ADVERTISEMENT

പശുവിനെ കറക്കാൻ തൊഴുത്തിലെത്തുമ്പോൾ പാലെത്ര തൊഴിയെത്ര എന്നത് പശുവിന്റെ മൂഡ് മനസ്സിലാകുമ്പോൾത്തന്നെ പിടികിട്ടും. ചിലർ പശുക്കളെ ‘ചിൽ’ ആക്കാൻ തൊഴുത്തിൽ പാട്ടു വച്ചുകൊടുക്കാറുണ്ട്. പാട്ടിന്റെ പാലാഴിയും പോരാഞ്ഞിട്ട് റഷ്യക്കാർ നടത്തിയതു മറ്റൊരു പരീക്ഷണമാണ്.

2019ൽ മോസ്‍കോയ്ക്കു സമീപമുള്ള ഫാമിൽ പശുക്കളുടെ തലയിൽ വെർച്വൽ റിയാലിറ്റി (വിആർ) ഹെഡ്സെറ്റ് വച്ചുകൊടുത്തു (വിഡിയോ ഗെയിമിന് ഉപയോഗിക്കുന്ന സാധനംതന്നെ). ചെവിയിൽ സ്പീക്കറുകളും കണ്ണിനു മുന്നിൽ 3ഡി സ്ക്രീനുമുള്ള വിആർ ഹെഡ്സെറ്റിലൂടെ കാണുന്നതും കേൾക്കുന്നതും യഥാർഥമാണെന്നു തോന്നുമെന്നു മാത്രമല്ല, തല ചരിക്കുന്നതും ഉയർത്തുന്നതുമനുസരിച്ച് സ്ക്രീനിലെ ചിത്രങ്ങളുടെ കോണും മാനവും മാറും. ലളിതമായി പറഞ്ഞാൽ, പശുവിനെ പറ്റിക്കലാണ്. 

മഞ്ഞു പുതച്ച് ആകെ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും പശുക്കൾ കാണുന്നത് പ്രസന്നസുരഭിലമായ ചുറ്റുപാട്. മുന്നിൽ‌ പച്ചപ്പുൽമേട്, മുകളിൽ നീലാകാശം, ചെവിയിൽ കളകൂജനം. 

തേങ്ങാപ്പിണ്ണാക്കും പരുത്തിക്കുരുവും തവിടുമൊന്നുമില്ലാതെതന്നെ ഏതാനും ദിവസം കൊണ്ട് പാൽ ശറപറാന്ന് ഒഴുകിയെന്നാണു ശാസ്ത്രസാക്ഷ്യം.

∙ അഗ്രിടെക്കിന്റെ വളർച്ച

cow-virtual-reality

ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പിൻബലത്തോടെയുള്ള നാലാം വ്യാവസായിക വിപ്ലവം അഗ്രിടെക് അഥവാ കാർഷിക സാങ്കേതികവിദ്യയിലെ കുതിപ്പിനു തുടക്കം കുറിച്ചു. ഫാക്ടറികളിൽ മനുഷ്യർക്കു പകരം റോബട്ടിക് സംവിധാനങ്ങൾ സ്ഥാനം പിടിച്ചതുപോലെയുള്ള മാറ്റങ്ങൾ കൃഷിയിലേക്കു കൊണ്ടുവരുന്ന സാങ്കേതികവിദ്യയുടെ ആകത്തുകയാണ് അഗ്രിടെക്. വിത മുതൽ വിളവെടുപ്പു വരെ കൃഷിയുടെ സമസ്തമേഖലകളിലും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഇടപെടൽ നിർണായക മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

∙ സർവത്ര ഡ്രോൺ

വിവാഹ വിഡിയോയെ സിനിമാറ്റിക് ആക്കുന്ന ആകാശക്കാഴ്ചകൾ ചിത്രീകരിക്കുന്ന ഡ്രോണുകളെ കൃഷിപ്പണിക്കിറക്കിയുള്ള പരീക്ഷണങ്ങളാണു നിലവിൽ കാർഷികസാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്നത്. വലിയ ഫാമുകളിൽ രാസവളങ്ങൾ തളിക്കാനും കൃഷിയിടങ്ങളിൽ സർവേയും മാപ്പിങ്ങും നടത്തി എത്ര വിതയ്ക്കണം, എത്ര വളമിടണം, എത്ര വെള്ളമൊഴിക്കണം എന്നു തീരുമാനിക്കാനും അവയൊക്കെ ചെയ്യാനുമാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്.

ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ വിളകൾക്കു മുകളിൽ പറന്ന് നിരീക്ഷണം നടത്തും. ഇവ ലഭ്യമാക്കുന്ന ചിത്രങ്ങളിലൂടെ, മുൻനിശ്ചയിച്ച കാര്യങ്ങൾ (ഏതെങ്കിലും കീടത്തിന്റെ അല്ലെങ്കിൽ രോഗത്തിന്റെ സാന്നിധ്യം) കണ്ടെത്താനാകും. മെഷീൻ ലേണിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാണ് (എഐ) ചിത്രങ്ങൾ വിശകലനം ചെയ്ത് കീട – രോഗ സാന്നിധ്യം കണ്ടെത്തുന്നത്. ഇന്ത്യയിൽ, വിളനാശം കണ്ടെത്താനും വെട്ടുകിളി ആക്രമണം നേരിടാനും ഡ്രോണുകൾ ഉപയോഗിക്കുന്നു.

ഇസ്രയേലിലെ ആപ്പിൾത്തോട്ടങ്ങളിൽ വിളവെടുപ്പിന് ഡ്രോൺ ഉപയോഗിക്കുന്നുണ്ട്. രണ്ടു ഡ്രോണുകളാണു വിളവെടുക്കാനെത്തുന്നത്. ഒരു ഡ്രോൺ കുട്ട പിടിക്കുകയേയുള്ളൂ. മറ്റേ ഡ്രോൺ പാകമായ ആപ്പിൾ തിരിച്ചറിഞ്ഞ് സൂക്ഷ്മതയോടെ പറിച്ചു കുട്ടയിലിടും. പഴുത്ത ആപ്പിളും പച്ച ആപ്പിളും തിരിച്ചറിയാനും പാകമായവ പറിച്ചെടുക്കാനും ഡ്രോണിനെ പ്രാപ്തമാക്കുന്നത് എഐ ആണ്.

ഇന്ത്യയിൽ കാർഷിക ഡ്രോണിന് ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലവരും. വായ്പയും സർക്കാർ സബ്സിഡിയും വഴി കർഷകർക്ക് തങ്ങളുടെ കൃഷിക്ക് അനുയോജ്യമായ ഡ്രോൺ സ്വന്തമാക്കാം.

∙ വെള്ളമൊഴിക്കാൻ സെൻസർ

farmer-3

ജലസേചനത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളും എഐയുടെ പിൻബലത്തിലാണു പ്രവർത്തിക്കുന്നത്. മണ്ണിന്റെ സ്വഭാവം, ഈർപ്പത്തിന്റെ അളവ് എന്നിവ മനസ്സിലാക്കാനുള്ള സെൻസറുകൾ ശേഖരിക്കുന്ന വിവരം വിശകലനം ചെയ്ത് എവിടെ, എത്ര വെള്ളം കുറവുണ്ടെന്നു കണ്ടെത്താം. ജലാംശം കുറഞ്ഞ ഇടങ്ങളിൽ മാത്രം വെള്ളമെത്തിക്കുന്ന ഡ്രോണുകൾ ലക്ഷക്കണക്കിനു ലീറ്റർ വെള്ളമാണു ലാഭിക്കുന്നത്. മണ്ണിലെ അമ്ലാംശവും നൈട്രജന്റെ അളവുമൊക്കെ മനസ്സിലാക്കി വളപ്രയോഗം നടത്തുന്ന ഡ്രോണുകളുമുണ്ട്.

വനവൽക്കരണത്തിന്  ‘വിത്തുകിളി’

farmer-4

ഐഐഐടി ഹൈദരാബാദിലെ ഒരു സംഘം യുവാക്കൾ ചേർന്നു നടത്തുന്ന ‘സീഡ്കോപ്റ്റർ’ എന്ന ഡ്രോൺ കമ്പനിയുടെ ലക്ഷ്യം വനവൽക്കരണമാണ്. വിത്തു പാകേണ്ട സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് ഏരിയൽ സർവേ നടത്തും. വനത്തിന്റെ സാന്ദ്രത, മണ്ണിന്റെ സ്വഭാവം അടക്കം എഐ ഉപയോഗിച്ച് മനസ്സിലാക്കി ഏതൊക്കെ മരങ്ങളാണു നടേണ്ടതെന്നു നിശ്ചയിക്കും. വിത്ത് എത്ര നിരയിലായി പാകണമെന്നതടക്കം മാപ് ചെയ്യും. തുടർന്ന് മണ്ണും വിത്തും ചേർത്ത് ചെറിയ ഉരുളകളാക്കി ഡ്രോൺ വഴി കൃത്യമായ ഇടങ്ങളിൽ നിക്ഷേപിക്കും. ഒന്നിടവിട്ടു വ്യത്യസ്ത വിത്തുകളും പാകാം. മരങ്ങളുടെ വളർച്ച കൃത്യമായ ഇടവേളകളിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിക്കുകയും ചെയ്യും.

ഒരു ദിവസം 10 ഹെക്ടർ സ്ഥലത്ത് പതിനായിരത്തോളം വിത്ത് പാകാൻ സീഡ്കോപ്റ്ററിനു കഴിയും. തെലങ്കാന, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ പുതിയ ഹരിതാഭ തീർക്കാനുള്ള ദൗത്യം സീഡ്കോപ്റ്റർ ആരംഭിച്ചുകഴിഞ്ഞു.

മെറ്റാവേഴ്സിൽ കൃഷി

വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് വീട്ടിലിരിക്കുന്ന കർഷകന് മെറ്റാവേഴ്സ് എന്തൊക്കെ അവസരം നൽകും? ഇന്നു വിതച്ചാൽ 6 മാസം കഴിയുമ്പോൾ വിള ഏതു പാകത്തിലാകും എന്നു മുൻകൂട്ടി കാണാം, മറ്റു രാജ്യങ്ങളിലെ കൃഷിയിടങ്ങളും കൃഷിരീതികളും ‘നേരിട്ട്’ കണ്ടുമനസ്സിലാക്കാം അങ്ങനെ പലതും. ഒരു വിഡിയോ കാണുന്നതിൽനിന്നു തികച്ചും വ്യത്യസ്തമായി നേരിട്ട് ആ സ്ഥലം സന്ദർശിക്കുന്ന ത്രിമാന അനുഭവം നൽകുന്നു എന്നതാണു മെറ്റാവേഴ്സിന്റെ സവിശേഷത. സങ്കീർണമായ കൃഷിമാതൃകകൾ കർഷകന് എളുപ്പത്തിൽ മനസ്സിലാക്കാനും മെറ്റാവേഴ്സ് പ്രയോജനകരമാണ്.

യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ ദക്ഷിണ കൊറിയ ഉൾപ്പെടെ രാജ്യങ്ങൾ മെറ്റാവേഴ്സിൽ അഭയം തേടിയിരിക്കുകയാണ്. മെറ്റാവേഴ്‌സിൽ വെർച്വൽ ഫാമുകളും കാർഷിക മ്യൂസിയങ്ങളുമൊക്കെ അവർ സ്ഥാപിച്ചിട്ടുണ്ട്. അകത്തള കൃഷിക്ക് (ഇൻഡോർ ഫാമിങ്) പ്രചാരം നൽകാനും വിവിധ രാജ്യങ്ങളിൽ മെറ്റാവേഴ്സ് ഉപയോഗിക്കുന്നു. ചെടികളുടെ വളർച്ച, വെള്ളം, വളം, പരിചരണം തുടങ്ങിയവ സെൻസറുകളുടെ സഹായത്തോടെ മനസ്സിലാക്കി മെറ്റാവേഴ്സിലെ കൃഷിയിടത്തിൽ തത്സമയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

എന്താണ് മെറ്റാവേഴ്സ് 

ഇന്റർനെറ്റിലൂടെ പരസ്പരം ഇടപഴകാൻ സമൂഹമാധ്യമങ്ങൾ അവസരമൊരുക്കുമ്പോൾ അയഥാർഥമായ (വെർച്വൽ) ലോകം സൃഷ്ടിച്ച് പരസ്പരം ഇടപഴകാൻ അവസരമൊരുക്കുന്ന സംവിധാനമാണ് മെറ്റാവേഴ്സ്. വ്യക്തികളും സ്ഥാപനങ്ങളും സൃഷ്ടിക്കുന്ന അയഥാർഥ ലോകങ്ങളുടെ പ്രപഞ്ചം എന്ന നിലയ്ക്കാണ് മെറ്റാവേഴ്സ് എന്ന വിശേഷണം. ഇവിടെ വെർച്വൽ വസ്തുക്കൾ നിർമിക്കാനും അനുഭവങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ത്രിമാന അനുഭവം നൽകുന്ന മെറ്റാവേഴ്സിലെ കാഴ്ചകളും അനുഭവങ്ങളും വെബ്സൈറ്റിലൂടെയും വിആർ ഹെഡ്സെറ്റിലൂടെയും ആസ്വദിക്കാം.

ഒറ്റ ക്ലിക്കിൽ പ്രതിവിധി

കുലയ്ക്കാറായ വാഴയിൽ കുമിൾ ഉണ്ടായാലോ ഇലകളുടെ അറ്റം കരിഞ്ഞാലോ കർഷകന്റെ പ്രതീക്ഷകളുടെ കൂമ്പൊടിയും. വാഴയ്ക്ക് എന്തു സംഭവിച്ചു എന്നറിയാൻ ചിത്രമെടുത്തു വാട്സാപ്പിലൂടെ അയച്ചുകൊടുത്താൽ രോഗനിർണയം നടത്തുന്ന ‘വിള ഡോക്ടർ’ ആണ് പ്ലാന്റിക്സ്. ഹൈദരാബാദിലും ജർമനിയിലെ ബർലിനിലുമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സേവനം 12 ലക്ഷത്തിലേറെ കർഷകരാണ് ഉപയോഗിക്കുന്നത്. പ്ലാന്റിക്സിന്റെ ആപ്പിലൂടെയും ചിത്രമെടുത്ത് അയയ്ക്കാം. ചിത്രത്തി‍ലുള്ള രോഗം ഏതാണെന്ന് എഐയുടെ സഹായത്തോടെ കണ്ടെത്തി അതിനുള്ള പ്രതിവിധി നിമിഷങ്ങൾക്കുള്ളിൽ ഫോണിലെത്തും.

നെല്ല്, പപ്പായ, വാഴ, വഴുതന തുടങ്ങിയ മുപ്പതിലേറെ വിളകളെ ബാധിക്കുന്ന മുന്നൂറിലേറെ രോഗങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ നിർദേശിക്കാൻ കഴിയുന്ന പ്ലാന്റിക്സ് ആപ് മലയാളം ഉൾപ്പെടെ 18 ഭാഷകളിൽ ലഭ്യമാണ്.

തയാറാക്കിയത്: ബെർളി തോമസ്, അശ്വിൻ നായർ, ജിക്കു വർഗീസ് ജേക്കബ്

നാളെ: പ്രാഥമികപരിശോധന എഐ നടത്തും. ഡോക്ടർ പതിയെ വരട്ടെ. ചികിത്സാരംഗത്തു സമീപഭാവിയിൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ.

English Summary : Technologies Used in Agriculture Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com