ADVERTISEMENT

പിപ്പിടിയും പ്രണയപ്പകയും പിന്നാലെ; പുതുജീവൻ നേടി ‘ചാമ്പിക്കോ’

 

മഞ്ഞക്കുറ്റി

 

2022ന്റെ മലയാളം വാക്കു കണ്ടെത്താൻ വായനക്കാരുടെ സഹകരണത്തോടെ മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് ‘മഞ്ഞക്കുറ്റി’. സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കായുള്ള സർവേയുടെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിച്ച മഞ്ഞക്കുറ്റികൾ വലിയൊരു വിഭാഗം മലയാളികളുടെ ജീവിതത്തെ ആശങ്കയിലാഴ്ത്തിയ വർഷമാണു കടന്നുപോകുന്നത്. 

പതിനായിരക്കണക്കിനു വായനക്കാരുടെ നിർദേശങ്ങളിൽനിന്നു മനോരമ പത്രാധിപ സമിതി തയാറാക്കിയ ചുരുക്കപ്പട്ടിക പരിശോധിച്ച വിദഗ്ധസമിതിയുടെ ഭൂരിപക്ഷാഭിപ്രായമാണ് മഞ്ഞക്കുറ്റിയെ ഈ വർഷത്തിന്റെ വാക്കാക്കി മാറ്റിയത്.

എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടനും സാമൂഹിക നിരീക്ഷകനുമായ വി.കെ.ശ്രീരാമൻ, എഴുത്തുകാരിയും ഭാഷാധ്യാപികയുമായ ആർ.രാജശ്രീ, നടനും സംവിധായകനുമായ രമേഷ് പിഷാരടി, കവിയും കോപ്പിറൈറ്ററുമായ രാംമോഹൻ പാലിയത്ത് എന്നിവരടങ്ങിയതായിരുന്നു സമിതി. എൻ.എസ്.മാധവനും വി.കെ.ശ്രീരാമനും ഒന്നാമത്തെ വാക്കായും ആർ.രാജശ്രീ, രമേഷ് പിഷാരടി എന്നിവർ രണ്ടാമത്തെ വാക്കായും മഞ്ഞക്കുറ്റി നിർദേശിച്ചു.

ഈ വാക്കു നിർദേശിച്ച വായനക്കാരിൽനിന്നു തിരഞ്ഞെടുത്ത 20 പേർക്ക് 2500 രൂപ വീതം സമ്മാനമുണ്ട്.  

 

വായനക്കാർ നിർദേശിച്ചവയിൽനിന്നു തിരഞ്ഞെടുത്ത 10 വാക്ക്

 

പിൻവാതിൽ

ഈ വർഷത്തെ ഏറ്റവും വിവാദഹേതുവായ വാക്ക്. പിൻവാതിൽ നിയമന ആരോപണങ്ങളിലൂടെ ചിരപരിചിതമായിത്തീർന്ന ഈ വാക്ക് തെരുവുകൾ മുതൽ നിയമസഭ വരെ നിറഞ്ഞു. പിൻവാതിൽ അന്നും ഇന്നും എന്നും നമ്മുടെ വീടുകൾക്കുണ്ട്. ആ വാതിലിനു സാമൂഹികജീവിതത്തിൽ ഇത്രമേൽ ഉപയോഗവും പ്രസക്തിയും കൈവന്നത് ഈ വർഷം.

 

പിപ്പിടി

ഈ വർഷം പ്രയോഗിച്ചുകേട്ട വാക്കുകളിൽ മൗലികസ്വഭാവമുള്ളത്. ഗവർണറുമായുള്ള തർക്കം മൂത്തപ്പോൾ അദ്ദേഹത്തോടായി പിപ്പിടി വേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞതാണ് ശ്രദ്ധേയമായത്. ഭീഷണി, വിരട്ടൽ എന്ന അർഥത്തിലാണ് ഇതു പ്രയോഗിച്ചത്. മാക്സിം ഗോർക്കിയുടെ ‘അമ്മ’യുടെ ആദ്യ മലയാളം പരിഭാഷയിൽ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. കേരള സർവകലാശാലയുടെ മലയാളം മഹാനിഘണ്ടുവിൽ പിപ്പിടിക്ക് ഭീഷണിപ്പെടുത്തുക/ഭയപ്പെടുത്തുക എന്നാണർഥം.

 

 മഞ്ഞക്കുറ്റി

സിൽവർലൈൻ പദ്ധതിയിലൂടെ വലിയ ആശങ്കാകാരണമായി കേരളമാകെ നിറഞ്ഞ വാക്ക്. 

 

ചാമ്പിക്കോ

2022ൽ സിനിമയിൽനിന്നു പൊതുജീവിതത്തിലേക്കു കയറിയ വാക്ക്. ‘ചെയ്തോളൂ’ എന്ന സാമാന്യാർഥത്തിൽ ഉപയോഗിച്ചുവന്ന പഴയ നാട്ടുപ്രയോഗത്തിനു മമ്മൂട്ടിയുടെ ഭീഷ്മപർവം എന്ന സിനിമയിലൂടെ പുതുജീവൻ കിട്ടി. സമൂഹമാധ്യമങ്ങളിൽ ചാമ്പിക്കോ വിഡിയോകൾ വൻ തരംഗമായി. 

 

 പ്രണയപ്പക

പകയുണ്ടെങ്കിൽ പിന്നെ അതെങ്ങനെ പ്രണയമാകും? രണ്ടു വിരുദ്ധവികാരങ്ങൾ ചേർത്തുണ്ടായ ഭീതിപ്പെടുത്തുന്ന വാക്കായി പ്രണയപ്പക 2022ൽ നമ്മുടെ സമൂഹജീവിതത്തിലുണ്ടായിരുന്നു. മുൻപും ഈ വാക്കുണ്ടായിരുന്നെങ്കിലും ഈ വർഷമാണ് കൂടുതലായി നമ്മൾ കേട്ടതും പറഞ്ഞതും.

 

തുല്യനീതി

പേടിപ്പെടുത്തുന്ന, വിഷമിപ്പിക്കുന്ന വാക്കുകൾക്കിടയിൽ ഈ വർഷം നമ്മൾക്ക് ആശ്വസിക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു വാക്ക് തുല്യനീതി ആണ്. മുൻപേ ഈ വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സ്കൂൾ യൂണിഫോമും ജെൻഡർ ന്യൂട്രൽ സ്കൂളും വരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യനീതി 2022ൽ നമ്മൾ ചർച്ച ചെയ്തു. ഇത്രയും സർവതലസ്പർശിയായ ഒരു പോസിറ്റീവ് വാക്ക് ഈ വർഷം വേറെയുണ്ടോ?

 

 തെരുവുനായ്

തെരുവിലെ നായ്ക്കൾക്ക് ഇത്ര പൊതുശ്രദ്ധയും വാ‍ർത്താപ്രാധാന്യവും കിട്ടിയ വർഷമില്ലെന്നു പറയാം. ‘പട്ടി’ എന്ന വാക്കുപോലും മറന്ന് നമ്മൾ ‘തെരുവുനായ’ എന്ന് ഉപയോഗിച്ചു തുടങ്ങി. കൊറോണ വൈറസിനുശേഷം നമ്മളെ ഇത്രമേൽ ഭയപ്പെടുത്തിയ ഒരു വാക്ക് വേറെന്തുണ്ട്!

 

ബിരിയാണിച്ചെമ്പ്

കേൾക്കുമ്പോഴേ മലയാളിയുടെ നാവിൽ വെള്ളമൂറുന്ന ഈ വാക്കിനു പൊതുവ്യവഹാരത്തിൽ ഇത്രമേൽ കൗതുകകരമായ രാഷ്ട്രീയ മാനം വന്നുവെന്നതു വിചിത്രം തന്നെ. ആരോപണവും തുടർന്നുള്ള വിവാദവുമെല്ലാം ഈ വാക്കിനെ ഒരു ട്രോൾപദമാക്കി മാറ്റുകയും ചെയ്തു!.

 

ചക്രവാതച്ചുഴി

കാലാവസ്ഥയുമായി ബന്ധപ്പെട്ടു മലയാളികളുടെ നാവിൽ ഈ വർഷം വ്യാപകമായി എത്തിയ വാക്കാണിത്. വരും വർഷങ്ങളിലും ഇതു തുടരുമെന്നുറപ്പ്. കാലാവസ്ഥാ വ്യതിയാനമെന്ന അതീവഗുരുതര സ്ഥിതിവിശേഷത്തിന്റെ പ്രകാശനം എന്ന നിലയിലും ‘ചക്രവാതച്ചുഴി’ ഒരു നിർണായകപദമാണ്.

 

പ്രീതി

ഗവർണറെന്ന നിലയിൽ മന്ത്രി കെ.എൻ.ബാലഗോപാലിൽ തനിക്കുള്ള പ്രീതി (പ്ലഷർ) പിൻവലിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചപ്പോഴാണ് ചിരപരിചിതമായ ഈ വാക്ക് പുതിയ വെളിച്ചത്തിൽ നമ്മൾ കേൾക്കുകയും അറിയുകയും ചെയ്തത്. ബ്രിട്ടിഷ് ഭരണഘടനയിൽ ഉടലെടുത്തതാണ് ഡോക്ട്രിൻ ഓഫ് പ്ലഷർ. രാജകുടുംബത്തിന്റെ പ്രീതിയോടെ മാത്രമേ ഉദ്യോഗസ്ഥർക്കു ജോലിയിൽ തുടരാൻ സാധിക്കൂ. പ്രീതി നഷ്ടമാകുന്ന ഉദ്യോഗസ്ഥർക്കു ജോലി നഷ്ടമാകും.

 

മലയാളമായിത്തീർന്ന ഇംഗ്ലിഷ് വാക്കുകൾ

 

നമ്മൾ മലയാളമെന്നപോലെ വ്യാപകമായി പ്രയോഗിക്കുകയും ചിന്തിക്കുകയും ചെയ്ത ഏതാനും ഇംഗ്ലിഷ് വാക്കുകളും 2022ൽ ഉണ്ടായി. ഇവയെ മലയാളം വാക്കുകളായിത്തന്നെ ഇനി പരിഗണിച്ചു കൂടേ?

 

സിൽവർലൈൻ

ഈ വർഷം ഇത്രമേൽ ഉച്ചരിക്കപ്പെട്ട ഒരു വാക്കു വേറെയുണ്ടാകില്ല. രജതരേഖ എന്ന അർഥത്തിൽ വളരെ പോസിറ്റീവായ ഈ വാക്ക് കേരളമാകെ വലിയ ആശങ്കയുടെ ഹേതുവായി മാറി. അങ്ങനെ അർഥഭേദം വന്നൊരു വാക്ക് വേറെയില്ല ഈ വർഷം.

 

 ബഫർ സോൺ

ആശങ്കാകാരണമായ മറ്റൊരു വാക്ക്. പരിസ്ഥിതി ലോല മേഖല എന്ന് അർഥപരിഭാഷയുണ്ട്.

 

വൈബ്

യുവാക്കൾ അതിവ്യാപകമായി ഉപയോഗിക്കുന്ന വാക്ക്. ഒരു വൈബ് ഇല്ല, എന്തൊരു വൈബ് ആണ് എന്നൊക്കെ എന്തിനെക്കുറിച്ചും അവർ പറയുന്നു; വ്യക്തികളെക്കുറിച്ചും ഇടങ്ങളെക്കുറിച്ചുമടക്കം.

വിജയികൾ

 

മഞ്ഞക്കുറ്റി എന്ന വാക്ക് നിർദേശിച്ച വായനക്കാരിൽനിന്നു കംപ്യൂട്ടർ തിരഞ്ഞെടുത്ത 20 പേർക്ക് 2500 രൂപ വീതം സമ്മാനം. വിജയികളെ നേരിട്ടു വിളിച്ച് അറിയിക്കും.

 

∙ കെ.എം.സുബൈദ, തൃശൂർ 

∙ അഫ്‌നിദ, കണ്ണൂർ 

∙ മോളി ജോസഫ്, പാലക്കാട് 

∙ വി.കെ. അനിൽ, ന്യൂഡൽഹി 

∙ ടി.കെ. പോൾസൺ,എറണാകുളം 

∙ പി.പി. ഷെറിൻ, അരീക്കോട് 

madhavan
എൻ.എസ്.മാധവൻ

∙ ദിപു പാണപ്പുഴ, കണ്ണൂർ 

∙ പി.പി.ഷന നസ്രിൻ, മലപ്പുറം 

∙ പി.എസ്. സോണി,എറണാകുളം

∙ പി.ഐ. കോശി, പാലക്കാട്

∙ റോബിച്ചൻ സ്‌കറിയ, കണ്ണൂർ 

∙ കെ. ഉണ്ണിക്കൃഷ്ണൻ, മലപ്പുറം 

∙ മാത്യു ജോസഫ്, ഇടുക്കി 

∙ എ. ഷീമാരാജ്, എറണാകുളം 

∙ പ്രസന്നകുമാരി രാഘവൻ, മലപ്പുറം

∙ രഘുനാഥൻ പിള്ള, ആലപ്പുഴ 

rajasree
ആർ.രാജശ്രീ

∙ കെ.പി. ജയരാജ്, എറണാകുളം 

∙ കെ. ബാലകൃഷ്ണൻ, പാലക്കാട്

∙ എൻ.എ.പി. സുരേഷ്‌കുമാർ, തൃശൂർ 

∙ വി.എൻ. റിസ മറിയം, മലപ്പുറം

 

വിദഗ്ധസമിതിയുടെ വാക്കുകൾ 

 

2022ന്‍റെ വാക്ക് കണ്ടെത്തിയ വിദഗ്ധ സമിതി അംഗങ്ങളുടെ വിലയിരുത്തൽ

 

sreeraman
വി.കെ.ശ്രീരാമൻ

ഭാഷയിലെ ജനകീയ വിപ്ലവം

എൻ.എസ്.മാധവൻ

 

1. മഞ്ഞക്കുറ്റി

2. ട്രോൾ

 

മഞ്ഞയും കുറ്റിയും പുതിയ വാക്കുകൾ അല്ലെങ്കിലും ‘മഞ്ഞക്കുറ്റി’ എന്നത് കഴിഞ്ഞ വർഷം മലയാളത്തിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും ജനകീയമായ വാക്കാണ്. ജനങ്ങൾക്കിടയിൽനിന്നു സ്വാഭാവികമായി രൂപപ്പെട്ടു എന്നതാണ് അതിന്റെ വലിയ സവിശേഷത. സിൽവർലൈൻ പദ്ധതിക്കായുള്ള സ്ഥലമേറ്റടുപ്പിന് ഇട്ട കല്ലുകളെ മാധ്യമഭാഷയിലായിരുന്നെങ്കിൽ അതിർത്തി നിർണയ കല്ല് എന്നോ മറ്റോ ആവും വിളിക്കേണ്ടിയിരുന്നത്. പക്ഷേ, അതിന്റെ നിറത്തെ മുൻനിർത്തി ജനങ്ങൾക്കിടയിൽ രൂപപ്പെട്ട ഒട്ടും സങ്കീർണമല്ലാത്ത ലളിതമായ ‘മഞ്ഞക്കുറ്റി’ നാടാകെ ഒരുപോലെ പ്രചാരം നേടി. 

മലബാറിൽ തല്ലിനെ സൂചിപ്പിക്കുന്ന ‘ചാമ്പിക്കോ’ എന്ന നാട്ടുപദം കേരളമാകെ മറ്റൊരു അർഥത്തിലാണ് ‘ഭീഷ്മപർവം’ എന്ന സിനിമയിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. ആ സിനിമയുടെ പശ്ചാത്തലം ഫോർട്ട്കൊച്ചിയാണെങ്കിലും അവിടെ ഈ പദം പ്രചാരത്തിലുള്ളതായി കേട്ടിട്ടില്ല. 

‘ട്രോൾ’ എന്ന ഇംഗ്ലിഷിലെ തന്നെ പുതുതലമുറ വാക്ക് ഇപ്പോൾ ഇവിടെ എല്ലാ തലമുറയ്ക്കും സ്വീകാര്യമായ മലയാള വാക്കായി മാറിയിരിക്കുന്നു. മറ്റ് ഇംഗ്ലിഷ് വാക്കുകൾ മലയാളത്തിലേക്കു കടമെടുക്കുമ്പോൾ അതിനൊപ്പം ക്രിയാവിശേഷണം കൂടി ചേർക്കാറുണ്ട്. ഉദാഹരണം: വോട്ട് ചെയ്യുക. വോട്ടുക എന്നല്ല പറയുക. പക്ഷേ, ട്രോൾ അത്തരം ക്രിയാവിശേഷണംപോലും ആവശ്യമില്ലാതെ ജനകീയമായി. ട്രോളുക, ട്രോളി എന്നെല്ലാം ജനം സ്വാഭാവികമായി ഉപയോഗിക്കുന്നു.

ഭാഷയിൽ പുതുമാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും സംഭവിക്കുന്നതിനു പിന്നിലെ ചാലകശക്തി സമൂഹമാധ്യമങ്ങളാണ്. ഭാഷാപണ്ഡിതരിലൂടെയല്ല, ജനങ്ങളിലൂടെയാണ് ഈ ഭാഷാവിപ്ലവം സംഭവിക്കുന്നത്. 

pisharady
രമേഷ് പിഷാരടി

മറുഭാഷാപദങ്ങൾ മലയാളം പോലെ സ്വീകരിക്കപ്പെടുന്നതും പുതുപ്രയോഗങ്ങൾ വരുന്നതും ആ വഴിയാണ്. 

 

പിപ്പിടിയുടെ പിടി

ആർ.രാജശ്രീ

 

1. പിപ്പിടി

2. മഞ്ഞക്കുറ്റി

 

ഭീഷണിക്കു പകരം ഉപയോഗിക്കാവുന്ന മലയാളപദമാണ് പിപ്പിടി. ഗൗരവമില്ലാത്ത ഭീഷണി എന്നൊരു സാന്ദർഭികാർഥം കൂടി ഗവർണർ - മുഖ്യമന്ത്രി തർക്കത്തിൽ അതിനുണ്ടായിരുന്നു. ഇതിനു സമാനമാണു മഞ്ഞക്കുറ്റിയും. സിൽവർലൈൻ പദ്ധതിയെയും അതിനെതിരായി വന്ന സമരങ്ങളെയും ഒറ്റയടിക്കു സൂചിപ്പിക്കുന്നുണ്ട് ആ മലയാളവാക്ക്.

rammohan
രാംമോഹൻ പാലിയത്ത്

തുല്യനീതി ഏതു ജനാധിപത്യ സമൂഹത്തിലും നിരന്തരം ഉച്ചരിക്കപ്പെടേണ്ട പദമാണ്. അതു കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഈ വർഷം ഏറ്റവുമധികം മുഴങ്ങിയെന്നത് ആശ്വാസകരമാണ്.

പിൻവാതിൽ എന്ന സാധാരണവാക്ക് ശക്തമായ രാഷ്ട്രീയധ്വനിയോടെ പ്രയോഗിക്കപ്പെട്ടു. അതൊരു പുതിയ പദമല്ലെങ്കിലും ഭരണ-പ്രതിപക്ഷഭേദമെന്യേ ഇക്കുറി ഉപയോഗിക്കപ്പെട്ടതാണ് അതിനെ വ്യത്യസ്തമാക്കുന്നത്.

പുതുവർഷത്തിൽ ഭാഷയിൽ എന്തു മാറ്റമുണ്ടാകുമെന്നു പ്രവചിക്കാനാകില്ല. വാക്കുകൾ സാന്ദർഭികമായും ആകസ്മികമായും വരുന്നതാണ്. കഴിഞ്ഞവർഷം ഏറ്റവും ശ്രദ്ധയാകർഷിച്ച വാക്കുകൾ അങ്ങനെ വന്നതാണ്. ഭാഷ വികസിക്കുന്നതിന്റെ ലക്ഷണമാണത്. 

 

 

പടമാക്കുന്ന മലയാളി

വി.കെ.ശ്രീരാമൻ

 

1. മഞ്ഞക്കുറ്റി

2. പ്രണയപ്പക

 

മഞ്ഞക്കുറ്റി: സാധാരണ കാണാത്ത ഒന്ന്, ഒരു പക്ഷിയോ മറ്റേതെങ്കിലും ജീവിയോ നമ്മുടെ മുറ്റത്തു പ്രത്യക്ഷപ്പെട്ടാൽ ചിലർക്കു കൗതുകം, ചിലർക്കു ഭയം, സംഭ്രമം, കോപം എന്നിങ്ങനെ പല വികാരങ്ങളുണ്ടാകും. നല്ലതെന്നോ ചീത്തയെന്നോ വിലയിരുത്താൻ മുതിരാതെ ചിലർ അതിനെ ഓടിക്കാൻ ശ്രമിക്കും. അതിനെപ്പറ്റി പല കിംവദന്തികളും പരക്കും. അങ്ങനെ ഒന്നാണ്, അതിനുപയോഗിക്കാവുന്ന വാക്കാണു മഞ്ഞക്കുറ്റി.

 

പ്രണയപ്പക: ആഗ്രഹിച്ചതു ലഭിച്ചില്ലെങ്കിൽ ആഗ്രഹിച്ചതിനോടുള്ള ‘കലിപ്പാ’ണു പ്രണയപ്പക. കാറു വാങ്ങാൻ മോഹിച്ചു നടന്നില്ലെങ്കിൽ രാത്രി അടുത്ത വീട്ടിലെ പോർച്ചിൽ കയറി അവിടെക്കിടക്കുന്ന കാറിനു തീവയ്ക്കുക. അതൊരു പ്രണയപ്പകയാണ്.

 

എനിക്കു കൗതുകമുണ്ടാക്കിയ വാക്ക് മറ്റൊന്നാണ്: പടമായി.

 

സൂനാമിയും കോവിഡും പോലുള്ള ദുരന്തങ്ങളെയും ഫലിതവൽക്കരിക്കാൻ മലയാളികൾക്കുള്ള കഴിവ് കൗതുകകരമാണ്. മരിച്ച ആളിന്റെ ഫ്ലെക്സ് ചിത്രങ്ങൾ തെരുവോരങ്ങളിൽ വച്ച് മരണവിവരം ജനങ്ങളെ അറിയിക്കുന്ന സമ്പ്രദായത്തിൽ നിന്നാണ് ഒരാൾ മരിച്ചാൽ ‘അവൻ പടമായി’ എന്ന പ്രയോഗം വന്നത്. രാഘവൻ നായരുടെ വിശേഷമെന്തൊക്കെയാ എന്ന ചോദ്യത്തിന് ‘അയാളൊക്കെ പടമായിട്ടു കാലമെത്രയായി’ എന്ന മറുപടി മലയാളിക്കു മാത്രം ആവുന്നതാണെന്നു തോന്നുന്നു.

 

ചാമ്പിക്കോ വൈബ് 

രമേഷ് പിഷാരടി

 

1.  ചാമ്പിക്കോ

2.  മഞ്ഞക്കുറ്റി

 

ചാമ്പിക്കോ: കുട്ടികൾ മുതൽ മുതിർന്നവർ വരെ മിക്കവരും ഉപയോഗിച്ച വാക്ക് എന്നു പറയുമ്പോൾതന്നെ ഇതിന്റെ ജനപ്രീതി മനസ്സിലാക്കാം. സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മറ്റു പല വാക്കുകളും ഉയർന്നുകേട്ട കാലത്തും സമൂഹമാധ്യമങ്ങളിൽ ചാമ്പിക്കോ വലിയ തരംഗമായിരുന്നു. കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ മുഖ്യമന്ത്രി ഫോട്ടോയ്ക്കു വന്നിരിക്കുന്നതിന്റെ വിഡിയോ പോലും ചാമ്പിക്കോ ആയി! 

 

മഞ്ഞക്കുറ്റി: കേരളത്തിലുടനീളം ഉയർന്നുകേട്ട വാക്ക്. പ്രാദേശികമായ അതിർവരമ്പ് ഈ വാക്കിനു കൽപിക്കാനാവില്ലെന്നതും ശ്രദ്ധേയം. മ‍ഞ്ഞക്കുറ്റി സ്ഥാപിക്കുന്ന ഉദ്യോഗസ്ഥരും അതു പിഴുതുമാറ്റുന്ന സാധാരണക്കാരും വാർത്തകളിൽ ഇടം പിടിച്ചു. തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ ആവർത്തിച്ചുകേട്ട, കേരളത്തിന്റെ നേർചിത്രമായ വാക്ക്.

സിൽവർലൈൻ:  മലയാളം വാക്കല്ലാതിരുന്നിട്ടും മലയാളിയെ സ്വാധീനിച്ച വാക്ക്. മഞ്ഞക്കുറ്റി ഉണ്ടാക്കിയ ഉദ്വേഗങ്ങളുടെ പ്രഭവ കേന്ദ്രം സിൽവർലൈൻ ആയിരുന്നല്ലോ.

 

റെഡിയാണോ പി.പ്പി.ടി ?

രാംമോഹൻ പാലിയത്ത്

 

1.പിപ്പിടി

2.പ്രണയപ്പക

 

പട്ടികയ്ക്കു പുറത്തുനിന്ന് എന്റെ നിർദേശം, മലയാളമായിത്തീർന്ന രണ്ട് ഇംഗ്ലിഷ് വാക്കുകൾ: 

 

1.ഡാർക്ക്

2. വൈറൽ

 

കുട്ടിക്കാലത്തെന്നോ കേട്ടുമറന്ന്, ഇനിയൊരിക്കലും പുനർജനിക്കില്ലെന്നു വിചാരിച്ച വാക്കായിരുന്നു ‘പിപ്പിടി’. മുഖ്യമന്ത്രി പിണറായിയാണ് ‘പിപ്പിടി’യെ തിരിച്ചുപിടിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വഴിതുറന്ന മറ്റൊരു തിരിച്ചുവരവാണ് ‘പ്രീതി’യുടേത്. പുതിയതൊന്നു കിട്ടുന്നതിനെക്കാൾ എപ്പോഴും കൂടുതൽ സന്തോഷം തോന്നുന്നത് പോയതു തിരിച്ചുകിട്ടുമ്പോഴാണല്ലോ. എന്നാൽ, പിപ്പിടി എന്നെഴുതിയതു വായിക്കാൻ മലയാളമറിയുന്ന ന്യൂജെൻ കുട്ടികളോട് ആവശ്യപ്പെട്ടു നോക്കൂ. ‘്അതു പവർപോയിന്റല്ലേ അങ്കിളേ’ എന്നാകും അവരുടെ ഉത്തരം. ഓരോരുത്തരും അവരവരുടെ ‘പിപിടി’ പ്രസന്റേഷന്‍ പോക്കറ്റിലിട്ടു കൊണ്ടുനടക്കേണ്ട സ്ഥിതിയായതും മറന്നുകൂടാ. 

ഇംഗ്ലിഷിലുള്ള ചുരുക്കെഴുത്തുകളുടെ തള്ളിക്കയറ്റം ചില അപ്രതീക്ഷിത ഏറ്റുമുട്ടലുകൾക്കും വേദിയൊരുക്കുന്നുണ്ട്. കെന്റക്കി ഫ്രൈഡ് ചിക്കൻ പൊരുന്നയിരുന്ന് ലോപിച്ചുണ്ടായ ‘കെഎഫ്‌സി’ കേരളത്തിൽ വരുംമുൻപുതന്നെ കേരള ഫിനാൻഷ്യൽ കോർപറേഷൻ ഇവിടെയുണ്ട്. ഡിജിറ്റൽ പരസ്യങ്ങളുടെ ഫലപ്രാപ്തി ഉറുപ്യ അണ പൈസയ്ക്കു കണക്കുകൂട്ടുമ്പോൾ കടന്നു വരുന്നതാണ് സിപിഎം (കോസ്റ്റ് പെർ തൗസന്റ്). ഇവിടെ ‘എം’ എന്നതു റോമൻ അക്കക്കണക്കിൽ ആയിരത്തിന്റെ പ്രതീകമാണ്. പിന്നെ ഇഎംഎസിനാണോ മത്സരമില്ലാത്തത്? എക്‌സ്‌പെഡൈറ്റഡ് മെയിൽ സർവീസ് !

വാക്കുകളെപ്പറ്റി മാത്രമല്ല ഉപയോഗശൂന്യാകാശത്തേക്കു വിക്ഷേപിച്ചുകളഞ്ഞ ചില അക്ഷരങ്ങളെപ്പറ്റി ഓർത്തും 2022ൽ ഖേദിക്കുകയുണ്ടായി. ഝാർഖണ്ഡ് എന്നായിരുന്നു എഴുതേണ്ടിയിരുന്നത്. കുറച്ചുകാലം നമ്മുടെ പത്രങ്ങൾ അങ്ങനെ എഴുതുകയും ചെയ്തു. എന്നാൽ പിന്നീട് എല്ലാവരും ജാർഖണ്ഡ് കൊണ്ടു തൃപ്തിപ്പെട്ടു. ‘ഝാർഖണ്ഡുകാരാ നന്ദി, ഝായെ നീ രക്ഷിച്ചല്ലോ’ എന്നെഴുതിയത് അങ്ങനെ പാഴായി.

ഇവിടെ ഇപ്പോൾ മാത്രം സംഭവിച്ചുതുടങ്ങിയതല്ല, പണ്ടും മറ്റു നാടുകളിലും ഉണ്ടായിരുന്നതാവണം പ്രണയപ്പക എന്നാണു തോന്നുന്നത്. എന്നാലും, ഇവിടെ ഈയിടെയായി കുറച്ചുകൂടുതലും കൂടുതൽ ക്രൂരവുമാണെന്നു പറയാതെ വയ്യ. ഇക്കാര്യത്തിൽ ഏകപക്ഷീയമായി മുന്നിൽ നിൽക്കുന്നത് ആൺവർഗംതന്നെ. ആണുങ്ങളുടെ പ്രണയപ്പക ആസിഡേറിലും കൊലപാതകത്തിലും കലാശിക്കാൻ അധികം സമയം ആവശ്യമില്ല. അതേസമയം, പരമാവധി ഒരു ‘മീടൂ’ ക്യാംപെയ്നിലും വേട്ടക്കാരനെ എളുപ്പം പിടികിട്ടാവുന്ന ‘ക്ലൂ’കൾ വാരിവിതറിയ സ്റ്റാറ്റസുകളിലും സ്‌ക്രീൻഷോട്ട് എടുത്തുവീശുന്നതിലും ഒതുങ്ങുന്നതാണ് ഭൂരിപക്ഷം പെണ്ണുങ്ങളുടെയും പ്രണയപ്പക. ന്യുജെൻ പിള്ളേർ നിർബന്ധമായും ‘രമണൻ’ വായിക്കണം. കൊല്ലുന്നതിനെക്കാൾ ഒരു പൊടിക്കു ഭേദം ചാകുന്നതാടാ മക്കളേ. 2023ൽ എങ്കിലും നമുക്കു പ്രണയപ്പക എന്ന വാക്കിനെ പട്ടിണിക്കിട്ടു കൊല്ലാൻ പറ്റണേ എന്നാണു പ്രാർഥന.

‘പ്രേമം ’ സിനിമയിലൂടെയാകണം ഡാർക്കിനു കസേര കിട്ടിയത്; അതിലെ ആ പ്ലെയിൻ ബ്ലാക്ക് മുണ്ടുകൾപോലെതന്നെ. എന്നാലും, ‘സീൻ ഡാർക്കായി’ എന്ന പ്രയോഗം തലമുറകളെ ഭേദിച്ചുതുടങ്ങുന്നത് അടുത്തകാലത്താണ്. അതുതന്നെയാണ് വൈറലിന്റെയും സ്ഥിതി. കോവിഡിനെപ്പറ്റി എഴുതുമ്പോൾ, ‘ഹാ! ഒടുവിൽ വൈറസും വൈറലായി’ എന്ന് എഴുതേണ്ടിവരുംവിധം അത് ഒറിജിനലിനെ വിഴുങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ കോവിഡ് അനന്തരകാലത്ത് വൈറലായി എന്ന ക്രിയാപദം ഒരു കായകൽപ ചികിത്സ കഴിഞ്ഞ് കുളിച്ചുകയറി വന്നതുപോലെ തോന്നുന്നുണ്ട്.

ഇന്റർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ അഥവാ കൃബു അഥവാ കൃത്രിമബുദ്ധി), വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ലോക്‌ചെയിൻ എന്നിവയൊക്കെയാകും സമീപഭാവിയുടെ വാക്കുകൾ.

ഇംഗ്ലിഷ് പത്രങ്ങൾ സൂയിസൈഡ് ബോംബർ എന്നു നീട്ടിയെഴുമ്പോൾ ചാവേർ എന്നൊതുക്കാൻ നമ്മുടെ പത്രങ്ങൾക്ക് അവസരമൊരുക്കിയ ‘മാമാങ്കം പലകുറി കൊണ്ടാടിയ’ നിളയുടെ തീരങ്ങളെ ഓർക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നതെങ്ങനെ? 

English Summary: 10 words chosen from those suggested by readers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com