ADVERTISEMENT

രാഷ്ട്രീയ നേതാക്കളും അധികാരസ്ഥാനത്തിരിക്കുന്നവരും പുലർത്തേണ്ട മാന്യതയും സംസ്കാരവും ഏതു സാഹചര്യത്തിലും മറക്കാനുള്ളതല്ല. വാക്കിലും പെരുമാറ്റത്തിലുമൊക്കെ തെളിയേണ്ട ആ മാന്യത കൈമോശം വരുമ്പോൾ അതു ജനങ്ങളോടുള്ള കൊഞ്ഞനംകുത്തലാവുന്നു. അതുകൊണ്ടാണു തിരഞ്ഞെടുപ്പുവേളയിലും നിയമസഭയിലുമൊക്കെ ഉണ്ടാകുന്ന തരംതാണ പ്രയോഗങ്ങളും പ്രതികരണങ്ങളും വലിയ ഒച്ചപ്പാടിനു വഴിവയ്‌ക്കുന്നത്.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകളിലും നടപടികളിലും മാന്യതയുടെ അതിരുകൾ ലംഘിക്കപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. അതേസമയം, ആ അതിർത്തി എങ്ങനെയാണു തീരുമാനിക്കേണ്ടതെന്ന ചോദ്യം നിർണായകവുമാണ്. മന്ത്രിമാരെപ്പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകൾക്ക് അധിക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന സുപ്രീം കോടതിവിധി ഈ സാഹചര്യത്തിൽ വലിയ പ്രാധാന്യം കൈവരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധി സംബന്ധിച്ച് ഭരണഘടനയുടെ 19(2) വകുപ്പുപ്രകാരം എല്ലാവർക്കുമുള്ള നിയന്ത്രണങ്ങൾ തന്നെയാകും പൊതുപ്രവർത്തകർക്കും ബാധകമാകുക.

ഭരണഘടനാപ്രകാരമുള്ള നിയന്ത്രണങ്ങൾ പൂർണമാണെന്നും അതിലേറെ നിയന്ത്രണം മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ കാര്യത്തിൽ സാധ്യമല്ലെന്നും വ്യക്തമാക്കുകയായിരുന്നു, ഭൂരിപക്ഷ വിധിയിലൂടെ (4–1) അഞ്ചംഗ ഭരണഘടനാ ബെഞ്ച്. യുപിയിലെ മുൻമന്ത്രി അസം ഖാനെതിരായ ഹർജിയാണു വിധിയിലേക്കു നയിച്ചതെങ്കിലും കേരളത്തിലെ ‘പെമ്പിളൈ ഒരുമൈ’ സമരത്തിനെതിരെ, അന്നു മന്ത്രിയായിരുന്ന സിപിഎം നേതാവ് എം.എം.മണി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരായ ഹർജിയിലെ പ്രശ്നങ്ങളും ബെഞ്ച് പരിഗണിക്കുകയുണ്ടായി. ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ എം.എം.മണി ഉൾപ്പെടെയുള്ളവരുടെ ഹർജികൾ സുപ്രീം കോടതി ഇനി പ്രത്യേകമായി പരിഗണിക്കും.

മന്ത്രിമാരുടെ പ്രസ്താവനയുടെ ബാധ്യത സർക്കാരിനല്ലെന്നു ബെഞ്ചിലെ മറ്റു 4 പേരും നിലപാടെടുത്തപ്പോൾ, ഈ ബാധ്യത സർക്കാരിനാണെന്നാണ് വിയോജനവിധിയിൽ ജസ്റ്റിസ് ബി.വി.നാഗരത്ന വിലയിരുത്തിയത്. 2016ലെ നോട്ടുനിരോധനം നിയമവിരുദ്ധമെന്നു തിങ്കളാഴ്ച വിധിച്ച ജസ്റ്റിസ് നാഗരത്ന, വ്യക്തിപരമായ കാര്യത്തിലല്ലാതെ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ പരിധിയിൽപെടുമെന്നു ചെ‍ാവ്വാഴ്ച വ്യക്തമാക്കിയപ്പോൾ ഭരണഘടനാ ബെ‍ഞ്ചിലെ ഭൂരിപക്ഷ നിലപാടിനോടുള്ള വിയോജിപ്പ് വീണ്ടും അറിയിക്കുകയായിരുന്നു. പ്രവർത്തകരുടെ പ്രസ്താവനയും നടപടികളും നിയന്ത്രിക്കേണ്ടതു രാഷ്ട്രീയ പാർട്ടികളാണെന്നും ഇക്കാര്യത്തിൽ പാർട്ടികൾക്കു പെരുമാറ്റച്ചട്ടത്തിലൂടെയോ മറ്റോ പരിധി നിശ്ചയിക്കാമെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടതിലൂടെ ഈ വിഷയത്തിൽ മറുചിന്തയിലേക്കുള്ള വഴികൂടിയാണു തെളിയുന്നത്. വിയോജന വിധികൾ ഭാവിയിലേക്കുള്ള സഹായരേഖയായാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്.

വിവരവും വിവേകവുമുള്ള നേതാക്കളെ മാത്രം ജനം അംഗീകരിക്കുന്ന കാലമാണിത്. സ്‌ഥാനത്തിന്റെ വലുപ്പവും പ്രായത്തിന്റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്‌ഥാന മര്യാദ പെ‍ാതുപ്രവർത്തകർ മറന്നുപോകുന്ന പല സംഭവങ്ങളും ഇതിനകം നാം കണ്ടുകഴിഞ്ഞു. നാടിന്റെ കുലീനതയും പാലിക്കപ്പെടുന്ന ജനാധിപത്യ മര്യാദയും പൊതുജീവിതത്തിലുള്ള ഓരോരുത്തരുടെയും നാവിലൂടെയും പ്രകടമാകുമെന്ന തിരിച്ചറിവ് രാഷ്‌ട്രീയജീവിതത്തിന്റെ അടിസ്‌ഥാന ദർശനം തന്നെ. മര്യാദവിട്ടുള്ള പരാമർശങ്ങൾ എല്ലാവരും പാലിക്കേണ്ട പ്രതിപക്ഷ ബഹുമാനത്തിന്റെ നിഷേധമാണ്. അന്തസ്സോടെയുള്ള ജീവിതത്തിനുള്ള മൗലികാവകാശവും അതിലൂടെ ലംഘിക്കപ്പെടുന്നുവെന്നാണ് കോടതി വിലയിരുത്തുന്നത്.

വിദ്വേഷപ്രസംഗം തടയാൻ രാജ്യത്തു ശക്തമായ നിയമം ആവശ്യമാണെന്ന അഭിപ്രായം കൂടുതൽ ശക്തമാവുകയുമാണ്. വിഷം വമിക്കുന്ന പ്രസംഗങ്ങളിലൂടെ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും സാഹചര്യമുണ്ടാക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും നിയമവാഴ്‌ച ഉറപ്പുവരുത്താനും കേന്ദ്ര, സംസ്‌ഥാന ഭരണകൂടങ്ങൾക്കുള്ള ഉത്തരവാദിത്തം കാലം ഓർമപ്പെടുത്തുന്നുണ്ട്. വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കു കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കണമെന്നു ഡൽഹി, ഉത്തരാഖണ്ഡ്, യുപി സർക്കാരുകൾക്കു സുപ്രീം കോടതി ഇടക്കാല ഉത്തരവു നൽകിയത് കഴിഞ്ഞ ഒക്ടോബറിലാണ്. സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിങ്ങനെ ഭരണഘടന വേരുറപ്പിച്ച അടിസ്ഥാന മൂല്യങ്ങളെയാണു വിദ്വേഷ പ്രസംഗങ്ങൾ തകർക്കുന്നതെന്നു ജസ്റ്റിസ് നാഗരത്ന നൽകിയ മുന്നറിയിപ്പും സുപ്രീം കോടതിയുടെ ഭൂരിപക്ഷവിധിയോടെ‍ാപ്പം നാം ചേർത്തുവയ്ക്കേണ്ടതുണ്ട്. 

English Summary: Supreme Court's critical judgment on the responses of public activists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com