ADVERTISEMENT

വാളയാർ അതിർത്തി ചെക്പോസ്റ്റിൽ എത്തിയ ലോറിയുടെ ദൃശ്യം ജിഎസ്ടി വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ പകർത്തി. ആ ചിത്രത്തിൽ പതിഞ്ഞ നമ്പർ പ്ലേറ്റിൽനിന്ന് വാഹനത്തിന്റെ നമ്പർ ശേഖരിച്ച് ആ നമ്പറിൽ ഇ–വേ ബിൽ തയാറാക്കിയിട്ടുണ്ടോ എന്ന് സോഫ്റ്റ്‌വെയർ പരതി: ഇല്ല. അപ്പോൾ‌, നികുതി വെട്ടിച്ചു നീങ്ങുന്ന വണ്ടിയാണത്. കൺട്രോൾ റൂമിൽ നിന്ന് ഇൗ വിവരം കൈമാറിക്കിട്ടിയ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വണ്ടിക്കു പിന്നാലെ പാഞ്ഞു. അതിർത്തിക്ക് 5 കിലോമീറ്റർ ഇപ്പുറം വാഹനം തടഞ്ഞു. പരിശോധിച്ചപ്പോൾ ഉള്ളിലെ ചരക്ക് പച്ചക്കറി! നികുതിയില്ലാത്ത പച്ചക്കറിയുടെ പേരിൽ എന്തു നികുതി വെട്ടിക്കാൻ? ഇളിഭ്യരായി ഉദ്യോഗസ്ഥർ മടങ്ങി.

2017ൽ രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ അതിർത്തി ചെക്പോസ്റ്റുകൾ ഇല്ലാതായി. പകരം എഐ ക്യാമറകൾ വരുമെന്നും നികുതി വെട്ടിച്ച് അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ കയ്യോടെ പിടിക്കുമെന്നുമൊക്കെയായിരുന്നു വീമ്പിളക്കൽ. എന്നാൽ, ക്യാമറകൾ വലിയ തമാശയായി മാറി. ശരിക്കുള്ള നികുതി വെട്ടിപ്പു പോലും കണ്ടെത്താൻ കഴിയാതെ നോക്കുകുത്തിയായി മാറിയ ഓട്ടമാറ്റിക് നമ്പർ റെക്കഗ്‌നിഷൻ ക്യാമറകൾ സ്ഥാപിക്കാൻ 6 കോടി രൂപയാണു സർക്കാർ ഖജനാവിൽനിന്നു ചെലവിട്ടത്. മാസങ്ങളായി ഇൗ സംവിധാനം പ്രവർത്തിക്കുന്നില്ല.

ജിഎസ്ടി വന്നപ്പോൾ അതിനൊപ്പം നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ പലതും കേരളം ഫലപ്രദമായി പ്രവൃത്തിപഥത്തിലെത്തിക്കാത്തതു കൊണ്ടുള്ള തിരിച്ചടിയാണ് കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ജിഎസ്ടി പോർട്ടലിൽനിന്ന് കേരളത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ബാക് എൻ‌ഡ് സോഫ്റ്റ്‌വെയർ വാങ്ങാൻ കേരളം മടിച്ചു. പകരം സ്വന്തം സോഫ്റ്റ്‌വെയർ ഉപയോഗിച്ചു. അതു ഫലപ്രദമല്ലെന്നു തിരിച്ചറിയാൻ 4 വർഷമെടുത്തു. ഒടുവിൽ തിരികെ കേന്ദ്രം തയാറാക്കിയ സോഫ്റ്റ്‌വെയർ തന്നെ വാങ്ങേണ്ടിവന്നു. ഏറെ കാത്തിരുന്ന് ഒടുവിൽ ഉദ്യോഗസ്ഥ പുനഃസംഘടന ഇൗ വർഷമാണു നടപ്പാക്കാൻ തീരുമാനിച്ചത്.

ജിഎസ്ടി വരുമാനം കൂടിയിട്ടും പിന്നിൽ

കേരളത്തിന്റെ ജിഎസ്ടി വരുമാനം വർധിക്കുന്നുണ്ടെന്നതു ശരിതന്നെ. എന്നാൽ, അതിന്റെ പൊള്ളത്തരം കണ്ടെത്തണമെങ്കിൽ സംസ്ഥാന സർക്കാർ പറയുന്ന മറ്റൊരു കണക്കുകൂടി കാണണം. കേന്ദ്രം കഴിഞ്ഞ ജൂലൈ മുതൽ ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനാൽ ഇൗ വർഷം 9,000 കോടി രൂപയും അടുത്ത വർഷം 12,000 കോടി രൂപയും വരുമാനനഷ്ടം ഉണ്ടാകുമെന്നാണു സർക്കാർ പറയുന്നത്. വർഷാവർഷം 14% നികുതി വരുമാന വർധന ഉണ്ടാകാത്തതിനാൽ കേന്ദ്രം തന്നിരുന്ന വാർഷിക നഷ്ടപരിഹാരമാണ് ഇൗ 12,000 കോടി. ഫലത്തിൽ, ലക്ഷ്യത്തിൽ നിന്ന് 12,000 കോടി താഴെയാണ് ഇപ്പോൾ കേരളം. മൂല്യവർധിത നികുതിയിൽ നിന്നു ജിഎസ്ടിയിലേക്കു മാറിയപ്പോൾ മിക്ക ഉൽപന്നങ്ങളുടെയും നികുതിനിരക്കു കുറഞ്ഞു. നികുതി വരുമാനം ലക്ഷ്യത്തിലെത്താത്തതിനു കാരണം ഇതു കൂടിയാണ്.

tax

ജിഎസ്ടി വന്നാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് 30% നികുതി വരുമാന വർധന ഉണ്ടാകുമെന്നാണ് ധനമന്ത്രിയായിരിക്കെ മന്ത്രി തോമസ് ഐസക് പ്രവചിച്ചത്. പണം ഒഴുകി വരുമെന്നും ഇല്ലെങ്കിൽ നഷ്ടപരിഹാരം കൊണ്ടു ജീവിക്കാമെന്നുമുള്ള അലസനിലപാട് ഉദ്യോഗസ്ഥരിലേക്കും പടർന്നു. നികുതി അടയ്ക്കാത്തവരെ കണ്ടെത്തി റവന്യു റിക്കവറി നടത്തുക പഴങ്കഥയായി. പ്രളയവും കോവിഡും വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. ജിഎസ്ടിക്കു കീഴിൽ യഥേഷ്ടം നികുതി വെട്ടിപ്പ് തുടരുകയാണിപ്പോൾ. അതു ഫലപ്രദമായി തടയാൻ 5,000 ജീവനക്കാരുള്ള ജിഎസ്ടി വകുപ്പിനു കഴിയുന്നുമില്ല.

ക്ലിക്കാകാത്ത ആംനെസ്റ്റി

പിരിക്കാൻ 13,000 കോടിയുടെ കുടിശിക

ജിഎസ്ടി നടപ്പാക്കുന്നതിനു മുൻപുള്ള നികുതി കുടിശിക പിരിച്ചെടുക്കാൻ ഓരോ ബജറ്റിലും സർക്കാർ ആംനെസ്റ്റി പദ്ധതി പ്രഖ്യാപിക്കും. നികുതി വകുപ്പിന്റെ പക്കലുള്ള കണക്കനുസരിച്ച് ഇനി പിരിഞ്ഞുകിട്ടാനുള്ള കുടിശിക 13,000 കോടി രൂപയാണെന്നായിരുന്നു കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ മന്ത്രി വെളിപ്പെടുത്തിയത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി പലിശയും പിഴയും പൂർണമായി ഒഴിവാക്കിക്കൊണ്ടായിരുന്നു പുതിയ ആംനെസ്റ്റി.

ഈ സ്കീമിലേക്ക് ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. എന്നാൽ, 58,176 കുടിശിക കേസുകളിൽ ജൂലൈ വരെ 6,919 പേർ മാത്രമേ ഓപ്ഷൻ സമർപ്പിച്ചിട്ടുള്ളൂ. ഇത്രയും ഇളവു പ്രഖ്യാപിച്ചിട്ടും വ്യാപാരികൾ ആംനെസ്റ്റി സ്കീം ഉപയോഗിക്കുന്നില്ലെങ്കിൽ അതിനു കാരണം തേടുകയല്ലേ സർക്കാർ ചെയ്യേണ്ടത്. അതുണ്ടായില്ല.

നികുതിദായകർക്ക് കുടിശിക വരാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പാകപ്പിഴയും കാരണമായിട്ടുണ്ടെന്ന ആക്ഷേപം ഇതുവരെ പരിശോധിക്കാൻ സർക്കാർ തയാറായിട്ടില്ല. മൂലകാരണം കണ്ടെത്താതെ തൊലിപ്പുറത്തുള്ള ഇൗ ചികിത്സയാണ് ആംനെസ്റ്റിയെ തകർക്കുന്നത്. ഒരു ഫാസ്റ്റ്ട്രാക്ക് ടീമിനെ നിയോഗിച്ച് പഴയ നികുതി നിർണയം പുനഃപരിശോധിച്ചിരുന്നെങ്കിൽ പരിഹരിക്കാമായിരുന്നതാണ് ഇൗ പ്രശ്നം.

ആശ്വാസം ജിഎസ്ഡിപി വളർച്ച

4 വർഷമായി സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തിന് ആശ്വാസമാകുന്നത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച തിരിച്ചുപിടിക്കാനായതാണ്. കോവിഡ് പ്രതിസന്ധി കാരണം 2020–21ൽ 8.43% നെഗറ്റീവിലേക്കു പോയ ആഭ്യന്തര ഉൽപാദനം കഴിഞ്ഞ വർഷം 12.01% മുന്നേറി. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇപ്പോൾ കേരളം. ഹോട്ടൽ, റസ്റ്ററന്റ് മേഖലയിലുണ്ടായ കുതിപ്പാണ് ജിഎസ്ഡിപി വളർച്ചയെ സ്വാധീനിച്ച മുഖ്യഘടകം.

gsd

നികുതി കുറച്ചാലും വില കൂട്ടും; അനങ്ങാതെ സർക്കാർ

മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ കെ.എൻ.ബാലഗോപാൽ ഉദ്യോഗസ്ഥർക്ക് ഒരു നിർദേശം നൽകി. റഫ്രിജറേറ്ററിന്റെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി കൗൺസിൽ കുറച്ചു. 10% നികുതി കുറയുമ്പോൾ 10,000 രൂപ വിലയുള്ള ഒരു റഫ്രിജറേറ്ററിന് 1000 രൂപയെങ്കിലും വില താഴണം. കുറഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കുക, അതായിരുന്നു നിർദേശം. ജിഎസ്ടി ഉദ്യോഗസ്ഥർ കടകൾ കയറിയിറങ്ങി. കിട്ടിയ റിപ്പോർട്ട് ഇതാണ്: വില കുറഞ്ഞില്ലെന്നു മാത്രമല്ല 100 രൂപ കൂടിയിരിക്കുന്നു. മാസങ്ങൾക്കുശേഷം വീണ്ടും മന്ത്രി ഇതേ നിർദേശം നൽകി. കണക്കു വന്നപ്പോൾ മുൻപ് 17,000 രൂപയായിരുന്ന റഫ്രിജറേറ്ററിന് 21,000 രൂപയായിരിക്കുന്നു.

ഇതാണു വിപണിയിൽ സംഭവിക്കുന്നത്. ഉൽപന്നങ്ങളുടെ വിലകുറയ്ക്കാൻ സർക്കാർ നികുതി കുറയ്ക്കുന്നു. ഉൽപാദകരും വിതരണക്കാരും വിൽപനക്കാരും ചേർന്ന് അടിസ്ഥാന വില വർധിപ്പിച്ച് ഉപഭോക്താവിനു ലഭിക്കേണ്ട വിലക്കുറവ് തട്ടിയെടുക്കുന്നു.

മലയാളി വാങ്ങുന്നു, 3,000 കോടിക്ക് അരി; 7,000 കോടിക്ക് മരുന്ന്

ജിഎസ്ടി വകുപ്പിന്റെ 2020ലെ കണക്കു പ്രകാരം കേരളത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവിടുന്നത് വാഹനങ്ങൾ‌ വാങ്ങാനാണ്: 10,000 കോടിയിലേറെ രൂപ. അതിനാൽ സംസ്ഥാന ഖജനാവിലേക്ക് നികുതിയായി എത്തുന്ന തുകയുടെ 30 ശതമാനത്തോളം സംഭാവന വാഹനം വാങ്ങുന്നവരുടെ വകയാണ്. രണ്ടാം സ്ഥാനം മരുന്നിനാണ്. 7,000 കോടിയിലേറെ രൂപ മരുന്നിനു വേണ്ടി ചെലവിടുന്ന മലയാളി പക്ഷേ, അരിക്കു വേണ്ടി 3,000 കോടിയേ ചെലവാക്കുന്നുള്ളൂ. ഫോണിനു വേണ്ടിയും അരിയെക്കാൾ പണം പൊട്ടിക്കുന്നുണ്ട്. വെള്ളത്തിനായി 229 കോടിയും കോഫിക്കായി 129 കോടിയും ഉപ്പിനായി 6 കോടിയും മലയാളിയുടെ പോക്കറ്റിൽ നിന്നു പോകുന്നു.

തകർച്ചയ്ക്കു കാരണം ധൂർത്തും
ഡോ.ബി.എ.പ്രകാശ്, (അധ്യക്ഷൻ, അഞ്ചാം ധനകാര്യ കമ്മിഷൻ)

മാറിമാറി വന്ന സംസ്ഥാന സർക്കാരുകളുടെ മോശമായ ധനനയങ്ങൾ, ധനകാര്യ മാനേജ്മെന്റ്, അനാവശ്യ ബ്യൂറോക്രസി വികസനം, ധൂർത്ത്, വിഭവ സമാഹരണത്തിലെ അനാസ്ഥ, കടം വാങ്ങി നിത്യനിദാന ചെലവുകൾ നടത്തുന്ന രീതി തുടങ്ങിയവയാണു ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ. ശമ്പളവും പെൻഷനും 5 വർഷത്തിൽ ഒരിക്കൽ പരിഷ്കരിക്കുന്നതു സർക്കാരിന്റെ ധനസ്ഥിതി പാടേ തകർത്തു.

കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ചെലവിട്ടത് 72,484 കോടി രൂപയാണ്. ഇത്തരം ആവശ്യങ്ങൾക്കായി പണം മാറ്റിവയ്ക്കേണ്ടിവരുന്നതു കാരണം സർക്കാരിനു വികസന രംഗത്ത് പണം മുടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. നികുതി പിരിവിലും സർക്കാർ പിന്നോട്ടാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നികുതി, നികുതിഇതര വരുമാനങ്ങൾ വർധിപ്പിക്കാൻ അഞ്ചാം ധനകാര്യ കമ്മിഷൻ നിർദേശിച്ച 23 ശുപാർശകൾ സർക്കാർ അംഗീകരിച്ചെങ്കിലും ഒന്നുപോലും നടപ്പിലാക്കിയിട്ടില്ല. തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന ജിഎസ്ടി നഷ്ടപരിഹാരം കാരണം നികുതി ഭരണം താറുമാറായി.

ആഭ്യന്തര വരുമാനം ഉയരും
എൽ.അനിതാ കുമാരി, (അസോഷ്യേറ്റ് പ്രഫസർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ)

നികുതിഇതര വരുമാനത്തിന് ഒരു പ്രധാന സ്രോതസ്സിനെ മാത്രം ആശ്രയിക്കരുത്. നിരക്കുകൾ വർധിപ്പിച്ചും ഇ–ഗവേണൻസ് മെച്ചപ്പെടുത്തിയും മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം കൂട്ടണം. സബ്സിഡികൾ മുൻഗണനാ വിഭാഗത്തിനു മാത്രമാക്കണം. അക്കൗണ്ടന്റ് ജനറലിന്റെ സെപ്റ്റംബർ വരെയുള്ള കണക്കു പ്രകാരം കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റിന്റെ വർധന വെറും 4% മാത്രമാണ്. കേന്ദ്രം സ്പോൺസർ ചെയ്യുന്ന സ്കീമുകൾ വഴി കേരളത്തിനു ലഭിക്കേണ്ട തുകയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രത്തിൽ നിന്ന് അർഹമായ തുക ലഭിക്കാൻ ശക്തമായി ഇടപെടണം.

നികുതി വരുമാന വർധനവിനായി ഒട്ടേറെ നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. ജിഎസ്ടി വകുപ്പ് പുനഃസംഘടന, കുടിശിക പിരിച്ചെടുക്കൽ, ലക്കി ബിൽ, ഒറ്റത്തവണ തീർപ്പാക്കൽ തുടങ്ങിയവ അവയിൽ ചിലതു മാത്രം. ഇതിന്റെ ഗുണഫലങ്ങൾ വരുംമാസങ്ങളിൽ അറിയാം. കിഫ്ബി, റീബിൽഡ് കേരള തുടങ്ങിയവ വഴി നടത്തിയിട്ടുള്ള മൂലധന നിക്ഷേപങ്ങളുടെ നേട്ടങ്ങൾ വരുംവർഷങ്ങളിൽ ആഭ്യന്തര വരുമാനത്തെ ത്വരിതപ്പെടുത്തും.

നാളെ: ഇതൊക്കെ ആര് കൊടുത്തു തീർക്കും ?

English Summary: Fluctuation in GST Income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com