ADVERTISEMENT

വരുമാനം കുറയുമ്പോൾ പ്രതിസന്ധി മറികടക്കാൻ ഭരണപരമായ ചെലവുകൾ കുറയ്ക്കുക എന്ന രീതി സർക്കാരിനില്ല. പല അനാവശ്യ ചെലവുകളും നിയന്ത്രിക്കാൻ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും മറ്റു വകുപ്പുകൾ സഹകരിക്കുന്നില്ല. ഇതുകാരണം അർഹർക്ക് പണം നൽകാൻ കഴിയാത്ത സാഹചര്യം. കൃഷിക്കാർക്കു വിള ഇൻഷുറൻസ്, വിളനാശത്തിനുള്ള നഷ്ടപരിഹാരം, വിളസംഭരണത്തിനുള്ള പണം എന്നിവപോലും സമയത്ത് വിതരണം ചെയ്യാനാകുന്നില്ല

നമ്മുടെ ധനമന്ത്രിയുടെ സ്വന്തം ജില്ലയാണു കൊല്ലം. അവിടെ ജില്ലാ കോടതി സമുച്ചയം നിർമിക്കാൻ തയാറാക്കിയ എസ്റ്റിമേറ്റ് കണ്ട് മന്ത്രിയുടെ കണ്ണുതള്ളി. ചതുരശ്രയടിക്കു ചെലവ് 8,000 രൂപ. തലസ്ഥാന നഗരത്തിൽപോലും തിരക്കേറിയ മേഖലയിൽ ഒരു ഫ്ലാറ്റ് ഇതിന്റെ പകുതി നിരക്കിനു വാങ്ങാം. എന്തുകൊണ്ടാണ് ഇത്രയധികം പണം ചെലവാകുന്നതെന്ന് എൻജിനീയർമാരോടു മന്ത്രി തിരക്കി. ഉത്തരം ഇതായിരുന്നു. ‘‘മനോഹരമായ ഡിസൈനാണു സാർ’’.

ആ എസ്റ്റിമേറ്റിലെ പെരുപ്പിച്ചുകാട്ടൽ മന്ത്രി ഇടപെട്ടതിനാൽ കണ്ടുപിടിക്കാനായി. എസ്റ്റിമേറ്റ് പുനഃപരിശോധിക്കാൻ ചെന്നൈ ഐഐടിയോടു നിർദേശിച്ചിരിക്കുകയാണിപ്പോൾ. ദൈനംദിന ചെലവു നടത്താൻ ഗതിയില്ലെങ്കിലും നമ്മുടെ സർക്കാരിന്റെ മിക്ക പദ്ധതികളുടെയും പോക്ക് ഇത്തരത്തിലാണ്. ആഡംബരം ഒട്ടും കുറയ്ക്കേണ്ടെന്ന മാനസികനിലയാണ് എൻജിനീയർമാർക്ക്. അതിനാൽ ഏറ്റവും മുന്തിയ സൗകര്യങ്ങളും എടുപ്പുകളും ഒക്കെ ഡിസൈനിൽ വരച്ചുചേർക്കും. എന്തിനാണ് ഇൗ ആഡംബരം എന്ന് ആരും ചോദിക്കാറില്ല. ഇക്കാര്യത്തിൽ എൻജിനീയർമാരെയും നമുക്കു കുറ്റം പറയാൻ കഴിയില്ല. കാരണം, ഭരണരംഗത്ത് അവർ കാണുന്നതെല്ലാം സമാന മാതൃകകളാണല്ലോ!

ബോർഡ് അധ്യക്ഷർ, സ്ഥാപനങ്ങളുടെ ചെയർമാൻമാർ തുടങ്ങിയവർ പുതിയ കാർ ആവശ്യപ്പെട്ട് അയച്ച ഫയലുകൾ ധനവകുപ്പിൽ കുന്നുകൂടിക്കിടക്കുകയാണ്. എല്ലാവർക്കും വേണ്ടത് 20 ലക്ഷം രൂപയ്ക്കുമേൽ വിലയുള്ള കാർ. കേന്ദ്ര സർക്കാർപോലും ചെറിയ കാർ വാടകയ്ക്കെടുത്ത് ഉപയോഗിക്കൂ എന്നു നിർദേശം നൽകിയിരിക്കുമ്പോഴാണ് ഇവിടെ ഒരിക്കലും അവസാനിക്കാത്ത വാഹനഭ്രമം. കാർ വാങ്ങുന്നതിനെ ധനവകുപ്പ് എതിർത്താൽ സ്വാധീനം ഉപയോഗിച്ചു ഫയൽ മന്ത്രിസഭയ്ക്കു മുന്നിലെത്തിക്കും. അവിടെ ചോദ്യവും പറച്ചിലും ഒന്നുമില്ല. ശുപാർശ അതേപടി അംഗീകരിക്കും.

സാമ്പത്തികപ്രതിസന്ധി കാരണം സർക്കാരിനു കീഴിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി വിലക്കി ധനവകുപ്പ് ഉത്തരവിറക്കി ഒരു മാസം കഴിയും മുൻപാണ് ക്ലിഫ് ഹൗസിൽ 25 ലക്ഷം രൂപ മുടക്കി ലിഫ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇത്തരം ചെലവുകൾ വേണ്ടെന്നു വച്ചാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മാറുമെന്നല്ല. മറിച്ച്, ഭരിക്കുന്നവർ‌ ചെലവു ചുരുക്കിയില്ലെങ്കിൽ അതിനു താഴേക്കു വകുപ്പു സെക്രട്ടറിമാർ മുതൽ പഞ്ചായത്ത് സെക്രട്ടറി വരെയുള്ളവർ അതേ മനോഭാവത്തിലേ നടപടികൾ കൈക്കൊള്ളൂ.

അന്ന് സർക്കാരിനെ കുറ്റം പറഞ്ഞു; ഇന്നോ?
മുൻ സർക്കാരിനെതിരെ എൽഡിഎഫ് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയ തെറ്റുകൾ തുടർന്നു

സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാൻ സർക്കാർ ചെയ്യേണ്ടതെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ വലിയ പഠനത്തിന്റെയൊന്നും ആവശ്യമില്ല. 6 വർഷം പിന്നിലേക്കു പോയാൽ മതി. യുഡിഎഫ്കാലത്തെ സാമ്പത്തികപ്രശ്നങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ അന്നു ധനമന്ത്രിയായി അധികാരമേറ്റ ടി.എം.തോമസ് ഐസക് ധവളപത്രം പുറത്തിറക്കിയിരുന്നു. അതിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിഞ്ഞ 6 വർഷം ശ്രമം നടത്തിയിരുന്നെങ്കിൽ ഇന്നു സ്ഥിതി എത്രയോ മെച്ചപ്പെടുമായിരുന്നു.

ട്രഷറിയിൽ ആവശ്യത്തിനു പണമുണ്ടോയെന്നു നോക്കാതെയാണ് യുഡിഎഫ് സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചതെന്നായിരുന്നു ധവളപത്രത്തിലെ മുഖ്യ ആരോപണം. പിന്നീടു സംഭവിച്ചതോ? ട്രഷറിയിൽ പണമില്ലാതെ വന്നപ്പോൾ പദ്ധതികൾ യഥേഷ്ടം വെട്ടിക്കുറച്ചു. മുൻ സർക്കാർ താങ്ങാവുന്നതിലധികം കടം വാങ്ങിയെന്നതായിരുന്നു അന്നത്തെ മറ്റൊരു കണ്ടെത്തൽ. എന്നാൽ, ആകെ കടബാധ്യത ജിഎസ്ഡിപിയുടെ 29% കടക്കരുതെന്ന് ധന ഉത്തരവാദിത്തനിയമം പറയുമ്പോൾ സംസ്ഥാനത്തിന്റെ കടം ഇപ്പോൾ ജിഎസ്ഡിപിയുടെ 40 ശതമാനത്തോളമാണ്.

ശമ്പളം, പെൻഷൻ, പലിശ എന്നീ ചെലവുകൾ നിയന്ത്രിക്കുമെന്ന അന്നത്തെ പ്രഖ്യാപനവും പാലിച്ചില്ല. നിറവേറ്റാൻ കഴിയുമോ എന്നു പോലും പരിശോധിക്കാതെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ശമ്പള പരിഷ്കരണം അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ ഭരണച്ചെലവ് കുതിച്ചു. ഇപ്പോഴോ, ജീവനക്കാർക്ക് അവധി സറണ്ടർ തുക നൽകാൻ പോലും പണമില്ലാത്ത അവസ്ഥയായി. 4 ഗഡു ക്ഷാമബത്ത കുടിശികയാണു ജീവനക്കാർക്കു നൽകാനുള്ളത്. ആകെ 11%. ഇൗ മാസം കേന്ദ്രം ഒരു ഗഡുകൂടി പ്രഖ്യാപിക്കുമ്പോൾ ആകെ 5 ഗഡു കേരളത്തിൽ കുടിശികയാകും. പെൻഷൻ പരിഷ്കരണ കുടിശികയുടെ 2 ഗഡു കൊടുക്കാൻ ബാക്കിയാണ്. ഇൗ തുക കിട്ടും എന്നു കരുതി കാത്തിരുന്ന ഒട്ടേറെ പെൻഷൻകാർ‌ അതു കൈപ്പറ്റാൻ‌ ഭാഗ്യമില്ലാതെ മരണമടഞ്ഞു. ഡിഎ, പെൻഷൻ പരിഷ്കരണ കുടിശിക നൽകാൻ 8,000 കോടി രൂപയ്ക്കുമേൽ വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

പദ്ധതികളിൽ വരും കടുംവെട്ട്

ബജറ്റ് വിഹിതം അതിവേഗം ചെലവിടുന്ന വകുപ്പുകൾ നല്ല കുട്ടികളാകും എന്നതായിരുന്നു പണ്ടത്തെ രീതി. എന്നാൽ, ഇന്നു കാര്യങ്ങൾ മറിച്ചാണ്. പണം അതിവേഗം ചെലവിട്ട് അത്രയ്ക്കങ്ങു സ്മാർട്ടാകേണ്ട എന്നാണു വകുപ്പുകൾക്കു ധനവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അങ്ങനെ പണം വേഗം ചെലവിടാൻ ഏതെങ്കിലും വകുപ്പു ശ്രമിച്ചാൽ ഫണ്ട് തടഞ്ഞ് ധനവകുപ്പു നിയന്ത്രിക്കും. ട്രഷറിയിൽ പണമില്ലാത്തതാണ് ഇൗ പുതിയ ശൈലിയിലേക്കു സർക്കാരിന്റെ ചെലവിടൽരീതി മാറാൻ കാരണം. ഇതു സംസ്ഥാനത്തെ പദ്ധതികളുടെ പുരോഗതിയെ അതിഗുരുതരമായാണു ബാധിച്ചിരിക്കുന്നത്. ഇൗ സാമ്പത്തിക വർഷത്തെ ബജറ്റിൽ സംസ്ഥാന പദ്ധതികൾ, തദ്ദേശ പദ്ധതികൾ, കേന്ദ്ര പദ്ധതികൾ എന്നിവയെല്ലാം ചേർത്ത് ആകെ 39,640 കോടി രൂപയാണ് ചെലവിടേണ്ടത്.

3 മാസം മാത്രം മുന്നിലുള്ളപ്പോൾ 43.22% തുക മാത്രമേ സർക്കാർ ചെലവിട്ടിട്ടുള്ളൂ. മിക്ക വകുപ്പുകളും പണം ചെലവിടലിൽ പകുതിക്കു താഴെയാണ്. ഇനി സംഭവിക്കാൻ പോകുന്നത് ഇതാണ്: ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും വെട്ടിക്കുറയ്ക്കും. മുൻപ് 30% വരെ പദ്ധതികൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഇക്കുറി ഇത് 40% വരെ എത്തിയേക്കുമെന്ന ആശങ്കയാണ് വകുപ്പുകൾ പങ്കുവയ്ക്കുന്നത്.

വരുന്നു, യുഡിഎഫ് ധവളപത്രം

സർക്കാരിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ചു ധവളപത്രമിറക്കാൻ യുഡിഎഫ് തീരുമാനിച്ചു. സിഎംപി നേതാവായ സി.പി.ജോൺ, മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങിയവരാണ് ധവളപത്രം തയാറാക്കുന്ന സമിതിയിലെ അംഗങ്ങൾ. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, അതിനുള്ള കാരണങ്ങൾ, കരകയറാനുള്ള മാർഗങ്ങൾ തുടങ്ങിയവയാണു ധവളപത്രത്തിലുണ്ടാകുക.

സംസ്ഥാന ബജറ്റിനു മുൻപു പ്രസിദ്ധീകരിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.ഡി.സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ധവളപത്രം ഇറക്കിയിരുന്നു. അതിനു മുൻപ് 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ അന്നത്തെ ധനമന്ത്രി ടി.എം.തോമസ് ഐസക് ധവളപത്രം പ്രസിദ്ധീകരിച്ചിരുന്നു.

സുന്ദര ഇടങ്ങളിൽ നിക്ഷേപം വരട്ടെ
സന്തോഷ് ജോർജ് കുളങ്ങര (സഞ്ചാരി)

കേരളത്തിൽ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് ഭൂമി. സർക്കാരിനു കീഴിൽ കണ്ണായ ഇടങ്ങളിലും കടൽത്തീരങ്ങളിലും ഹൈവേയുടെ വശങ്ങളിലും മലയോരങ്ങളിലും ഒക്കെ ടൂറിസത്തിനും വ്യവസായത്തിനും സാധ്യതയുള്ള സ്ഥലങ്ങളുണ്ട്. വെറുതേ കിടക്കുകയാണ് ഇത്തരം ഒട്ടേറെ സ്ഥലങ്ങൾ. അതു കയ്യിൽ ഒതുക്കിവച്ച് സർക്കാരിന്റേതെന്ന് അഭിമാനിച്ചിരിക്കുന്നതിനു പകരം നിക്ഷേപിക്കാൻ സന്നദ്ധരായ സംരംഭകർക്കു പാട്ടത്തിനു നൽകണം. ബോൾഗാട്ടി പ്രദേശം എം.എ.യൂസഫലിക്കു പാട്ടത്തിനു നൽകി അവിടെ ഗ്രാന്റ് ഹയാത്ത് സ്ഥാപിച്ചതുപോലെ.

santhosh-george-kulangara-2
സന്തോഷ് ജോർജ് കുളങ്ങര

കെഎസ്ഇബിക്ക് ഇടുക്കി ഡാമിന്റെ പരിസരത്ത് ഒട്ടേറെ ഭൂമിയുണ്ട്. മനോഹരമായ സ്ഥലമാണത്. പക്ഷേ, കെഎസ്ഇബിക്ക് ആ ഭൂമിയിൽനിന്നു വൈദ്യുതി അല്ലാതെ മറ്റു നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നില്ല. ഏറ്റവും സുന്ദരമായ ഇത്തരം ഇടങ്ങൾ നിക്ഷേപിക്കാൻ തയാറുള്ളവർക്കു ദീർഘകാലത്തേക്കു പാട്ടത്തിനു നൽകണം. വലിയൊരു തുക നിക്ഷേപമായി വാങ്ങാം. പ്രതിവർഷം പാട്ടത്തുകയും കൈപ്പറ്റാം. നിക്ഷേപകർ പ്രകൃതിയെയും പാരമ്പര്യത്തെയും നശിപ്പിക്കുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തണമെന്നു മാത്രം.

അതുപോലെ, ചില പ്രത്യേക ആവശ്യങ്ങൾക്കു സ്ഥാപിക്കപ്പെട്ടതും ഇപ്പോൾ‌ കാലഹരണപ്പെട്ടതുമായ ഒട്ടേറെ സ്ഥാപനങ്ങൾ സർക്കാരിനു കീഴിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെയോ ജനപ്രതിനിധികളുടെയോ നിർബന്ധത്തിനു വഴങ്ങി ആരംഭിച്ചവയാണ് ഇതിൽ പലതും. അവയെ നിലനിർത്താനും അവിടുത്തെ ജീവനക്കാരെ തീറ്റിപ്പോറ്റാനും കോടികളാണ് ഖജനാവിൽനിന്നു ചെലവഴിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ നിർത്തി ജീവനക്കാരെ മറ്റു വകുപ്പുകളിലേക്കു വിന്യസിക്കണം.

(പരമ്പര അവസാനിച്ചു)

English Summary: Financial crisis of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com