ADVERTISEMENT

വാട്സാപ് ഗ്രൂപ്പുകളിൽ ഇപ്പോൾ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രക്കുണ്ട്. നമ്മളിൽ മിക്കവരും ഇതിനകം അതു കണ്ടിരിക്കും. ഒരു ഗ്രാമീണ മൺപാതയിലൂടെ സാധനങ്ങൾ കുത്തിനിറച്ച് വളവുതിരിഞ്ഞു വരുന്ന ട്രക്ക്. വഴിക്കു കുറുകെ ഉയരത്തിൽ ഒരു വലിയ ദിശാബോർഡുണ്ട്. അതിനു താഴെക്കൂടി ട്രക്ക് കടന്നുപോകുമ്പോൾ പിന്നിലെ സാധനങ്ങളിൽ തട്ടി ആ ദിശാബോർഡ് അപ്പാടെ ഇളകി ട്രക്കിനൊപ്പം മുന്നോട്ടുപോകുന്നു. സംഗതി മനസ്സിലാക്കിയ ട്രക്ക് ‍ഡ്രൈവർ പതിയെ വാഹനം പിന്നോട്ടെടുത്ത്, അൽപം മാറിയെങ്കിലും, ഒരു വിധത്തിൽ ബോർഡ് തിരികെ റോഡിൽ ഇറക്കി വയ്ക്കുന്നു. 

എന്നാൽ, രസകരമായ കാര്യം വളവു തിരിഞ്ഞുവന്നപ്പോൾ ദിശാ ബോർഡ് ഇരുന്നിരുന്ന റോഡുതന്നെ മാറിപ്പോയെന്നതാണ്! അതായത്, ഒരു റോഡിൽനിന്നു തൂക്കിയെടുത്തു വേറൊരു റോഡിൽ കൊണ്ടുപോയി ബോർഡ് സ്ഥാപിച്ചു. ട്രക്ക് ഡ്രൈവർ സ്ഥലം വിട്ടുപോവുകയും ചെയ്തു. 

lor
ദിശാബോർഡ് ട്രക്കിൽ കുടുങ്ങുന്നതിന്റെ വിഡിയോ ദൃശ്യം

‘ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ’, ‘അപ്പോൾ തന്നെ പിഡബ്ല്യുഡി ഡ്രൈവറെ വിളിച്ച് ഒരു അവാർഡും കൊടുത്തു’ എന്നൊക്കെയുള്ള അടിക്കുറിപ്പോടെ വിഡിയോ വാട്സാപ്പിൽ കിട്ടിയപ്പോഴാണ് ഇത് ഇന്ത്യയിൽ എവിടെ നടന്നതാകും എന്നൊന്ന് അന്വേഷിക്കാൻ തോന്നിയത്.

അന്വേഷണം കിലോമീറ്ററുകൾ പിന്നിട്ട്, ഇന്ത്യയുടെ അതിർത്തിയും കടന്നുപോയെന്നു പറഞ്ഞാൽ മതിയല്ലോ! സാധനങ്ങൾ കുത്തിനിറച്ച ആ ട്രക്കും വഴിയുടെ സ്വഭാവവും ഒക്കെ വച്ചുനോക്കിയാൽ ഇന്ത്യയാണെന്നു തോന്നുമെങ്കിലും സംഭവം നടന്നത് അകലെയകലെ തുർക്കിയിൽ. 

sign
ദിശാബോർഡിന്റെ ചിത്രം തുർക്കി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

ഇക്കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ തുർക്കിയിലെ മെഴ്സിൻ പ്രവിശ്യയിലുള്ള താ‍ർസസ് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. അവിടെയുള്ള സ്വാഗത ബോർഡാണ് ട്രക്ക് വലിച്ചുകൊണ്ടുപോയി മാറ്റി സ്ഥാപിച്ചത്. ബോർഡിരുന്ന റോഡ് മാറിപ്പോയതോടെ, പിന്നാലെ വന്നവർക്കൊക്കെ വഴി തെറ്റി. ഇതെന്തു മറിമായമെന്നു ഗ്രാമത്തിലുള്ളവരുടെ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യം പുറത്തുവന്നത്. അതോടെ, ആ വിഡിയോ തുർക്കിയിലും പുറത്തും സമൂഹമാധ്യമങ്ങളിൽ തരംഗമായി. ചാനലുകളിലും പത്രങ്ങളിലും വാർത്തയായി. അങ്ങനെ, 45 പേർ മാത്രം താമസിക്കുന്ന ആ ചെറുഗ്രാമം തുർക്കിയിലാകെ പ്രശസ്തമായി. ഇപ്പോഴിതാ, ഇവിടെയും! 

കഥ അവിടെ തീർന്നില്ല, രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാവം ട്രക്ക് ഡ്രൈവർ ക്രെയിനും കൊണ്ടുവന്ന് അബദ്ധത്തിൽ ‘മാറ്റി സ്ഥാപിച്ച’ ബോർഡ് പഴയസ്ഥലത്തു പുനഃസ്ഥാപിച്ചുവെന്നു തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു!  

tur
ട്രക്കിന്റെ വിഡിയോ ഇന്ത്യയിൽ പ്രചരിച്ചത് ഇങ്ങനെ

മാർപാപ്പമാരുടെചിത്രം 

വ്യാജവാർത്തകൾ ഏദൻ തോട്ടത്തിലെ സർപ്പത്തെപ്പോലെയാണെന്നു പറഞ്ഞിട്ടുണ്ട് ഫ്രാൻസിസ് മാർപാപ്പ. ഈയാഴ്ച അദ്ദേഹത്തിന്റെ പേരിലും പ്രചരിച്ചു ഒരു വ്യാജചിത്രം. ബനഡിക്ട് മാർപാപ്പയുടെ വിയോഗത്തിനു പിന്നാലെ ലോകമാകെ വ്യാപകമായി പ്രചരിച്ചതാണ് ഇതോടൊപ്പമുള്ള ബ്ലാക് ആൻഡ് വൈറ്റ് ചിത്രം. പ്രചരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: ‘തന്റെ പിൻഗാമികളായി പിന്നീട് പോപ്പുമാരായ രണ്ടു പേർക്കൊപ്പം ജോൺ പോൾ രണ്ടാമൻ മാർപാപ്പ. പിന്നീട് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായ കർദിനാൾ റാറ്റ്സിങ്ങർ, ഫ്രാൻസിസ് മാർപാപ്പയായി മാറിയ കർദിനാൾ ബർഗോളിയോ എന്നിവരാണ് സമീപത്തുനിൽക്കുന്നത്.’ 

1983ൽ എടുത്ത ഈ ചിത്രത്തിൽ ജോൺ പോൾ രണ്ടാമനും കർദിനാൾ റാറ്റ്സിങ്ങറും ഉണ്ടെന്നതു ശരിയാണ്. എന്നാൽ, നിൽക്കുന്നവരിൽ രണ്ടാമത്തെയാൾ ഇപ്പോഴത്തെ ഫ്രാൻസിസ് മാർപാപ്പയല്ല. അത്, അന്നത്തെ വെനസ്വേല ആർച്ച് ബിഷപ് റൊസാലിയോ ജോസ് കാസ്റ്റിലോ ലാറയാണ്. പുതിയ കാനൻ നിയമത്തിൽ മാർപാപ്പ ഒപ്പുവയ്ക്കുന്നതാണു സന്ദർഭം. കാനൻ നിയമം പരിഷ്കരിച്ച കമ്മിഷന്റെ അധ്യക്ഷനായിരുന്നു കാസ്റ്റിലോ ലാറ. ഈ ചിത്രം വിവിധ ആർക്കൈവുകളിൽ യഥാർഥ അടിക്കുറിപ്പോടെ ലഭ്യമാണ്.

കുളി മുടങ്ങുമോ? 

ദിവസേനയുള്ള കുളി നമ്മുടെയൊക്കെ ഒരു ശീലമാണല്ലോ. അതു മുടങ്ങാൻ പോകുന്നു. ഇനി ആഴ്ചയിലൊന്നൊക്കെയേ കുളിക്കാൻ പറ്റൂ – വിവരം അറിഞ്ഞിരുന്നോ? വേൾഡ് ഇക്കണോമിക് ഫോറം ആണ് ആഗോളതാപനം തടയാനുള്ള നടപടികളുടെ ഭാഗമായി ഇങ്ങനെയൊരു നിർദേശം നൽകിയതെന്നാണു ‘വാർത്ത.’ ‘ഭൂമിയെ രക്ഷിക്കാൻ, കുളി ആഴ്ചയിലൊന്നോ അതിൽ കുറവോ ആക്കൂ’ എന്നു വേൾഡ് ഇക്കണോമിക് ഫോറം അവരുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായിട്ടാണ് പ്രചരിക്കുന്നത്. ആയിരക്കണക്കിനുപേർ ഇതു ഷെയർ ചെയ്തിട്ടുമുണ്ട്. 

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പേരിലുള്ള വ്യാജവാർത്ത സറ്റയർ വെബ്സൈറ്റിൽ.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പേരിലുള്ള വ്യാജവാർത്ത സറ്റയർ വെബ്സൈറ്റിൽ.

സംഗതി വ്യാജമാണെന്നു പറയേണ്ടതില്ലല്ലോ. യുഎസിലെ ലൊസാഞ്ചലസ് കേന്ദ്രീകരിച്ചുള്ള ഫലിത– ആക്ഷേപഹാസ്യ (സറ്റയർ) വാർത്താ വെബ്സൈറ്റായ ‘ന്യൂസ് പഞ്ച്’ ആണ് ഈ വാർത്ത പ്രചരിപ്പിച്ചതിലെ മുഖ്യപ്രതി! ജലദൗർലഭ്യം ഏറ്റവും ഗൗരവമുള്ള പ്രതിസന്ധികളിലൊന്നാണെന്ന് ഇക്കണോമിക് ഫോറം മുൻപേ പറഞ്ഞിട്ടുണ്ടെങ്കിലും കുളി നിർത്തണമെന്ന ആഹ്വാനമൊന്നും നൽകിയിട്ടില്ല.

English Summary: Tony jose k in vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com