ADVERTISEMENT

കേന്ദ്ര ധനമന്ത്രിയും കേരളത്തിലെ ധനമന്ത്രിയും ഓരോ വർഷവും അവതരിപ്പിക്കുന്ന ബജറ്റ് വളരെ പ്രതീക്ഷയോടെയാണു ജനം കാത്തിരിക്കുന്നതും കേൾക്കുന്നതും. ഉൽപന്നങ്ങൾക്കു വില കൂടുമോ, കുറയുമോ എന്ന് അറിയുന്നതിലായിരുന്നു ഒരുകാലത്ത് ജനങ്ങളുടെ ആകാംക്ഷ. എന്നാൽ, നികുതി നിർണയ അധികാരം ജിഎസ്ടി കൗൺസിൽ ഏറ്റെടുത്തതോടെ ബജറ്റിൽ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികളിലേക്കും വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലേക്കും നാടിന്റെ ശ്രദ്ധ മാറി. കേന്ദ്ര ബജറ്റിലൂടെ കേരളത്തിന് എന്തു കിട്ടുന്നുവെന്നാണ് പൊതുവേ സംസ്ഥാന സർക്കാരും സംസ്ഥാനത്തെ ജനങ്ങളും ശ്രദ്ധിക്കുക. പക്ഷേ, നിരാശയായിരുന്നു ഇത്തവണയും ഫലം. 

കേന്ദ്രത്തിൽ‌നിന്നു ന്യായമായ പിന്തുണ എല്ലാ സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര ബജറ്റിലേക്ക് ഇക്കുറി 17 നിർദേശങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചത്. ഇൗ നിർദേശങ്ങളെല്ലാം പരിഗണിക്കുക സ്വാഭാവികമായും സാധ്യമല്ലതന്നെ. എന്നാൽ, കേരളം മുന്നോട്ടുവച്ച ഒരാവശ്യം പോലും കേന്ദ്ര ബജറ്റിൽ പരിഗണിക്കാതിരുന്നതു നിരാശാജനകമാണ്. 

അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന കേരളം ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചത് കടമെടുപ്പു പരിധിയിൽ അരശതമാനം വർധന പ്രഖ്യാപിക്കുമെന്നായിരുന്നു. ഇതുവഴി 6,000 കോടിയോളം രൂപയെങ്കിലും അധികം സമാഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാർ. എന്നാൽ, അതുണ്ടായില്ല. പകരം 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് സംസ്ഥാനങ്ങൾക്കു കേന്ദ്രം വച്ചുനീട്ടിയത്. ഇതാകട്ടെ, അരനൂറ്റാണ്ടോളം കാലം കേന്ദ്രത്തോടു സംസ്ഥാനം കടപ്പെട്ടിരിക്കാൻവേണ്ടി പ്രയോഗിച്ച തന്ത്രമാണെന്നു കേരളം സംശയിക്കുകയും ചെയ്യുന്നു. അതേസമയം, പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നതിനാൽ മിക്ക സംസ്ഥാനങ്ങളും ഇൗ വായ്പ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. ജിഎസ്ടി നഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കുമേലും കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. 

കേന്ദ്ര ബജറ്റിലെ കണക്കുകളെക്കൂടി ആശ്രയിച്ചാണ് സംസ്ഥാന സർക്കാർ ബജറ്റ് തയാറാക്കുന്നത്. കേന്ദ്രം അധികമായി ഒന്നും ലഭ്യമാക്കാൻ തയാറാകാത്തതു സ്വാഭാവികമായും സംസ്ഥാന ബജറ്റിന്റെ വലുപ്പത്തെ ബാധിക്കും. ഇൗ വർഷത്തേതിനെക്കാൾ 25,000 കോടിയുടെയെങ്കിലും വരുമാനക്കുറവ് അടുത്തവർഷം പ്രതീക്ഷിക്കുന്നതായി മന്ത്രി കെ.എൻ.ബാലഗോപാൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അധികമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടാത്ത നിലയ്ക്ക് ഇൗ പ്രതിസന്ധി മറികടക്കാൻ കേരളം ഇനി എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്. ഇന്നു ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ അതിനുള്ള ഉത്തരം കൂടിയാണു കേരളം കാത്തിരിക്കുന്നത്. 

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചതുവഴി നികുതിപിരിവ് ഉൗർജിതമാകുമെന്നും നികുതി വരുമാനം കാര്യമായി വർധിക്കുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കേന്ദ്രം തന്ന ജിഎസ്ടി നഷ്ടപരിഹാരത്തെയും റവന്യു കമ്മി ഗ്രാന്റിനെയും ആശ്രയിച്ചു മുന്നോട്ടുപോയ സംസ്ഥാന സർക്കാർ കഴിഞ്ഞ 5 വർഷം നികുതി പിരിവിൽ കാട്ടിയ തികഞ്ഞ ജാഗ്രതക്കുറവാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. ഇപ്പോൾ നികുതിവരുമാനത്തിൽ നേരിയ വർധനയുണ്ടെങ്കിലും പ്രതിവർഷം പ്രതീക്ഷിക്കുന്ന 14% വർധനയെന്ന ലക്ഷ്യം കേരളത്തിന് ഇനിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇൗ പ്രതിസന്ധിക്കാലത്ത് പക്ഷേ, 12.1% സാമ്പത്തിക വളർ‌ച്ച നേടാനായത് സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നൽകുകയും ചെയ്യുന്നു. പ്രളയവും കോവിഡും ഉൾപ്പെടെ സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാൻ കൊണ്ടുവന്ന ഉത്തേജന പാക്കേജുകളാണ് സാമ്പത്തികവളർ‌ച്ചയ്ക്കു കാരണമെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് വിലയിരുത്തുന്നത്. സർക്കാരിന്റെ പക്കൽ പണമില്ലാത്തപ്പോഴും കേരളം വളരുന്നുവെങ്കിൽ അതു  പ്രതീക്ഷാജനകംതന്നെ.

കേന്ദ്ര ബജറ്റിലെ അവഗണനയിൽനിന്നുള്ള നിരാശ ഒരു വശത്ത്. കേരളം നേരിടുന്ന കടുത്ത സാമ്പത്തികഞെരുക്കം മറുവശത്തും. കഠിനവും സങ്കീർണവുമായ ഈ കാലത്തെ സംസ്ഥാന ബജറ്റ് എങ്ങനെയാവും അഭിസംബോധന ചെയ്യുക? അതു കാത്തിരിക്കുകയാണു കേരളം.

English Summary : Editorial about union budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com