ADVERTISEMENT

ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകേണ്ടതാണോ ദേശീയ യുവജനദിനം? യുവാക്കളെ കൂടുതൽ സജീവമാക്കാനും അവർക്ക് കൂടുതൽ അവസരങ്ങളൊരുക്കാനും പദ്ധതികൾ വേണ്ടേ? കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അതിനു മുൻകയ്യെടുക്കുമോ? 

കഴിഞ്ഞയാഴ്ച അധികമാരും ശ്രദ്ധിക്കാതെ ദേശീയ യുവജനദിനം കടന്നുപോയി. ജനുവരി 12ന്, സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ. ചില ചടങ്ങു പ്രസംഗങ്ങളും സോഷ്യൽ മീഡിയ ഹാഷ്ടാഗുകളും ഒഴിച്ചാൽ രാജ്യം ആ ദിനത്തിനു വലിയ പ്രാധാന്യമൊന്നും കൊടുത്തതായി കണ്ടില്ല. രാജ്യത്തെ നിർമിക്കാനും തകർക്കാനും യുവാക്കൾക്കാകുമെന്നിരിക്കെ, ഈ അശ്രദ്ധ വളരെ ദുഃഖകരമാണ്.

47 വർഷം മുൻപ്, ഞാൻ കോളജ് വിദ്യാഭ്യാസത്തിന്റെ ഒരുഘട്ടം കഴിഞ്ഞ്, യുഎസിലേക്കു ബിരുദാനന്തര ബിരുദ പഠനത്തിനു പുറപ്പെടാൻ ഒരുങ്ങവേ, ഒരു ദിനപത്രം അവരുടെ സ്വാതന്ത്ര്യദിന സപ്ലിമെന്റിലേക്ക് ലേഖനമെഴുതാൻ ആവശ്യപ്പെട്ടു. 1975 ആയിരുന്നു വർഷം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സമയം. രാഷ്ട്രീയ പ്രവർത്തകർ ലോക്കപ്പിലായി, പത്ര സെൻസർഷിപ് നിലവിൽ വന്നു. ‘രാഷ്ട്രീയ കൊലപാതകം’ എന്ന പേരിൽ ഞാനെഴുതിയ ചെറുകഥപോലും നിരോധിക്കപ്പെട്ടു. നിയന്ത്രണങ്ങൾക്കു വിധേയരായ മാധ്യമപ്രവർത്തകർ എല്ലായിടത്തും നീരസത്തിലായിരുന്നു. മഹത്തായ സഹനസമരത്തിലൂടെ നാം നേടിയെടുത്ത പല സ്വാതന്ത്ര്യങ്ങളും തടവിലായി. ‘സാധാരണക്കാരനു വേണ്ടി’ എന്ന മട്ടിൽ സർക്കാർ എടുക്കുന്ന നടപടികളോടു വിയോജിക്കാനോ അവയെ ചോദ്യം ചെയ്യാനോ ഉള്ള സാക്ഷര ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യവും എടുത്തുമാറ്റപ്പെട്ടു.  

എന്റെ പ്രായത്തിനും ആ കാലത്തിനും അനുസരിച്ച്, ഞാൻ ക്രോധത്തിലും ആശയക്കുഴപ്പത്തിലുമായിരുന്നു. ഇങ്ങനെയാണ് ഞാൻ ലേഖനം തുടങ്ങിയത്: ‘സ്വതന്ത്ര ഇന്ത്യയ്ക്ക് ഇന്ന് 28 വയസ്സായി. മാസങ്ങൾക്കു മുൻപ് എനിക്ക് 19 വയസ്സും. സ്കൂളിൽ അധ്യാപകർ പറയുന്നത് ഞാൻ നാളത്തെ പൗരനാണെന്നാണ്. എനിക്കു ചുറ്റും ഞ‍ാൻ കാണുന്നത് ഇന്നത്തെ പൗരന്മാരെയാണ്. എന്തു സേവനമാണ് ഞാൻ ചെയ്യേണ്ടതെന്ന് ഞാൻ അദ്ഭുതപ്പെടുന്നു. അവരെല്ലാവരും ക്ഷീണിതരും ദോഷങ്ങൾ മാത്രം കാണുന്നവരുമാണ്. നാളത്തെ പൗരന്മാരായ ഞങ്ങൾ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിനം പരേഡ് ഗ്രൗണ്ടിൽ അലക്കിത്തേച്ച വസ്ത്രമണിഞ്ഞ് നിരന്നു നിൽക്കേണ്ട ഒരു ദിനം മാത്രമാണ്. അന്നു ക്ലാസ് ഉണ്ടാകില്ല എന്ന ഒറ്റ ആശ്വാസം മാത്രം. കോളജിലെത്തിയപ്പോഴേക്കും കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. അവർ ഞങ്ങൾക്ക് അവധി തന്നു. ചൗക്കിദാർ പതാക ഉയർത്തിക്കൊള്ളും’.

എന്നാൽ, കോളജ് വിദ്യാർഥികളുടെ നിർവികാരതയ്ക്കും ഒരു പരിധിയുണ്ടല്ലോ. ഞാൻ ഇങ്ങനെ എഴുതി: ‘ചെങ്കോട്ടയ്ക്കു സമീപമുള്ള കൂറ്റൻ റാലി സ്വാതന്ത്ര്യത്തെയും സ്വയംപര്യാപ്തതയെയും ചൂഷണമില്ലാത്ത വികസനത്തെയും ഒക്കെ ഓർമിപ്പിച്ച് കടന്നു പോകും. ആരവവും ബഹളവും കടന്നുപോകുമ്പോഴേക്കും അസംത‍ൃപ്തമായ ഒരു മുറുമുറുപ്പു മാത്രം അവശേഷിക്കും. പരിഹാരമില്ലാത്ത പരാതികൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത് നമുക്കു ശീലമാണ്. പക്ഷേ, അതു വിനാശകരമായ വിമർശനങ്ങളിലേക്കു വളരുകയാണ്. ഒരുപക്ഷേ, പഴയ കോളനി ഭരണകാലത്തിന്റെ ഓർമയിൽ നാം ഒന്നും ചെയ്യാനാകാതെ വിലപിച്ചുകൊണ്ടിരിക്കുക മാത്രമാണ്’. 

ദേശീയ വികാരമില്ലാത്ത ഒരു ദേശം അഥവാ, ഇന്ത്യയെന്ന ബോധമില്ലാത്ത ഇന്ത്യക്കാർ എന്ന അവസ്ഥയിൽ പരിതപിച്ച്, നമുക്കില്ലാത്ത സ്വത്വബോധത്തെ ഞാൻ ആ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ‘നമ്മുടെ സ്വാതന്ത്ര്യത്തിന് എന്തുപറ്റി എന്ന ആലോചനയിൽ എന്റെ തലമുറ പങ്കാളികളാകണം. പക്ഷേ, എനിക്കും എന്റെ തലമുറയ്ക്കും കഴിഞ്ഞ 28 വർഷത്തിനു ശേഷം ആ സ്വത്വബോധം ഒട്ടുമില്ലാതായിരിക്കുന്നു’– എന്ന് അന്നു ഞാനെഴുതി.

ശശി തരൂർ
ശശി തരൂർ

ആ തലമുറ ഇന്നു മുതിർന്നിരിക്കുന്നു. ഇതേ പ്രായക്കാരായിരുന്ന സ്വാതന്ത്ര്യസമര സേനാനികളിൽ അന്നുണ്ടായിരുന്ന ഇന്ത്യയെന്ന സ്വത്വബോധം ഇന്നത്തെ പൗരനിൽ ഏതളവിലാണ് എന്ന് ആലോചിക്കാനുള്ള സമയമാണിത്. നമ്മെ പിന്തുടർന്നു വരുന്ന തലമുറയുടെ കാര്യം എന്തായിരിക്കും? 1947ന് 28 വർഷത്തിനുശേഷം സ്വാതന്ത്ര്യത്തിന്റെ അർഥത്തെപ്പറ്റി അന്നത്തെ യുവതലമുറ ആശങ്കപ്പെട്ടിട്ടുണ്ടെങ്കിൽ, 75 വർഷത്തിനു ശേഷമുള്ള ഇന്നത്തെ അവസ്ഥ എന്തായിരിക്കും? ആ സ്വത്വബോധം വർധിച്ചിട്ടുണ്ടോ? 

ഒരർഥത്തിൽ ഉണ്ട്. അന്നുണ്ടായിരുന്നതിനെക്കാൾ ഇന്ത്യയെന്ന വികാരം കൂടുതൽ അർഥവത്തായിട്ടുണ്ട്. ‘വിധിയുമായുള്ള സമാഗമം’ നടന്ന ആ അർധരാത്രിക്കും ഏഴരപ്പതിറ്റാണ്ട് ഇപ്പുറത്താണ് നമ്മൾ. എന്നാൽ നമ്മൾ നാലു യുദ്ധങ്ങളിലൂടെയും ഒരു അടിയന്തരാവസ്ഥയിലൂടെയും കടന്നുപോയി. 17 ദേശീയ തിരഞ്ഞെടുപ്പുകളും നൂറുകണക്കിനു സംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്തി. പഞ്ചാബിലും മിസോറമിലും തലപൊക്കിയ വിഘടനവാദ നീക്കങ്ങളെ എതിർത്തു തോൽപിച്ചു. മൂന്നു മുസ്‌ലിംകളും രണ്ടു ദലിതരും ആദിവാസി ഉൾപ്പെടെ രണ്ടു വനിതകളും രാഷ്ട്രപതിപദം അലങ്കരിച്ചു. 

ബോളിവുഡും യോഗയും നമ്മുടെ ചിക്കൻ ടിക്കയും ലോകം കീഴടക്കി. രണ്ടു ലോകകപ്പ് ക്രിക്കറ്റ് കിരീടങ്ങൾ സ്വന്തമാക്കുകയും ഐപിഎൽ എന്ന ആശയംകൊണ്ട് ലോക ക്രിക്കറ്റിനെ സ്വാധീനിക്കുകയും ചെയ്തു. മാധ്യമരംഗം നമ്മുടെ ദേശീയതയെ ഒരു പൊതു അനുഭവമാക്കി മാറ്റി. അഴിമതിക്കാർ ഒളിക്യാമറകളിൽ കുടുങ്ങുന്നതു കണ്ട് ഇന്ത്യക്കാർ ഒരുമിച്ചു കയ്യടിച്ചു. കായികവേദികളിലെ ഉജ്വല മുഹൂർത്തങ്ങളിൽ ഒരുമിച്ച് ആറാടി ആഹ്ലാദിച്ചു. ‘ചക്ദേ ഇന്ത്യ’ എന്ന് ഏകസ്വരത്തിൽ ആർത്തുവിളി‌ച്ചു. കാർഗിലിലും പുൽവാമയിലും വീണുപോയ സഹോദരങ്ങളെയോർത്ത് ഒന്നിച്ചു വിലപിച്ചു. വിവര സാങ്കേതികയുഗം നാം എന്താണെന്ന് നമ്മളെ കൂടുതൽ ബോധവാന്മാരാക്കി: മൃദുഭാഷിയായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ നേത‍ൃത്വത്തിൽ ഐക്യപ്പെട്ട വ്യത്യസ്ത മുഖങ്ങളുള്ള ഒരു ജനത, ടെലിവിഷനിലെ മഹാഭാരതം ഒരുമിച്ച് ആസ്വദിച്ച നാനാ മതക്കാരുടെ കൂട്ടം, ലോകത്തെ മൂന്നിലൊന്നു നിരക്ഷരരായ കുട്ടികളും ഐഐടി ബിരുദധാരികളും ഉൾച്ചേർന്ന നാട്. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ നാടാണ് ഭാരതം. 

അതെ, നമ്മുടെ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ചിന്തകളിലും സംവാദങ്ങളിലും വിദ്യാസമ്പന്നരായ പുതുതലമുറ സജീവമാകണം. യുവാക്കളുടെ ഭാവി ഒരു ദേശീയ സുരക്ഷാ വിഷയം കൂടിയാണ്. സ്വന്തം വിധി നിർണയിക്കാനുള്ള അവസരങ്ങൾ നാം അവർക്കു കൊടുത്തില്ലെങ്കിൽ ഇന്ത്യ തൊഴിലില്ലാത്തവരും അസംതൃപ്തരുമായ യുവാക്കളുടെ കൂട്ടമായി അധഃപതിക്കും. അരാജകത്വത്തിലേക്കുള്ള വഴി വെട്ടിത്തുറക്കപ്പെടും. യുവജനതയ്ക്ക് അവസരങ്ങൾ വെട്ടിപ്പിടിക്കാനുള്ള സാഹചര്യങ്ങൾ തുറന്നുകൊടുക്കേണ്ടത് നമ്മുടെ കടമയാണ്.

ആഗോളവൽക്കരിക്കപ്പെട്ട ഈ ലോകത്ത് സാങ്കേതികവിദ്യയിലൂടെയും സർഗാത്മകതയിലൂടെയും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അവരെ സജ്ജരാക്കണം. കൂടുതൽ പരിശീലനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഇന്ത്യക്കാർക്കു തീർച്ചയായും മുന്നിലെത്താം. പക്ഷേ, യുവാക്കൾക്ക് ഒറ്റയ്ക്ക് ഇവ നേടിയെടുക്കാനാവില്ല. ഇന്ത്യൻ സമൂഹം ഒന്നാകെയും വാണിജ്യമേഖലയും സർവകലാശാലകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ഒത്തുചേർന്നും അതു സാധ്യമാക്കണം. കേന്ദ്ര –സംസ്ഥാന ഭരണകൂടങ്ങൾ ഇതിനു മുൻകയ്യെടുക്കണം. പക്ഷേ, അവർ അതിനു തയാറാകുമോ എന്നതാണു ചോദ്യം. 

വാൽക്കഷണം

തിരുവനന്തപുരത്തു നടന്ന ഇന്ത്യ– ശ്രീലങ്ക മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനു കാണികൾ വളരെക്കുറഞ്ഞതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, കായികമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനയിൽ രോഷാകുലരായവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ബഹിഷ്കരണ ആഹ്വാനമാണ്. 40,000 സീറ്റുള്ള സ്റ്റേഡിയത്തിൽ വെറും 7201 ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റെടുക്കാൻ കാശില്ലാത്തവർ കളി കാണേണ്ട എന്ന മന്ത്രിയുടെ ഹൃദയശൂന്യമായ പ്രതികരണത്തിൽ പ്രകോപിതരായവരോട് എനിക്ക് ഒരെതിർപ്പുമില്ല. 

   പക്ഷേ, ബഹിഷ്കരണം സംസ്ഥാന തലസ്ഥാനത്തെ ക്രിക്കറ്റിന്റെ ഭാവിയെയാണ് മുറിവേൽപിച്ചത്. മന്ത്രിയുടെ പ്രസ്താവനയുമായി ഒരു ബന്ധവുമില്ലാത്ത കേരള ക്രിക്കറ്റ് അസോസിയേഷന്, ഈ വർഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരവേദികളിലൊന്ന് തിരുവനന്തപുരത്തിനു ലഭിക്കണമെന്നു ശക്തമായി ആവശ്യപ്പെടാൻ ഇത്തവണ വലിയ കാഴ്ചക്കൂട്ടം ആവശ്യമായിരുന്നു. കാണികളുടെ കുറവ് ഒരു കാരണമായിക്കണ്ട് നമ്മുടെ ആവശ്യം ബിസിസിഐ തള്ളുകയാണെങ്കിൽ നഷ്ടം കായികപ്രേമികൾക്കാണ്. ഒരു ക്രിക്കറ്റ് ഫാൻ എന്ന നിലയിലും സ്ഥലം എംപി എന്ന നിലയിലും തിരുവനന്തപുരത്ത് ടോപ് ക്ലാസ് ക്രിക്കറ്റ് വളരണമെന്ന് എനിക്കാഗ്രഹമുണ്ട്.

ബഹിഷ്കരണങ്ങൾ ജനാധിപത്യ അവകാശമാണ്. പക്ഷേ, അത് ആരോടാണോ എതിർപ്പ്, അവർക്കു നേരെയാവണം. കളി കാണാൻ പോലും വരാതിരുന്ന സ്പോർട്സ് മന്ത്രിക്കു ഗാലറി നിറഞ്ഞാലും ഇല്ലെങ്കിലും ഒരു ചേതവുമില്ല. ബഹിഷ്കരണം അദ്ദേഹത്തെ ബാധിച്ചിട്ടുമില്ല. പ്രതിഷേധക്കാർ മന്ത്രിയെയായിരുന്നു ബഹിഷ്കരിക്കേണ്ടിയിരുന്നത്, കളിയെ ആയിരുന്നില്ല.

English Summary: Shashi Tharoor on Indian youths moving abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com