കാക്കുന്നതെന്നാണു വിശ്വാസം.

പെലെ ജനിച്ചുവളർന്ന വീടിപ്പോൾ മ്യൂസിയമാണ്.ത്രെയ്‌സ് കോറസിലെ വീട്ടിൽ മൂന്നു വയസ്സു വരെയാണു പെലെ ജീവിച്ചത്. പിതാവ് ഡോൻഡിഞ്ഞോ അതുവരെ കളിച്ചിരുന്ന ക്ലബ്ബിൽനിന്ന് അത്‌ലറ്റിക്കോ പട്ടണത്തിലെ ഹെപ്പാക്കെയർ ടീമിലേക്കു ട്രാൻസ്‌ഫറായതു കൊണ്ടാണ് ത്രെയ്‌സ് കോറസിൽനിന്നു കുടുംബത്തിനു താമസം മാറ്റേണ്ടിവന്നത്.
രണ്ടായിരാമാണ്ടിൽ ടൂറിസം വകുപ്പ് വീട് ഏറ്റെടുത്ത് തനിമയോടെ പുനർനിർമിക്കാൻ തുടങ്ങി. 2004ൽ മ്യൂസിയമാക്കി സന്ദർശകർക്കു തുറന്നുകൊടുത്തു. തുടർന്നു രണ്ടുവട്ടം പെലെ ഇവിടം സന്ദർശിച്ചു. ആദ്യം വന്നപ്പോൾ, സ്വീകരണമുറിയിൽ പഴയ റേഡിയോ കണ്ടു പെലെ ഉറക്കെ വിളിച്ചുപറഞ്ഞു: ‘‘എന്റെ മുത്തച്‌ഛന്റെ റേഡിയോ...”
പെലെയുടെ അമ്മ ഡോണ സെലസ്‌തെ, അവരുടെ സഹോദരൻമാർ തുടങ്ങിയവരുടെ നിർദേശങ്ങൾ അനുസരിച്ചാണ് വീട് ഫെർണാണ്ടോയുടെ നേതൃത്വത്തിൽ പുനർനിർമിച്ചത്. അടുക്കള മുറ്റത്ത് ഒരു ശിൽപമുണ്ട്. ഗർഭിണിയായ ഡോണ സെലസ്‌തെ നിലത്തു വീണു കിടക്കുന്ന ഒരു തടിയിൽ ഇരിക്കുന്നതാണു ശിൽപം.
‘കാസ പെലെ’ എന്ന വീട്ടിലേക്കുള്ള വഴിക്ക് പെലെയുടെ യഥാർഥ പേരായ എഡ്‌സൻ അരാന്റസ് ഡൊ നാസിമെന്റോ അവന്യൂ എന്നു ത്രെയ്‌സ് കോറസ് പ്രാദേശിക ഭരണകൂടം പേരിട്ടിരിക്കുകയാണ്. ഒരറ്റത്തു ‘പ്രാസ പെലെ (പെലെ പ്ലാസ) എന്ന ചത്വരമുണ്ട്. നടുവിൽ പെലെയുടെ പ്രതിമ. രണ്ടു കൈകളും ആകാശത്തേക്ക് ഉയർത്തി നിൽക്കുകയാണു താരം. കൈകളിൽ ലോകകപ്പ് ജേതാക്കൾക്കു മുൻപു നൽകിയിരുന്ന യൂൾറിമെ കപ്പ്. പെലെ ലോകമെങ്ങും തിരിച്ചറിയപ്പെടുന്ന ഒരു താരം എന്നതിലപ്പുറം പച്ചമനുഷ്യനാണ് എന്നതിനാലാവാം ഈ വീട്ടിൽ വർഷങ്ങൾക്കുശേഷം വന്നപ്പോൾ നിയന്ത്രണംവിട്ടു കരഞ്ഞത്.

1283
ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ കണക്കു പ്രകാരം
ഔദ്യോഗികവും അനൗദ്യോഗികവുമായ 1367 മത്സരങ്ങളിൽനിന്ന് പെലെ 1283 ഗോളുകൾ നേടിയിട്ടുണ്ട്. ഫിഫയുടെ കണക്കു പ്രകാരം 1366 കളികളിൽ 1281 ഗോളുകൾ.

77
ബ്രസീലിനായി 92 മത്സരങ്ങളിൽനിന്ന് 77 ഗോൾ നേടി രാജ്യത്തിന്റെ ടോപ് സ്കോററായി. ഖത്തർ ലോകകപ്പിൽ നെയ്മാർ ഈ റെക്കോർഡിനൊപ്പമെത്തി.

12
വിവിധ ലോകകപ്പുകളിൽ നിന്നായി പെലെ ബ്രസീലിനു വേണ്ടി നേടിയത് 12 ഗോളുകൾ.
127
1959ൽ ബ്രസീലിലെ സാന്റോസ് ക്ലബ്ബിനായി പെലെ നേടിയത് 127 ഗോളുകൾ. കലണ്ടർ വർഷത്തിൽ ഒരു ക്ലബ്ബിനായുള്ള ഒരു താരത്തിന്റെ ഏറ്റവും വലിയ ഗോൾനേട്ടം ഇതാണെന്ന് കരുതപ്പെടുന്നു.
English Summary: Memoir of visit to Pele's birth house- writes Antony John