ADVERTISEMENT

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തനാനുമതി നൽകുന്നതിനുള്ള കരടുനയരേഖ യുജിസി പുറത്തിറക്കിയതോടെ പല തലങ്ങളിലുള്ള ചർച്ചകൾ ഉയർന്നുകഴിഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾക്കു താങ്ങാവുന്ന ചെലവിൽ, ഗുണനിലവാരമുള്ള വിദേശ വിദ്യാഭ്യാസം ഇവിടെത്തന്നെ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു യുജിസി പറയുന്നു. എന്നാൽ, ഈ നീക്കം വിദ്യാഭ്യാസരംഗത്ത് സർക്കാർ മുതൽമുടക്ക് കുറച്ച് സ്വകാര്യവൽക്കരണത്തിന്റെ വേഗം കൂടുമെന്നും അങ്ങനെ ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാകുമെന്നുമുള്ള ആശങ്കയും ഉയരുന്നു.

വിദേശ സ്ഥാപനങ്ങളെ ആകർഷിക്കണമെന്ന നിർദേശം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളതാണ്. എന്നാൽ, വിദേശ സർവകലാശാലകൾക്കു വാതിൽ തുറക്കുന്നതു വിചാരിച്ചത്ര എളുപ്പമാവില്ല. സംവരണം ഉൾപ്പെടെ ഇന്ത്യയിലുള്ള പ്രവേശന മാനദണ്ഡങ്ങളിൽ പലതും വിദേശ സർവകലാശാലകൾക്കു ബാധകമല്ലെന്നത് ഇപ്പോൾതന്നെ പ്രതിഷേധസ്വരങ്ങൾക്കു കാരണമായിക്കഴിഞ്ഞു. 

 നാലര ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികളാണ് 2021ൽ മാത്രം വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനു പോയത്. 2800–3000 കോടി ഡോളർ (2.3 - 2.48 ലക്ഷം കോടി രൂപ) ഇതിലൂടെ രാജ്യത്തിനു പുറത്തേക്കുപോയി. കഴിഞ്ഞവർഷമാകട്ടെ, നവംബർ വരെയുള്ള കണക്കുകൾപ്രകാരം തന്നെ വിദ്യാർഥികളുടെ എണ്ണം 6.46 ലക്ഷമായി.  

വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്കു വരുന്നതോടെ വിദേശത്തു പോയി പഠിക്കാൻ സാമ്പത്തികശേഷിയില്ലാത്ത വിദ്യാർഥികൾക്കും മികച്ച ഉപരിപഠനം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് യുജിസിയുടെ വിലയിരുത്തൽ. എന്നാൽ, വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കു തടയാൻ ഈ തീരുമാനം സഹായകരമാകുമോ എന്നു സംശയം ഉന്നയിക്കുന്നവരുണ്ട്. മിക്കവരും പഠനത്തെത്തുടർന്നുള്ള വിദേശജോലിയും അവിടെ സ്ഥിരതാമസവും ലക്ഷ്യമിടുന്നവരാണ്. പഠിക്കുമ്പോൾതന്നെ തൊഴിൽ ചെയ്യാനുള്ള അവസരം വിദേശത്തു ലഭ്യമാണെന്നതും വലിയ ആകർഷണമാണ്. 

കോവിഡിനുമുൻപ്, 2019ൽ വിദേശത്തു പഠിക്കാൻ പോയ മലയാളികൾ 30,948 പേരാണ്. 2016ൽ ഇത് 18,428 മാത്രമായിരുന്നു. കേരളത്തിൽനിന്നുള്ള വിദ്യാർഥി കുടിയേറ്റം വർധിക്കാൻ കാരണമെന്താണ്? വായനക്കാർക്കിടയിൽ മലയാള മനോരമ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സർവേയിൽ മൂന്നിലൊന്നു പേരും പറഞ്ഞത് ഒരേ കാരണമാണ്: ‘കേരളത്തിൽ നല്ല ജോലി കിട്ടില്ല’. അനൗദ്യോഗിക കണക്കുകൾപ്രകാരം ഇന്ത്യയിൽനിന്നുള്ള വിദ്യാർഥി കുടിയേറ്റം പ്രതിവർഷം 40% വീതമാണു വർധിക്കുന്നത്. ഈ നിരക്കിലാണെങ്കിൽ ഓരോ വർഷവും വിദേശത്തേക്കു പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം അഞ്ചു വർഷത്തിനകം ഒരു ലക്ഷം കവിയും.

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഇവിടെ വരുന്ന വിദേശ സർവകലാശാലാ ക്യാംപസുകൾ എത്രത്തോളം പ്രാപ്യമാകുമെന്ന ആശങ്കയ്ക്ക് ഉചിതമറുപടി ഉണ്ടാവുകതന്നെ വേണം. നിലവിലുള്ള സ്വകാര്യ സർവകലാശാലകളെപ്പോലെ വിദേശ സർവകലാശാലകളും പ്രവേശനത്തിനു സംവരണം നടപ്പാക്കേണ്ടതില്ലെന്നും താൽപര്യമെങ്കിൽ ഫണ്ട് കണ്ടെത്തി ആവശ്യാനുസരണം വിദ്യാർഥികൾക്കു സ്കോളർഷിപ് ഏർപ്പെടുത്താമെന്നുമാണു കരടു മാർഗരേഖയിൽ പറയുന്നത്. സാമൂഹികനീതി ഉറപ്പാക്കിയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം നിറവേറ്റാൻ ഈ സമീപനം സഹായകരമല്ല. 

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുടങ്ങാൻ യുജിസി അനുമതി നൽകിയാലും കേരളത്തിൽ നിയന്ത്രണങ്ങൾ വന്നേക്കാം. വിദേശ സർവകലാശാലകളുടെ കോഴ്സ് ഘടന, നിലവാരം, പരീക്ഷാ രീതി, ഫീസ് തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനും  ഇടപെടാനാകുമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വിലയിരുത്തൽ. അതേസമയം, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രത്യേകനിയമം കൊണ്ടുവന്നാൽ കേരളത്തിന്റെ നിയന്ത്രണങ്ങൾക്കു പ്രസക്തിയില്ലാതാകാം. ദേശീയ വിദ്യാഭ്യാസ നയത്തോടു (2020) തന്നെ എതിർപ്പുള്ള തമിഴ്നാടും വിദേശ സർവകലാശാലകളുടെ വരവിനെ ശക്തമായി എതിർക്കാൻ തീരുമാനിച്ചുകഴിഞ്ഞു. 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖല സംബന്ധിച്ച ഏറ്റവും നിർണായകവും ചരിത്രപരവുമായ  തീരുമാനം കുറ്റമറ്റുവേണം നടപ്പാക്കാനെന്ന കാര്യത്തിൽ സംശയമില്ല. തുടർചർച്ചകൾക്കും നിർദേശങ്ങൾക്കും ശേഷം യുജിസി പുറത്തിറക്കുന്ന അന്തിമ മാർഗരേഖ ആശങ്കകൾ അവശേഷിപ്പിക്കുന്നതാകരുത്.

English Summary: When foreign universities comes in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com