ADVERTISEMENT

കണ്ണിൽച്ചോരയില്ലാതെ കേരളജനതയ്ക്കുമേൽ സംസ്ഥാന സർക്കാർ പ്രയോഗിച്ച ഇന്ധന സെസിനുനേരെ ജനരോഷം ഇരമ്പുകയാണ്. ജീവിക്കാൻ പാടുപെടുന്ന ലക്ഷക്കണക്കിനാളുകളെ കൂടുതൽ സാമ്പത്തികഭാരത്തിലേക്കു തള്ളിവിടുന്ന ബജറ്റ് പ്രഖ്യാപനങ്ങളുടെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ധന സെസിലൂടെ പ്രതിവർഷം 750 കോടി രൂപ നേടാമെന്നു പ്രതീക്ഷിക്കുന്ന സർക്കാർ, സംയോജിത ചരക്ക് – സേവന നികുതി ഇനത്തിൽ (ഐജിഎസ്ടി) പ്രതിവർഷം നഷ്ടപ്പെടുത്തുന്നത് 5000 കോടി രൂപയാണെന്ന വിവരം മലയാള മനോരമ പുറത്തുകെ‍ാണ്ടുവന്നത് ഇതിനിടയിലാണ്. സംസ്ഥാനത്തിന് അർഹമായ ധനാഗമ സാധ്യതകളുടെ വാതിൽ അടച്ചാണ് അധിക നികുതിഭാരത്തിലൂടെ ജനത്തിന്റെ നട്ടെ‍‍ല്ലെ‍ാടിക്കുന്നതെന്ന് അതോടെ കൂടുതൽ വ്യക്തമായി. 

ഐജിഎസ്‌ടി റിട്ടേണുകൾ ഘടനാപരമായി പരിഷ്കരിക്കാത്തതിനാൽ 5 വർഷത്തിനിടെ സംസ്ഥാനത്തിനു ശരാശരി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയതു കേരളം ഞെട്ടലോടെയാണു കേട്ടത്. റിട്ടേൺ പരിഷ്കരിക്കേണ്ട രീതികളും ജിഎസ്ടി കൗൺസിലിൽ ഉന്നയിക്കേണ്ട വിഷയങ്ങളും വിശദമായി പ്രതിപാദിക്കുന്ന റിപ്പോർട്ട് ബജറ്റിനൊപ്പം നിയമസഭയിൽ അവതരിപ്പിക്കാതിരുന്ന സർക്കാർ നിലപാട് ഇതോടെ സംശയ നിഴലിലാകുകയും ചെയ്തു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ഐജിഎസ്‌ടി വഴി കിട്ടേണ്ട പണം കിട്ടുന്നില്ലെന്നത് കമ്മിറ്റി പ്രധാന വിഷയമായി ചൂണ്ടിക്കാട്ടിയിരുന്നു. 

ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനാന്തര വിനിമയത്തിന് ഐജിഎസ്‌ടി ബാധകമാണ്. ഇതു കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായി വീതിക്കപ്പെടുന്നു. കേന്ദ്രത്തിന് ഐജിഎസ്‌ടി വിഹിതം കൃത്യമായി കിട്ടുന്നതിനാൽ നഷ്ടമില്ല. അതേസമയം, സംസ്ഥാനത്തിനു ലഭിക്കേണ്ട തുകതന്നെ നഷ്ടപ്പെടുത്തുന്നവർക്ക് ജനങ്ങളെ കൂടുതൽ നികുതിഭാരത്തിലാക്കാൻ എന്ത് അവകാശമാണുള്ളത്? ജിഎസ്‌ടി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ പ്രശ്നങ്ങൾ പരിഹരിച്ചാൽ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം ഒഴിവാകും. റിപ്പോർട്ട് നിയമസഭയിൽ വച്ചിരുന്നെങ്കിൽ അതിന്റെ കൂടി അടിസ്ഥാനത്തിൽ ധനമന്ത്രിക്കു ജിഎസ്‌ടി കൗൺസിലിൽ ചർച്ച ചെയ്തു പരിഹാരത്തിനു ശ്രമിക്കാമായിരുന്നു. 

കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസനപാതയിലൂടെ മുന്നോട്ടുനയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണു ബജറ്റെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കേന്ദ്രത്തിൽനിന്നു നമുക്കു ലഭിക്കേണ്ട തുകതന്നെ സംസ്ഥാനത്തിന്റെ അനാസ്ഥ കെ‍ാണ്ടു നഷ്ടപ്പെടുന്ന അവസ്ഥകൂടി ചേർത്തുവച്ചുവേണ്ടേ ബജറ്റിലെ ‘ശക്തമായ ഇടപെടൽ’ കാണാൻ? 

സംസ്ഥാനത്തെ കോളജ്, സർവകലാശാലാ അധ്യാപകർക്കു നൽകേണ്ട ശമ്പളക്കുടിശികയിലെ കേന്ദ്രവിഹിതമായ 750 കോടി രൂപ നഷ്ടപ്പെട്ടതായി വിവരാവകാശ രേഖതന്നെ പറഞ്ഞതും ഇതേസമയം നാം കേട്ടു. പ്രപ്പോസലുകൾ കൃത്യസമയത്തു സമർപ്പിച്ചിരുന്നതായി സംസ്ഥാന സർക്കാർ നിയമസഭയിൽ അവകാശപ്പെട്ടിരുന്നു. ശമ്പളക്കുടിശികയ്ക്കുള്ള അപേക്ഷ സമയബന്ധിതമായി നൽകിയിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം പക്ഷേ, ബാക്കിയാണ്. അപേക്ഷ നൽകാത്തതിനാൽ കുടിശിക നൽകാനാവില്ലെന്നു കേന്ദ്രം പലവട്ടം അറിയിച്ചിട്ടും കേരളമടക്കം പല സംസ്ഥാനങ്ങളും അനാസ്ഥ കാണിക്കുകയായിരുന്നു. 2016ലെ കേന്ദ്ര ശമ്പള കമ്മിഷൻ നിർദേശപ്രകാരമുള്ള യുജിസി ശമ്പളം സംസ്ഥാന സർവകലാശാലകളിലെയും അവയ്ക്കു കീഴിലുള്ള കോളജുകളിലെയും അധ്യാപകർക്ക് അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിട്ടത് 2019 ജൂണിലാണ്. 2016 ഏപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള ശമ്പള വ്യത്യാസമാണു കുടിശികയായത്. 

ഐജിഎസ്‌ടി റിട്ടേണുകൾ ഘടനാപരമായി പരിഷ്കരിക്കാത്തതിനാൽ വർഷാവർഷം നഷ്ടപ്പെടുന്ന വൻ തുകയും നമ്മുടെ അനാസ്ഥകെ‍ാണ്ട് അനിശ്ചിതാവസ്ഥയിലായ യുജിസി ശമ്പളക്കുടിശികയും സംസ്ഥാന സർക്കാരിന്റെ വലിയ വീഴ്ചയുടെ പ്രതീകങ്ങളാണ്. സാധാരണക്കാരുടെ തലയിൽ കനത്ത ഇന്ധനഭാരം വച്ചുകെ‌ാടുക്കുന്നതിനുമുൻപ് സ്വന്തം അനാസ്ഥയും കെടുകാര്യസ്ഥതയും തിരുത്തുകയാണു വേണ്ടത്. 

English Summary : Editorial about Kerala government cess on Petrol and Diesel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com