ADVERTISEMENT

1948 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു. ഡൽഹിയിൽ, ആൽബുഖർഖ് റോഡിലെ ബിർള ഹൗസിൽ, പുലർച്ചെ 3.30ന് ഗാന്ധിജി ഉറക്കമുണരുന്നു; സഹായികളിൽ മനുവും ബ്രിജ് കൃഷ്ണ ഛന്ദിവാലയും ഉണർന്നിട്ടുണ്ട്. 3.45ന് ഗാന്ധിജി പ്രാർഥനയ്ക്കായി വരാന്തയിലേക്കു നടക്കുന്നു.

ആഭ അപ്പോഴും ഉറക്കത്തിലാണ്. ആഭ തന്നെ വിട്ടുപോകുന്നതാവും ഉചിതമെന്നും ഇത്തരം രീതികൾ തനിക്ക് അനിഷ്ടമുണ്ടാക്കുന്നുവെന്നും ഇതൊക്കെ കാണാൻ ഇടവരുത്തുന്ന ജീവിതം തുടരാൻ ഈശ്വരൻ ദീർഘായുസ്സ് തരാതിരിക്കട്ടെയെന്നും ഗാന്ധിജി പിറുപിറുക്കുന്നു. പ്രാർഥനയ്ക്കു ശേഷം ഗാന്ധിജി സഹായികൾ‍ക്കൊപ്പം മുറിയിലേക്ക്.

ജോലികളിലേക്കു കടക്കുകയാണ്. ഉണർന്ന ആഭ സഹായിക്കാനെത്തുന്നു; ഗാന്ധിജി ഗൗനിക്കുന്നില്ല. അദ്ദേഹം പഴ്സനൽ സെക്രട്ടറി വി.കല്യാണവുമായി സംസാരത്തിലാണ്. ഫെബ്രുവരി രണ്ടു മുതൽ 10 ദിവസം ഗാന്ധിജിക്കു സേവാഗ്രാം സന്ദർശിക്കണം. തയാറെടുപ്പുകൾ വേണം. ഇന്ത്യൻ നാഷനൽ കോൺഗ്രസിനുള്ള പുതിയ ഭരണഘടനയുടെ കരട് ഗാന്ധിജി തലേന്നു തയാറാക്കിയിരുന്നു. അതു ടൈപ്പ് ചെയ്തത് കല്യാണം അദ്ദേഹത്തിനു കൈമാറുന്നു.  

4.45ന്, നാരങ്ങാനീരും തേനും ചേർ‍ത്ത ചൂടുവെള്ളം ഗാന്ധിജിക്കു മനു നൽകുന്നു. 12 ദിവസം മുൻപ് അവസാനിപ്പിച്ച  ഉപവാസത്തിന്റെ ക്ഷീണം വിട്ടുമാറിയിട്ടില്ല; ഗാന്ധിജി അൽപനേരം മയങ്ങുന്നു. അരമണിക്കൂർ കഴിഞ്ഞ് ഉണരുന്നു. ഗാന്ധിജിയുടെ സഹചാരിയായിരുന്ന കിഷോറിലാൽ മഷ്റുവാലയ്ക്ക് തലേന്ന് എഴുതിയ കത്ത് പോസ്റ്റ് ചെയ്യാൻ ഗാന്ധിജി ഓർമിപ്പിക്കുന്നു. സേവാഗ്രാമിൽ മഷ്റുവാലയെ തനിക്കും കാണാമല്ലോയെന്നു മനു പറയുമ്പോൾ ഗാന്ധിജിയുടെ മറുപടി: ‘ഭാവിയെക്കുറിച്ച് ആർക്കറിയാം? 

നടത്തത്തിനുള്ള സമയമായി. തണുപ്പായതിനാൽ, മുറിയിൽത്തന്നെയാണു നടത്തം. ഗാന്ധിജിക്കു ചുമയുണ്ട്. പനങ്കൽക്കണ്ടവും ഗ്രാമ്പു പൊടിച്ചതുമാണ് മരുന്ന്. ഗ്രാമ്പു പൊടിച്ചതു തീർന്നിരുന്നു. അതുണ്ടാക്കിയിട്ടു നടത്തത്തിൽ പങ്കുചേരാമെന്നു മനു; ഇപ്പോൾതന്നെ പൊടി ഉണ്ടാക്കിയില്ലെങ്കിൽ രാത്രിയിലേക്കു മരുന്നുണ്ടാവില്ലെന്നും. ഗാന്ധിജിയുടെ ചോദ്യം: ‘ഇരുട്ടുവീഴും മുൻപ് എന്തൊക്കെ സംഭവിക്കുമെന്നോ ഞാൻ ജീവനോടെ ഉണ്ടാകുമെന്നോ ആർക്കറിയാം? രാത്രിയിലും ഞാൻ ജീവനോടെയുണ്ടെങ്കിൽ, അപ്പോൾ‍ പൊടി ഉണ്ടാക്കാവുന്നതല്ലേയുള്ളൂ?  

ഉഴിച്ചിലിനുള്ള മുറിയിലേക്കു പോകുന്നതിനിടെ സെക്രട്ടറി പ്യാരേലാൽ നയ്യാറുടെ മുറിയിൽചെന്ന് കോൺഗ്രസിന്റെ കരടു ഭരണഘടന കൈമാറി കുറവുകളുണ്ടെങ്കിൽ നീക്കണമെന്നു നിർദേശിക്കുന്നു. 

കുളികഴിഞ്ഞ് ഭക്ഷണത്തിന് എത്തുമ്പോഴേക്കും സമയം 9.30. പുഴുങ്ങിയ പച്ചക്കറി, ആട്ടിൻപാൽ, തക്കാളി, ഓറഞ്ച്, കാരറ്റ് ജ്യൂസ് തുടങ്ങിയവയാണു കഴിക്കുന്നത്. അതിനിടെ, പ്യാരേലാലുമായി ചർച്ച. തലേന്ന് ഹിന്ദു മഹാസഭാ നേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയുമായി നടത്തിയ ചർച്ച ഗുണകരമായില്ലെന്നു പ്യാരേലാൽ. ഹിന്ദു മഹാസഭക്കാരിൽ ചിലരുടെ വിദ്വേഷപ്രസംഗം നിർത്തിക്കണമെന്ന അഭ്യർഥനയായിരുന്നു ഡോ.മുഖർജിയോടു പ്യാരേലാൽവഴി ഗാന്ധിജി നടത്തിയത്. നവ്ഖാലിയിലേക്കു പ്യാരേലാൽ വീണ്ടും പോകണമെന്നും തനിക്കു പാക്കിസ്ഥാൻ സന്ദർശിക്കാൻ താൽപര്യമുണ്ടെന്നും ഗാന്ധിജി പറയുന്നു. സമയം 10.30. വീണ്ടും വിശ്രമത്തിലേക്ക്. 

12.30 മുതൽ വീണ്ടും സന്ദർശകരെ കാണുകയാണ്. ഡൽഹിയിലെ ഏതാനും മുസ്‌ലിം നേതാക്കൾ തങ്ങളുടെ പ്രദേശത്തെ  പ്രശ്നങ്ങളെക്കുറിച്ചു പറയുന്നു. ബ്രിട്ടിഷ് സർക്കാരുമായുള്ള ചർച്ചകളിൽ ഗാന്ധിജിയുടെ ദൂതനായിരുന്ന സുധീർ ഘോഷും കാണാനെത്തിയിട്ടുണ്ട്. നെഹ്റുവും പട്ടേലുമായി ഭിന്നതകളുണ്ടെന്നു ബ്രിട്ടിഷ് പത്രങ്ങളിൽ റിപ്പോർട്ടുകൾ വരുന്നതിനെക്കുറിച്ചാണു ഘോഷ് പറയുന്നത്. പട്ടേലിന്റെ രാജിക്കത്ത് ഗാന്ധിജിയുടെ എഴുത്തുമേശയുടെ മുകളിലുണ്ട്. 

രണ്ടു മണിക്കാണ് ലൈഫ് മാഗസിന്റെ സ്റ്റാഫ് ഫൊട്ടോഗ്രഫർ മാർഗരറ്റ് ബുർക് വൈറ്റുമായുള്ള സംഭാഷണം. 125 വയസ്സുവരെ ജീവിക്കണമെന്നു ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചതിന്റെ കാരണത്തെക്കുറിച്ചു മാർഗരറ്റ് ചോദിക്കുമ്പോൾ, ആ പ്രതീക്ഷ അസ്തമിച്ചെന്നു മറുപടി. അതെന്തുകൊണ്ടെന്ന ചോദ്യത്തിന്, ലോകത്തെ മോശമായ സംഭവങ്ങളാണു കാരണമെന്നും ഗാന്ധിജി. 3.15ന് ഫ്രഞ്ച് ഫൊട്ടോഗ്രഫർ ഹെൻറി കാർ‍ട്ടിയ–ബ്രെസൻ എത്തുന്നു. താനെടുത്ത ചിത്രങ്ങളുടെ ആൽബം അദ്ദേഹം ഗാന്ധിജിക്കു സമ്മാനിക്കുന്നു.

നാലു മണിയോടെ സർദാർ പട്ടേൽ എത്തുന്നു; മകൾ മണിബെനും ഒപ്പമുണ്ട്. നെഹ്റു അല്ലെങ്കിൽ പട്ടേൽ, ഒരാൾ മന്ത്രിസഭയിൽനിന്നു മാറണമെന്ന അഭിപ്രായത്തിൽനിന്നു താൻ പിന്മാറിയെന്നും രണ്ടുപേരും തുടരണമെന്ന മൗണ്ട്ബാറ്റന്റെ അഭിപ്രായമാണ് ഇപ്പോൾ തനിക്കുമെന്നും ഗാന്ധിജി പറയുന്നു; രാജി പിൻവലിക്കണമെന്നു പട്ടേലിനോട് ആവശ്യപ്പെടുന്നു; താനും നെഹ്റുവും പട്ടേലും ഒരുമിച്ചിരുന്നു തർക്കങ്ങൾ പറഞ്ഞുതീർക്കാമെന്നു വ്യക്തമാക്കുന്നു. ചർച്ചയ്ക്കിടെ ആഭ അത്താഴവുമായി എത്തുന്നു.

5 മണിക്കു പ്രാർഥനയുള്ളതാണ്. എന്നിട്ടും, ചർച്ച തുടരുകയാണ്. സമയം വൈകുന്നതിൽ‍ ആഭയും മനുവും അസ്വസ്ഥരാണ്. 5.10ന് മണിബെൻ ഇടപെട്ട് ചർച്ച അവസാനിപ്പിക്കുന്നു. ഗാന്ധിജി പ്രാർഥനാസ്ഥലത്തേക്കു നീങ്ങുന്നു, മനുവിന്റെയും ആഭയുടെയും തോളിൽ കൈകൾവച്ചാണ് നടത്തം. ഒരാൾ ‘നമസ്തേ! ഗാന്ധിജി’ എന്നു പറഞ്ഞ് കുമ്പിടുന്നു. അയാൾ ഗാന്ധിജിയുടെ കാലുകൾ തൊട്ടുവന്ദിക്കാൻ ശ്രമിക്കുകയാണെന്നു കരുതി മനു തടയുന്നു: ബാപ്പു ഇപ്പോൾതന്നെ പ്രാർഥനയ്ക്കു വൈകി, എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്? 

അയാൾ ഇടതുകൈകൊണ്ട് മനുവിനെ തട്ടിമാറ്റി വലതുകൈകൊണ്ട് ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. 5.17. ആ നിമിഷം, ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി. 

English Summary: Mahatma Gandhi death anniversary

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com