ADVERTISEMENT

കേരളത്തിൽ റെയിൽവേയെക്കാൾ പ്രാധാന്യം റോഡുകൾക്കാണ്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ റോഡ് വികസനം തുടർപ്രക്രിയയായി മാറുന്നു. കേരളംപോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങൾ റെയിൽവേ പോലുള്ള മാസ് ട്രാൻസിറ്റ് (വളരെപ്പേർക്കു സഞ്ചരിക്കാവുന്നത്) സംവിധാനങ്ങൾക്കാണു മുൻഗണന നൽകേണ്ടത്. പരിസ്ഥിതി സൗഹൃദമാണെന്നതും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്രചെയ്യാമെന്നതും നേട്ടമാണ്. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെയും ആവർത്തനച്ചെലവിന്റെയും കുറവും ഗുണകരമാണ്. 

25 വർഷത്തിനിടെ കേരളത്തിൽ പുതിയ റെയിൽപാതകളൊന്നും വന്നിട്ടില്ലെന്നതു ഖേദകരമാണ്. കേരളത്തെ തെക്കു വടക്കു ബന്ധിപ്പിക്കുന്ന തിരുവനന്തപുരം– മംഗളൂരു പാതയാണു റെയിൽ ഗതാഗതത്തിന്റെ നട്ടെല്ല്. ഇക്കാലയളവിൽ വിവിധ പാതകൾക്കു സർവേ നടന്നെങ്കിലും അങ്കമാലി– എരുമേലി ശബരി (111 കിലോമീറ്റർ) പദ്ധതിയിൽ ഏഴു കിലോമീറ്റർ പാത നിർമിച്ചതല്ലാതെ ഒരു പദ്ധതിയും മുന്നോട്ടുപോയിട്ടില്ല. 

ശബരിമലപോലെ കോടിക്കണക്കിനു തീർഥാടകരെത്തുന്ന രാജ്യത്തെ പ്രധാന തീർഥാടനകേന്ദ്രത്തിലേക്കു റെയിൽ യാത്രാസൗകര്യം ഒരുക്കാൻ കഴിയാത്തതിനു ന്യായീകരണമില്ല. 1997ൽ അനുമതി ലഭിക്കുമ്പോൾ 550 കോടി രൂപ മാത്രമാണ് പദ്ധതിക്കു കണക്കാക്കിയ ചെലവ്. ഏറ്റവും പുതിയ എസ്റ്റിമേറ്റ് 3700 കോടി രൂപയ്ക്കു മുകളിലാണ്. ആദ്യംതന്നെ പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ ഇതിന്റെ പകുതി തുകയ്ക്കു തീർക്കാമായിരുന്നു. 

വൈകിയാണെങ്കിലും, പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നതും കേന്ദ്രം 100 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചതും ശുഭസൂചനയാണ്. ഓരോ ശബരിമല സീസണിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിനു സ്പെഷൽ ട്രെയിനുകളാണു ലക്ഷക്കണക്കിനു തീർഥാടകരുമായി എത്തുന്നത്. കൂടുതൽ ട്രെയിനുകളോടിക്കാൻ റെയിൽവേ ആഗ്രഹിച്ചാൽപോലും സാധ്യമല്ലാത്ത സ്ഥിതിയുണ്ട്. 

ശബരിമല സ്പെഷലുകൾ യാത്ര അവസാനിപ്പിക്കുന്നതു കൊല്ലം, കോട്ടയം സ്റ്റേഷനുകളിലാണ്. പരിമിതമായ സൗകര്യങ്ങളാണു ഇവിടങ്ങളിലുള്ളത്. സാധാരണ സർവീസുകൾക്കു പുറമേയാണു നൂറുകണക്കിനു ശബരിമല സ്പെഷൽ ട്രെയിനുകൾ സീസണിൽ എത്തുന്നത്. ശബരിമലയുടെ കവാടമായ എരുമേലിയിൽ ടെർമിനൽ വരുന്നതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി ശബരി സ്പെഷലുകൾ ഓടിക്കാൻ കഴിയും. കൊല്ലം, കോട്ടയം ടെർമിനലുകളിൽ ശബരിമല സീസണിലുണ്ടാകുന്ന അധികസമ്മർദം (ലോഡ്) ഇതോടെ കുറയും. 

തീർഥാടകർക്ക്  മാത്രമല്ല ഗുണം

ശബരിമല തീർഥാടകർക്കുവേണ്ടി മാത്രമാണു ശബരിപാതയെന്ന ചിന്ത ശരിയല്ല. മധ്യകേരളത്തിൽനിന്നു തുടങ്ങി ഏറെ ജനസംഖ്യയുള്ള ഇടനാട്ടിലൂടെയാണു പാത കടന്നുപോകുന്നത്. ഓരോ 15–20 കിലോമീറ്ററിനിടയിലും പട്ടണങ്ങളുണ്ട്. കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലെ ജനങ്ങൾക്കു ട്രെയിൻ യാത്രാസൗകര്യവും വ്യവസായങ്ങൾക്കു കുറഞ്ഞചെലവിൽ രാജ്യത്തിന്റെ ഏതുകോണിലേക്കും ചരക്കുനീക്കവും സാധ്യമാകും. മൂന്നാർ, അടിമാലി, കട്ടപ്പന, കുമളി, തേക്കടി, വാഗമൺ, കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, നെടുങ്കണ്ടം, രാമക്കൽമേട് തുടങ്ങിയ മേഖലകൾക്കും ഏറെ പ്രയോജനം ചെയ്യും. എരുമേലിയിൽനിന്നു പാത റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കടയ്ക്കൽ, നെടുമങ്ങാട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തേക്കു നീട്ടുമ്പോൾ പുനലൂരിൽ, കൊല്ലം–ചെങ്കോട്ട–ചെന്നൈ പാതയുമായാണു ചേരുക. ഇതോടെ മധ്യകേരളത്തിൽനിന്നു തെങ്കാശി, മധുര, സേലം, ഹൊസൂർ വഴി ബെംഗളൂരു, ഹൈദരാബാദ് സർവീസുകൾ ഓടിക്കാൻ കഴിയും. പെരുമ്പാവൂരിൽ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ ഉള്ളതിനാൽ ഹൗറയിൽ നിന്നും ഗുവാഹത്തിയിൽ നിന്നും പെരുമ്പാവൂരിലേക്കും മൂവാറ്റുപുഴയിലേക്കും ട്രെയിനുകൾ എത്തും. ഇതു പാതയിൽ ശബരിമല സീസണിൽ അല്ലാതെ മറ്റു സമയങ്ങളിലും വരുമാനം ഉറപ്പാക്കും. 

dani
ഡാനി തോമസ്

ശബരിപാതയ്ക്കൊപ്പം എരുമേലി– പുനലൂർ– തിരുവനന്തപുരം പാതയ്ക്കായി റെയിൽവേ ഒന്നിലേറെ സർവേ നടത്തിയിരുന്നു. പല സർവേകളും പേരിനു മാത്രമായിരുന്നതിനാൽ കൃത്യമായ വിവരശേഖരണം നടന്നിട്ടില്ല. 10 വർഷം മുൻപുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോൾ. നിർദിഷ്ട എരുമേലി വിമാനത്താവളം, 50,000ൽ കൂടുതൽ ജനസംഖ്യയുള്ളതിനാൽ റെയിൽ കണക്ടിവിറ്റി നൽകേണ്ട പട്ടണങ്ങളുടെ പട്ടികയിൽ ഇടംനേടിയ നെടുമങ്ങാട് എന്നിവ ശബരിപാതയ്ക്കു മുൻപില്ലാത്ത സാധ്യതകളാണു തുറക്കുന്നത്. 

പല പട്ടണങ്ങളിൽ ഉയരും ചൂളംവിളി 

എരുമേലി– തിരുവനന്തപുരം പാതയുടെ പുതിയ സർവേക്കായി കേരളം സമ്മർദം ശക്തമാക്കണം. ശബരിപാതയുമായി താരതമ്യം ചെയ്താൽ പാലങ്ങൾ കുറവായതിനാൽ പുനലൂർ– തിരുവനന്തപുരം പാതയ്ക്കു നിർമാണച്ചെലവു കുറവായിരിക്കും. റെയിൽവേ പദ്ധതികളിൽ പാലങ്ങളുടെ നിർമാണത്തിനാണ് ചെലവു കൂടുതൽ. എരുമേലിയിൽ എത്തുന്ന ശബരി പാത കഴക്കൂട്ടത്തേക്കു (തിരുവനന്തപുരം) നീട്ടിയാൽ റെയിൽവേ കടന്നുചെന്നിട്ടില്ലാത്ത ഒട്ടേറെ പട്ടണങ്ങൾ രാജ്യത്തിന്റെ റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലകളുടെ വികസനത്തിനും പാത മുതൽക്കൂട്ടാകും. കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ, ജംക്‌ഷൻ സ്റ്റേഷനായി വികസിക്കുകയും കൂടുതൽ ട്രെയിനുകൾ അവിടെ നിർത്തുകയും ചെയ്യുന്നതു ടെക്നോപാർക്ക് ഉൾപ്പെടെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തും.

(ദക്ഷിണ റെയിൽവേ, നിർമാണ വിഭാഗം മുൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും കൊച്ചി മെട്രോ മുൻ പ്രോജക്ട് ഡയറക്ടറുമാണ് ലേഖകൻ)

English Summary : Writeup about Sabari Rail 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com