ADVERTISEMENT

ബജറ്റ് എന്നു കേൾക്കുമ്പോൾ എന്തോ അത്യാപത്ത് വരുന്നു എന്നു മനസ്സിലാക്കി പേടിക്കുന്നതിനു പകരം മെച്ചമുണ്ടാകുന്ന എന്തോ കാര്യമാണെന്നു ജനം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതു സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. ‘മേരേ പ്യാരേ ദേശ്‌വാസിയോം ’ എന്നു പ്രധാനമന്ത്രി പറയുമ്പോഴേ നോട്ടുനിരോധനത്തിനു തുല്യമായ ഏതോ അശനിപാതം വരാൻ പോകുന്നു എന്നു നമ്മൾ തിരിച്ചറിയുന്നില്ലേ?

അടിമ ഓരോ വർഷവും നൽകേണ്ട ചുങ്കം എത്രയെന്ന് അധികാരി കുറിച്ചുനൽകുന്ന ഏർപ്പാട് എന്നതിനപ്പുറം സിംപിൾ ആയി ബജറ്റിനെ നിർവചിക്കാൻ കഴിയില്ല. ഓച്ഛാനിച്ചു നിൽക്കുന്ന നമ്മളോട് ‘ഒന്നുമില്ല’ എന്നു പറയാൻ മാത്രമല്ല, നമ്മുടെ ചട്ടിയിൽ ഉള്ളതുകൂടി എടുത്ത് സ്വന്തം മടിക്കുത്തിലാക്കാൻ കൂടിയുള്ള ഈ ലൈസൻസിനാണ് അയ്യഞ്ചു കൊല്ലം കൂടുമ്പോൾ തിരഞ്ഞെടുപ്പു നടത്തുന്നത്. കാലിൽ വീഴാൻ നമ്മൾ കുനിഞ്ഞു നിൽക്കുമ്പോൾ മുതുകത്തു ചവിട്ടാനുള്ള സമ്മതപത്രം. അത് ഈ സർക്കാർ ഗംഭീരമായി ഒരുവട്ടംകൂടി നടപ്പാക്കിയിരിക്കുന്നു. തുടർഭരണം നൽകിയ ജനത്തോടുള്ള നന്ദി. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതു മുതൽ തുടങ്ങുന്നു ജനത്തിനുള്ള അടി. വേദനയില്ലാതെ കാതുകുത്തുന്നതും പ്രസവിക്കുന്നതും സാധ്യമായെങ്കിലും ജനത്തെ വലയ്ക്കാതെ ചുങ്കം കൂട്ടുന്ന സാങ്കേതികവിദ്യ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കേന്ദ്രം വേണ്ടത്ര സഹകരിക്കാത്തതുകൊണ്ടാണ് കടുത്തപണി വേണ്ടിവന്നതെന്നാണ് മന്ത്രി പറയുന്നത്. 

പണപ്പെട്ടി കാലിയാണ്, വരവു കുറയുകയും ചെലവ് ഏറുകയുമാണ്. പലർക്കും ഒട്ടേറെ വിദേശരാജ്യങ്ങളിൽ പോകാൻ ബാക്കിയുണ്ട്.  പ്രായം കൂടുന്തോറും വിദേശചികിത്സ കൂടുതൽ വേണ്ടിവരും. ഇപ്പോൾ ക്ലിഫ് ഹൗസിൽ മാത്രമേ തൊഴുത്തു നിർമിച്ചിട്ടുള്ളൂ. അതുപോലും എസി ആക്കിയിട്ടുമില്ല. മറ്റു മന്ത്രിമന്ദിരങ്ങളിലും തൊഴുത്തു പണിയണം. റോഡിലൂടെ കാൽനടപോലും അസാധ്യമായിട്ടുണ്ട്. മന്ത്രിമാരുടെ വാഹനങ്ങൾ ഓഫ് റോഡിങ്ങിനു പറ്റിയവ ആക്കേണ്ടതാണ്. അത്യാവശ്യ യാത്രയ്ക്കു കൂടുതൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ വേണ്ടിവരും. ചിന്തിച്ചാൽ അന്തമില്ല.

ബജറ്റിനെതിരെ തീപാറുന്ന സമരപരമ്പര വരുമെന്നൊക്കെ സുധാകരൻ പറയുമെങ്കിലും അതിനുള്ള പാങ്ങൊന്നും പ്രതിപക്ഷത്തിനില്ലെന്ന് അവർക്കും അവരെക്കാൾ നന്നായി ഭരണപക്ഷത്തിനും അറിയാം. എങ്കിലും, ജനം സ്വയം ഏറ്റെടുക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഇടയ്ക്കിടെ വകുപ്പുണ്ടാക്കിക്കൊടുക്കാൻ സർക്കാർ മടി കാണിക്കാറില്ല. ‘ സമരം പ്രതിപക്ഷം ഏറ്റെടുക്കും ’ എന്നു സതീശനും സുധാകരനും വെറുതേ പറഞ്ഞാൽ മതി. വാസ്തവത്തിൽ തിരിച്ചാണ്. ജനം സ്വയം ഏറ്റെടുക്കുകയാണ്. ശബരിമലക്കാര്യത്തിൽ സർക്കാരിനെ മൂക്കുകൊണ്ട് ‘ക്ഷ,ഞ്ഞ’ വരപ്പിച്ചത് അവരാണ്. സിൽവർ ലൈനിന്റെ മഞ്ഞക്കുറ്റികൾ പുല്ലുപോലെ വലിച്ചൂരി കായലിൽ എറിഞ്ഞത് അങ്ങനെയാണ്. ജനപ്രിയ ബജറ്റ് വീണ്ടും അതിനു വഴിയൊരുക്കിയിട്ടുണ്ട്. എം.വി. ഗോവിന്ദന് ഇക്കാര്യത്തിൽ ശകലം ആശങ്കയുണ്ടെന്നു കേൾക്കുന്നു. പക്ഷേ, കാനം രാജേന്ദ്രന് ഒട്ടുമില്ല. സിപിഐ നിലപാട് അസംബ്ലിയിൽ പറയുമെന്ന് കാനം ധൈര്യപൂർവം പറ‍ഞ്ഞതു നന്നായി. മുന്നണിയിൽ പറയാമെന്നു വച്ചാൽ ആരും അഭിപ്രായം ചോദിക്കുന്ന പതിവില്ല. നേരിട്ടു പറയാനുള്ള മനക്കട്ടിയുമില്ല. അസംബ്ലിയാകുമ്പോൾ പേടി വേണ്ട. ആരുമില്ലെങ്കിലും പ്രതിപക്ഷമെങ്കിലും പിന്തുണയ്ക്കും.

ബജറ്റിൽ പ്രതിഷേധിച്ച് കരിങ്കൊടി കാണിക്കുന്നവന്റെ തലതല്ലിപ്പൊളിക്കുന്ന കലാപരിപാടി തുടങ്ങിയിട്ടുണ്ട്. അധികാരത്തിന്റെ ഹുങ്കിൽ കഴുത്തുപിടിച്ചു ഞെരിക്കുമ്പോൾ ശ്വാസംമുട്ടി കണ്ണുതുറിക്കുന്നവനോട് ‘നീ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കുന്നോ?’ എന്ന് ആക്രോശിച്ച് ഒരു ചവിട്ടുകൂടി കൊടുക്കാനുള്ള ഒരവസരവും പാഴാക്കരുത്. ഓരോ ഭരണകൂടത്തിനും അർഹിക്കുന്ന ജനത്തെയല്ല, മറിച്ച് ജനത്തിന് അവർ അർഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുന്നതെന്ന ചരിത്രവാചകം അസത്യമാകാൻ സമ്മതിക്കരുത്.

കാലികളിലെ ചർമമുഴ രോഗത്തിനു കുത്തിവയ്പ് തലസ്ഥാനത്ത് ഈയിടെ ഉദ്ഘാടനം ചെയ്തത് ക്ലിഫ് ഹൗസ് വളപ്പിലെ തൊഴുത്തിൽനിന്നാണ്. രാഷ്ട്രീയക്കാർക്കു തൊലിക്കട്ടി കൂടുതലാണെന്നു പണ്ടേ അപവാദമുണ്ട്. തുടർഭരണംവഴി വരുന്ന തൊലിക്കട്ടിക്കു കുത്തിവയ്പ് കണ്ടുപിടിച്ചിട്ടില്ല. തങ്ങൾ ചെയ്യുന്നത് എന്തെന്ന് അറിയാത്ത പാപികളോടു ദൈവവും ജനവും ക്ഷമിച്ചേക്കും. പക്ഷേ, അറിഞ്ഞുചെയ്യുന്ന ചുങ്കക്കാരോട് ഇരുകൂട്ടരും ക്ഷമിച്ച ചരിത്രമില്ല.

 

ലീലാവിലാസേന നിൽക്കുന്നു വാഴകൾ

യുവജന കമ്മിഷൻ അധ്യക്ഷ ഡോ.ചിന്ത ജെറോം തന്റെ ഡോക്ടർ പദവിക്ക് ആധാരമായ പിഎച്ച്‍ഡി പ്രബന്ധത്തിൽ നിസ്സാരമായ തെറ്റുവരുത്തിയ കേസിന് ഇത്രയൊക്കെ കോലാഹലം ശരിയാണോ എന്നതു സുമനസ്സുകൾ ഒന്നുകൂടി ആലോചിക്കണം. ചങ്ങമ്പുഴ കൃഷ്ണപിള്ളയെന്ന കവിയുടെ ‘വാഴക്കുല ’ മറ്റൊരു മഹാകവിയായ വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയതാണ് എന്നൊരു ചെറിയ മാറ്റം വരുത്തിയെന്നതു മാത്രമാണ് കുറ്റം. വാഴ മനുഷ്യനെ ചിന്താക്കുഴപ്പത്തിലാക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ‌പാഞ്ചാലിക്കായി കല്യാണസൗഗന്ധിക പുഷ്പം തേടിയുള്ള ഭീമസേനന്റെ യാത്രയിലെ കാഴ്ച കുഞ്ചൻ നമ്പ്യാർ പറഞ്ഞതുതന്നെ... മാലോകരൊക്കെയും ശങ്കിക്കുമാറുള്ള ലീലാവിലാസേന നിൽക്കുന്നു വാഴകൾ...’ എന്നാണ്.

vazha

അല്ലെങ്കിൽത്തന്നെ ഈ കേസ് പറഞ്ഞുതീർക്കാൻ പറ്റാത്തവണ്ണം ഗുലുമാലു പിടിച്ചതൊന്നുമല്ല. മേൽപടി രണ്ടു കവികളിൽ ഒന്നൊരു പിള്ള. രണ്ടാമത്തേത് ഒരു മേനോൻ. വർഗീയ, സാമുദായിക കലാപത്തിനു പോയിട്ട് ഒരു മൂപ്പിളമത്തർക്കത്തിനുപോലും വകുപ്പു കമ്മി. രണ്ടു കവികളും ഒരേ കൊല്ലം ജനിച്ചവർ. രണ്ടാളും തങ്ങൾക്കു രുചി തോന്നിയ രണ്ടു പഴങ്ങളെപ്പറ്റി കവിത എഴുതിയവർ. ചങ്ങമ്പുഴ വാഴപ്പഴത്തെപ്പറ്റി ‘വാഴക്കുല’ എന്ന പേരിൽ എഴുതിയെങ്കിൽ  വൈലോപ്പിള്ളി ‘മാമ്പഴ’ത്തെപ്പറ്റി അതേ പേരിൽ എഴുതി. ആർക്കും മാറിപ്പോകാവുന്നത്ര സാദൃശ്യം. എന്നിട്ടും തന്നോടു ക്ഷമിക്കാൻ ആരും തയാറല്ലെന്നതാണ് ഡോ.ചിന്തയുടെ നൊമ്പരം.

എന്തായാലും ചങ്ങമ്പുഴയുടെ മകൾ ലളിതയെ നേരിട്ടുകണ്ട് ഡോക്ടർ ദയാഹർജി കൊടുത്തതും അതു സ്വീകരിച്ച് അവർ മാപ്പു നൽകിയതും ഉചിതമായെന്നു പറയാതെ വയ്യ. തന്റെ അച്ഛന്റെ വിദൂരഛായ പോലുമില്ലാത്ത പ്രതിമ നി‍ർമിച്ച് എറണാകുളത്തു പ്രതിഷ്ഠിച്ചവരോട് ക്ഷമിച്ചു ശീലമുള്ള മഹതിയാണ് ലളിത. ‘വാഴക്കുല’യെപ്പറ്റി കോലാഹലമുയർന്നപ്പോൾ സംഭവം എന്താണെന്നറിയാൻ ചിന്ത ആദ്യമായി കവിത എടുത്തു വായിച്ചുനോക്കിയത്രേ..‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ’ എന്ന വരികണ്ടു ഞെട്ടിയെന്നും പറയുന്നു. അതോടെയാണ് അറം പറ്റാതിരിക്കാൻ പിന്മുറക്കാരിയായ മകളെ പോയിക്കണ്ട് മാപ്പിരക്കാൻ തീരുമാനിച്ചത്.

പക്ഷേ, ലളിത കാട്ടിയ ദയാദാക്ഷിണ്യമൊന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ല. ചിന്തയ്ക്കു സ്റ്റേഷൻ ജാമ്യം ലഭിക്കാതിരിക്കാൻ വേണ്ട കടലാസുകളുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിക്കാർ രാജ്ഭവനിലെത്തിയതു ശുഭസൂചനയല്ല. കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ കയ്യിൽ തടയുന്ന എന്തും എടുത്ത് ഇടയ്ക്കിടെ സഖാക്കളുടെ തലയ്ക്കിട്ടു കൊട്ടുന്നതാണ് ഗവർണറുടെ ഭരണഘടനാപരമായ ചുമതലയെന്ന് ഉറപ്പിച്ചിട്ടുള്ള വിദ്വാനാണ് കക്ഷി. ഇതിപ്പോ ആവശ്യത്തിനു വകുപ്പുകളുണ്ട്. വെറും വായ ചവയ്ക്കുന്നവർക്കു പച്ച അവിൽ കിട്ടിയാലുള്ള പുകില് പറയാവതല്ല. യൂണിവേഴ്സിറ്റിക്കു നോട്ടിസ് പോയിട്ടുണ്ട്. സംഗതി കൈവിട്ടുപോകാതിരുന്നാൽ ഡോക്ടറുടെ ഭാഗ്യമെന്നേ കരുതേണ്ടൂ.

ഒരു ഡി ലിറ്റ് ബിരുദത്തിന്റെ പേരിൽ എസ്എഫ്ഐ  ക്രൂശിൽത്തറച്ചു പീഡിപ്പിച്ച ഡോ.ജെ.വി.വിളനിലം എന്നൊരു വൈസ് ചാൻസലർ കേരള സർവകലാശാലയ്ക്കുണ്ടായിരുന്നു. വിളനിലത്തെ മാത്രമല്ല, തിരുവനന്തപുരത്തെ ജനത്തെയും നിലം തൊടാൻ സമ്മതിക്കാതെ ഒന്നൊന്നരക്കൊല്ലം നടത്തിയ വീരസമരത്തിന്റെ ചരിത്രം ഇന്നത്തെ എസ്എഫ്ഐക്കാർക്ക് ഓർമയുണ്ടാവണമെന്നില്ല. വിളനിലം മരിച്ചിട്ട് അധികമായിട്ടില്ല. തനിക്കെതിരെ കുരിശുയുദ്ധം നടത്തിയവരുടെ പിന്മുറക്കാരി തന്റെ അതേ വാഴ്സിറ്റിയിൽ നേരിടുന്ന ദുരവസ്ഥയും അവരെ ന്യായീകരിക്കേണ്ടി വരുന്ന സഖാക്കളുടെ ഗതികേടും കണ്ട് മുകളിലിരുന്ന് ആ ഡോക്ടർ ചിരിക്കുന്നുണ്ടാവണം.

ഒരാൾക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിനും വൈനിനും ഒക്കെ നിയമപരമായ പരിധിയുണ്ടെങ്കിലും മണ്ടത്തരം, വിവരക്കുറവ് എന്നിവയ്ക്ക് അതില്ലാത്തതിനാൽ നിയമനടപടിയൊന്നും ഈ കേസിൽ എളുപ്പമല്ല. മനുഷ്യസഹജമായ വീഴ്ച എന്ന വകുപ്പിൽപെടുത്തി എഴുതിത്തള്ളുകയേ നിവൃത്തിയുള്ളൂ. മനുഷ്യസഹജമായ ചാപല്യം എന്നു പറഞ്ഞാൽ മനുഷ്യാവകാശകമ്മിഷൻ ഇടപെടില്ല. എന്തായാലും ചിന്താമണിക്കേസുകൾ അടിക്കടി നാണക്കേടാവുന്നതു ചില സഖാക്കൾക്കും പാർട്ടിക്കും രുചിച്ചിട്ടില്ലെന്നാണു കേൾവി. അർജന്റീനക്കാരൻ ചെ ഗവാരയെ ചിന്ത ജെറോം ക്യൂബക്കാരൻ ആക്കിയിട്ട് അധികകാലമായിട്ടില്ല. അരലക്ഷം ശമ്പളം ഇരട്ടിയാക്കിയതിന്റെ കുടിശിക ചോദിച്ചില്ലെന്നു ന്യായീകരിച്ചതിന്റെ പിറ്റേന്നുതന്നെ അതു തെറ്റെന്നു കടലാസുകൾ പുറത്തുവന്നു. തൊട്ടുപിന്നാലെ വാഴക്കുല വിരിഞ്ഞു.. ‘ ഒരു വാഴവച്ചാൽ മതിയായിരുന്നു ’ എന്നു പാർട്ടിയെക്കൊണ്ട് തോന്നിപ്പിക്കരുത്.

 

സ്റ്റോപ് പ്രസ്

ബുധനാഴ്ചവരെ കാത്തിരിക്കൂ എന്ന് സിപിഐ നേതാവ് പ്രകാശ് ബാബു.എത്രകാലം കാത്തിരിക്കാനും സിപിഐ തയാർ. 

English Summary: aazhchakurippukal about budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com