ADVERTISEMENT

രണ്ടു സുപ്രധാന സംഭവങ്ങളോടെയായിരുന്നല്ലോ ഈ ആഴ്ച പിറന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു മതഭ്രാന്തൻ വധിച്ചതിന്റെ 75–ാം വാർഷികമായിരുന്നു ഒന്ന്. ഹിന്ദുക്കളോട് അദ്ദേഹം വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല എന്നതായിരുന്നു കൊലയാളിയായ  നാഥുറാം ഗോഡ്സെ യുടെ പ്രതികാരത്തിന്റെ കാരണം. മതത്തിനും പ്രാദേശികവാദത്തിനും അതീതമായി ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര, മഞ്ഞുപൊഴിയുന്ന ശ്രീനഗറിൽ അതേദിവസം തന്നെ സമാപിച്ചതാണ് രണ്ടാമത്തേത്.

ജോഡോ യാത്ര അസാധാരണ വിജയമായിരുന്നുവെന്ന് നിസ്സംശയം പറയാം. കേന്ദ്ര ഭരണകക്ഷിയുടെ കൃത്രിമ ബുദ്ധികേന്ദ്രങ്ങളും അവരുടെ സമൂഹമാധ്യമ കൂട്ടാളികളും കൂടി ഒരു ദശകമായി രാഹുൽ ഗാന്ധിയെപ്പറ്റി കെട്ടിയുയർത്തി പ്രചരിപ്പിച്ചുകൊണ്ടിരുന്ന കപട പ്രതിഛായ തകർന്നുവീണു. രാഹുൽ ഗാന്ധിക്ക് അവർ ബോധപൂർവം ചാർത്തിക്കൊടുത്ത ‘പപ്പു’ എന്ന ബിംബം തരിപ്പണമായി.

ശശി തരൂർ
ശശി തരൂർ

മൂന്നു കാര്യങ്ങളാണ് അവർ രാഹുലിനെപ്പറ്റി നിരന്തരം നിഷേധാത്മകമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഒന്നാമതായി, അദ്ദേഹം ഒരു കാര്യത്തിലും ഉറച്ചുനിൽക്കില്ലെന്നും എന്തെങ്കിലും പ്രചാരണപരിപാടി തുടങ്ങിയാൽ അതു പകുതിയിൽ നിർത്തി അവധി ആഘോഷിക്കാൻ വിദേശത്തേക്കു മുങ്ങുമെന്നും. അദ്ദേഹം ജനങ്ങൾക്ക് അപ്രാപ്യനാണെന്നും അവരുടെ ആശങ്കകൾക്കു നേരെ ഒരു ശ്രദ്ധയും ചെലുത്തുന്നില്ലെന്നുമായിരുന്നു രണ്ടാമത്തെ ആരോപണം. അടുത്തകാലത്ത് കോൺഗ്രസ് വിട്ടുപോയ പലരുടെയും ആരോപണവും ഇതുതന്നെയായിരുന്നു. ഈ പ്രതിഛായ വ്യാപകമായി പരത്താൻ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽനിന്ന് അടർത്തിയെടുത്ത ഭാഗങ്ങൾ ബിജെപിയുടെ ട്രോൾസേന നിരന്തരം പ്രചരിപ്പിച്ചു. മൂന്നാമത്തേത്, രാഹുൽ ഇച്ഛാശക്തിയും കാര്യഗൗരവവും കുറഞ്ഞയാളാണെന്നുള്ളതായിരുന്നു. എന്നാൽ, ഈ ചിത്രങ്ങളൊന്നും യഥാർഥ രാഹുൽ ഗാന്ധിയുടേതായിരുന്നില്ല. 135 ദിവസത്തെ യാത്ര അവസാനിച്ചപ്പോഴേക്കും, ബോധപൂർവമായ ഈ നിഷേധാത്മക ചിത്രീകരണത്തിന്റെ വക്കും മുനയും ഒടിഞ്ഞു തകരുന്നതാണ് ഇന്ത്യ കണ്ടത്. പാർട്ടിയുടെ കടുത്ത വിമർശകർപോലും രാഹുലിന്റെ നിശ്ചയദാർഢ്യത്തെയും മനസ്സുറപ്പിനെയും പ്രകീർത്തിക്കുകയാണ്. എല്ലാ ആശയങ്ങളെയും ശബ്ദങ്ങളെയും ഒന്നിപ്പിക്കുന്ന, എല്ലാവരെയും ഉൾച്ചേർക്കുന്ന, സമത്വത്തിൽ ഊന്നിയ ഇന്ത്യയാണ് കോൺഗ്രസിന്റെ ഹൃദയഭൂമിയെന്നു രാജ്യത്തെ ജനത ഈ യാത്രയിലുടനീളം മനസ്സിലാക്കുകയായിരുന്നു. 

ജീവിതത്തിന്റെ പല മേഖലകളിലുള്ള സഹയാത്രികരുമായി സംവദിച്ചും അവരെ കേട്ടും ഇന്ത്യയുടെ മുക്കും മൂലയും സ്പർശിച്ച ഈ യാത്ര, യഥാർഥ രാഹുൽ ഗാന്ധി ഉറച്ച ആശയങ്ങളും ബോധ്യങ്ങളുമുള്ള നേതാവാണെന്നു രാജ്യത്തിനു മുന്നിൽ തെളിയിച്ചിരിക്കുന്നു. അനേകം പൊതുയോഗങ്ങളിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും അദ്ദേഹം ഉയർത്തിയ ‘ഏകത’ എന്ന ആശയം ഇന്ത്യൻ മനഃസാക്ഷിയെ തൊട്ടുണർത്തിയിരിക്കുന്നു.

കോൺഗ്രസിന്റെയും രാജ്യത്തെ ഇന്നത്തെ ഭരണകക്ഷിയുടെയും പ്രത്യയശാസ്ത്രങ്ങളിലെ കടുത്ത വൈരുധ്യങ്ങൾ യാത്രയിലുടനീളം തുറന്നുകാട്ടപ്പെട്ടു. അതാണ് യാത്രയുടെ മറ്റൊരു വിജയം. സ്വാതന്ത്ര്യസമരകാലം മുതൽ കോൺഗ്രസ് പുലർത്തിയിരുന്ന ഉന്നത മൂല്യങ്ങളെ യാത്ര നിരന്തരം ഓർമിപ്പിച്ചു. പ്രത്യേകിച്ചും, എല്ലാവരെയും ഉൾക്കൊണ്ടുള്ള രാജ്യത്തിന്റെ വളർച്ച, സാമൂഹികനീതി, ദാരിദ്ര്യം തുടച്ചുനീക്കൽ, സ്ത്രീകളും ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും ഒക്കെ ഉൾപ്പെടുന്ന അരികുവൽക്കരിക്കപ്പെട്ട ജനതയുടെ സംരക്ഷണം എന്നിവ. ഈ വിഭാഗങ്ങൾക്കു വേണ്ടിയാണ് എപ്പോഴും രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരുന്നത്. ജോഡോ യാത്രയിൽ ഈ ആശയങ്ങൾക്ക് അദ്ദേഹം മുനയും മൂർച്ചയും കൂട്ടി. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനസമ്പർക്ക പരിപാടി എന്നു വിശേഷിപ്പിക്കാവുന്ന ഈ യാത്രയിൽ ഐക്യത്തിന്റെ കാഹളം മുഴക്കി കോൺഗ്രസ്, ഇന്ത്യൻ ബഹുസ്വരതയുടെ പ്രതിരൂപം തങ്ങളാണെന്നു തെളിയിച്ചു. മതനിരപേക്ഷതയുടെ സംരക്ഷണമാണ് പാർട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രമെന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. 

ഏറ്റവും താഴെത്തട്ടിലുള്ള പാർട്ടിപ്രവർത്തകരെപ്പോലും ഊർജസ്വലരാക്കാൻ യാത്രയ്ക്കു കഴിഞ്ഞെന്നതാണ് അടുത്ത നേട്ടം. രാഹുൽ ഗാന്ധിയും ഭാരത് യാത്രികരും ഉണർത്തിവിട്ട ലക്ഷ്യബോധത്തിലൂന്നിയുള്ള ഐക്യസന്ദേശത്താൽ അവർ ഉത്തേജിതരായിരിക്കുന്നു.  പാർട്ടിക്ക് ഏറ്റവും അനിവാര്യമായ തിരഞ്ഞെടുപ്പു വിജയങ്ങളുടെ പൂട്ടു തുറക്കാൻ ഈ യാത്ര സഹായിക്കുമോ എന്നതാണ് തുടർന്നുള്ള വലിയ ചോദ്യം. ഈ യജ്ഞം കേവലം തിരഞ്ഞെടുപ്പുവിജയത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതല്ലെന്ന് യാത്രയിൽ രാഹുലും സഹയാത്രികരും ആവർത്തിച്ചിരുന്നെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയെ സംബന്ധിച്ച് ഈ ചോദ്യം സുപ്രധാനവും പ്രസക്തവുമാണ്. 

വോട്ടർമാർ കോൺഗ്രസിനെ വീണ്ടും ഉന്മേഷത്തോടെ സ്വീകരിക്കുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടതാണ്. എന്നാൽ, യാത്രയിലൂടെ കോൺഗ്രസ് രാജ്യത്തിന്റെ രാഷ്ട്രീയ മനഃസാക്ഷിയെ ഒപ്പം നിർത്താനുള്ള നിർണായക ചുവടുവച്ചിരിക്കുന്നു. വിഭജനത്തിലും മതാന്ധതയിലും ഊന്നിയുള്ള ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ തിരുത്താൻ ശേഷിയുള്ള ഏക പ്രതിരോധശക്തി തങ്ങളാണെന്നു കോൺഗ്രസ് തെളിയിക്കുന്നു. കോൺഗ്രസിനെ ഒഴിച്ചുനിർത്തിയുള്ള ഒരിന്ത്യ അസാധ്യമാണെന്ന ബോധ്യം സംഘടനാ പരിഷ്കരണങ്ങളിലൂടെയും ഹാഥ് സേ ഹാഥ്, ജോഡോ യാത്ര തുടങ്ങിയ പരിപാടികളിലൂടെയും വളർത്താനായിരിക്കുന്നു. അതു പുതിയ മുന്നേറ്റത്തിനു പാർട്ടിക്കു ശക്തി നൽകും. നിലനിൽക്കാനും മുന്നേറാനും രാഷ്ട്രത്തിനു കോൺഗ്രസിന്റെ വഴിയും നിലപാടുകളും സ്വീകരിക്കേണ്ടിയിരിക്കുന്നു. 

30ന് യാത്ര അവസാനിച്ച സമയം രാഹുൽഗാന്ധി ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘എന്റെ പ്രിയപ്പെട്ട ഇന്ത്യയിലെ ജനതയുടെ ജ്ഞാനവും വിവേകവും പ്രതിരോധശേഷിയും ഈ യാത്രയിലൂടെ എന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.’’ മഹാത്മാഗാന്ധി വധിക്കപ്പെട്ട ജനുവരി 30ന് നെഹ്റുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു : ‘‘നമ്മുടെ ജീവിതത്തിൽനിന്ന് പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു’’. എന്നാൽ, ഇന്ത്യൻ ജനതയുടെ മേൽപറഞ്ഞ സവിശേഷ ജ്ഞാനമാണ് ആ സംഭവത്തിനു ശേഷവും ഇന്ത്യയെ നിലനിർത്തുകയും നയിക്കുകയും ചെയ്തത്. ഈ രണ്ട് ജനുവരി മുപ്പതുകൾക്കിടയിൽ 75 വർഷത്തിന്റെ അകലം ഉണ്ട്. പക്ഷേ, ഒരൊറ്റ സന്ദേശമാണ് ഈ ദിനങ്ങൾ തരുന്നത്: സമാധാനത്തിന്റെയും സ്നേഹത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിന്റെയും അനിവാര്യത. ഇന്ത്യ അതു കേൾക്കുന്നുണ്ടെന്നു നമുക്കു പ്രതീക്ഷിക്കാം. 

വാൽക്കഷണം

യുഎൻ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഓസ്ട്രിയയിലെ വിയന്നയിൽ പ്രശസ്തമായ ഡിപ്ലോമാറ്റിക് അക്കാദമി നടത്തിയ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്ക് അവസരമുണ്ടായി. ഈ സന്ദർഭത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ഇന്ത്യൻ റസ്റ്ററന്റിൽ വിളിച്ചു ചേർത്ത മലയാളി കൂട്ടായ്മയുമായി സംവദിക്കാനും സാധിച്ചു. 162 രാജ്യങ്ങളിൽ തങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഫെഡറേഷന്റെ പ്രസിഡന്റ് പ്രിൻസ് പള്ളിക്കുന്നേൽ പറഞ്ഞത്. 

     പെട്ടെന്നു വിളിച്ചുകൂട്ടിയ യോഗമായിട്ടും സദസ്സ് തിങ്ങിനിറഞ്ഞിരുന്നു. മലയാളികളല്ലാത്ത ഒട്ടേറെപ്പേരും പങ്കെടുത്ത സമ്മേളനത്തിൽ  മലയാളത്തിലും ഇംഗ്ലിഷിലും ഹിന്ദിയിലും ചർച്ചകൾ സജീവമായി നടന്നു. എല്ലാവരെയും കൈനീട്ടി സ്വീകരിക്കാനും എല്ലാവരെയും കേൾക്കാനും മനസ്സുകാണിക്കുന്ന ഇന്ത്യൻ പ്രവാസിസമൂഹത്തെ വീണ്ടും ഞാൻ അവിടെ കണ്ടെത്തി. ഏറെക്കാലമായിക്കാണും അവർ നമ്മുടെ രാജ്യം വിട്ടിട്ട്. പക്ഷേ, മാതൃരാജ്യം അവരുടെ മനസ്സിൽ എപ്പോഴും ജ്വലിച്ചു നിൽക്കുന്നു. മുൻ പ്രവാസി എന്ന നിലയിൽ ഈ പരസ്പരബന്ധം എന്നെ സന്തോഷിപ്പിക്കുന്നു. ഇന്ത്യയുടെ ഭാവിക്കുവേണ്ടി ഈ സ്നേഹ,സാഹോദര്യ ബന്ധം നമ്മൾ തേച്ചു മിനുക്കിയെടുക്കണം.

English Summary : Tharoor says about Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com