ADVERTISEMENT

രംഗം - ആശുപത്രി ഐസിയു. ബീപ് ശബ്ദം മുഴക്കുന്ന ഉപകരണങ്ങൾക്കരികിൽ ഗുരുതരാവസ്ഥയിലുള്ള രോഗി ചലനമില്ലാതെ കിടക്കുന്നു. അരികിൽ ആശങ്കയോടെ ബന്ധു. ബീപ് ശബ്ദങ്ങളുടെ വേഗം കൂടുന്നു. ഉപകരണങ്ങളുടെ സ്ക്രീനിലെ വരകളുടെ ചാഞ്ചാട്ടമേറുന്നു. അരികിലിരിക്കുന്ന ബന്ധു ആശുപത്രി മുഴുവൻ ഓടിനടന്നു ഡോക്ടറെ അന്വേഷിക്കുന്നു. ഡോക്ടറും സംഘവും മുറിയിൽ പാഞ്ഞെത്തുമ്പോഴേക്കും ഉപകരണങ്ങളിലെ പച്ച വര നേർരേഖയായി മാറുന്നു. ബീപ് ശബ്ദം ദുഃഖസൂചകമായ ഷെഹനായ് നാദം പോലെ നീണ്ടുമുഴങ്ങുന്നു. ബന്ധു പൊട്ടിക്കരയുന്നു. രോഗിയുടെ കണ്ണു തിരുമ്മിയടച്ച് ഡോക്ടർ പറയുന്നു: ഐ ആം സോറി!

പല സിനിമകളിലും നമ്മൾ ആവർത്തിച്ചു കണ്ട രംഗമാണിത്. പുതിയ സാങ്കേതികവിദ്യകൾ ചികിത്സാരംഗത്തേക്കു വരുമ്പോൾ ഈ രംഗം മാറ്റിയെഴുതേണ്ടി വരും. അരികിൽ ആശങ്കയോടെ ബന്ധു വേണ്ട‌. ഉപകരണങ്ങളിൽ ബീപ് ശബ്ദം ഉണ്ടാകണമെന്നില്ല. രോഗിയുടെ ഹൃദയ - ശ്വാസ താളങ്ങൾ അളക്കുന്ന ഉപകരണങ്ങൾ അത് തത്സമയം ആശുപത്രിയുടെ ക്ലൗഡ് സംവിധാനത്തിൽ (സദാ ഓൺലൈനായിരിക്കുന്ന കംപ്യൂട്ടർ സെർവർ) അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ശ്വാസതടസ്സം ഉള്ളതായി ഡേറ്റ സൂചിപ്പിച്ചാൽ അപ്പോൾത്തന്നെ രോഗിക്ക് ഓക്സിജൻ ലഭിച്ചുതുടങ്ങും. രക്തസമ്മർദം ഉൾപ്പെടെ തത്സമയം ശേഖരിച്ചു രോഗിയുടെ ഡേറ്റ വിലയിരുത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം മറ്റ് ഉപകരണങ്ങളുമായി ആശയവിനിമയം നടത്തി രോഗിയുടെ നില സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും. ഡോക്ടറുടെയോ നഴ്സിന്റെയോ ഇടപെടൽ ആവശ്യമുള്ളപ്പോൾ എഐ യഥാസമയം അവരെ വിവരമറിയിച്ച് സേവനം ലഭ്യമാക്കുകയും ചെയ്യും.

ആശുപത്രിയിൽ പോയി ടോക്കണെടുത്ത് മണിക്കൂറുകൾ കാത്തിരുന്ന് ഡോക്ടറെ കാണുന്നതും ഡോക്ടർ ഗൂഢഭാഷയിൽ എഴുതിയ കുറിപ്പ് മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് ഡീകോഡ് ചെയ്ത് മരുന്നു നൽകുന്നതും ഉൾപ്പെടുന്ന സുദീർഘവും സങ്കീർണവുമായ പ്രക്രിയയാണ് നമുക്കു പരിചിതം. ക്യൂവിന്റെ നീളം കുറയുന്നതും ഡോക്ടർമാർ വൃത്തിയുള്ള കയ്യക്ഷരത്തിൽ മരുന്നെഴുതുന്നതും പോലെയുള്ള പരിഷ്കാരങ്ങൾക്കപ്പുറത്തെ വിപ്ലവങ്ങളാണു ചികിത്സാരംഗത്തു വരാനിരിക്കുന്നത്.

ടെലിമെഡിസിൻ സമം ഓൺലൈൻ ക്ലാസ്

വിദ്യാഭ്യാസരംഗത്ത് ഓൺലൈൻ ക്ലാസും ഇ-ലേണിങ്ങും കൊണ്ടുവന്ന വിപ്ലവത്തിനു തുല്യമാണ് ആരോഗ്യരംഗത്തു ടെലിമെഡിസിൻ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ. ആശുപത്രിയിൽ നേരിട്ടെത്തി പരിശോധനയ്ക്കു വിധേയമാകുന്നതിനു പകരം ഇന്റർനെറ്റ് സഹായത്തോടെ രോഗനിർണയം, ചികിത്സ തുടങ്ങിയവ സാധ്യമാക്കുന്നതാണു ടെലിമെഡിസിൻ. കോവിഡ് കാലത്തു വിജയകരമായി പരീക്ഷിക്കപ്പെട്ട ടെലിമെഡിസിനു പിന്നെ പ്രാധാന്യം കുറഞ്ഞെങ്കിലും ഭാവിയിൽ വൻസാധ്യതയാണുള്ളത്. വിഡിയോ കോൺഫറൻസിങ്, ഫോൺ കോൾ, മറ്റു ഡിജിറ്റൽ ആശയവിനിമയ രീതികൾ എന്നിവയിലൂടെയാണു ടെലിമെഡിസിൻ കൺസൽറ്റേഷൻ സാധ്യമാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഇന്റർനെറ്റ് മുഖേന പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഉപകരണശൃംഖല) തുടങ്ങിയ സാങ്കേതികവിദ്യകളും 5ജി കണക്ടിവിറ്റിയും ചേരുമ്പോൾ ടെലിമെഡിസിൻ രംഗത്തു വൻ കുതിച്ചുചാട്ടമാണു പ്രതീക്ഷിക്കുന്നത്.

മരുന്നിനു പോരാ നെറ്റ്‌വർക്

ഫോണിൽ വിളിച്ചും വിഡിയോ കോൾ വഴിയും നടത്തുന്ന ടെലിമെഡിസിനിൽ 5ജി എത്തുന്നതോടെ ഓഗ്‌മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും പ്രയോഗിച്ചു തുടങ്ങും. ഇതു പരിശോധനയും രോഗനിർണയവും ലളിതമാക്കും.

robot

സെക്കൻഡിൽ 20 ഗിഗാബിറ്റ് വരെയുള്ള 5ജി വേഗം വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ഓഫ് തിങ്‌സ് സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കും. ഇതു രോഗനിർണയത്തിന്റെയും ചികിത്സയുടെയും വേഗവും കാര്യക്ഷമതയും കൂട്ടും. ഇന്റർനെറ്റ് ഓഫ് തിങ്സിലൂടെ ഒട്ടേറെ മെഡിക്കൽ ഉപകരണങ്ങൾ നെറ്റ്‌വർക്കിൽ ബന്ധിപ്പിക്കപ്പെടും. സ്മാർട് വാച്ച് പോലെ ദേഹത്തു ധരിക്കുന്ന ഉപകരണങ്ങൾ, മറ്റു സെൻസർ അധിഷ്ഠിത ഉപകരണങ്ങൾ എന്നിവയിലൂടെ രോഗിയുടെ ആരോഗ്യനില ഡോക്ടർമാർക്കു നിരീക്ഷിക്കാം.

ചികിത്സയിലും എഐ സഹായം

രോഗികളുടെ ആരോഗ്യവിവരങ്ങൾ വിലയിരുത്താൻ എഐ സംവിധാനങ്ങൾക്കു കഴിയും. ഇതിനായി ആയിരക്കണക്കിനു രോഗങ്ങൾ സംബന്ധിച്ച് ലക്ഷക്കണക്കിനു രോഗികളിൽനിന്നുള്ള വിവരങ്ങൾ (മെഡിക്കൽ ഡേറ്റ) എഐയ്ക്കു പിന്തുണ നൽകുന്ന ക്ലൗഡ് സംവിധാനത്തിൽ ലഭ്യമാണ്. ഈ ഡേറ്റ രോഗനിർണയം മുതൽ ചികിത്സാ വിശകലനം വരെയുള്ള ഘട്ടങ്ങളിൽ ഇടപെടാൻ എഐയെ പര്യാപ്തമാക്കുന്നു. സ്വയം തീരുമാനമെടുക്കാൻ ശേഷിയുള്ള എഐ നിലവിൽ ഡോക്ടർമാർക്കു നിർദേശങ്ങൾ നൽകുന്ന ശൈലിയിലാണു പ്രവർത്തിക്കുന്നത്. ഡോക്ടർക്കു പകരം വയ്ക്കാനാകില്ലെങ്കിലും പിന്തുണ നൽകാനും ചികിത്സാ നടപടികൾ വേഗത്തിലാക്കാനും ഇതു സഹായിക്കും. ഒരാളുടെ ആരോഗ്യവിവരങ്ങൾ പരിശോധിച്ച് ഭാവിയിൽ ഉണ്ടാകാവുന്ന രോഗങ്ങൾ പ്രവചിക്കാനും എഐയ്ക്കു ശേഷിയുണ്ട്.

മാതൃകയായി ഇ-സഞ്ജീവനി

കേന്ദ്ര സർക്കാരിന്റെ ടെലിമെഡിസിൻ പ്ലാറ്റ്ഫോമാണ് ഇ-സഞ്ജീവനി. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ 2,26,026 ആരോഗ്യപ്രവർത്തകർ ഇതിന്റെ ഭാഗമായുണ്ട്. അഞ്ചാഴ്ചയ്ക്കുള്ളിൽ ഒരു കോടി കൺസൽറ്റേഷൻ നടത്തി ഇ-സഞ്ജീവനി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

artificial-intelligence-1

ഡോക്ടർ റോബട്

റോബട്ടുകൾ ശസ്ത്രക്രിയ നടത്തുന്നത് ആരോഗ്യരംഗത്തു പുതുമയല്ല. എന്നാൽ, സാങ്കേതികവിദ്യകൾ വ്യാപകമാകുന്നതോടെ റോബട്ടിക് ശസ്ത്രക്രിയയുടെ സാധ്യതയും പ്രചാരവും വർധിക്കും. സൂക്ഷ്മവും നിരന്തര ശ്രദ്ധ വേണ്ടതുമായ സങ്കീർണ ശസ്ത്രക്രിയകൾ പോലും പിഴവില്ലാതെ ചെയ്യാൻ റോബട്ടുകൾക്കു സാധിക്കും. ക്ഷീണവും മടുപ്പുമൊന്നും ബാധകമല്ലാത്തതിനാൽ ദിവസം മുഴുവൻ ഒരേ മികവോടെ ശസ്ത്രക്രിയകൾ ചെയ്യാനാകും.

റോബട്ടിക് ശസ്‍ത്രക്രിയകൾ പലതും ഡോക്ടർമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു നടക്കാറുള്ളത്. എന്നാൽ, മെഡിക്കൽ എഐ കൂടി ഈ പ്രക്രിയയിൽ പങ്കുചേരുമ്പോൾ ഡോക്ടറുടെ നൈപുണ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏറ്റെടുക്കും. ശസ്ത്രക്രിയാ റോബട് എന്തു ചെയ്യണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട എഐയുടെ നിയന്ത്രണത്തിലാകും.

നാളെ: ഹോട്ടലിൽ‌ ചായ പറയുന്ന ലാഘവത്തോടെ ഓർഡർ ചെയ്താൽ മതി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വക കലാസൃഷ്ടികൾ റെഡി. ലോകത്തെ വിസ്മയിപ്പിക്കുകയാണ് എഐയുടെ സർഗശേഷി.

തയാറാക്കിയത്: ബെർളി തോമസ്, അശ്വിൻ നായർ, ജിക്കു വർഗീസ് ജേക്കബ്

English summary: Artificial intelligence in healthcare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com