ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ പറഞ്ഞാൽ, ‘കഥകളിലൂടെയുള്ള ചരിത്രമെഴുത്തിന്റെ കാലം പണ്ടായിരുന്നു; 21ാം നൂറ്റാണ്ടിൽ നമ്മൾ ഡേറ്റയിലൂടെയാവും ചരിത്രത്തെ നോക്കുന്നതും മനസ്സിലാക്കുന്നതും; ഭാവിയിൽ ഡേറ്റയാണ് ചരിത്രം തീരുമാനിക്കുക.’ 

രാജ്യത്തെ സംബന്ധിച്ച സർവപ്രധാനവും സമ്പുഷ്ടവുമായ ഡേറ്റയാണ് ജനസംഖ്യാ സെൻസസിലൂടെ ലഭിക്കുക. എന്നാൽ, 2021ൽ നടക്കേണ്ടിയിരുന്നതും കോവിഡ് എന്ന ആഗോള കാരണത്താൽ മാറ്റിവയ്ക്കപ്പെട്ടതുമായ സെൻസസ് ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മതിയെന്ന മട്ടിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ജനത്തിന്റെ വിശദമായ കണക്കെടുപ്പ് ഇന്ത്യയിൽ തുടങ്ങിയ 19ാം നൂറ്റാണ്ടിന്റെ അവസാനപാദം മുതൽ 2011 വരെയുണ്ടായിരുന്ന ചരിത്രമാണ് ഇപ്പോൾ മാറുന്നത്. പത്തു വർഷത്തിലൊരിക്കൽ സെൻസസ് എന്ന പവിത്രമായ പതിവിന്റെ കണ്ണി മുറിയുകയാണ്. 

കോവിഡിന്റെ അമ്പുകൊള്ളാത്ത ഒരു രാജ്യവുമില്ല. എന്നാൽ, യുഎസും ചൈനയും യുകെയും മാത്രമല്ല, അയലത്തെ ബംഗ്ലദേശും നേപ്പാളുമുൾപ്പെടെ സെൻ‍സസ് നടത്തി; കണക്കും പറഞ്ഞു. അപ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പു കഴിയട്ടെയെന്നു തീരുമാനിക്കുമ്പോൾ, സെൻസസിലൂടെ ലഭിക്കാവുന്ന സമീപകാല ഭരണചരിത്രത്തെ ഭയപ്പെടുന്നവരുണ്ടോയെന്നും ഇതുവരെ കേട്ടതൊക്കെയും കെട്ടുകഥയായിരുന്നോ എന്നും സാമാന്യജനം സംശയിക്കും. കോവിഡ്കാലത്തും ശേഷവും പല തിരഞ്ഞെടുപ്പുകളും മാറ്റിവയ്ക്കപ്പെട്ടിട്ടില്ല എന്നതു സംശയത്തിന് അടിവരയാവും. ഇത്തരം ജനസംശയം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. 

സാമ്പത്തിക വളർച്ചയുടെ ശതമാനക്കണക്കിനപ്പുറം, ജനജീവിതം എത്രകണ്ടു സമ്പന്നമാണ് എന്നതിന്റെ സൂക്ഷ്മചിത്രമാണ് സെൻസസിലൂടെ വ്യക്തമാകുക: എത്ര പേർക്കു വീടുണ്ട്, വീട്ടിൽ എത്രപേരുണ്ട്, നാടുവിട്ടു ജോലിക്കു പോയവരെത്ര, എത്ര വീട്ടിൽ അടുപ്പുണ്ട്, അതിൽ എത്ര അടുപ്പുകൾ പുകയുന്നു, രാജ്യത്തെ എത്രപേർ മതവിശ്വാസികളാണ്, ഓരോ മതത്തിലും എത്ര പേരുണ്ട്, എഴുതാനും വായിക്കാനും അറിയാവുന്നവരെത്ര തുടങ്ങി എന്തെല്ലാമെന്തെല്ലാം വിവരങ്ങൾ... 1948ലെ സെൻസസ് നിയമപ്രകാരമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ലഭിക്കുന്ന ഡേറ്റയുടെ വലുപ്പം മാത്രമല്ല, അതിലെ കൃത്യതയും ഇന്ത്യയിലെ സെൻസസിന്റെ അംഗീകരിക്കപ്പെട്ടിട്ടുള്ള മേന്മകളാണ്. 

1941ൽ ലോക യുദ്ധത്തിനിടയിലും, ചൈനയുമായും പാക്കിസ്ഥാനുമായും യുദ്ധംചെയ്ത കാലത്തുമൊക്കെ സെൻസസ് നടപടികൾക്ക് അവധിയില്ലായിരുന്നു. അതെക്കുറിച്ച്, 2011ലെ സെൻസസ് ലഘുലേഖയിൽ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ‘യുദ്ധങ്ങൾ, മഹാമാരികൾ, പ്രകൃതി ദുരന്തങ്ങൾ, രാഷ്ട്രീയമായ അശാന്തി തുടങ്ങിയ പലവിധ പ്രതിസന്ധികൾക്കിടയിലും സെൻസസ് നടത്തുകയെന്ന മഹനീയ ചരിത്രത്തിന്റെ പാരമ്പര്യം പാലിക്കപ്പെട്ടു എന്നതു ശ്രദ്ധേയമാണ്. ഇത്തരമൊരു നേട്ടം ലോകത്തു ചുരുക്കം രാജ്യങ്ങൾക്കേ അവകാശപ്പെടാനാവൂ.’

സെൻസസിനു കൽപിച്ചുപോന്ന ഗൗരവത്തിന്റെ തെളിവാണത്. ശേഖരിക്കുന്ന വിവരങ്ങൾ‍ ക്രമീകരിക്കാൻ 1971ൽ റജിസ്ട്രാർ ജനറലിന്റെ ഓഫിസിൽ ഐബിഎം– 1401 ഇലക്ട്രോണിക് കംപ്യൂട്ടർ സ്ഥാപിച്ചുവെന്നും രാജ്യത്തിന്റെ കാനേഷുമാരി ചരിത്രത്തിൽ നമ്മൾ വായിക്കുന്നു. അതിൽനിന്ന്, രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിലേക്കു രാജ്യം എത്തുകയായിരുന്നു.

ജനതയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഭരണനിർവഹണത്തിൽ സുപ്രധാനമെന്ന് ഋഗ്വേദത്തിലും കൗടില്യന്റെ അർഥശാസ്ത്രത്തിലും പറഞ്ഞിട്ടുള്ളതാണെന്നും ഒൗദ്യോഗിക ചരിത്രത്തിലുണ്ട്. കൃത്യമായി കരം പിരിക്കണമെങ്കിൽ‍ ജനത്തിന്റെ കണക്കറിയണം എന്നായിരുന്നു കൗടില്യവാദം. ജനസംഖ്യ നിയന്ത്രിക്കേണ്ടത് എത്ര അത്യാവശ്യമാണെന്നും അതിനു നിയമം വേണമെന്നും ബോധ്യമുള്ളതും ചില വിഭാഗങ്ങളുടെ സംഖ്യ കൂടുന്നുവെന്ന് ആശങ്ക പറയുന്നതുമായ പാർട്ടിയാണ് ബിജെപി. 

വാദങ്ങൾ വാസ്തവമെന്നു സ്ഥാപിക്കാൻ ഏറ്റവും സഹായമാകേണ്ടത് അടിസ്ഥാനരേഖയായ സെൻസസാണ്. പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അതിനടിസ്ഥാനമാക്കുന്ന കണക്കെവിടെ എന്നു ചോദിക്കുന്ന കോടതികൾക്കു മറുപടി നൽകാവുന്നതും സെൻസസ് കണക്കുകളുടെ ബലത്തിലാണ്. 

ഭരണത്തിലുള്ളവരുടെ രാഷ്ട്രീയം സെൻസസിനെ സ്വാധീനിക്കുന്നതു പുതിയ കാര്യമല്ല. പട്ടിക വിഭാഗങ്ങളുടേതല്ലാതെ, ജാതി തിരിച്ചുള്ള സെൻസസ് വേണ്ടെന്നതു രാഷ്ട്രീയമുള്ള തീരുമാനമായിരുന്നു. ജാതി ചോദിക്കേണ്ടെന്നു സ്വതന്ത്രരാജ്യത്തെ ആദ്യ സെൻസസിന്റെ കാലത്ത്, 1951ൽ, സർ‍ദാർ വല്ലഭ്ഭായ് പട്ടേലാണു നിർദേശിച്ചത്. ആ നിർ‍ദേശം പാലിക്കപ്പെടുന്നുവെന്ന് ഇക്കാലമത്രയും രാഷ്ട്രീയ നേതൃത്വങ്ങൾ ഉറപ്പാക്കി. സെൻസസിൽനിന്നു മതം തിരിച്ചെടുത്ത വിശദവിവരങ്ങൾ പ്രത്യേകമായി പുറത്തുവിട്ടത് വാജ്പേയി സർക്കാരാണ്. ആർഎസ്എസിന്റെ നിലപാടു മറന്ന്, ജാതി െസൻസസ് നടത്തുമെന്ന് 2019ൽ‍ കേന്ദ്ര സർക്കാർ പറഞ്ഞു; ജാതികളുടെ കണക്കെടുക്കില്ലെന്നതു നയമാണെന്നു പിന്നീടു സുപ്രീം കോടതിയിൽ മാറ്റിപ്പറഞ്ഞു. ബിഹാറിൽ ജാതി സെൻസസ് പുരോഗമിക്കുകയാണ്. ബിജെപി അവിടെ അതിനെ പിന്തുണയ്ക്കുന്നുമുണ്ട്. 

സർക്കാരിന്റെ വാദങ്ങളും പിന്നാലെ വരുന്ന കണക്കുകളും എപ്പോഴും ഒത്തുപോകാറില്ലെന്ന് നോട്ട് നിരോധനശേഷം ബാങ്കുകളിൽ തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണത്തിൽ വ്യക്തമായതാണ്. ഇപ്പോൾ രാജ്യത്തെ ക്ഷേമപദ്ധതികളിലേറെയും കേന്ദ്ര സർക്കാരിന്റേതാണ്. ഉജ്വല യോജന എത്ര അടുപ്പുകളെ ജ്വലിപ്പിച്ചുവെന്നും അന്ത്യോദയം സാധിക്കുന്നുണ്ടോ എന്നുമുൾപ്പെടെ, കേന്ദ്ര പദ്ധതികൾ രാജ്യത്തെ എത്രദൂരം മുന്നോട്ടുകൊണ്ടുപോയെന്നു വ്യക്തമാകും, സെൻസസ് എന്നു നടന്നാലും. ആ വ്യക്തതയില്ലാതെയുള്ള തിരഞ്ഞെടുപ്പെന്നതു തന്ത്രമായിരിക്കാം. 

സെൻസസ് എത്രകണ്ടു വൈകുന്നുവോ അത്രകണ്ട് പ്രശ്നങ്ങളുണ്ട്. കാരണം, പഴയതും പുതിയതുമായ കണക്കുകളുടെ താരതമ്യത്തിലൂടെയാണ് പുരോഗതി അളക്കുന്നത്. അതിന്റെ ഫലം നോക്കിയാണ് എവിടെ നേട്ടമുണ്ട്, എവിടെ കോട്ടമുണ്ട് എന്ന് ഗവേഷകർ പറയുന്നത്. അതനുസരിച്ചാണ് നയങ്ങൾ മെച്ചപ്പെടുത്താനും ഇടപെടൽ രീതികൾ പരിഷ്കരിക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും തീരുമാനിക്കുന്നതും. അങ്ങനെ നോക്കുമ്പോൾ, നിശ്ചിത കാലയളവിൽ സെൻ‍സസ് എന്ന പതിവു തെറ്റിക്കുമ്പോൾ അവശ്യം വേണ്ട തിരുത്തലുകളും വൈകും. അത്തരം കാലതാമസങ്ങളാണോ തിരഞ്ഞെടുപ്പാണോ പ്രധാനം? 

പത്തു വർഷത്തിലൊരിക്കൽ കർശനമായും സെൻസസ് നടത്തിയിരിക്കണമെന്നു നിയമത്തിൽ പറയുന്നില്ലെന്നു സർക്കാരിനു വാദിക്കാം. പക്ഷേ, ആ ന്യായം പറഞ്ഞ് ഇതുവരെ ഒരു സർക്കാരും സെൻസസ് മാറ്റിവച്ചിട്ടില്ല. സെൻസസ് ഉടനെ വേണ്ട എന്നു കേന്ദ്ര സർക്കാർ തീരുമാനിക്കുമ്പോൾ, ഡേറ്റയിലൂടെയല്ല, ഡേറ്റ ഇല്ലായ്മയിലൂടെ ചരിത്രമെഴുതുകയാണ്.

English summary: Central Government's Stand on Population Census 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com