ADVERTISEMENT

ഇപ്പോഴും കോൺഗ്രസാണെന്നു വിശ്വസിക്കുന്ന കെ.വി.തോമസിനു കാബിനറ്റ് പദവി നൽകാനും ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയാക്കാനുമുള്ള മാർക്സിസ്റ്റ് സർക്കാരിന്റെ തീരുമാനം തീർത്തും ഉചിതവും അഭിനന്ദനാർഹവും എന്നേ പറയേണ്ടൂ. മാർക്സിസ്റ്റ് സർക്കാരിന്റെ എന്നു വെറുതേ പറഞ്ഞതല്ല. മുന്നണിയുടെ സർക്കാരാണെന്നു പേരിനു പറയുമെങ്കിലും അത്ര നിസ്സാര കാര്യങ്ങളല്ലെങ്കിൽ സിപിഎം മറ്റു കക്ഷികളോടു ചർച്ച ചെയ്യാറില്ല. മാണികേരളയെ മുന്നണിയിൽ എടുത്തതു മുതൽ ഇപ്പോൾ തോമസിന്റെ കാര്യത്തിൽ വരെ. ‌ചില മുറുമുറുപ്പ് കൂടെയുള്ളവർക്കു തോന്നാം. അടിക്കാൻ ആരോഗ്യം ഇല്ലാത്തവന്റെ ഓങ്ങലോ മോങ്ങലോ മാത്രമാണതെന്നു സിപിഎമ്മിന് അറിയാം. അർഹിക്കുന്ന അവഗണന സിപിഎമ്മിൽനിന്നു ചോദിച്ചു വാങ്ങുന്നതിൽ മുന്നണിക്കുള്ളിൽ കാനം മുതൽ കാടിന്റെ മന്ത്രി വരെ ആരും മോശവുമല്ല.

കോൺഗ്രസുകാരൻ എന്നു തോമസിനെപ്പറ്റി വെറുതേ പറഞ്ഞതല്ല. തന്നെ കോൺഗ്രസിൽനിന്നു പുറത്താക്കിയിട്ടില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞത്. രാജ്യത്തു പാടില്ലെങ്കിലും രാഷ്ട്രീയത്തിൽ ഇരട്ടപ്പൗരത്വത്തിനു നിരോധനമൊന്നുമില്ല.

കെ.വി.തോമസിനു ചുമതല നിശ്ചയിച്ചു കൊടുത്തതിലെ ഔചിത്യവും കാണാതെ പോകരുത്; സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്നതാണത്. ആനൂകൂല്യങ്ങൾ വാങ്ങിയെടുക്കുന്നതിൽ കക്ഷിക്കുള്ള പ്രാഗല്ഭ്യം നേരത്തേ കരുണാകരനു മുതൽ ഇപ്പോൾ കമ്യൂണിസ്റ്റുകൾക്കു വരെ ബോധ്യമായിട്ടുണ്ട്.

വെള്ളത്തിനടിയിൽ മീനുകൾ എപ്പോഴാണ്, എവിടെനിന്നാണ് ഭക്ഷണം വരികയെന്ന ആധിയിൽ നൊടിയിട പോലും കണ്ണടയ്ക്കാറില്ലെന്നു കേട്ടിട്ടുണ്ട്. ‘മത്സ്യഃ സുപ്തോ ന നിമിഷ’ എന്നാണു സംസ്കൃതം. മാഷും ഇതേ രീതിയാണ്. ആനുകൂല്യം എവിടെനിന്നു വരുന്നുവെന്ന് കണ്ണിമ ചിമ്മാതെ കാത്തിരിക്കും. മത്സ്യത്തിൽനിന്നു മാഷ് പഠിച്ചോ മാഷിൽനിന്നു മത്സ്യം പഠിച്ചോ എന്ന ചോദ്യം തിരുതകൃതിയായി കേൾക്കുന്നതുമാണ്.

വാങ്ങിയെടുക്കുന്നവ സ്വയം ഭക്ഷിച്ചിട്ടുള്ളതല്ലാതെ ‌‌മറ്റുള്ളവർക്കു കൊടുക്കുന്ന ശീലം മത്സ്യത്തിനു പതിവില്ല. ചില മനുഷ്യർക്കും ആ പതിവില്ല. വയസ്സ് എൺപതാകാറായ കാലത്ത് ആ ശീലം മാറ്റുന്നത് അത്ര എളുപ്പമല്ല. ഇനി വാങ്ങുന്നവ സ്വന്തമാക്കാനുള്ളതല്ലെന്നു തിരിച്ചറിയാൻ മനഃശാസ്ത്ര സഹായം വേണ്ടിവരുമോ എന്നാണു സംശയം.

തോമസിനെ കേരളത്തിൽനിന്നു നാടുകടത്താനുള്ള ഉചിതമായ തീരുമാനത്തിനും കൊടുക്കണം കയ്യടി. ജന്മനാട്ടിലെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിനു ഡൽഹിയാണ് സുരക്ഷിതം. ‘തന്നെ അവഗണിച്ചു’ എന്ന പരാതി കോൺഗ്രസിനോടു പറ‍ഞ്ഞിട്ടുള്ളല്ലാതെ ‘കോൺഗ്രസിനു വേണ്ടി താൻ എന്തു ചെയ്തു’ എന്ന് അദ്ദേഹം ഇതുവരെ സ്വയം ചോദിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ കോൺഗ്രസിൽ ശത്രുക്കളാണ് അധികവും. തോമസിന്റെ പിന്തുണയുടെകൂടി ബലത്തിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇത്ര ദയനീയമായ പരാജയം സാധ്യമായതെന്ന തിരിച്ചറിവിൽ സിപിഎമ്മിലും വിരോധികളുടെ എണ്ണം കൂടി. കേരളത്തിലാണെങ്കിൽ ഈ രണ്ടു കൂട്ടരും ധാരാളമുണ്ട്. ഡൽഹിയിലാകുമ്പോൾ സിപിഎമ്മുകാരും കോൺഗ്രസുകാരും അധികമില്ല. ഇടയ്ക്കിടെ വിമാനത്തിൽ ഓരോ കാര്യസാധ്യത്തിനായി വന്നുപോകുന്നവരേ ഉള്ളൂ. എന്തുകൊണ്ടും ജീവിതം സേഫ്.

ഒരേയൊരു അപകടം ‘മുട്ടിയാൽ ഏതു വാതിലും തുറക്കും’ എന്ന തിരിച്ചറിവ് തോമസിനെ എങ്ങനെ സ്വാധീനിക്കും എന്നതിലാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെയും ബിജെപിയുടെയും ഗേറ്റുകളാണു പ്രധാനം. ഒട്ടകത്തിനെ സൂചിക്കുഴയിൽക്കൂടി കടത്തുന്നതുപോലുള്ള ഒരു ‘ക്വാളിറ്റി ടെസ്റ്റ്’ ആപ് പാർട്ടിയുടെ കവാടത്തിനു മുന്നിൽ ഉണ്ടെന്നാണു കേൾവി. അതുകൊണ്ട് തോമസ് ആ വഴിക്കു നീങ്ങാനിടയില്ല. പക്ഷേ, ബിജെപിയുടെ വാതിൽ അങ്ങനെയല്ല. ഗുണപരിശോധനയൊന്നുമില്ല. കുങ്കുമപ്പരവതാനിയിൽ താമരയിതൾ വിരിച്ചാണ് സ്വീകരണം. പോകെപ്പോകെ തോമസ് ചഞ്ചലചിത്തനായിക്കൂടായ്കയില്ല. നന്നായി ഉണങ്ങിയ കുടമ്പുളിയിൽ മൂന്നു മീൻകറിക്കു വേണ്ട പുളിരസം ബാക്കിയുണ്ടാകുമെന്ന് കുമ്പളങ്ങിക്കാരെ പഠിപ്പിക്കേണ്ടതില്ല. ഇപ്പോ രണ്ടേ ആയിട്ടുള്ളൂ. ഒന്നിനു കൂടിയുള്ള ബാല്യം ഇനിയുമുണ്ട്.

 ∙ അറവുമാടിന്റെ തൊഴിയും ഇറച്ചിവെട്ടുകാരനും

‘ഒരു മനുഷ്യൻ സർവവും നേടിയാലും സ്വന്തം ആത്മാവ് നഷ്ടമായാൽ എന്തു പ്രയോജനം’ എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം വി.എസ്.അച്യുതാനന്ദൻ നിയമസഭയിൽ മാണിസാറിനെതിരെ ബാർ കോഴക്കേസ് കാലത്ത് എടുത്തു പ്രയോഗിച്ചത് തികട്ടിവരുന്നു. പാലാ നഗരസഭാധ്യക്ഷന്റെ തിരഞ്ഞെടുപ്പിൽ സിപിഎം തങ്ങളുടെ ഗർവും അഭിമാനവും മാണിസാറിന്റെ മകനു മുന്നിൽ അടിയറവച്ചതു കേട്ടപ്പോഴാണു തികട്ടൽ. ഒരു വട്ടം കൂടി പാലായിൽ സിപിഎം തോറ്റു. ആത്മാവ് നഷ്ടമായി. പാർട്ടിയുടെ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെ മുനിസിപ്പൽ െചയർമാനാക്കാനുള്ള നീക്കം വന്നപ്പോൾ ‘എന്റെ പാലായല്ലേ, ഇച്ചിരി പുളിക്കും’ എന്നു സ്വർഗത്തിലിരുന്ന് മാണിസാർ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ?

delhi-2

സിപിഎമ്മിന്റെ കൂടെക്കൂടിയ ശേഷം മാണിസാറിന്റെ പാർട്ടി‌ ഇങ്ങനെയാണ്. എതിർത്തു തോൽപിക്കും; ഒപ്പം നിന്നും തോൽപിക്കും. ജോസ് കെ.മാണിയോടു നിയമസഭാ തിര‍ഞ്ഞെടുപ്പിൽ സിപിഎം ചെയ്തതും അതുതന്നെ. മുൻകാലങ്ങളിൽ മാണി സാറിനെ എതിർത്തു തോൽപിക്കാൻ നോക്കി. പറ്റാതായപ്പോൾ ജോമോനെ ഒപ്പം നിന്നു വീഴ്ത്തി. വാസ്തവത്തിൽ പാലായിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് തോറ്റപ്പോഴേ ആ സുവിശേഷത്തിന്റെ പ്രഹരശേഷി കേരള കോൺഗ്രസുകാർക്കു ബോധ്യപ്പെട്ടതാണ്. റോഷി ജയിച്ചു, ജയരാജ് ജയിച്ചു. പലരും പലതും നേടി. പക്ഷേ പാലാ പോയി; ആത്മാവ് കൈവിട്ടുപോയി.

വിഎസ് അന്നു നിയമസഭയിൽ വീണ്ടും കത്തിക്കയറിയതോർക്കുന്നു. ‘‘കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മാണി വീണുപോകും’’ എന്നു കൂടി പറഞ്ഞുവച്ചു. ആ തീയിൽ അന്ന് എരിപൊരികൊണ്ടു പോയ മാണിസാറിന്റെ ആത്മാവ് വിഎസിന്റെ പാർട്ടിയോടു ക്ഷമിക്കുമോ?; ‌ക്ഷമിച്ചതായി ജോസ് ഭാവിച്ചാലും.

പക്ഷേ, ജോമോൻ പേടിക്കണം. ഇതൊരു വിജയമായിട്ടൊന്നും കാണരുത്. പാലായുടെ രീതികൾ ജോസിനെപ്പോലെ തന്നെ പരിചയമാണ് ബിനുവിനും. തല്ലിനും തലോടലിനും പിന്നിലല്ല. പാലായിൽ ജോസ് കെ.മാണി ഇനി മത്സരിക്കേണ്ടെന്നു സിപിഎം തീരുമാനിച്ചാലോ എന്നായിരുന്നു ബിനുവിന്റെ ആദ്യ മറുപടി. വരുന്ന തിരഞ്ഞെടുപ്പുകളുടെ ജാതകം ഇപ്പോഴേ കുറിച്ചതാണോ എന്നാണ് ഭയം. സിപിഎമ്മിനെ ഒന്നു തിരി‍ഞ്ഞു കടിച്ചു എന്നു തൽക്കാലം ജോസിന് ആശ്വസിക്കാം. പക്ഷേ, അറക്കാൻ നിശ്ചയിച്ചു തൊഴുത്തു മാറ്റിക്കെട്ടിയ മാട് ഓർക്കാപ്പുറത്ത് ഒരു തൊഴി തൊഴിച്ചതുകൊണ്ട് ഇറച്ചിവെട്ടുകാരൻ കശാപ്പു വേണ്ടെന്നു വച്ച ചരിത്രമില്ല. വളർത്തുന്നത് മെനക്കേടാണെന്നു തോന്നി നേരത്തേ ആക്കാതിരുന്നാൽ ഭാഗ്യം.

∙ ആലപ്പുഴയിലെ നഗ്നസത്യങ്ങൾ

നഗ്നത എന്നതും സത്യം എന്നതും കുഴപ്പം പിടിച്ച വാക്കുകളാണ്. വിശേഷിച്ചും രാഷ്ട്രീയക്കാർക്ക്. ആലപ്പുഴയിൽ രണ്ടും കൂടിച്ചേർന്ന ഗുലുമാലാണ് സിപിഎം നേരിടുന്നത്. വനിതാ സഖാക്കളുടെ നഗ്നവിഡിയോ പകർത്തിയവരെ ശിക്ഷിക്കണോ എന്നു തീരുമാനിക്കും മുൻപ് ദൃശ്യങ്ങൾ നേതാക്കൾ നേരിട്ടു കണ്ട് സത്യം വിലയിരുത്തി എന്ന ശ്രുതി പരന്നതിനു ശേഷമാണത്രേ ഇത്.

ഇന്റർനെറ്റിൽ നഗ്നത സുലഭമാകുന്ന കാലത്തിനു മുൻപ് ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകൾക്കും സെൻസർ ബോർഡ് അംഗങ്ങൾക്കും മാത്രമായിരുന്നു ഇത്തരം കാഴ്ചകൾക്കുള്ള സൗകര്യം. ഇപ്പോൾ പാർട്ടി നേതാക്കൾക്കും കിട്ടിത്തുടങ്ങി എന്നു കണക്കാക്കിയാൽ മതി.

ഒരു ഏരിയാ കമ്മിറ്റിയംഗം പകർത്തി സൂക്ഷിച്ചതാണത്രേ മുപ്പതിലേറെ ലഘുചിത്രങ്ങൾ. അറിഞ്ഞും അറിയാതെയും അഭിനയിച്ചവരെല്ലാം പാർട്ടിക്കു വേണ്ടപ്പെട്ടവർ.

പടം പിടിച്ചത് രണ്ടു മാസം മുൻപേ നേതാക്കൾ അറിഞ്ഞതാണ്. പക്ഷേ, നേരിട്ടു കാണാത്തതുകൊണ്ടു വിശ്വാസമായില്ല. കണ്ടതേ വിശ്വസിക്കാവൂ എന്നതാണ് ശാസ്ത്രം. മാർക്സിസം ശാസ്ത്രമല്ലാതെ മറ്റൊന്നുമല്ല. ‘എന്നെ കാണിച്ചില്ല’ എന്ന പരാതി പിന്നീടു വിഭാഗീയതയ്ക്കു വളമാകരുത് എന്നതുകൊണ്ടാണ് എല്ലാവരെയും കൂട്ടിയത്.

പ്രതീക്ഷിച്ച പ്രത്യയശാസ്ത്ര നിലവാരം ഇല്ലാത്തതുകൊണ്ടോ എന്തോ സംവിധായകനായ സഖാവിനെ പാർട്ടിയിൽനിന്ന് പാക്കപ് ചെയ്യാനായിരുന്നു തീരുമാനം. ഒപ്പം നിന്നു ചതിക്കുന്നവരോട് ‘യു ടൂ ബ്രൂട്ടസ്’ എന്നു വിലപിക്കുന്നതായിരുന്നു പഴയ രീതി. പിന്നത് ‘മീ ടൂ’ എന്ന പ്രതികാരമായി വളർന്നു. ആലപ്പുഴയിൽ ‘പാർട്ടി ടൂ’ എന്നാണു പോലും പുതിയ ഹാഷ്ടാഗ്.

സ്റ്റോപ് പ്രസ്

നിയമസഭയിൽ ഇരിക്കുന്ന പലരും മനസ്സുകൊണ്ടു ബിജെപിയാണെന്ന് എ.പി.അബ്ദുല്ലക്കുട്ടി

നിയമസഭയിൽ ഇരിക്കുന്നവരെ വെറും കുട്ടികളായിക്കാണാം

English Summary : K V Thomas new post in Delhi and controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com