ADVERTISEMENT

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലേക്കു പൂർണമായും തിരിച്ചുവന്നെന്നാണ് ധനമന്ത്രി ഇന്നലെ പാർലമെന്റിൽവച്ച സാമ്പത്തിക സർവേയിൽ പറയുന്നത്. പ്രതിസന്ധികൾ പലതുണ്ടായിട്ടും പിടിച്ചുനിൽക്കാൻ സാധിച്ചു. വിനോദസഞ്ചാരം, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിലെ ഉണർവ് തിരിച്ചുവരവിന്റെ തെളിവുകളായി സൂചിപ്പിക്കുന്നു. കയറ്റുമതി മേഖലയിലെ പ്രതിസന്ധിയും സ്വകാര്യ മുതൽമുടക്ക് വർധിക്കാത്തതും ചൈനയുടെ വിതരണശൃംഖല മെച്ചപ്പെടാമെന്നതും ആശങ്കകളാണ്. 

ആരോഗ്യകരമായ വളർച്ച തുടരണമെങ്കിൽ കൂടുതൽ പരിഷ്കാരങ്ങൾ വേണമെന്നാണ് നിർദേശം. സാമ്പത്തിക സർവേയിൽനിന്നുള്ള സൂചനകൾ പരിഗണിച്ചാൽ, അടുത്ത 25 വർ‍ഷത്തെ ‘അമൃതകാല’ത്തിന് അടിത്തറയാവുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവാം. കൂടുതൽ മേഖലകളിൽ ഉൽപാദനാധിഷ്ഠിത ആനുകൂല്യങ്ങൾ അനുവദിക്കുക, പിഎംശ്രീ സ്കൂളുകൾ വ്യാപിപ്പിക്കുക, ഗ്രീൻ ഹൈഡ്രജൻ മിഷൻ വൻപദ്ധതിയാക്കുക തുടങ്ങിയവയ്ക്കുള്ള നടപടികളും പ്രതീക്ഷിക്കാം. വണ്ണം കൂടുന്നുവെന്നതാണ് ജനത്തിന്റെ പ്രശ്നമായി സാമ്പത്തിക സർവേയിൽ പറയുന്നത്; ജനത്തെ ആരോഗ്യകരമായ ജീവിതശൈലി പഠിപ്പിക്കുന്നതു തുടരണമെന്നും. എന്നാൽ, പറയുന്നത്ര ആരോഗ്യത്തിലല്ല സമ്പദ്‌വ്യവസ്ഥയെന്നാണ് വിദഗ്ധരുടെ 

അഭിപ്രായം. സർക്കാരിന്റെ കണക്കുകളിൽ വ്യക്തമാകാത്ത പ്രതിസന്ധികൾ പലതുണ്ടെന്നും തിരഞ്ഞെടുപ്പുകാല ബജറ്റാക്കാതെ, പരിഹാര നടപടികൾക്കുള്ള പരിശ്രമം ഉണ്ടാകണമെന്നും അവർ‍ നിർദേശിക്കുന്നു. 

Print

സാമ്പത്തികവിദഗ്ധർ പറയുന്നു

വിലക്കയറ്റം മയപ്പെട്ടെങ്കിലും വെല്ലുവിളി മാറുന്നില്ല

ഡോ.ആർ.നാഗരാജ് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം

ലോകവും ഇന്ത്യയും

ആഗോള സമ്പദ്‌വ്യവസ്ഥയുടെ പകുതിയോളം ഈ വർഷം മാന്ദ്യത്തിലാവുമെന്നാണ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്)യുടെ പ്രവചനം. വിലക്കയറ്റം മയപ്പെട്ടു എന്നതു ശരിയാണ്. എന്നാൽ, ദീർഘകാല ശരാശരിയെടുത്താൽ അത് ഉയർന്ന നിരക്കിൽതന്നെയാണ്. കയറ്റുമതിയെ ബാധിക്കുമെന്നതിനാൽ അതു വെല്ലുവിളിയാവാം. എന്നാൽ, ഇന്ത്യയ്ക്ക് ഇറക്കുമതി കുറയ്ക്കാനുമാവില്ല. എണ്ണ മാത്രമല്ല, വളവും ഒൗഷധങ്ങളും ഭക്ഷ്യഎണ്ണയുമൊക്കെ നമ്മൾ ഇറക്കുമതി ചെയ്യുന്നു. ഫലത്തിൽ, നമ്മുടെ വ്യാപാരക്കമ്മി മോശമാകും.

വിലക്കയറ്റവും പലിശനിരക്കും

എണ്ണയുടെയും മറ്റു ചരക്കുകളുടെയും വിലയിടിവുമൂലമാണ് വിലക്കയറ്റം മയപ്പെട്ടത്. യുഎസിലേതിന് ആനുപാതികമായി ഇന്ത്യയും പലിശനിരക്ക് ഉയർത്തിയിട്ടുണ്ട്. നിരക്കുകളിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ അത് ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കും. 

ഉൽപാദന മേഖലയിലെ പ്രശ്നം

ഉൽപാദനാധിഷ്ഠിത ആനുകൂല്യങ്ങൾകൊണ്ട് (പിഎൽഐ) കാര്യമായ മെച്ചമുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. പിഎൽഐ സ്കീം മൊബൈൽ ഫോൺ പോലെയുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിക്കു വലിയ ഉത്തേജനമായിട്ടുണ്ടെന്നാണു വാദം. നമ്മൾ മൊബൈൽ ഫോൺ കിറ്റ് ഇറക്കുമതി ചെയ്യുന്നു, അതു സംയോജിപ്പിച്ച് കയറ്റുമതി ചെയ്യുന്നു. അതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകുന്നില്ല. തൊഴിലില്ലായ്മയുടെ തോതുമായി തട്ടിച്ചുനോക്കിയാൽ, റോസ്ഗാർ മേളകളും അഗ്നിപഥ് പദ്ധതിയുമൊക്കെ സൃഷ്ടിക്കുന്ന അവസരം വലുതല്ല. തൊഴിലുറപ്പു പദ്ധതി വിപുലമാക്കി ഗ്രാമീണമേഖലകളിലും മറ്റും വലിയതോതിൽ തൊഴിലവസരമുണ്ടാക്കണം, നഗരങ്ങളിലും ഈ സമീപനം വേണം. 

nagaraj
ഡോ.ആർ.നാഗരാജ്

ബജറ്റിൽനിന്നുള്ള പ്രതീക്ഷ

കോവിഡിനു മുൻപേ തുടങ്ങിയ മാന്ദ്യത്തെ നേരിടാൻ നടപടികൾ വേണം. ഉൽപാദനമേഖലയുടെ മുരടിപ്പും തൊഴിലില്ലായ്മയും നേരിടേണ്ടതുണ്ട്. ചൈനയിൽനിന്നുള്ള ഇറക്കുമതിയെ ഇന്ത്യ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്. പലിശനിരക്കുകളിലുൾപ്പെടെ മാറ്റം വരണം.

നികുതി നിരക്ക് പരിഷ്കരണം

നികുതി നിരക്ക് പരിഷ്കരണം വിപണിയിലെ ‘ഡിമാൻഡ്’ വർധിപ്പിക്കുമോയെന്നു സംശയമാണ്. തൊഴിലെടുക്കുന്നവരിൽ നികുതിദായകർ വളരെക്കുറവായതിനാൽ അതിന്റെ ഗുണം കാര്യമായി ഉണ്ടാകില്ല. 

വാഗ്ദാനങ്ങളല്ല, വേണ്ടത് നടപടികൾ

ഡോ.അതുൽ ശർമ 13–ാം ധനകാര്യ കമ്മിഷൻ അംഗം

വളർച്ച തടഞ്ഞ നടപടികൾ

സമ്പദ്‌വ്യവസ്ഥയുടെ സമീപകാല സ്ഥിതിയുടെ നിഴലിലാണ് ബജറ്റ് തയാറാവുന്നത്. യുക്രെയ്നിലെ യുദ്ധത്തിനും കോവിഡിനും മുൻപുതന്നെ സാമ്പത്തിക വളർച്ച പ്രശ്നത്തിലായിരുന്നു. നോട്ടുനിരോധനം നഗരങ്ങളിലെ 30 ദശലക്ഷം അതിഥിത്തൊഴിലാളികളെ പെരുവഴിയിലാക്കി. പിഴവുകളോടെ ജിഎസ്ടി നടപ്പാക്കിയത് കൂടുതൽ ആഘാതമേൽപിച്ചത് അനൗപചാരിക മേഖലയെയാണ്. ഈ മേഖലയിൽനിന്നാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പകുതിയിലേറെ വരുന്നത്; 90% തൊഴിലുകളും ഈ മേഖലയിലാണ്.  

പാവങ്ങളിൽ പണമെത്തണം

നിതി ആയോഗിന്റെതന്നെ കണക്കുകളനുസരിച്ച്, ജനസംഖ്യയുടെ 25% പേരും പിന്നാക്കാവസ്ഥയിൽ ആയതിനാൽ വാങ്ങൽശേഷിയില്ലാത്തവരാണ്. 90% പേരും മാസം 25,000 രൂപ പോലും വരുമാനമില്ലാത്തവരാണ്. വിലക്കയറ്റവും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ചെലവഴിക്കേണ്ട വലിയ തുകയും ഇടത്തരക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ചില സംസ്ഥാനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയുമാണ്. സമ്പന്നരുടെ വരുമാനം വർധിക്കുകയും അവർ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ ഉൾപ്പെടെ വാങ്ങുകയും ചെയ്യുന്നു എന്നതുകൊണ്ട് മൊത്തത്തിൽ വിപണി മെച്ചപ്പെടുന്നില്ല. ഓട്ടമൊബീൽ രംഗത്തും ആഡംബര വാഹനങ്ങളുടെ വിൽപനയിൽ ഗണ്യമായ വർധനയാണുള്ളത്. 

എളുപ്പമല്ല, നയരൂപീകരണം

2023ൽ‍ സാമ്പത്തികനയ രൂപീകരണം എളുപ്പമാവില്ല. യുദ്ധം കാരണമുള്ള അനിശ്ചിതത്വംതന്നെ പ്രധാന കാരണം. മാന്ദ്യത്തിന്റെ നിഴലിലായിരിക്കുമ്പോൾ, ഐടി ഉൾപ്പെടെയുള്ള സേവനങ്ങളിൽ പുറംജോലിക്കരാറിനു യൂറോപ്യൻ രാജ്യങ്ങൾ മടിക്കും. ഇത് ഇന്ത്യയെ സാരമായി ബാധിക്കും. ‌‌

പരിഷ്കാരങ്ങളുടെ പ്രസക്തി

തിരഞ്ഞെടുപ്പുകാലമാണെന്നു കരുതി കൂടുതൽ  സൗജന്യങ്ങൾ പ്രഖ്യാപിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. ജിഎസ്ടി ഒഴികെ, ധനനയപരമായി കാര്യമായ പരിഷ്കാരങ്ങൾ ഉണ്ടായിട്ടില്ല. നികുതിപിരിവിൽ സുതാര്യത സാധ്യമായെന്നത് നേട്ടമാണ്. പ്രത്യക്ഷ നികുതി കോഡ് പൊടിതട്ടിയെടുക്കണം. അതിസമ്പന്നർക്കു കൂടുതൽ നികുതി ചുമത്തണം. നികുതി ഇളവുകൾ‍ ലഭിക്കുന്നത് ഇടത്തരക്കാരുടെ വാങ്ങൽശേഷി വർധിക്കാൻ സഹായിക്കും. നോട്ടുനിരോധനവും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ സൂക്ഷ്മ–ചെറുകിട– ഇടത്തരം സംരംഭങ്ങൾ ഉയിർത്തെഴുന്നേൽ‍ക്കാൻ കൈത്താങ്ങുണ്ടാവണം. നിലവിൽ 14 മേഖലകളിലാണ് പിഎൽഐ സ്കീം ഉള്ളത്. കൂടുതൽ‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളെ പിഎൽഐ സ്കീമിൽ ഉൾപ്പെടുത്തണം. 

athul
ഡോ.അതുൽ ശർമ

വിദ്യാഭ്യാസം മെച്ചപ്പെടണം

നിർധനരെ അങ്ങനെതന്നെ നിലനിർത്തുകയെന്നത് രാഷ്ട്രീയ തന്ത്രമാണ്. അവർ‍ സർക്കാരിനെ ആശ്രയിക്കുന്നതു തുടരണമല്ലോ. അവരെ ശാക്തീകരിക്കാൻ താൽപര്യമുണ്ടെങ്കിൽ, വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൂടുതൽ പണം മുടക്കണം. കേന്ദ്രത്തിനു മാത്രം വരുമാനമാകുന്ന സെസും സർചാർജും വർധിപ്പിക്കുമ്പോൾ, ഫലത്തിൽ, സംസ്ഥാനങ്ങൾക്ക് വിഭവ സമാഹരണത്തിനുള്ള വഴികൾ കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. സഹകരണാധിഷ്ഠിത ഫെഡറലിസം എന്നതൊക്കെ വാചകമടി മാത്രമാണ്. വാഗ്ദാനങ്ങൾ ഏറെ, നടപടികൾ ചുരുക്കം എന്നതാണ് വസ്തുത. ബാങ്കുകൾ എഴുതിത്തള്ളുന്നത് വൻകിട വായ്പകളാണ്, നിർധനരുടെ  വായ്പകളല്ല.

നിരക്ക് പരിഷ്കരിക്കണം

പ്രഫ.അരുൺ കുമാർ‍ മുൻ സാമ്പത്തികശാസ്ത്ര പ്രഫസർ, ജെഎൻയു  

ബജറ്റിൽ പ്രതീക്ഷിക്കാവുന്നത്

 9 നിയമസഭകളിലേക്കും അടുത്ത വർഷം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പുള്ളതിനാൽ ധാരാളം വാഗ്ദാനങ്ങൾ പ്രതീക്ഷിക്കാം. അവ നിലവിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമോ? കണ്ടറിയണം.

നേരിടേണ്ട പ്രശ്നങ്ങൾ

വിലക്കയറ്റവും തൊഴിലില്ലായ്മയും വലിയ പ്രശ്നങ്ങളാണ്. ധനനയപരമായ നടപടികളിലൂടെയാണ് വിലക്കയറ്റത്തെ നേരിടേണ്ടത്. തൊഴിലില്ലായ്മയുടെ പ്രശ്നം ഏറെ ബാധിച്ചിരിക്കുന്നത് അസംഘടിത മേഖലയെയാണ്. യുക്രെയ്നിലെ യുദ്ധം എന്നു തീരുമെന്ന് ആർക്കുമറിയില്ല. ഇതു കയറ്റുമതിയെയും രൂപയുടെ മൂല്യത്തെയുമുൾപ്പെടെ ബാധിച്ചിട്ടുണ്ട്. 

നികുതി പരിഷ്കാരങ്ങൾ

ഡൽഹിയിലെ 98% കുടുംബങ്ങളുടെയും പ്രതിമാസ വരുമാനം 50,000 രൂപയിൽ താഴെയെന്നാണ് സാമൂഹിക സാമ്പത്തിക സർവേയിൽ വ്യക്തമായത്. സമ്പന്നർക്കു ഗുണമുണ്ടാകുന്ന പ്രത്യക്ഷനികുതി പരിഷ്കാരങ്ങൾകൊണ്ടു കാര്യമില്ല. ഇടത്തരക്കാർക്കു ഗുണമുണ്ടാകണം. അതിനു പരോക്ഷനികുതിയിൽ മാറ്റങ്ങൾ വേണം. ജിഎസ്ടി നിരക്കു പരിഷ്കരണമാണ് അതിനാവശ്യം. കൃഷിയിൽനിന്നുള്ള വരുമാനം വർധിപ്പിക്കാൻ സഹായകമാകുന്ന ഇടപെടലുകൾ വേണം. ഒപ്പം, ജീവിക്കാൻ മതിയാവുന്ന വേതനം കർഷത്തൊഴിലാളികൾക്കു ലഭിക്കുന്നുവെന്നും ഉറപ്പാക്കണം.  

arun
പ്രഫ.അരുൺ കുമാർ

സംസ്ഥാനങ്ങളുടെ പ്രതിസന്ധി

സംസ്ഥാനങ്ങൾക്കു കൂടുതൽ സ്വയംഭരണാവകാശം വേണം. ധനകാര്യ കമ്മിഷൻ നിശ്ചയിച്ച നികുതിവിഹിതം സംസ്ഥാനങ്ങൾക്കു ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രത്യക്ഷനികുതി വർധിപ്പിച്ചാൽ സംസ്ഥാനങ്ങൾക്കുള്ള വരുമാനവും വർധിക്കും. ഏതു മേഖലയ്ക്കായാണോ സെസ് പിരിക്കുന്നത്, അത് ആ മേഖലയ്ക്കു ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.  

പ്രശ്നങ്ങളേറെ...

പ്രഫ.സുരജിത് മജുംദാർ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്, ജെഎൻയു

മുന്നിലുള്ള പ്രശ്നങ്ങൾ

കോവിഡിനു മുൻപുണ്ടായിരുന്ന പ്രശ്നങ്ങൾപോലും പരിഹരിക്കപ്പെട്ടിട്ടില്ല. സ്വകാര്യ മുതൽമുടക്കിലെ ഇടിവ്, തൊഴിലില്ലായ്മ  എന്നിവ തുടരുകയാണ്.  എല്ലാം ഭംഗിയായിരിക്കുന്നു എന്നു സർക്കാർ പറയുമെങ്കിലും  കണക്കുകളിൽ‍ തെളിയുന്ന ചിത്രം അതല്ല. കോർപറേറ്റ് മേഖല കരകയറി എന്നതു ശരിയാണ്. ഇപ്പോഴത്തെ സ്ഥിതി താൽക്കാലികമാണെന്നും ഉടനെ പരിഹാരമുണ്ടാകുമെന്നുമുള്ള വിലയിരുത്തൽ അബദ്ധമാകും. പ്രതിസന്ധി നീളുമെന്നതിനാൽ ആഗോള വിപണിയിൽനിന്ന് മെച്ചമുണ്ടാകുമെന്നു കരുതാനാവില്ല. 

‘ഡിമാൻഡ്’ കൂട്ടണം

കൂടുതൽ പണമുള്ളവരിൽനിന്നു കൂടുതൽ‍ നികുതി ഈടാക്കണം. കോർപറേറ്റ് നികുതി കുറച്ചിട്ട് എന്തു നേട്ടമുണ്ടായെന്നു നോക്കുക. കോർപറേറ്റുകളുടെ ലാഭം വർധിച്ചതല്ലാതെ, മുതൽമുടക്ക് വർധിച്ചിട്ടില്ല.സർക്കാർ പണം ചെലവഴിച്ചതുകൊണ്ട് ‘ഡിമാൻഡ്’ വർധിക്കില്ല. സ്വകാര്യ മേഖലയിൽനിന്നു മുതൽമുടക്ക് ഇല്ലാത്തത് ‘ഡിമാൻഡ്’ ഇല്ലാത്തതിനാലാണ്. ഉൽപാദന മേഖലകൾക്കു മാത്രം ആനുകൂല്യം നൽകുകയെന്ന നയംകൊണ്ടു കാര്യമില്ല. ഉൽപന്നങ്ങൾ വാങ്ങേണ്ടവർക്ക് അതിനുള്ള പണം കയ്യിലുണ്ടാവണം. 

surajith
പ്രഫ.സുരജിത് മജുംദാർ

കേന്ദ്രത്തിന്റെ സമീപനം

സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. ഒപ്പം, അതിൽനിന്നുള്ള നേട്ടം മുതലെടുത്ത് ചെലവഴിക്കൽ വർധിപ്പിക്കുന്നു. പല പദ്ധതികളും വെട്ടിച്ചുരുക്കി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ജനകീയരാകാനുള്ള ശ്രമവുമുണ്ട്. സ്വകാര്യ മുതൽമുടക്ക് വർധിപ്പിക്കുകയെന്ന സമീപനമാണ് കുറെ വർഷങ്ങളായി തുടരുന്നത്. തൊഴിലില്ലായ്മ പരിഹരിക്കപ്പെടും എന്നതുൾപ്പെടെയുള്ള ന്യായീകരണമാണ് അദാനി പോലെയുള്ളവർക്കു സഹായം നൽകുന്നതിനു പറയുന്നത്. ഇടത്തരക്കാരുടെ സ്ഥിതിയെടുത്താൽ, ഒരു കൈകൊണ്ടു കൊടുക്കുക, മറുകൈകൊണ്ട് തിരികെ വാങ്ങുക എന്നതാണ് സർക്കാരിന്റെ രീതി. ഈ സമീപനം മാറ്റാൻ തയാറാകുമോയെന്നാണു കാണേണ്ടത്. അതിനു ശക്തമായ സമ്മർദം വേണ്ടിവരും.

English Summary : Union budget 2023 expectations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com