ADVERTISEMENT

ഏറെ പ്രതീക്ഷകളോടെ കായികരംഗത്തെത്തുന്ന പെൺകുട്ടികളിൽ ചിലരെങ്കിലും ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെടുന്നു. പ്രായപൂർത്തിയാകാത്തവർ പോലുമുണ്ടാകും ഇക്കൂട്ടത്തിൽ. അവരുടെ ശബ്ദം ഒരിക്കലും പുറത്തുവരാറില്ല. കായികപ്രതിബദ്ധതയും ധാർമികതയുമൊക്കെ ഇവിടെ ബലി കഴിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധസമരം പ്രസക്തമാകുന്നത്.

കഴിഞ്ഞ 3 ദിവസമായി ഡൽഹിയിലെ തെരുവിൽ ഇന്ത്യയിലെ പേരുകേട്ട ഗുസ്തി താരങ്ങൾ പോരാട്ടത്തിലാണ്. പക്ഷേ, കെട്ടിയുയർത്തിയ ഗോദയിൽ നടക്കുന്ന ഗുസ്തി മത്സരമല്ല ഇത്. ദേശീയ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) എതിരെയാണ് അവരുടെ വീറുറ്റ പോരാട്ടം. ഫെഡറേഷന്റെ പ്രസിഡന്റ് കാലങ്ങളായി ചില വനിതാ ഗുസ്തി താരങ്ങളെ ‌ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ഗുരുതര ആരോപണമാണ് അവർ ഉന്നയിക്കുന്നത്.

ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തുന്ന താരങ്ങൾക്കെതിരെ അച്ചടക്കനടപടിയെടുക്കുന്നതിൽ അമിതാവേശം കാട്ടുന്നവരാണ് കായിക ഭരണക്കാർ. പക്ഷേ, ഭരണസമിതി അംഗങ്ങൾക്കെതിരായ ലൈംഗികാരോപണക്കേസുകളിൽ ഇവർ പലപ്പോഴും മൗനം പാലിക്കും. അതുവഴി കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കും. പണവും പ്രശസ്തിയും ഉയർന്ന ജീവിതനിലവാരവും പ്രതീക്ഷിച്ചു കായികരംഗത്തെത്തുന്ന ഒട്ടേറെ പെൺകുട്ടികളാണ് ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെടുന്നത്. പ്രായപൂർത്തിയാകാത്തവർ പോലുമുണ്ടാകും ഇക്കൂട്ടത്തിൽ. അവരുടെ ശബ്ദം ഒരിക്കലും പുറത്തുവരാറില്ല. ധാർമികതയും സത്യസന്ധതയുമെല്ലാം ഇവിടെ കുഴിച്ചുമൂടപ്പെടുന്നു.

PSM-Chandran
ഡോ. പി.എസ്.എം.ചന്ദ്രൻ

കായികതാരങ്ങൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചു കേന്ദ്ര കായിക മന്ത്രാലയത്തിനു ബോധ്യമുണ്ട്. അടുത്തിടെ പാർലമെന്റ് പാസാക്കിയ ദേശീയ കായിക നയത്തിൽ ഈ വിഷയം പരാമർശിക്കുന്നുണ്ട്. അതിനൊപ്പം, ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ കർമപദ്ധതികൾ കൂടി ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. താഴെപ്പറയുന്ന കാര്യങ്ങളിലേക്കു കൂടി കായികഭരണക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

1. കായികതാരത്തിനു നേരെ ലൈംഗികാതിക്രമമുണ്ടായാൽ ഉടനടി പരാതിപ്പെടാൻ 24 മണിക്കൂർ ഹെൽപ് ലൈൻ സംവിധാനം ആരംഭിക്കണം.

2. വനിതാ പരിശീലന ക്യാംപുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കണം.

3. ലൈംഗിക പീഡനത്തെക്കുറിച്ചു പരാതിപ്പെടുന്നവരുടെ പേരുവിവരം പുറത്തുവിടാതിരിക്കാൻ കർശന വ്യവസ്ഥകൾ വേണം.

4. പരാതികൾ വേഗം തീർപ്പാക്കാൻ സുസ്ഥിര സംവിധാനം വേണം. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യാൻ കേന്ദ്ര– സംസ്ഥാന തലങ്ങളി‍ൽ സ്ഥിരം സമിതികൾ രൂപീകരിക്കണം.

5. മിക്ക കായിക ഇനങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം പുരുഷന്മാർക്കു തുല്യമായതിനാൽ ഭരണസമിതിയിൽ 50% സ്ത്രീകളെ ഉൾപ്പെടുത്തണം. വനിതാ അത്‌ലീറ്റുകളോടുള്ള മോശം പെരുമാറ്റം തടയാൻ ഇതു സഹായിക്കും.

6. ടീം ക്യാംപുകളിലും ചാംപ്യൻഷിപ്പുകളിലും പങ്കെടുക്കുന്ന വനിതാ ടീമുകൾക്ക് വനിതാ മാനേജർ നിർബന്ധമായും വേണം.

7. വനിതാ ടീമിന്റെ പരിശീലനത്തിനു നേതൃത്വം നൽകുന്നതു വനിതയായിരിക്കണം. അത് പുരുഷനാണെങ്കിൽ സഹപരിശീലകരായി സ്ത്രീകൾ വേണം.

8. വനിതാ ടീമുകളുടെ സപ്പോർട്ടിങ് സ്റ്റാഫിൽ (ഡോക്ടർമാർ, ഫിസിയോതെറപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ മുതലായവർ) സ്ത്രീകളെ നിയമിക്കണം.

9. വനിതാ കായിക മത്സരങ്ങൾക്കുള്ള സിലക്‌ഷൻ കമ്മിറ്റി അംഗങ്ങളിൽ സ്ത്രീകൾ മാത്രമായിരിക്കണം.

10. വിദേശ പര്യടനങ്ങൾക്കു പുറപ്പെടും മുൻപ് വനിതാ ടീമുമായി ബന്ധപ്പെട്ട പരിശീലകർ, സപ്പോർട്ടിങ് സ്റ്റാഫ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെപ്പറ്റി വിശദ അന്വേഷണം നടത്തണം. മികച്ച റിപ്പോർട്ടുള്ളവരെ മാത്രം ടീമിനൊപ്പം പോകാൻ അനുവദിക്കുക.

11. ലൈംഗിക പീഡനക്കേസുകൾക്കു വ്യക്തമായ തെളിവുകളുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകണം. ഇതു പ്രതിക്കു ശരിയായ ശിക്ഷ ലഭിക്കാൻ വഴിയൊരുക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥലംമാറ്റം, സസ്പെൻഷൻ, താൽക്കാലിക വിലക്ക് തുടങ്ങിയവയിൽ അച്ചടക്കനടപടി ഒതുങ്ങുന്നു.

12. ലൈംഗികാതിക്രമങ്ങൾക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണം നടത്തണം. കായികതാരങ്ങൾ തന്നെ പ്രചാരണത്തിനു രംഗത്തു വരണം.

13. കായികരംഗത്ത് സ്ത്രീകളെ സംരക്ഷിക്കാൻ ദേശീയ വനിതാ കമ്മിഷൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം.

വനിതാ കായികതാരങ്ങൾ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിക്കാട്ടുന്നവരാണ്. പുരുഷ-സ്ത്രീ ഇടപെടലുകൾ നിരന്തരമായി നടക്കുന്ന കായികമേഖലയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത വലുതാണ്. ഭരണസമിതികളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തിയാൽ വനിതാ താരങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കുറയും. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ഒളിംപ്യൻ പി.ടി.ഉഷ എംപിക്ക് ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങാൻ സാധിക്കട്ടെ.

(സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഡയറക്ടറാണ് ലേഖകൻ)

English Summary: Women Wrestlers Molested By National Coaches, Alleges Vinesh Phogat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com