ADVERTISEMENT

നാട്ടിൽ വന്യമൃഗങ്ങളിറങ്ങുന്നതിന്റെ ഭീതിയിലാണ് നമ്മൾ ഇപ്പോൾ. വയനാട്ടിൽ കഴിഞ്ഞ ദിവസമാണ് ഒരു കർഷകനെ കടുവ കൊലപ്പെടുത്തിയത്. ശബരിമലയിലെ അരവണ തയാറാക്കുന്നതിൽ കോടതി കൊണ്ടുവന്ന ചില നിയന്ത്രണങ്ങളും ഈ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഈ രണ്ടു വാർത്തകളും ചേർത്തുള്ള ഒരു വ്യാജനാണ് ഈയാഴ്ച നമ്മുടെ വാട്സാപ്പിൽ പ്രചരിച്ചത്: ശബരിമലയിലെ അരവണ പ്ലാന്റിൽ പുലിയിറങ്ങി! ഈ അടിക്കുറിപ്പോടെയുള്ള വിഡിയോ നമ്മളിൽ പലർക്കും ഫോർവേഡ് ചെയ്തു കിട്ടിയിട്ടുണ്ടാകും.

ഏതോ ഒരു പ്ലാന്റിൽ അകപ്പെട്ട പുലിയെയാണു വിഡിയോയിൽ കാണുക. ഈ പുലി അൽപം പഴയ പുലിയാണെന്നതാണു വാസ്തവം. തെലങ്കാനയിലെ ഹെറ്ററോ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്ലാന്റിൽ കഴിഞ്ഞ ഡിസംബറിൽ കയറിയ പുലിയെയാണു വാട്സാപ് ശബരിമല വരെയെത്തിച്ചത്. തെലങ്കാനയിൽ യഥാർഥത്തിൽ ഇറങ്ങിയപ്പോൾ തന്നെ ഈ വിഡിയോ ഇന്റർനെറ്റിൽ വന്നിരുന്നു. ഇതിനിടെ പുലി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെ ഒരു പ്ലാന്റിൽ വന്നതാണെന്ന മട്ടിലും പ്രചരിച്ചിരുന്നു. 

ഒരേ വന്യമൃഗം ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ നാടാകെ ‘സഞ്ചരിക്കുന്നത്’ പതിവാണ്. എവിടെനിന്നെങ്കിലും ഒരു ജീവിയുടെ വിഡിയോ കിട്ടിയാൽ അതു നമ്മുടെ നാട്ടിലെവിടെയോ ഇറങ്ങിയതാണെന്ന മട്ടിൽ പ്രചരിപ്പിക്കുക ചിലരുടെ ഒരു ശീലമാണ്. 

കഴിഞ്ഞ വർഷം ആദ്യം ഇങ്ങനെ പ്രചരിച്ച ഒരു കടുവ വയനാട്ടിലെ കുറുക്കൻമൂല, മധ്യപ്രദേശിലെ പന്ന കടുവ കേന്ദ്രം, മലേഷ്യയിലെ കേദ ഉപദ്വീപ്, തമിഴ്നാട്ടിലെ തിരുപ്പുർ, ഉത്തർപ്രദേശിലെ ലാൽകുവാൻ, ഒഡീഷയിലെ കിയോഞ്ജാർ, ആന്ധ്രപ്രദേശിലെ മൊത്തുഗുഡേം , തെലങ്കാനയിലെ ഖമ്മം എന്നിവിടങ്ങളിലൊക്കെ വാട്സാപ് ഫോർവേഡുകളിലൂടെ എത്തി! കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള വണ്ടൻപതാലിലെ വനമേഖലയിൽ കടുവ ഇറങ്ങിയെന്ന അടിക്കുറിപ്പോടെ പ്രചരിച്ച വിഡിയോയെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് കക്ഷി ഇത്രയും ലോകസഞ്ചാരം നടത്തിയ ആളാണെന്നു കണ്ടെത്തിയത്. 

ഇടുക്കിയിലെ അടച്ചിട്ട വാഹന ഷോറൂമിനു മുന്നിൽ രാത്രി ഒരു സിംഹം വന്നുപോകുന്ന വിഡിയോയും ഇതുപോലെ തന്നെ കുറച്ചുകാലം മുൻപു പ്രചരിച്ചതാണ്. ഗുജറാത്തിലെ ജുനഗഡിലെ ഹോട്ടലിന്റെ സിസിടിവി ദൃശ്യമാണ് ഇടുക്കിയിലേതെന്ന പേരിൽ എത്തിയത്. 

മൃഗങ്ങൾക്കു ഭാഷയില്ലാത്തതുകൊണ്ട് ഇത്തരം തെറ്റിദ്ധാരണാജനകമായ അടിക്കുറിപ്പുകളോടെ അവയുടെ വിഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതു പതിവാണ്.

 

Content Highlight: Fake news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com